ദേശസ്നേഹം തീവ്രമാകുന്പോൾ...!

ഏതൊരു വികാരവും അമിതമാകുന്പോൾ അത് തീവ്രവാദത്തിലേയ്ക്ക് എത്തപ്പെടും, ദേശീയതയായാലും, മത ചിന്താഗതികളായാലും, ലിംഗ, ഭാഷ, രാഷ്ട്രീയ, വ്യക്തി ഭ്രമങ്ങളായാലും. അപ്പോൾ ലോകത്തിന് ഭീഷണിയായി നിലനിൽക്കുന്ന മത തീവ്രവാദികളുടെ ഗണത്തിലേക്ക് ദേശ തീവ്രവാദികളും എത്തപ്പെടും. അതിൽ ഏത് രാജ്യത്തെ ജനങ്ങൾ എന്നത് കാര്യമില്ല. മത തീവ്രവാദം വിളന്പുന്ന താലിബാനെയും, ദേശതീവ്രവാദം വിളന്പുന്ന ബോഡോ തീവ്രവാദികളെയും പോലെതന്നെയാണ് ദേശീയത പഠിപ്പിക്കാൻ ഇറങ്ങിയ തിരിച്ച ഇന്ത്യയിലെ മിക്ക സംഘടനകളും അതിന്റെ വക്താക്കളും.
രാജ്യം എന്നത് ഭൂമിശാസ്ത്രപരമായ അതിരവരന്പുകൾക്കുള്ളിലുള്ള ഒന്നല്ല. ഒരു സ്ഥലത്ത് അതിവസിക്കുന്ന ജനങ്ങളും അവരിൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതിയും, സസ്യ−ജീവജാലങ്ങളും, ഇതിന്റെയൊക്കെ സംസ്കാരവും, ജീവിത രീതികളും, തൊഴിലും, വിദ്യാഭ്യാസവും ഒക്കെയായി കൂടിച്ചേരുന്പോഴാണ് രാജ്യം ഉണ്ടാകുന്നത്. ഇപ്പറഞ്ഞതിൽ നിന്നും വ്യത്യസ്തമായ കൂടിച്ചേരലുകൾ വരുന്പോൾ അത് മറ്റൊരു രാജ്യത്തിലേയ്ക്കാണ് പിറവിയെടുക്കുന്നത്. ഇങ്ങനെയൊക്കെയാണ് ലോകത്ത് നിലവിൽ രാജ്യങ്ങൾ നിലനിൽക്കുന്നത്. വെറും അതിർവരന്പുകൾ മാത്രമായിരുന്നെങ്കിൽ ഇന്ത്യ എന്ന രാജ്യത്ത് നിന്ന് ബ്രിട്ടീഷ് ഭരണകുടത്തിന് പിൻവാങ്ങേണ്ടി വരില്ലായിരുന്നു. ലോകത്തെ മികച്ചതും ശക്തിയുള്ളതുമായിരുന്നു ബ്രിട്ടീഷ് സൈന്യം. അവർ അതിർത്തി മാത്രം കാത്തിരുന്നെങ്കിൽ ഒരിക്കലും ഇന്ത്യയെന്ന കോളനി രാജ്യം അവർക്ക് നഷ്ടപ്പെടില്ലായിരുന്നു.
എന്നാൽ രാജ്യത്തിനുള്ളിൽ നിന്ന് തന്നെ ഉയർന്നു വന്ന തങ്ങളുടെ ജീവിത രീതികളോടും ചിന്തകളോടുമുള്ള വ്യതിരക്തത ഒരു പരിധി വരെ മാത്രമേ അവർക്ക് തടഞ്ഞു നിർത്താൻ കഴിഞ്ഞുള്ളൂ. അതുപോലെ തന്നെയാണ് രാജ്യ സ്നേഹവും ദേശീയതയും ഉറക്കെ വിളിച്ചു കൂവുന്നവർ, ത്രിവർണ്ണ പതാകയിലും ജയ് വിളികളിലും മാത്രം രാജ്യ സ്നേഹം കാണുന്നവർ ചിന്തകളുടെ വ്യതിരക്തതെയും എതിർ ചിന്താ സ്വാതന്ത്രത്തെയും ഭയപ്പെടുന്നത്. ഇവിടെ അവർ ഭയപ്പെടുന്നത് രാജ്യത്തെയല്ല മറിച്ചു രാജ്യ ഭരണം നഷ്ടമാകുമോ എന്നതിലാണ്. രാജ്യ സ്നേഹം സ്ഥാപിക്കാനുള്ളതല്ല. അത് ഓരോ മനുഷ്യനും അവർ ജീവിക്കുന്ന ചുറ്റുപാടിൽ ഉണ്ടാകുന്ന ഓരോ അനുഭവത്തിലും പ്രകടമാകേണ്ടാതാണ്. അത് ഓരോ അവസരത്തിൽ അഭിമാനവും, വിധേയത്വവും, സേവനവും, സഹായവും ഒക്കെയായി ഓരോർത്തരിൽ നിന്നും നിർഗ്ഗളിക്കും. അത് നമ്മുടെ യോജിപ്പിന്റെയും വിയോജിപ്പിന്റെയും, വ്യത്യസ്ത ചിന്താധാരകൾ പ്രകടിപ്പിക്കും, അത് ചർച്ചകൾക്ക് വിധേയമാകും.
രാജ്യ സ്നേഹം ഇന്ന് നമ്മിലെ വേദനയും നാളെയുടെ ആശങ്കയും പങ്കുവെയ്ക്കും. ഇങ്ങനെയൊക്കെയാകുന്പോൾ ദേശ സ്നേഹികൾക്ക് നാടിനായി നൽകാൻ ധൈര്യവും സഹിഷ്ണുതയും ഐക്യവും ഉയർന്നു വരും. അതുകൊണ്ടാണ് ചെന്നൈയുടെ പ്രളയത്തിൽ തേങ്ങിയവർ, ഭക്ഷണത്തിന്റെ പേരിൽ മനുഷ്യനെ കൊല്ലുന്നതിനെ എതിർക്കുന്നത്. സിയാച്ചിനിൽ മഞ്ഞു മലകളിൽപ്പെട്ട് തണുത്തുറഞ്ഞ ശരീരങ്ങളുടെ മുന്നിൽ സല്യുട്ട് ചെയ്തവർക്ക് തന്നെയാണ് ഘോരമായ തണുപ്പിൽ ഇനിയും പ്രാണന് പിടയാൻ അനുവദിക്കണമോ എന്ന ചിന്ത ചർച്ച ചെയ്യപ്പെടാൻ അർഹത. കൽബുർഗി, ധബോൽക്കർ, പൻസാര തുടങ്ങിയവർ വധിക്കപ്പെട്ടപ്പോഴും ജാതി വെറിയുടെ പേരിൽ സർവ്വകലാശാല വിദ്യാർത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോഴും ഏറ്റവുമൊടുവിൽ സോണി സോറിക്ക് നേരെയുണ്ടായ ആക്രമണവും ചെന്നെത്തുന്നത് രാജ്യം ഭരിക്കുന്ന ഭരണകൂടത്തിനെതിരായ എതിർപ്പിന്റെ ശബ്ദത്തിലായിരിക്കും.
രാജ്യത്തെ ജാതി വിവേചനം, ആദിവാസികളുടെ ദുരിതങ്ങൾ, പട്ടിണി മരണങ്ങൾ, കർഷക ആത്മഹത്യകൾ തുടങ്ങി ഇന്ന് ലോക രാജ്യങ്ങൾ ചർച്ച ചെയ്യുന്ന വധശിക്ഷ വരെ ഇനിയുള്ള കാലം രാജ്യത്തെ മുന്നോട്ടു നയിക്കേണ്ട യുവ തലമുറ ചർച്ച ചെയ്യും. എങ്കിൽ മാത്രമേ യഥാർത്ഥ രാജ്യ സ്നേഹവും ദേശീയതയും ഉണ്ടാകൂ. രാജ്യത്ത് എണ്ണം പറഞ്ഞ സർവ്വകലാശാകളിൽ ഒന്നാണ് ഡൽഹിയിലെ ജെ.എൻ.യു. രാജ്യത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന ഇന്നലകളിലെയും ഇന്നിന്റെയും പല പ്രമുഖരും ഈ സർവ്വകലാശാലയിൽ നിന്നും പഠിച്ചിറങ്ങിയവരാണ്. നാളെയുടെ പ്രതീക്ഷയും അവിടെയുണ്ട്. ഇപ്പോൾ ഉണ്ടായ നിർഭാഗ്യകരവും എന്നാൽ ആശാസ്യമല്ലാത്തതുമായ സംഭവങ്ങൾ എത്രയും പെട്ടന്ന് അവസാനിച്ചു എല്ലാ പൗരന്മാർക്കും പ്രത്യേകിച്ച് യുണിയൻ പ്രസിഡണ്ട് കനയ്യകുമാറിനും കൂട്ടർക്കും ഒരു പോലെ നീതി ലഭിക്കാനും, ഏതെങ്കിലും തരത്തിൽ വിധ്വംസക പ്രവർത്തനങ്ങൾ ