രാഷ്ട്രീയത്തിലെ താരങ്ങൾ ; താരങ്ങളിലെ രാഷ്ട്രീയക്കാർ


സിനിമാതാരങ്ങളുടെയും കായികതാരങ്ങളുടെയും രാഷ്ട്രീയ പ്രവേശവും തിരഞ്ഞെടുപ്പ് മത്സരവും വലിയ തോതിലുള്ള ചർച്ചക്ക് കാരണമായിട്ടുണ്ടിന്ന്. മറ്റൊരു കാലത്തുമില്ലാത്ത വിധത്തിൽ തിരഞ്‍ഞെടുപ്പ് രംഗത്ത് സാന്നിദ്ധ്യമറിയിക്കാൻ താരങ്ങൾ തയ്യാറാവുന്ന അവസ്ഥ ഇതിന് മുന്പ് കേരളത്തിൽ ഇതുപോലെ അനുഭവപ്പെട്ടിരുന്നില്ല. ഇടതുമുന്നണി സ്ഥാനാർത്ഥികളായി കൃത്യമായ രാഷ്ട്രീയ നിലപാടുകളുള്ള താരങ്ങൾ നേരത്തെയും മത്സരരംഗത്തുണ്ടാവാറുണ്ട്. എന്നാലിപ്പോൾ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും താരനിരയെ അണിനിരത്തിയാണ് തിരഞ്ഞെടുപ്പു രംഗം കൊഴുപ്പിക്കാൻ പരിശ്രമിക്കുന്നത്. തുടക്കത്തിലെ ഉണ്ടായ ചില കല്ലുകടികളും പ്രദേശികമായി ഉണ്ടാവുന്ന എതിർപ്പുകളുമൊക്കെ കണ്ട് രംഗം വിട്ടവരും കുറവല്ല. ഏതായാലും താരസാന്നിദ്ധ്യം ഇന്നൊരു ചർച്ചാവിഷയം തന്നെയാണ്. 

കേരളത്തിന് പുറത്ത് വിശേഷിച്ച് തമിഴ്നാട്ടിൽ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം പുതിയ കാര്യമൊന്നുമായിരുന്നില്ല. ദീർഘകാലം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി രാമചന്ദ്രനും ഇപ്പോഴത്തെ മുഖ്യമന്ത്രി ജയലളിതയുമൊക്കെ സിനിമാതാരങ്ങളും വെള്ളിത്തിരയിലെ താരജോഡികളുമായിരുന്നല്ലോ. ഇവരുടെ മുഖ്യ എതിരാളിയായ കരുണാനിധിയും സിനിമാ വ്യവസായിയും തിരക്കഥാകൃത്തുമൊക്കെയായിരുന്നു. അമിതാഭ് ബച്ചൻ, നിധീഷ് ഭരദ്വാജ്, ചിരഞ്‍ജീവി, ജയപ്രദ, എൻ.ടി രാമറാവു, രാജേഷ് ഖന്ന, ശത്രുഘ്നൻ സിൻഹ, സ്മൃതി ഇറാനി, സുനിൽദത്ത്, വിജയ്കാന്ത്, വിനോദ് ഖന്ന തുടങ്ങി ഇവരുടെ പട്ടിക എത്ര വേണമെങ്കിലും നീട്ടാം.

