വിഘടിച്ച് പെരുകുന്ന ‘അമീബ’കൾ
പ്രതിരോധത്തിന്റെയും വിമോചനത്തിന്റെയും നിശ്ചയിച്ചുറപ്പിച്ച വഴികളൊന്നും വെളിച്ചത്തിന്റെ തുറസ്സുകളെ കണ്ടുമുട്ടുന്നില്ല എങ്കിൽ നമുക്ക് ചെയ്യാനുള്ളതെന്താണ്? പെട്ടിയും പടവും മടക്കി ചുരുട്ടികെട്ടി ഒരു മൂലയിൽ വെച്ച് നിരാശയുടെ തുരുത്തുകളിൽ വിശ്രമിക്കാം. ശരിയും തെറ്റുമറിയില്ലെങ്കിലും കൈകാലിട്ടടിക്കുകയും കുതറുകയുമൊക്കെ ചെയ്യുന്ന പുതിയ തലമുറയെ പരിഹസിക്കാം. പക്ഷെ അതൊന്നുമല്ല ഞങ്ങൾക്ക് ചെയ്യാനുള്ളത്. ജീവിച്ചിരിക്കുന്ന ഓരോ നിമിഷത്തിലും പൊരുതുക തന്നെയാണ് എന്ന് ഉറപ്പിച്ച ഒരു സംഘം ചെറുപ്പക്കാരുടെ സിനിമയാണ് അമീബ. ചുവന്ന കൊടിയുയർത്തുന്നതും മുദ്രാവാക്യങ്ങൾ മുഴക്കുന്നതും മാത്രമാണ് പോരാട്ടം. ഏതോ ഒരു പാഴൂർ പടിക്കൽ ചെന്ന് സാക്ഷ്യപത്രം വാങ്ങുന്പോഴേ അതിനംഗീകാരമുണ്ടാകൂ, എന്നൊക്കെ കരുതുന്നവർ നമുക്കിടയിൽ ഇപ്പോഴും ധാരാളമുണ്ട്. പക്ഷേ പുതിയ കാലം അതിസങ്കീർണ്ണമാണെന്നും അതുകൊണ്ടുതന്നെ വിമോചനത്തിന്റെയും പ്രതിരോധത്തിന്റെയും പാത അത്രത്തോളം തന്നെ സങ്കീർണ്ണമായിരിക്കുമെന്നും കരുതുന്നവരുടെ സാഹസികമായ ഇറങ്ങിപ്പുറപ്പെടലിന്റെയും ചങ്കൂറ്റത്തിന്റെയും മനോഹരമായ സാക്ഷാത്കാരമാണ് ഈ സിനിമ.
മനോജ് കാനയും കെ.ജി ജയനും പ്രിയേഷ് ലാലും ഒക്കെ ചേർന്നാണ് ഈ ചിത്രം അണിയിച്ചൊരുക്കിയത്. നാം ജീവിക്കുന്ന ആധുനികതാ സമൂഹത്തിന്റെ വികസന കാഴ്ചപ്പാടും ജീവിതവീക്ഷണവുമൊക്കെ എത്രമേൽ വികലമാണ് എന്ന് ഒരു ദുരന്തദുഃസ്വപ്നത്തിലെന്ന പോലെ നമ്മെ ബോധ്യപ്പെടുത്തുന്നതാണ് അമീബ എന്ന 111 മിനുട്ട് ദൈർഘ്യമുള്ള ഈ ചലച്ചിത്രം.
പ്രകൃതിയിൽ വിരിയുന്ന മാന്പൂക്കളൊക്കെ മാങ്ങയാകണമെന്നത് പ്രകൃതിയുെട നിശ്ചയമല്ല. മനുഷ്യന്റെ ആർത്തിയാണ്. പ്രകൃതിയിൽ ഈ മാന്പൂക്കൾക്ക് ധാരാളം അവകാശികളുണ്ട്. പരസ്പരം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ജൈവശ്രേണിയിലെ പല കണ്ണികളുമായി ബന്ധപ്പെട്ടാണ് മാന്പൂക്കൾ രൂപം കൊള്ളുന്നത്. സ്ഥാനത്തും അസ്ഥാനത്തുമായി പൊഴിഞ്ഞു പോകുന്നതും, അവസാനം മൂത്ത് പഴുത്ത് പലർക്കും മധുരം വിളന്പി, കൊഴിഞ്ഞ് മാങ്ങയണ്ടിയായി, മണ്ണിൽ പുതഞ്ഞ് കിടന്ന് പുതുമുകുളങ്ങൾ തേടുന്നതും, ഇല വിരിയുന്നതുമൊക്കെ ഈ ശ്രേണിയുടെ ഭാഗമാണ്. ഒരു മഴക്കാറിന് കരിച്ചു കളയാനുള്ളതും ചെറുപ്രാണികൾക്ക് നീരുറ്റി കുടിക്കുവാനുള്ളതും എന്നാൽ ആവശ്യത്തിൽ കൂടുതൽ ഉണ്ണികൾ വിരിയുന്പോൾ, മാങ്കൊന്പിന് താങ്ങാൻ കഴിയാത്ത മാങ്ങയുണ്ണികളെ പൊഴിച്ചു കളയാനുള്ളതും, അണ്ണാനും കിളികൾക്കും തിന്നാനുള്ളതുമൊക്കെ കഴിഞ്ഞാണ് മനുഷ്യന്റെ പങ്ക്. പക്ഷേ ആർത്തി മൂത്ത മനുഷ്യൻ ഒരു മാന്പൂക്കുലയിൽ വിരിയുന്ന പൂക്കളൊക്കെ ഒന്നുപോലും കൊഴിയാതെ, മാങ്ങയും അണ്ടിയുമായി വളർന്ന്, ജൈവശ്രേണിയിലെ മറ്റെല്ലാറ്റിനുമുള്ള അവകാശങ്ങളെ നിഷേധിച്ച്, എല്ലാം തനിക്ക് തന്നെ കിട്ടണം എന്ന് വാശിപിടിക്കുന്നു. അതിനവൻ മാരക വിഷം തളിച്ച് കീടങ്ങളെ അകറ്റുന്നു. ജൈവരസതന്ത്രത്തിന്റെ നിശ്ചയങ്ങളെ കൃത്രിമ രാസവസ്തുക്കൾ കൊണ്ട് മറികടക്കുന്നു. ഫലമോ ഒരു മാന്പൂക്കുലയിൽ വിടർന്ന മിക്കവാറും മാങ്ങയുണ്ണികൾ മാങ്ങയായും അണ്ടിയായുമൊക്കെ പഴുത്തു കൊഴിയുന്നു. അണ്ണാനേയും കിളികളേയും അകറ്റി അതൊക്കെ തന്റെ പണപ്പെട്ടിയുടെ കിലുക്കമാക്കി മാറ്റി മനുഷ്യൻ ആഹ്ലാദിക്കുന്നു.
പക്ഷേ അവനറിയാതെപോയതൊന്നുണ്ട്. പ്രകൃതിയുടെ നിശ്ചയങ്ങളെ മറികടന്ന് മാങ്ങയുണ്ണികളെ നിലനിർത്താൻ അവൻ പ്രയോഗിച്ച വിഷമൊക്കെ അവനിലേയ്ക്ക് തന്നെ തിരിച്ചെത്തും. മാങ്ങയുണ്ണികളുടെ കൊഴിഞ്ഞുപോക്കിനെ അവന് തടയാൻ കഴിയുമെങ്കിലും അതിന് സ്വന്തം ഉണ്ണികളുടെ ജീവിതം തന്നെയാണ് വിലയായി നൽകേണ്ടി വരുന്നത് എന്ന് തിരിച്ചറിയാൻ അവൻ വൈകിപ്പോകുന്നു. വൈകിയാണ് തിരിച്ചറിവുകൾ ഉണ്ടാകുന്നത്. എങ്കിലും അത് തിരിച്ചറിവ് തന്നെയാണ്. പക്ഷേ അത്തരം തിരിച്ചറിവുകളെ കലക്കിക്കളയുകയും ബലപ്രയോഗത്തിലൂടെ തടഞ്ഞു വെയ്ക്കുകയുമൊക്കെ ചെയ്യുന്നത് മനുഷ്യകുലത്തിലെ ഒരു ചെറു ന്യൂനപക്ഷത്തിന്റെ ആർത്തിയാണ്. ആ ആർത്തിയാകട്ടെ ജൈവികമായ ചോദനകളിൽ നിന്ന് നൈസർഗ്ഗികമായി രൂപം കൊണ്ട ആർത്തിയല്ല. പകരം മനുഷ്യൻ തന്നെ വളർത്തിയെടുത്ത വർഗ്ഗചൂഷണത്തിന്റെയും കൈയടക്കലിന്റെയും മൂശയിൽ നിർമ്മിച്ചെടുത്ത ന്യൂനപക്ഷത്തിന്റെ ആർത്തിയാണ്. ഇതിനു മുന്പിൽ ഒരു ജനതയൊന്നാകെ മാന്പൂക്കളെപ്പോലെ പൊഴിഞ്ഞുണങ്ങി തീരുന്നതെന്തിന് എന്ന ചോദ്യം, ഒരു നീറ്റലായി ഓരോ മനുഷ്യന്റെയും അന്തഃകരണത്തിൽ എത്തിക്കാനായി എന്നതാണ് ‘അമീബ’ എന്ന സിനിമയുടെ കാലിക പ്രാധാന്യവും വിമോചന യുക്തിയും.
കാസർഗോഡ് ജില്ലയിൽ, ഭരണകൂടത്തിന്റെ നേരിട്ടുള്ള കാർമികത്വത്തിൽ നടത്തിയ എൻഡോസൾഫാൻ പ്രയോഗം ദുരന്തഭൂമിയാക്കിയ ‘സ്വർഗ്ഗ’ എന്ന ഗ്രാമത്തിൽ നിന്നാണ് ക്യാമറ കണ്ണുതുറക്കുന്നത്. പ്ലാന്റേഷൻ കോർപ്പറേഷന് കീഴിൽ ജോലി ചെയ്യുന്ന ഒരു സാധാരണ തൊഴിലാളിയുടെ കുടുംബത്തിൽ നിന്ന് കഥയാരംഭിക്കുന്നു. ഭൂപരിഷ്കരണത്തിന്റെയും തൊഴിലിനും കൂലിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെയും പശ്ചാത്തലത്തിൽ, അടിസ്ഥാന ജീവിതാവശ്യങ്ങളൊക്കെ നേടിയെടുത്തിട്ടുള്ള ഒരു കുടുംബം. അപ്പോഴും കുടുംബിനിയുടെ ജീവിതദുരിതങ്ങൾക്ക് ഒരാശ്വാസവും കൈവരുന്നില്ല. വീട്ടുകാരേയും പശുവിനേയും ഒക്കെ പരിപാലിക്കാൻ അവർ ചെയ്തു തീർക്കേണ്ടി വരുന്ന ജോലികൾ ഒരു ദൈവനിശ്ചയം പോലെ അവർ തന്നെ ചെയ്യേണ്ടതാണ് എന്ന സ്ത്രീവിരുദ്ധമായ കാഴ്ചപ്പാടാണ് ബാക്കി എല്ലാവർക്കും.
