ആഴങ്ങളിലെ അടിയൊഴുക്കുകൾ
തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ അസാധ്യമായിത്തീരുന്നതാണ് വർത്തമാനകാലം. കഴിഞ്ഞ അഞ്ചാറു വർഷത്തെ തിരഞ്ഞെടുപ്പ് മത്സരങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. സാധാരണ ഉപതിരിഞ്ഞെടുപ്പുകളിലൊക്കെ തിളക്കമുള്ള വിജയം നേടിയെടുക്കുന്നതാണ് എൽ.ഡി.എഫ് പാരന്പര്യമെങ്കിൽ അതൊക്കെ തകിടം മറിക്കപ്പെട്ട കാഴ്ചയാണ് കഴിഞ്ഞ ആറു വർഷമായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇടതുമുന്നണി അതിഗംഭീരമായി അട്ടിമറി വിജയം പ്രതീക്ഷിച്ച അരുവിക്കരയിൽ പോലും അവർക്ക് തിരഞ്ഞെടുപ്പ് ഫലം വലിയ നിരാശയാണ് സമ്മാനിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പും വ്യത്യസ്തമായിരുന്നില്ല. അതിന് മുന്പത്തെ ലോകസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മുന്നേറ്റമുണ്ടായി എന്നവകാശപ്പെടാമെങ്കിലും 12 സീറ്റിൽ വിജയം ഉറപ്പിച്ച് യു.ഡി.എഫ് തന്നെ മേധാവിത്വം നിലനിർത്തി. വടകര, കോഴിക്കോട്, കൊല്ലം പോലുള്ള സീറ്റുകളിലെ പരാജയം ഇരുട്ടടിയേറ്റ പ്രതീതിയാണ് സി.പി.ഐ(എം)ൽ ഉണ്ടാക്കിയത്. പാർട്ടി പി.ബി അംഗം എം.എ ബേബിയുടെ കൊല്ലത്തെ പരാജയവും തുടർന്ന് താൻ പ്രതിനിധാനം ചെയ്യുന്ന കുണ്ടറ എം.എൽ.എയുടെ പദവി രാജിവെക്കാൻ അദ്ദേഹം നടത്തിയ നീക്കങ്ങളുമൊക്കെ ദീർഘകാലത്തെ വിവാദങ്ങൾക്ക് കാരണമായി. ഇതിനിടയിൽ ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനത്തിലേക്കുള്ള ബി.ജെ.പി വോട്ടിംഗ് ശതമാനത്തിന്റെ വളർച്ച ഹിന്ദുത്വശക്തികളിലാകെ ആവേശം സൃഷ്ടിക്കുന്നതായിരുന്നു. അരുവിക്കരയിൽ സീറ്റ് നിലനിർത്താനായത് ഉമ്മൻചാണ്ടിയെ സംബന്ധിച്ചിടത്തോളം വെന്റിലേറ്റർ സുരക്ഷയാണ് പ്രദാനം ചെയ്തത്. എങ്കിലും യു.ഡി.എഫിന്റെ വോട്ടിംഗ് നിലയിൽ പ്രകടമായ കുറവ് സംഭവിച്ചിരുന്നു. ഇടതുമുന്നണിക്കാകട്ടെ യു.ഡി.എഫിനെതിരെ നടത്തുന്ന പ്രചാരണത്തിലൂടെ ലഭിക്കുന്ന നെഗറ്റീവ് പ്രതിച്ഛായയല്ലാതെ സ്വന്തം നിലപാടുകൾ ഉയർത്തി പോസറ്റീവ് പ്രതിച്ഛായ ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചെടുക്കാൻ അല്പ്പം പോലും സാധിച്ചതുമില്ല.