അന്നൊക്കെ കേരളം രാഷ്ട്രീയപ്രബുദ്ധമാണെന്നും താരാരാധന കേരളത്തിൽ വിലപ്പോവില്ലെന്നുമുള്ള ഒരല്പം അഹന്ത കലർന്ന നിലപാടായിരുന്നു മലയാളിക്ക്. തമിഴ്നാടിന്റെയൊക്കെ പ്രചോദനം കൊണ്ടാവാം വെള്ളിത്തിരയിലെ നിത്യഹരിത നായകനായ പ്രേംനസീർ തന്റെ അവസാനകാലത്ത് രാഷ്ട്രീയ പ്രവേശനം ആഗ്രഹിക്കുകയും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുകയുമൊക്കെ ചെയ്തിരുന്നെങ്കിലും ഫലം നിരാശാജനകമായിരുന്നു. എന്നാലിന്ന്  കാര്യങ്ങൾ മാറുകയാണ്. ഇടതുമുന്നണിക്ക് വേണ്ടി മത്സരരംഗത്ത് വരും എന്നുറപ്പായ മുകേഷ്, കെ.പി.സി.സി ലളിത തുടങ്ങിയവരിൽ കെ.പി.സി.സി ലളിത, മണ്ധലത്തിൽ ചില പോസ്റ്ററുകളൊക്കെ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ‘അരോഗ്യപരമായ കാരണങ്ങളാൽ’ പിൻവാങ്ങിയതായാണറിവ്. നേരത്തെയും ഇടതുമുന്നണിക്ക് വേണ്ടി സിനിമാതാരങ്ങളും സാഹിത്യകാരന്മാരുമൊക്കെ മത്സരരംഗത്തുണ്ടായിട്ടുണ്ട്. രാമു കാര്യാട്ട് മുതൽ തുടങ്ങുന്ന ആ നിരയിൽ മുരളി, ലെനിൻ രാജേന്ദ്രൻ, ഒ.എൻ.വി കുറുപ്പ് എന്നിവരൊക്കെയായിരുന്നു പ്രമുഖർ. പക്ഷേ ഇവരാരും ഒരു സുപ്രഭാതത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളായതല്ല. അവർക്കൊക്കെ ശക്തമായ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തനത്തിന്റെ പാരന്പര്യമുണ്ടായിരുന്നു. ഇടതുരാഷ്ട്രീയത്തിന്റെ ശക്തരായ സഹയാത്രികരായിരുന്നു ഇവ‍ർ. കോൺ‍ഗ്രസിനു വേണ്ടി ജഗദീഷ്, സിദ്ദിഖ് എന്നിവർ മത്സരിക്കുമെന്ന് കേൾക്കുന്നുണ്ട്. ഇതിൽ സിദ്ദിഖ് സ്ഥാനാർത്ഥി മോഹികളായ കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദം താങ്ങാനാവാതെ പിന്മാറിയതായും പറയപ്പെടുന്നു. പണ്ടേതോ കാലത്തുണ്ടായിരുന്ന ചില കെ.എസ്.യു ബന്ധങ്ങളൊക്കെയല്ലാതെ ഇതിനെ പൊതുവായി അംഗീകരിപ്പിക്കാൻ ആവശ്യമായ സവിശേഷതകളൊന്നും കോൺഗ്രസുകാർ ഉയർത്തിക്കാണിക്കുന്നുമില്ല. ബി.ജെ.പിയും വർദ്ധിത വീര്യത്തോടെ താരസാന്നിദ്ധ്യം ഉറപ്പിക്കാനുള്ള നീക്കങ്ങൾ ഇപ്പോൾ നടത്തിവരുന്നുണ്ട്. സുരേഷ് ഗോപി ഒരുപാട് കാലം വേലിപ്പുറത്തായിരുന്നെങ്കിലും നരേന്ദ്രമോഡി പ്രധാനമന്ത്രിയാകുന്ന ഘട്ടം വന്നതോടെ സജീവ ബി.ജെ.പി ബന്ധം പ്രഖ്യാപിച്ചയാളാണ്. കേന്ദ്രത്തിൽ ഇതാ മന്ത്രിയായി എന്നൊക്കെ പ്രചരണമുണ്ടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. പിന്നെ ചില കേന്ദ്രബോർഡുകളുടെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന് വാർത്തകളുണ്ടായിരുന്നു. അമിത്ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ബി.ജെ.പിക്കാർക്ക് കേരള സംസ്ഥാന ഘടകത്തെ അത്ര പഥ്യമായിരുന്നില്ല. സ്വന്തം നിലയിൽ രണ്ട് സീറ്റൊക്കെ നേടിയിട്ടു മതി മന്ത്രിസ്ഥാനവും മറ്റ് സ്ഥാനമാനങ്ങളുമൊക്കെ എന്ന നിലപാടായിരുന്നു അവർക്ക്. അതുകൊണ്ടായിരുന്നല്ലോ ഒ. രാജഗോപാലൻ എന്ന വന്ദ്യവയോധികനായ മനുഷ്യനു പോലും അവർ അക്കമഡേഷൻ നൽകാതിരുന്നത്. വല്ല ഗവർണർ സ്ഥാനവും ഒപ്പിച്ചെടുക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ വിലാപം പോലും പരിഗണിക്കപ്പെട്ടില്ല. പിന്നീടാണെങ്കിൽ കേന്ദ്ര നേതൃത്വം നേരിട്ടിടപെട്ടാണ് വെള്ളാപ്പള്ളി നടേശനെ രംഗത്തിറക്കി ബി.ഡി.ജെ.എസും മറ്റും തട്ടികൂട്ടിയത്. അതോടെ എൻ.ഡി.എ സഖ്യവും പ്രധാനപ്പെട്ട ഒരു മത്സരവിഭാഗമായി രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഭീമൻ രഘു, കൊല്ലം തുളസി തുടങ്ങി ധാരാളം പേരുകൾ സ്ഥാനാർത്ഥികളുടേതായി ഇപ്പോൾ ഉയർന്നു കേൾക്കുന്നുമുണ്ട്. ഇതുവരെ വളരെ നിഷ്പക്ഷ ഭാവത്തോടെ ഹിന്ദുത്വ ആശയങ്ങൾ മുന്നോട്ടു വെച്ച രാഹുൽ ഈശ്വറിനെപ്പോലുള്ളവരും ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചതായി വാർത്തയുണ്ട്. ക്രിക്കറ്റ് താരം ശ്രീശാന്തും ബി.ജെ.പി പട്ടികയിൽ ഇടം നേടി.

സിനിമാതാരങ്ങളും മറ്റും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ശരിയല്ല; അല്ലെങ്കിൽ അതിന്റെ ആവശ്യമില്ല എന്ന നിലപാടുകളൊടൊന്നും ഈ ലേഖകന് യോജിപ്പില്ല. നമ്മുടെ സമൂഹത്തെ ജനാധിപത്യരീതിയിൽ പ്രതിനിധാനം ചെയ്യുന്ന ഒരിടം തന്നെയായിരിക്കണം നിയമസഭ. സിനിമാതാരങ്ങളും മറ്റും നമ്മുടെ സമൂഹത്തിന്റെ ഭാഗമായിരിക്കുന്നിടത്തോളം അവർക്ക് നിയമസഭയിൽ പ്രാതിനിധ്യം ഉണ്ടായിരിക്കുന്നത് നല്ലതു തന്നെയാണ്. സമൂഹത്തിന്റെ നാനാമേഖലയിലുള്ള വ്യത്യസ്ത വിഭാഗങ്ങൾക്ക് ഇത്തരം സഭകളിൽ പ്രാതിനിധ്യം ഉറപ്പു വരുത്താൻ കഴിയുക തന്നെ വേണം. നമ്മുടെ നാട്ടിലെ കൃഷിക്കാർ, കർഷക തൊഴിലാളികൾ, മറ്റിതര തൊഴിലാളി വിഭാഗങ്ങൾ, മഹിളകൾ, യുവാക്കൾ, വിദ്യാർത്ഥികൾ, ജീവനക്കാർ, കലാകാരന്മാർ, സാംസ്കാരിക പ്രവർത്തകർ, കച്ചവടക്കാർ, വ്യവസായ നടത്തിപ്പുകാർ, മാധ്യമപ്രവർത്തകർ തുടങ്ങി എത്ര വിശാലമായി ഒരു സമൂഹത്തെ പ്രതിനിധാനം ചെയ്യാൻ നിയമസഭകൾക്ക് കഴിയുന്നുവോ അത്രയും നമ്മുടെ ജനാധിപത്യം സ്വാർത്ഥകമാകുകയാണ് ചെയ്യുക. നമ്മുടെ നാട്ടിലെ മദ്യപന്മാർ, ജയിൽ ശിക്ഷ അനുഭവിക്കുന്നവർ, തെരുവിൽ ജീവിക്കുന്നവർ, ലൈംഗിക തൊഴിലാളികൾ എന്നിവരൊക്കെ സമൂഹത്തിന്റെ ഭാഗമായിരിക്കുന്പോൾ അത്തരം ജീവിതാനുഭവങ്ങളുള്ളവരും നിയമസഭയിലുണ്ടാവുന്നത് ജനാധിപത്യത്തിന് നല്ലതു തന്നെയാണ്. പക്ഷേ പ്രശ്നമിതാണ്. അവിടെ എന്താണ് ഇവർക്ക് ചെയ്യാനുള്ളത്? അതിനവർ പ്രാപ്തരാണോ? തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിക്കാനും അതനുസരിച്ച് ആർക്ക് വോട്ട് ചെയ്യണം എന്ന് നിശ്ചയിക്കാനുള്ള വിവേകം പ്രകടിപ്പിക്കാനും വോട്ടർമാർക്ക് കഴിയണം. 140 അംഗങ്ങളാണ് കേരള നിയമസഭയിലേയ്ക്ക് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് എത്തിച്ചേരേണ്ടത്. ഇതിൽ ഭൂരിപക്ഷം ലഭിക്കുന്നവരാണ് മന്ത്രിസഭ രൂപീകരിക്കുക. അപ്പോൾ മന്ത്രിസഭ രൂപീകരിക്കാൻ ആഗ്രഹിക്കുന്ന ഓരോ രാഷ്ട്രീയ സഖ്യത്തിനും അല്ലെങ്കിൽ പാർട്ടിക്കും ജനങ്ങളുടെ മുന്പിൽ വെക്കാനുള്ളതെന്തൊക്കെയാണ്? അത് നടപ്പിലാക്കാൻ പ്രാപ്തമായ ടീമിനെയാണോ അവർ അണിനിരത്തുന്നത്? എന്നതൊക്കെ പ്രധാനം തന്നെ. എല്ലാ തിരഞ്ഞെടുപ്പുകളെയും ഒറ്റ മാനദണ്ധത്തിൽ അളന്നാൽ ശരിയാവില്ല. പാർലമെന്റ് അംഗങ്ങളുെട തിരഞ്ഞെടുപ്പിൽ നമ്മുടെ രാജ്യം ആര് ഭരിക്കണം എന്നതാണ് പ്രധാനം. അതായത് രാജ്യത്തിന് പരമോന്നതമായ ഭരണ സംവിധാനമാണുള്ളത്. അപ്പോൾ അതിനകത്ത് വരുന്നവർ ഇന്ത്യയുടെ വൈവിദ്ധ്യം ഉൾക്കൊള്ളാൻ കഴിയുന്നവരും സഹിഷ്ണുതയുള്ളവരും ഇന്ത്യയുടെ വ്യത്യസ്ത വിഭാഗങ്ങളെ യോജിപ്പിച്ചു നിർത്താൻ കഴിയും വിധം പ്രവർത്തിക്കുന്നവരും എല്ലാ വിഭാഗത്തിന്റെയും പുരോഗതി ഉറപ്പുവരുത്തുവാൻ നിയമനിർമ്മാണം നടത്താൻ അറിവും കാര്യപ്രാപ്തിയുള്ളവരുമാണോ തിരഞ്ഞെടുക്കപ്പെടുന്നത് എന്നാണ് പരിശോധിക്കേണ്ടത്. സംസ്ഥാന നിയമസഭകളുടെ പ്രധാന ചുമതല കേന്ദ്രഭരണ സംവിധാനത്തിന് കീഴ്പെട്ട് സംസ്ഥാനത്തിന് ബാധകമായ നിയമനിർമ്മാണവും ഭരണ നി‍‍ർവ്വഹണവുമാണ്. അത് ചെയ്യാൻ അവർക്ക് പ്രാപ്തിയുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. താരങ്ങളുടെ മത്സരത്തിനെതിരെ എല്ലാ ചർച്ചകളിലും ഉയർന്നു വന്ന പ്രധാന പ്രശ്നം ജനസേവകരായിരിക്കുവാൻ ഇവർക്ക് കഴിയുമോ എന്നതാണ്. ഒരു പ്രമുഖമാധ്യമ ചർച്ചക്കാരൻ പറയുന്നത് എം.എൽ.എമാർ എല്ലാ വീട്ടിലും അവരുടെ സുഖത്തിലും ദുഃഖത്തിലുമൊക്കെ നേരിട്ട് പങ്ക് ചേരേണ്ടവരാണ്. പൊതുവെ ആഢംബര ജീവിതം നയിക്കുന്ന താരങ്ങൾക്ക് ഇത് സാധ്യമാകില്ല എന്നാണ്. നാം ആദ്യം തിരുത്തേണ്ടത് ഒരു കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും അത് മരണമായാലും കല്യാണമായാലും ജനനമായാലും തിരണ്ടു കല്യാണമായാലും അതിലൊക്കെ നേരിട്ട് പങ്കെടുക്കേണ്ടയാളാണ് എം.എൽ.എ എന്ന കാഴ്ചപ്പാട് തന്നെയാണ്. ഇത് മാത്രം നിർവഹിച്ച് ജനകീയ എം.എൽ.എ ആയി സ്ഥിരം ജയിച്ചു വരുന്ന ഒരുപാട് പേ‍‍ർ കേരളത്തിലുണ്ട്. ഇവരാണ് പലപ്പോഴും എം.എൽ.എമാരുടെ റോൾ മോഡലായി തീരുന്നത്. ഇതല്ല എം.എൽ.എമാ‍‍ർക്ക് യഥാർത്ഥത്തിൽ ഉണ്ടാവേണ്ട യോഗ്യത. അവർ ഈ സംസ്ഥാനത്തിന്റെ ജീവിതസ്പന്ദനങ്ങൾ ശരിക്കും അറിയുന്നവരും ചരിത്രവും വർത്തമാനവും ഉൾക്കൊള്ളുന്നവരും ഭാവിയെക്കുറിച്ചുള്ള നല്ല സ്വപ്നങ്ങൾ ഉള്ളവരുമായിരിക്കണം. നിയമനിർമ്മാണമാണ് ഇവരുടെ മുഖ്യചുമതല. അതിനുള്ള കഴിവും പ്രാപ്തിയുമാണ് ഒരു എം.