അപ്പോഴും എൻഡോസൾഫാൻ ദുരന്തബാധയെക്കുറിച്ചുള്ള അറിവുകളിൽ നിന്ന്, ആ ഗ്രാമത്തിലേയ്ക്ക് പെണ്ണന്വേഷിച്ച് വരാൻ പോലും മറ്റുള്ളവർ മടിക്കുന്നു. അതുകൊണ്ട് കെട്ടുപ്രായം കഴിഞ്ഞിട്ടും കെട്ടിച്ചയക്കാൻ കഴിയാത്ത ധാരാളം പെൺകുട്ടികൾ ഗ്രാമത്തിലുണ്ട്. അതിലൊരുവളാണ് ഈ കുടുംബത്തിലെ വിദ്യാഭ്യാസമുള്ള മൂത്ത പെൺകുട്ടി. രണ്ടാമത്തവൾ ദൂരെ നഗരത്തിൽ പഠിച്ചവൾ. എഞ്ചിനീയറിംഗ് ബിരുദധാരിയായി പഠിപ്പും പത്രാസും പ്രണയവും മൊബൈൽ ഫോണും ലാപ്ടോപ്പുമൊക്കെയായി അവൾ തിരിച്ചെത്തുന്നു. ഇളയ ആൺകുട്ടി ജന്മനാ രണ്ടു കൈകളുമില്ലാത്തവനാണെങ്കിലും നന്നായി പഠിക്കുകയും മനുഷ്യരോട് സഹാനുഭൂതിയുള്ളവനും ആണ്. എന്നാൽ തന്റെ ശാരീരിക വൈകല്യങ്ങൾ നിമിത്തം അങ്ങേയറ്റത്തെ അപകർഷതാബോധത്താൽ വേട്ടയാടപ്പെട്ട് സമൂഹത്തിന്റെ മുന്നിൽ നിന്ന് ഓടിമാറിക്കളയുന്ന ഒരു കുട്ടി. ഇവരുടെ ജീവിതസംഘർഷങ്ങളിലൂടെ ക്യാമറ സമൂഹത്തിലേക്കിറങ്ങുന്നു. നല്ലവനായ ഒരദ്ധ്യാപകൻ മൂത്തചേച്ചിയ കല്യാണം കഴിക്കാൻ തയ്യാറാകുന്പോഴും തനിക്കുണ്ടാവുന്ന കുട്ടികൾക്ക് വരാനിടയുള്ള ശാരീരകവൈകല്യങ്ങളെ ഭയന്ന് ഭർത്താവുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതിനെപ്പോലും അവൾ ഭയപ്പെടുന്നു.
സ്ഥിരമായി തലവേദന അനുഭവപ്പെടുന്ന രണ്ടാമത്തെ പെൺകുട്ടി തലവേദനക്ക് കാരണം കാമുകനുമായി നടത്തുന്ന നിരന്തരമായ മൊബൈൽ സല്ലാപങ്ങളാണ് എന്ന താരതമ്യേന അപകടകരമല്ലാത്ത വിശ്വാസം കൊണ്ടു നടക്കുന്നു. ഇത് അർബുദമായി വളരുന്നതോടെ കാര്യങ്ങൾ തകിടം മറിയുന്നു. സ്ക്രീനിൽ നഗരവും ഗ്രാമവും ഇടകലർന്ന് കടന്നുവരുന്നു. ഗ്രാമത്തിന്റെ വിശുദ്ധിയിൽ തളിക്കപ്പെടുന്ന എൻഡോസൾഫാൻ വിഷം ഒരുപാട് ദരിദ്രജീവിതങ്ങളെ കശക്കി എറിയുന്നു. മൂത്ത പെൺകുട്ടിയുടെ സമപ്രായക്കാരിയായ എൻഡോസൾഫാൻ ഇരയുടെ ജീവിതാസക്തി ചിത്രീകരിച്ചിരിക്കുന്നത് അനിതര സാധാരണം എന്ന് വിശേഷിപ്പിച്ചേ മതിയാകൂ. രണ്ടാമത്തെ പെൺകുട്ടിയുടെ കാമുകനും ഐ.ടി വിദഗ്ദ്ധനുമായ ചെറുപ്പക്കാരനിലൂടെ നഗരത്തിന്റെ അന്ധവിശ്വാസങ്ങളും ജാഡയും നവഉദാരവൽകരണത്തിന്റെ ഉപയോഗിച്ച് വലിച്ചെറിയലുമൊക്കെ അല്പം പോലും മുഴച്ചു നിൽക്കാതെ ചിത്രീകരിക്കപ്പെടുന്നുണ്ട്. കന്പ്യൂട്ടറിന് മുന്പിലിരിക്കുന്നതിന് മുന്പ് താൻ കൈകളിലണിഞ്ഞ നക്ഷത്ര മോതിരങ്ങൾ ഊരി വെക്കുന്ന ഒരു രംഗമുണ്ട്. രണ്ട് ലക്ഷം രൂപ ശന്പളം വാങ്ങിക്കുന്ന ഐ.