ഇതിനിടയിൽ കേരളത്തിൽ മുസ്ലിം ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളിലെ വോട്ടർമാർക്കിടയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന അടിയൊഴുക്കുകൾ അതർഹിക്കുന്ന ഗൗരവത്തോടെ നിരീക്ഷിച്ച് പഠിക്കാൻ ആരെങ്കിലും തയ്യാറായതായി കാണുന്നില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി യു.ഡി.എഫിന്റെ നില കേരളത്തിൽ ഭദ്രമാക്കി നിലനിർത്തുന്നത് ഇത്തരം ന്യൂനപക്ഷ വിഭാഗങ്ങളിൽ യു.ഡി.എഫിന് നിലനിർത്താൻ കഴിയുന്ന മേധാവിത്വമാണ്. ഹിന്ദു സമുദായത്തിലെ ഉന്നത ജാതിക്കാരായ നായർ വിഭാഗങ്ങളിലും മറ്റ് ഉയർന്ന ജാതികളിലും നിലനിൽക്കുന്ന മാർക്സിസ്റ്റ് വിരുദ്ധ മനോഭാവവും ഇതിനവർക്ക് തുണയാകുന്നു. ഈഴവാദി കീഴാള വിഭാഗങ്ങളും പട്ടികജാതിക്കാരും ആദിവാസി വിഭാഗങ്ങളുമൊക്കെ ഇടതുപക്ഷ ആഭിമുഖ്യം പൊതുവെ എക്കാലത്തും പുലർത്തിപോന്നിട്ടുണ്ട്. എൽ.ഡി.എഫും യു.ഡി.എഫും തങ്ങളുടെ പരന്പരാഗത വോട്ടുബാങ്കുകളിലൂന്നുന്നതല്ലാതെ മറ്റു മേഖലകളിലേയ്ക്ക് കയറിപ്പറ്റാൻ പ്രായോഗികമായ നടപടികൾ സ്വീകരിക്കുന്നതിന് ശക്തമായ ഉദാഹരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാനുമില്ല. ബി.ജെ.പിക്ക് ഏറിയും കുറഞ്ഞുമാണെങ്കിലും അവരുടെ അടിത്തറയായി വർത്തിച്ചത് സവർണ്ണജാതികളും നായർവിഭാഗങ്ങളുമൊക്കെ തന്നെയാണ്. പൊതുവായി ഒരു തിരഞ്ഞെടുപ്പ് വിജയമോ അധികാരത്തിൽ പങ്കുപറ്റലോ ഒക്കെ വിദൂരമായ സ്വപ്നം മാത്രമാണ് എന്ന കാഴ്ചപ്പാടായിരുന്നു ബി.ജെ.പി പ്രവർത്തകർക്ക്. അതുകൊണ്ടുതന്നെ കേന്ദ്രീകൃതമായ ഒരു തിരഞ്‍ഞെടുപ്പ് പ്രവർത്തനമോ വോട്ട് ക്യാൻവാസിംഗ് പരിശ്രമങ്ങളോ ഒന്നും പൊതുവെ ഇവരുടെ ഭാഗത്തു നിന്നുണ്ടാവാറില്ല. അവരെ സംബന്ധിച്ചിടത്തോളം ആർ.എസ്.എസ്സ് ആണ് കേന്ദ്രസ്ഥാനം. അതിന്റെ അനുബന്ധം എന്ന നിലയിൽ മാത്രം ബി.ജെ.പിക്കാരാവുകയും രാഷ്ട്രീയ പ്രവർത്തനം നടത്തുകയുമൊക്കെയാണവർ പൊതുവെ ചെയ്തു കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ സാധാരണ രാഷ്ട്രീയക്കാർക്കുള്ള പല ഗുണവിശേഷങ്ങളും ബി.ജെ.പിക്കാരിൽ നമുക്ക് കാണാൻ കഴിയുമായിരുന്നില്ല. രാഷ്ട്രീയക്കാരുടെ ഉടുപ്പും നടപ്പും വെളുക്കെ ചിരിയും ഓരോ കുടുംബത്തിലെയും സുഖദുഃഖങ്ങളിലെ പങ്കു കൊള്ളലിലുമൊക്കെ അവർ പൊതുവെ പിന്നിലായിരുന്നു. ഗൗരവക്കാരും അല്പം മുഷ്ക്കന്മാരുമൊക്കെയായ ഇവർ പൊതുവെ ആളുകളോട് അടുത്ത് ഇടപഴകുന്നതിൽ വിമുഖരായിരുന്നു ഇവരുടെ കേഡർമാർ പൊതുവെ. തിരഞ്ഞെടുപ്പ് കാലത്ത് തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള പോസ്റ്റർ പ്രചരണവും ശബ്ദമയമാനമായ പ്രചരണ കോലാഹലങ്ങൾക്കുമൊക്കെയാണ് മുന്തിയ പരിഗണന നൽകുക. കുടുംബയോഗങ്ങൾ, ഗൃഹസന്ദർശനം പോലുള്ള മനസിൽ തൊട്ടുള്ള പ്രചരണ വേലകൾ ഇവർക്കിടയിൽ കുറവായിരുന്നു. പോളിംഗ് ബൂത്തുകളിലൊക്കെ ഇരിക്കുന്നവർ ഓരോ ബൂത്തിലും തങ്ങൾക്കുള്ള പത്തോ അന്പതോ വോട്ട് പോൾ ചെയ്തു കഴിഞ്ഞാൽ സ്ഥലം വിടുകയാണ് പതിവ്. തുടർച്ചയായി നടക്കുന്ന ആർ.എസ്.എസ് മാർക്സിസ്റ്റ് സംഘട്ടനങ്ങൾ നിമിത്തം, തങ്ങളുടെ ഒന്നാം നന്പർ ശത്രുവായി ഏത് നാട്ടിൻപുറത്തെ ബി.െജ.പിക്കാരനും പരിഗണിക്കുക സി.പി.എമ്മിനെയാണ്. അതുകൊണ്ട് സി.പി.എമ്മിനെ തോൽപ്പിക്കാൻ യു.ഡി.എഫിന് വോട്ടു ചെയ്യുന്നതൊന്നും വലിയ പാപമായി അവർ പരിഗണിക്കാറില്ല. ഇനി സംസ്ഥാന അടിസ്ഥാനത്തിൽ തന്നെ യു.ഡി.എഫിന് വോട്ടുമറിച്ചു കൊടുക്കുന്ന രീതി ശക്തവുമായിരുന്നു. ഇതിന് പുറമെയാണ് കോ.ലീ.ബി എന്ന ഓമനപ്പേരിലറിയപ്പെട്ട യു.ഡി.എഫുമായി ചേർന്നുള്ള ചില പരാജയപ്പെട്ട പരീക്ഷണങ്ങൾക്ക് ഇവർ നിന്നു കൊടുക്കേണ്ടി വന്നത്. ഇതുവഴി ബി.ജെ.പി വോട്ടുകളിലൊരു ചെറിയ ശതമാനം കൈയടക്കാൻ യു.ഡി.എഫിന് സാധിച്ചു കൊണ്ടിരുന്നു എന്നതും വസ്തുത തന്നെയാണ്. കഴിഞ്‍ഞ പത്ത് വർഷത്തിനിടയിൽ ശക്തിപ്പെട്ട മറ്റൊരു ഘടകമുണ്ട്. അത് മുസ്ലിം ക്രിസ്ത്യൻ വിരോധമാണ്. പ്രധാനമായും മുസ്ലിം വിരുദ്ധതയായാണ് അത് നിലവിൽ വന്നത്. കേരളത്തിൽ തുടർച്ചയായി അധികാരത്തിലിരിക്കുന്ന എൽ.ഡി.എഫ്, യു.ഡി.എഫ് വിഭാഗങ്ങളോട് മാറി മാറി വില പേശി അധികാരം കൈയടക്കുകയും അതുപയോഗിച്ച് മൂലധനസമാഹാരണം ശക്തിപ്പെടുത്തുകയും ചെയ്യുന്ന, ന്യൂനപക്ഷത്തോടുള്ള വിരോധമായാണ് അത് ഉയർന്നു വന്നത്. നവോത്ഥാന മൂല്യങ്ങളിൽ നിന്നുള്ള പിൻമടക്കം യാഥാർത്ഥ്യമായതോടെ, അത് പൊതുവെ മുസ്ലിം വിരോധമായി പരിണമിക്കുകയും ചെയ്തു. യു.ഡി.എഫിൽ സ്ഥിരമായി നിലയുറപ്പിച്ച് അധികാര സ്ഥാനങ്ങൾ കൈയടക്കി അനർഹമായ ആനുകൂല്യങ്ങൾ അവർ തട്ടിയെടുക്കുന്നു എന്നതായിരുന്നു പരോക്ഷമായി സാധാരണ ഹിന്ദുവിഭാഗങ്ങളുടെ മനസിലേയ്ക്ക് അരിച്ചിറങ്ങിയ വികാരം. അത് സൃഷ്ടിച്ചത് അല്പം വർഗ്ഗീയമായ അപകടകരമായ ചില പ്രവണതകളാണ്. ‘മാപ്പിളമാർ’ അങ്ങനെ ഭരിക്കേണ്ട എന്ന ഒരു നിലപാട് കോൺഗ്രസിലും ബി.ജെ.ബിയിലുമൊക്കെ അണിനിരന്ന ഹിന്ദു വിഭാഗങ്ങൾക്കിടയിൽ ശക്തിപ്പെട്ടു. പൊതുവെ ഉന്നതജാതിക്കാരും സവർണ്ണരുമായ ഹിന്ദുവിഭാഗങ്ങൾക്കിടയിലാണ് ഇത്തരം സ്വാധീനം ശക്തിപ്പെട്ടത്. സി.