മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം കണ്ണുകളോ ?
ജനങ്ങൾക്ക് ആവശ്യമുള്ള നിയമങ്ങൾ നിർമ്മിക്കാനും അവ നടപ്പാക്കാനുമുള്ള പരിപൂർണ്ണ അധികാരം പൊതുജനങ്ങൾക്കും കേവല ബുദ്ധിക്കും വിട്ടു നൽകുക എന്ന രീതിയാണ് ജാനാധിപത്യത്തിൽ വകവച്ച് കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ഭൂരിപക്ഷത്തിന്റെ ഇംഗിതത്തിന് അനുസരിച്ച ഭരണം, സ്വാതന്ത്ര്യത്തെയാണ് കുറിക്കുന്നതെന്നും അത് വിലയിരുത്തുന്നു. ഇങ്ങനെ ജനാധികാരം പിന്നീട് ജനാധിപത്യ വ്യവസ്ഥിതി ആയി മാറി. അത് മുതലാളിത്ത ചിന്തയിൽ നിന്നും പുറത്തു വന്നു. അപ്പോൾ ജനം എന്ന ഒറ്റ ചിന്തയിൽ മതത്തെ പൂർണ്ണമായും വേർപ്പെടുത്തുന്നതിൽ എല്ലാവരും ഐക്യപ്പെട്ടു.
ജനാധിപത്യം നിലനിൽക്കുന്നത് അതിന്റെ അടിസ്ഥാന ശിലകളായ ‘എക്സിക്യുട്ടിവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യറി’ എന്നീ മൂന്നു ശിലകളിലാണ്. ഇവിടെയാണ് നാം നാലാം ശിലയായി മാധ്യമങ്ങളെ കാണുന്നത്. അത് ഒരു പരിധി വരെ ശരിയുമാണ്. കാരണം ജനാധിപത്യത്തിനെതിരായ മികച്ച വാദഗതി എന്ന ആമുഖത്തോടെ വിൻസ്റ്റൻ ചർച്ചിൽ അവതരിപ്പിച്ചൊരു കാര്യമുണ്ട് “വോട്ടറുമായുള്ള അഞ്ചു മിനിട്ട് ശരാശരി സംഭാഷണം” എന്നതാണ് അതിലെ കേന്ദ്ര പ്രമേയം. അപ്പോൾ ആ അഞ്ചു മിനിട്ട് സംഭാഷണത്തിനു ഒരു മാധ്യമം ആവശ്യവുമാണ്. ഇവിടെ മേൽപ്പറഞ്ഞ മാധ്യമങ്ങളെ നാലാം ശിലയായി ഉപയോഗിക്കാം. എന്നാൽ അതിന്റെ വ്യാപ്തി ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്ന് നാം ചിന്തിക്കണം. കല്ലും നെല്ലും കൂടിക്കലർന്നു കിടക്കുന്ന പനന്പിൽ നിന്നും കല്ല് മാത്രം പെറുക്കിയെടുത്തു അച്ചടിക്കുന്ന രീതിയിലേക്ക് ചില പത്രാധിപന്മാർ മാറിയിരിക്കുന്നു.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന്റെ കാലത്താണ് “പെയ്ട് ന്യുസ്” വ്യപകമായി നാം കേട്ടത്. നേതാക്കളുടെയും രാഷ്ട്രീയ പാർട്ടികളുടെയും “സംഭാവനകൾ” അച്ചടിക്കുന്ന ഒരു തരം നാലാം കിട സ്വഭാവം, നാലാം ശിലക്കാർ തുടങ്ങി. പുട്ടിനു പീര പോലെ കൂടെ കൂടെ വാർത്താ സ്വാതന്ത്ര്യം, വായനാക്കരുടെ അവകാശം, പൗരബോധം തുടങ്ങി മാധ്യമ ധർമ്മ ബോധം എഡിറ്റോറിയലുകളായി ദിനവും എഴുതിവിടുന്നതും ഇവർ തന്നെ. പെയ്ഡ് ന്യുസിനെ പറ്റി പറയാൻ പാടില്ല, മിണ്ടിയാൽ “മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റം.” ഇവിടെ നിലനിൽക്കുന്നത് കനമുള്ള നോട്ടുകെട്ടുകളുടെ മാധ്യമ ധർമ്മമാണ്; മാധ്യമ സ്വാതന്ത്ര്യമല്ല എന്ന പി. സായ്നാഥിന്റെ രൂക്ഷ പ്രതികരണം കുറിക്കുകൊണ്ടിരുന്നു.
നമ്മുടെ കേരളത്തിലും ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം കേട്ടതും കണ്ടതും അതുതന്നെയാണ്. തിരഞ്ഞെടുപ്പിൽ ആര് എവിടെ മത്സരിക്കണം എന്ന് വരെ തീരുമാനിക്കാൻ പത്ര “മുതലാളി” മാർക്ക് കഴിയുന്നു, തിരുവന്പാടിയും, ഇരിക്കൂറുമൊക്കെ ഉദാഹരണങ്ങൾ മാത്രം. സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് അസാധ്യമാക്കുന്നതാണ് പെയ്ഡ് ന്യൂസ് എന്ന 2009 ജൂൺ ആറിന്റെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ നിരീക്ഷണം അതീവ ഗൗരവമേറിയതാണ്.
മറ്റൊരു ഭീതിജനകമായ കാര്യം മാധ്യമങ്ങളുടെ ഉടമസ്ഥാവകാശമാണ്. 86000 പത്രങ്ങളും നൂറുകണക്കിന് ചാനലുകളും റേഡിയോ േസ്റ്റഷനുകളും ഒക്കെ ഉണ്ടെങ്കിലും ഇതിന്റെയെല്ലാം ഉടമസ്ഥരുടെ എണ്ണം നൂറിൽ താഴെയാണ്. മൂന്നു തരത്തിൽ ഇവയെല്ലാം കേന്ദ്രീകരിക്കുന്നു. അച്ചടി മാധ്യമം അച്ചടിമാധ്യമവുമായി ചേരുന്നു, ടെലിവിഷൻ രംഗത്തുള്ള സ്ഥാപനം സിനിമ, ഡോകുമെന്ററി നിർമ്മാണ രംഗത്തെക്കും ഡിജിറ്റൽ വിതരണത്തിലെക്കും ചേരുന്നു. ടെലികോം കന്പനികൾ മാധ്യമ കന്പനികളുമായി ചേരുന്നു. ഇങ്ങനെ കേന്ദ്രീകൃത സ്വഭാവം വരുന്പോൾ നിങ്ങൾ എന്ത് വായിക്കണം, എന്ത് കാണണം, എന്ത് ചിന്തിക്കണം എന്ന് ഇവർ തീരുമാനിക്കുന്നു. പരസ്പരം തിരുത്തൽ ശക്തിയാകാൻ കഴിയുന്നില്ല. ഇതിനെല്ലാം “ക്രോസ് ഓണർഷിപ്പ്” എന്നതാണ്, ഇത് പല വികസിത രാജ്യങ്ങളും അംഗീകരിക്കുന്നില്ല. അഭിപ്രായ തലങ്ങളെ വല്ലാതെ കേന്ദ്രീകരിക്കുന്നു. നമ്മുടെ വൈവിധ്യമാണ് ഇല്ലാതാകുന്നത്. മതത്തെ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്ന അത്യന്തം ഗുരുതരമായ തെറ്റാണ് ഇന്ന് ഇന്ത്യയിലെ മാധ്യമങ്ങൾ നിർവഹിക്കുന്നത്. അവഗണനയെയും അടിച്ചമർത്തലുകളെയും കുറിച്ച് പറഞ്ഞു യഥാർത്ഥ നാലാം ശിലയാകേണ്ട മാധ്യമ വിചാരം, വർഗ്ഗത്തെയും, വർണ്ണത്തെയും, മതത്തെയും ഇളക്കി രാജ്യ പുരോഗതിയുടെ, ജനാധിപത്യത്തിന്റെ “ശവകല്ലറ”യുടെ ശിലയാകാൻ ശ്രമിക്കുന്നു.