ടി വിദഗ്ദ്ധനാണെങ്കിലും ഭാഗ്യനക്ഷത്ര കല്ലുകൾ പതിച്ച മോതിരമണിഞ്ഞു നടക്കുന്ന, സാമാന്യമായ സാമൂഹ്യ വിജ്ഞാനം പോലുമില്ലാത്ത, നമ്മുടെ പുതുതലമുറയെ ദൃശ്യവൽക്കരിച്ചത് അതിഗംഭീരമായിട്ടുണ്ട്. താൻ വികസിപ്പിച്ച ചില സങ്കേതങ്ങൾ, തനിക്ക് വേണ്ടപ്പെട്ട പെൺകുട്ടിക്ക് വേണ്ടി മേലുദ്യോഗസ്ഥൻ അപഹരിക്കുന്നതും, സ്വാഭാവികമായ പാർട്ടികളും ഒരു വീഡിയോ കോൺഫറൻസിംഗിലൂടെ എല്ലാവരെയും പിരിച്ചയയ്ക്കുന്നതുമൊക്കെ, നവഉദാരവൽക്കരണം ആധുനിക നാഗരികതയെ പന്താടുന്നതിന്റെ ആവിഷ്കാരങ്ങളായി തീരുന്നുണ്ട്. നിഷ്കളങ്കമായ കുഞ്ഞുങ്ങളിലും സുരംഗയിലെ വെള്ളത്തിലുമൊക്കെ കലരുന്ന വിഷത്തെക്കുറിച്ച് ഒരു ഗ്രാമം തിരിച്ചറിയുന്പോഴേക്ക് ഏറെ വൈകിപ്പോകുന്നു. ഇതിനിടയിൽ തന്നെ ദാരിദ്ര്യവും വട്ടിപ്പലിശയും സ്ത്രീ ശരീരത്തിന്റെ വിപണന സാധ്യതകളുമൊക്കെ പതിവു സിനിമകൾ പോലെ കടന്നുവരുന്നുമുണ്ട്.
കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്, ദൃശ്യങ്ങളുടെ തിരഞ്ഞെടുപ്പും സംയോജനവും, ഒക്കെ മനോഹരം എന്ന് തന്നെ വിശേഷിപ്പിക്കണം. വർത്തമാനകാലത്തെ ഒരു ദുരന്ത യാഥാർത്ഥ്യമാണ് ക്യാമറ പകർത്തുന്നത് എന്നതു കൊണ്ട് പഴയ രീതിയിൽ ആദിമധ്യാന്ത പൊരുത്തത്തോടു കൂടിയുള്ള കഥപറച്ചിൽ രീതിയാണ് ഇവിടെ അവലംബിച്ചത്. അത് തീർച്ചയായും ഇത്തരം ഒരു പ്രമേയത്തിന് സഹായകരം തന്നെയാണ്. ഏത് സാധാരണ മനുഷ്യനും മനസിലാകുന്ന ആഖ്യാനരീതിയിലാണ് ചിത്രം വികസിച്ചു വരുന്നത് എന്നതും പ്രാധാനം തന്നെ.
ഇന്ദ്രൻസ് എന്ന ഒരു നടന്റെ അഭിനയ സാധ്യതകളെ ഇത്രയേറെ ഉപയോഗിച്ച മറ്റ് മലയാള പടങ്ങൾ വിരളമാണ് എന്ന് തോന്നുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി എങ്ങിനെയുണ്ടെന്റെ പുദ്ധി? എന്ന നിലയിലുള്ള കഥാപാത്രങ്ങൾക്കായി നാം കുത്തിച്ചതുക്കി പരുവമാക്കിയതാണ് ഈ നടന്റെ അഭിനയ ജീവിതം. അതിൽ നിന്നുള്ള ഒരു വിടുതൽ അത്ര എളുപ്പമൊന്നുമല്ല. മറ്റൊന്ന് ഇന്ദ്രൻസ് എന്ന ഈ അതുല്യനായ നടൻ വിടാതെ കൂടെക്കൊണ്ടു നടക്കുന്ന അപകർഷതാബോധത്തിന്റെ ഭാണ്ധകെട്ടാണ്. തന്റെ ശരീരം, ശബ്ദം, അംഗചലനങ്ങൾ, നോട്ടം എന്നിങ്ങനെ പലതിനേയും പ്രതിയാണ് അദ്ദേഹം ഈ പ്രതിനിധാനം സ്വയം ഏറ്റെടുത്തത്. അത്തരം ഒരു ഇമേജിൽ നിന്ന് കുതറിച്ചാടാനുള്ള അദ്ദേഹത്തിന്റെ പരിശ്രമവും അതിലദ്ദേഹത്തിനുണ്ടായ വിജയവും ഭാവി മലയാള സിനിമക്ക് മുതൽകൂട്ടാകും എന്ന കാര്യത്തിൽ സംശയമില്ല.
ആദ്യതവണ സിനിമ കണ്ടപ്പോൾ ഒരദ്ധ്യാപകൻ കുട്ടികളെ പാട്ടുപഠിപ്പിക്കുന്നതും അതോടൊപ്പം കുട്ടികൾ മാനത്ത് വിഷം പെയ്യുന്ന ഹെലികോപ്റ്റർ കാണുന്നതുമായ ചില രംഗങ്ങളുണ്ടായിരുന്നു. ചലച്ചിത്രോത്സവത്തിലെ പ്രദർശനത്തിൽ അതൊഴിവാക്കിയിട്ടുണ്ട്. പക്ഷെ അത് ഒഴിവാക്കിയപ്പോൾ ചിത്രത്തിന്റെ നട്ടെല്ലിന് ഒരു കരുത്ത് കിട്ടിയത് പോലെയാണ് ഈ ലേഖകന് അനുഭവപ്പെട്ടത്. ഒരുപക്ഷേ സംവിധായകന്റെ ഭൂതകാലം തെരുവുനാടകവും ശാസ്ത്ര സാഹിത്യ പരിഷത്തുമൊക്കെയായി അവിടേയും ഇവിടേയും കടന്നുവരുന്നുണ്ടോ എന്ന സംശയം മറച്ചു വെക്കുന്നില്ല. ശാസ്ത്രകലാജാഥയും തെരുവുനാടകവുമൊക്കെ മോശമാണെന്നല്ല. ഈ ലേഖകനുമുണ്ട് അത്തരം ഒരു ഭൂതകാലം. പക്ഷേ അതിൽ നിന്നൊക്കെ വികസിക്കുകയും നവീകരിക്കപ്പെടുകയും ചെയ്ത ഒന്നാണ് വർത്തമാനകാല സിനിമ. അതിനെ, ഇതൊന്നും കയറി ശല്യപ്പെടുത്താൻ പാടില്ല. ഒരു വിദൂഷകവൃത്തിയിലെന്ന പോലെ കഥാസാരം വെളിപ്പെടുത്തിക്കൊണ്ടുള്ള സിനിമയുെട ആദ്യ ഫ്രെയിമുകളിൽ ചില പൊളിച്ചെഴുത്ത് നന്നായിരിക്കുമോ എന്ന് ആലോചിക്കാൻ ഇനിയും അവസരമുണ്ട്. ഏതായാലും പ്രിയേഷ്ലാലും മനോജ്കാനയുമൊക്കെ നമ്മോട് പറയുന്നത് ‘ഞങ്ങൾ കീഴടങ്ങാൻ തയ്യാറല്ല; നിങ്ങളും ആർക്കു മുന്പിലും കീഴടങ്ങരുത്’ എന്ന ശക്തമായ സന്ദേശം തന്നെയാണ്. ചായില്യത്തിൽ നിന്ന് അമീബയിലെക്കെത്തുന്പോൾ അതിന് ആത്മാർത്ഥതയുടെ മുഴക്കമുണ്ട്. അതിന് ആധുനിക സിനിമാ സൗന്ദര്യശാസ്ത്ര സങ്കല്പങ്ങളുെട ഈടുറപ്പും ഭംഗിയുമുണ്ട്.