പി.ഐ (എം) ന്റെ വോട്ട് ബാങ്കായ കീഴാള ഹിന്ദുക്കൾക്കിടയിൽ ഈ വികാരം കഴിഞ്ഞ കാലത്തൊന്നും അത്ര ശക്തമായിരുന്നില്ല. ഇതിന്റെ മെച്ചം നന്നായി അനുഭവിച്ചത് ഇടതുപക്ഷമായിരുന്നു. ഇത്തരത്തിൽ ന്യൂനപക്ഷ വിരുദ്ധതയിൽ രൂപപ്പെടുന്ന വോട്ടുകൾ എൽ.ഡി.എഫിനാണ് സഹായം ചെയ്തത്. മുസ്ലിംലീഗും കേരള കോൺഗ്രസുമൊക്കെ ഉൾപ്പെട്ട സഖ്യം യു.ഡി.എഫായതു കൊണ്ട് അവരെ പരാജയപ്പെടുത്താൻ എൽ.ഡി.എഫിനെ കഴിയൂ എന്ന ധാരണയിൽ നിന്നാണ് ഇത്തരം വോട്ടിംഗ് പാറ്റേണുകൾ രൂപപ്പെട്ടത്.
രണ്ടോ മൂന്നോ പതിറ്റാണ്ടായി തിരഞ്ഞെടുപ്പ് ഫലങ്ങളെ നിശബ്ദമായി സ്വാധീനിച്ച ഇത്തരം അന്തർധാരകൾക്ക് ഈ തിരഞ്ഞെടുപ്പിൽ പ്രകടമായ മാറ്റങ്ങൾ വന്നു കഴിഞ്ഞിട്ടുണ്ട്. കാര്യമായ വ്യത്യാസങ്ങൾ ഒന്നും പ്രകടിപ്പിക്കാത്ത എൽ.ഡി.എഫ്, യു.ഡി.എഫ് ദ്വന്ദത്തോട് ജനങ്ങൾക്കുളവായ മടുപ്പാണ് ഇതിന് പ്രധാന കാരണമായി തീർന്നത്. ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്നതായി ജനം കരുതിയിരുന്ന മൂല്യ സംഹിതകളൊക്കെ മൂടൽമഞ്ഞ് നീങ്ങിപ്പോകുന്നതു പോലെ ഇപ്പോൾ നീങ്ങിപ്പോയിരിക്കുന്നു. യു.ഡി.എഫിനെതിരായ നെഗറ്റീവ് വികാരങ്ങളെ വോട്ടാക്കി മാറ്റുന്ന സ്ഥിരം തന്ത്രത്തിന് ഇപ്പോൾ ചെറിയ തിരിച്ചടികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. സി.പി.ഐ(എം) ന്റെ രാഷ്ട്രീയ അടിത്തറയായ കീഴാള ഹിന്ദുവിഭാഗത്തെ ആകർഷിക്കാനുള്ള ഒരു ദീർഘകാല പദ്ധതി ബി.ജെ.പി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഹിന്ദുക്കളുമായുള്ള സംഘർഷം ഒഴിവാക്കുന്നതിന് സി.പി.എം, ആർ.എസ്.എസ്സ് സംഘട്ടനങ്ങൾ ഒഴിവാക്കിയെടുക്കേണ്ടതാണ് എന്ന കാഴ്ചപ്പാട് ബി.ജെ.പി നേതൃത്വത്തിനുണ്ടായി. അതുകൊണ്ടു തന്നെ ആർ.എസ്.എസ്സ്, സി.പി.എം സംഘർഷങ്ങൾ പരമാവധി ഒഴിവാക്കാൻ അവർ പരിശ്രമിക്കുകയും അതിൽ ഫലം കാണുകയും ചെയ്തിട്ടുണ്ട്. എന്നാൽ മുസ്ലിംലീഗ് സി.പി.എം സംഘട്ടനങ്ങൾ ഉണ്ടാവുന്പോൾ സി.പി.ഐ (എം) പ്രവർത്തകരെ സഹായിക്കാൻ മുന്നോട്ടുവരുന്ന ആർ.എസ്സ്.എസ്സ് കേഡർമാരേയും ഇക്കാലത്ത് കാണാനിടയായി. കീഴാള ഹിന്ദുവിഭാഗങ്ങളെ തങ്ങളോടടുപ്പിക്കുന്നതിൽ ബി.ജെ.പി നന്നായി വിജയിച്ചിട്ടുണ്ട്. വെള്ളാപ്പള്ളി നടേശനുമായുണ്ടാക്കിയ സൗഹൃദം, ബി.ഡി.ജെ.എസിന്റെ രൂപീകരണം, അയ്യങ്കാളി അനുസ്മരണ സമ്മേളനങ്ങൾ, കായൽ സമ്മേളനങ്ങൾ, ‘നന്പൂതിരി മുതൽ നായാടി’ വരെയുള്ള ഹിന്ദുക്കളുടെ ഐക്യം എന്ന മുദ്രാവാക്യം ഉയർത്തിയുള്ള ക്യാന്പയിനുകൾ, ഇതൊക്കെ ഈ ദിശയിൽ സാമാന്യേന വിജയം കണ്ട നടപടികളായിരുന്നു. ഏതാണ്ട് 15 ശതമാനം വോട്ട് നേടാവുന്ന ഒരു പാർട്ടിയായി ഇപ്പോൾ തന്നെ ബി.ജെ.പി മാറിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ധാരാളം കേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള പാർട്ടിയായി അത് മാറി. പഴയ മുഷ്കന്മാരായ കേഡർമാർക്കു പകരം ആധുനിക രാഷ്ട്രീയ നേതാക്കളുടെ എല്ലാ ‘ഗുണവിശേഷ’ങ്ങളുള്ള ധാരാളം കേഡർമാർ ഇപ്പോൾ ബി.ജെ.പിക്കുണ്ട്. ഒരു തിരഞ്ഞെടുപ്പ് പോരാട്ടം കാഴ്ച വെയ്ക്കാവുന്ന എൻ.ഡി.എ സഖ്യം കേരളത്തിലും ഉറപ്പിച്ചെടുക്കാൻ അവർക്ക് കഴിഞ്ഞു. ഇപ്പോഴത്തെ 15 ശതമാനത്തെ 2−0 ശതമാനത്തിലെക്കെത്തിച്ചു കഴിഞ്ഞാൽ അത് പിന്നെ സ്വയം പ്രവർത്തന ക്ഷമമായ (self dynamic) ഒരു രാഷ്ട്രീയസംവിധാനമായി വളർന്നുകൊള്ളും എന്നതാണ് ബി.ജെ.പിയുടെ കേന്ദ്ര നേൃത്വത്തിന്റെ കാഴ്ചപ്പാട്. പക്ഷേ ഇതൊന്നും വേണ്ടപോലെ ഉൾക്കൊള്ളാൻ പരന്പരാഗത സംസ്ഥാന നേതൃത്വത്തിന് സാധിച്ചിട്ടില്ല എന്നതും വസ്തുത തന്നെയാണ്. ഇതിന്റെ ആകെത്തുക എൽ.ഡി.എഫിെനയും യു.ഡി.എഫിെനയും എങ്ങിനെയൊക്കെയാണ് ബാധിക്കുക? ആരെയാണ് കൂടുതൽ ദോഷകരായി ബാധിക്കുക എന്നതൊക്കെ അസംബന്ധങ്ങളായ ചോദ്യങ്ങളാണ്. കാരണം ഇതിന് പൊതുവായ പാറ്റേണുകളൊന്നുമില്ല. ഓരോ മണ്ധലത്തിന്റെയും ജാതി സമുദായ സവിശേഷതകൾക്കനുസരിച്ച് ഓരോ മണ്ധലത്തിലെയും ഇതിന്റെ പ്രഭാവം വ്യത്യസ്തമായിരിക്കും. അതുകൊണ്ട് 140 മണ്ധലങ്ങളെക്കുറിച്ചുള്ള വ്യത്യസ്തവും സവിശേഷവുമായ ഒരു പഠനത്തിലൂടെ മാത്രമെ ഓരോ മണ്ധലത്തിലെയും എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വിജയസാധ്യതകളെ അതെങ്ങിനെയൊക്കെയാണ് ബാധിക്കാൻ പോകുന്നത് എന്ന് കണ്ടെത്താനാകൂ. ഇതോടൊപ്പം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ്, തദ്ദേശഭരണ തിരഞ്ഞെടുപ്പ് എന്നിവയിലൊക്കെ സാധാരണ പതിവില്ലാത്ത ചില അടിയൊഴുക്കുകൾ പ്രത്യക്ഷപ്പെട്ടത് വിസ്മരിക്കരുത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അത്തരം അടിയൊഴുക്കുകളൊന്നുമുണ്ടാവില്ല എന്നൊക്കെ മുസ്ലിംലീഗ് നേതൃത്വം പറയുന്നുണ്ടെങ്കിലും അത് ശരിയായിരിക്കണമെന്നില്ല എന്ന തോന്നലുളവാക്കുന്ന ചില ലക്ഷണങ്ങൾ അവിടവിടെയായി കണ്ടു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വ്യാപ്തിയാകട്ടെ തിരഞ്ഞെടുപ്പ് പൂർവ്വമായ ഒരു കാലത്ത് പഠിക്കുക വിഷമകരവുമാണ്.
കേരളത്തിൽ പശുവികാരവും ബീഫ് ഫെസ്റ്റും അസഹിഷ്ണുതയുമൊക്കെ ഒരു പ്രശ്നമായി വളർന്നത് ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമാണല്ലോ. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ മുസ്ലിം വോട്ടർമാരിൽ ഒരു വിഭാഗം ഇടതുമുന്നണിക്ക് വോട്ടു ചെയ്യാൻ സന്നദ്ധമായി മുന്നോട്ടു വന്നിട്ടുണ്ട്. പരന്പരാഗത മാർക്സിസ്റ്റ് വിരോധം അവരിലെ ഒരു ചെറു ന്യൂനപക്ഷം മാറ്റി വെച്ചതായാണനുഭവം. വടകര പാർലമെന്റ് മണ്ധലത്തിൽ ഇത്തരത്തിൽ കുറേ അധികം മുസ്ലിംവോട്ടുകൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷംസീറിന് ലഭിച്ചിരുന്നു. കുട്ടിക്കടത്ത് വിഷയത്തിൽ ചാനൽ ചർച്ചകളിലും മറ്റും ഷംസീർ സ്വീകരിച്ച നിലപാടുകളും മുസ്ലിം സമുദായാംഗം എന്ന ഒരു പരിഗണനയും തിരഞ്ഞെടുപ്പ് കാലത്ത് ഉറപ്പിച്ചെടുക്കാനായത് ഇതിന് കാരണമായി പറയപ്പെടുന്നുണ്ട്. പിന്നെ യു.ഡി.എഫ് സ്ഥാനാർത്ഥി മുല്ലപ്പള്ളിയോട് മുസ്ലീംലീഗിലൊരു വിഭാഗത്തിന്, ചില സാമുദായിക പ്രശ്നങ്ങളുടെ പേരിലുണ്ടായിരുന്ന വ്യക്തിപരമായ ശത്രുതയും ഇതിന് കാരണമായി പറയപ്പെടുന്നു. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മുസ്ലിം−ന്യൂനപക്ഷ മേഖലകളാണ് എൽ.ഡി.എഫ് തൂത്തുവാരിയത്. കോഴിക്കോട്, കണ്ണൂർ, കൊല്ലം, മലപ്പുറം എന്നീ ജില്ലകളും, തൃശൂർ ജില്ലയിലെ ചാവക്കാട്, കുന്ദംകുളം മേഖലകളും വയനാട്ടിലെ മീനങ്ങാടി, സുൽത്താൻബത്തേരി മേഖലകളുമൊക്കെ ഇതിനുദാഹരണം. എന്നാൽ ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകൾ യു.ഡി.എഫിനൊപ്പം ഉറച്ചു നിന്നു. കോട്ടയം, പത്തനംതിട്ട ജില്ലകൾ, മലയോര വികസന സമിതിയൊക്കെ ഉണ്ടായിട്ടും ഇടുക്കി ജില്ല പൊതുവേയും തൃശൂർ കോർപ്പറേഷൻ, കോഴിക്കോട്, കണ്ണൂർ ജില്ലയിലെ ക്രിസ്ത്യൻ കുടിയേറ്റ മേഖലകൾ ഒക്കെ യു.ഡി.എഫിനൊപ്പമായിരുന്നു. എസ്.ഡി.പി.ഐ, വെൽഫയർ പാർട്ടി, പി.ഡി.പി തുടങ്ങിയ മുസ്ലിം പാർട്ടികളൊക്കെ എൽ.ഡി.എഫ് അനുകൂല നിലപാടുകളാണ് സ്വീകരിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഇത്തരം പ്രവണതകൾ ഏറിയോ കുറഞ്ഞോ നിയമസഭാ തിരഞ്ഞെടുപ്പിലും സ്വാധീനം ചെലുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.