എൽ.എക്കുണ്ടാവേണ്ടത്. അതുപോലെ മണ്ധലത്തിലെ ജനങ്ങളുടെ സ്വത്തിന്റെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, വികസനം എന്നിവയിലൊക്കെ നല്ല അവഗാഹമുണ്ടാകണം. സാധാരണയായി മരണത്തിലും കല്യാണത്തിലും മുടങ്ങാതെ എത്തുന്ന ഒരു എം.എൽ.എക്ക് ഇതിനൊന്നും സമയവും സാവകാശവുമുണ്ടാവില്ല. ഇത്തരത്തിൽ കുടുംബങ്ങളുമായി നേരിട്ട് ബന്ധമുണ്ടാവേണ്ടവർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണ്. അവർക്ക് നിയമനിർമ്മാണം എന്നൊരു അജണ്ടയില്ല. പ്രദേശിക വികസനം, ജനക്ഷേമം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയാണ് അവരുടെ മുഖ്യചുമതല. അവർക്ക് എല്ലാ കുടുബങ്ങളുമായി ബന്ധപ്പെടാൻ സമയവും സാവകാശവും സ്വാഭാവികമായും ഉണ്ടാകേണ്ടതാണ്. എം.എൽ.എയുടെ യഥാർത്ഥ ചുമതലകൾ നി‍‍ർവ്വഹിക്കുന്നതിന് നല്ല സാമൂഹ്യപരിജ്ഞാനവും നന്നായി ഹോം വർക് ചെയ്യാനുമുള്ള സമയവും സന്നദ്ധതയുമാണാവശ്യം. ഇത്തരം യോഗ്യതയുള്ളവരെയാണ് മുന്നണികൾ മത്സരിപ്പിക്കുന്നതെങ്കിൽ അത് സിനിമാതാരമായിരുന്നാലും നല്ലതാണ് സംഭവിക്കുക. യഥാർത്ഥത്തിൽ പ്രശ്നമതല്ല, താരങ്ങൾ മാത്രമല്ല മറ്റു മത്സരാർത്ഥികളും ഇത്തരം ശേഷിയുള്ളവരല്ല എന്നതാണ് പ്രധാനം. കൂടുതൽ കൂടുതൽ അരാഷ്ട്രീയവൽക്കരിക്കപ്പെടുന്ന സമൂഹത്തിൽ‍ കേവലമായ താരാരാധനയെ ഉപയോഗിച്ച് അധികാരം കൈയടക്കാനുള്ള, ഭൂരിപക്ഷം ഉണ്ടാക്കിയെടുക്കാൻ കഴിയുമോ എന്ന് മാത്രമാണ് ഇന്ന് മുന്നണികൾ അന്വേഷിക്കുന്നത്. നമ്മളൊക്കെ പണ്ട് പ്രതീക്ഷിച്ചത് തമിഴ്നാടും കർണ്ണാടകയുമൊക്കെ നാളെ കേരളത്തെപ്പോലെ രാഷ്ട്രീയ പ്രബുദ്ധമായി തീരും എന്നായിരുന്നെങ്കിൽ യഥാർത്ഥത്തിൽ സംഭവിച്ചത് കേരളവും തമിഴ്നാടിനെപ്പോലെ കർണ്ണാടകയെപ്പോലെ അരാഷ്ട്രീയവൽക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം അരാഷ്ട്രീയ ഭൂമികയിൽ ഭൂരിപക്ഷം സീറ്റു പിടിച്ചെടുക്കാനുള്ള കുറുക്കുവഴികളായി താരങ്ങളെ മുൻനിർത്തിയുള്ള പോരാട്ടം മാറിത്തീരുകയാണിന്ന്.

അധികാരം സ്ഥിരമായി കൈവശം വെക്കുക, അതുവഴി മൂലധനവികസനം സാധ്യമാക്കുക എന്നത് പൊതു അജണ്ടയാക്കുന്പോൾ എല്ലാവരും അതിന് വേണ്ടി കുറുക്കുവഴികൾ തേടും. അപ്പോൾ രാഷ്ട്രീയപ്രവർത്തകർ എന്നൊരു പുതിയ വർഗ്ഗം ഉയർന്നുവരും. ചിലർ ചോദിക്കുന്നത് സിനിമാ നടനം ചെയ്യുന്ന ഇവർക്കൊക്കെ ഭരിക്കാൻ എവിടെയാണ് സമയം എന്നാണ്. ഈ ചോദ്യം ശരിയാണെന്നംഗീകരിച്ചാൽ യാതൊരു തൊഴിലിനും പോകാതെ രാഷ്ട്രീയം സ്വത്ത് സന്പാദനത്തിനുള്ള ഉപാധിയാക്കുന്നവർക്കായി ഈ രംഗം സംവരണം ചെയ്യണം എന്നാകും. യഥാർത്ഥത്തിൽ സംഭവിക്കേണ്ടത് ജീവിക്കാൻ എല്ലാവരും എന്തെങ്കിലും തൊഴിൽ ചെയ്യണം എന്നതാണ്. എന്നാൽ രാഷ്ട്രീയപ്രവർത്തനം എന്നത് ഒരാളുടെ സാമൂഹ്യബാധ്യതയും രാജ്യത്തിനും വേണ്ടിയുള്ള സമർപ്പണവുമാണ്. അങ്ങിനെയെങ്കിൽ അഭിനയിച്ച് ജീവിക്കാനുള്ള വക നടന്മാർ കണ്ടെത്തുന്നതുപോലെ ജീവിക്കാനുള്ള ഒരു തൊഴിലിൽ എല്ലാ രാഷ്ട്രീയപ്രവർത്തകരും ഏർപ്പെടുകയാണ് വേണ്ടത്.

നിലവിലുള്ള സാഹചര്യങ്ങളിൽ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകന്മാർ അനിവാര്യമായി തീരുന്നുണ്ട് എന്നത് യാഥാർത്ഥ്യം തന്നെയാണ്. അതിനർത്ഥം രാഷ്ട്രീയപ്രവർത്തനം ഒരു പ്രൊഫഷനായി സ്വീകരിക്കാൻ അനുമതിയുണ്ടാകണമെന്നല്ല. സ്വത്തു സന്പാദനം എന്ന താല്പര്യമോ പ്രത്യേക അവകാശാധികാരങ്ങളോ ഉള്ള  ഒരു വർഗ്ഗം ആയിത്തീരാതെ പ്രതിഫലേച്ഛയില്ലാതെ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാൻ ശേഷിയുള്ളവരുടെ ഒരു നിരയെ വളർത്തിയെടുക്കാൻ നമുക്ക് കഴിയണം. എന്നാൽ ഒരു എം.എൽ.എയോ ജനപ്രതിനിധിയോ ആയിത്തീരുന്നതോടെ വലിയ സാന്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നതും പ്രത്യേക അവകാശ അധികാരങ്ങൾ കൈവെക്കുന്നതും സമൂഹത്തെ വിപരീത ദിശയിലാണ് നയിക്കുക.

 

ഒരു തൊഴിലും ചെയ്യാതെ രാഷ്ട്രീയം ഒരു പ്രൊഫഷനായി സ്വീകരിച്ച് സ്വത്തുസന്പാദനത്തിനുള്ള ഉപാധിയാക്കി തീർക്കുന്ന രാഷ്ട്രീയപ്രവർത്തകരും സിനിമാരംഗത്ത് അല്പം മാർക്കറ്റ് കുറയുന്പോൾ രാഷ്ട്രീയത്തിലിറങ്ങി ഭാഗ്യമന്വേഷിക്കുന്ന താരങ്ങളും ഒരേ ദൗത്യം തന്നെയാണ് നിർവഹിക്കുന്നത്. ഇത് സമൂഹത്തിന്റെ വളർച്ചയെയല്ല തകർച്ചയെയാണ് പ്രതിനിധീകരിക്കുന്നത്.

You might also like

Most Viewed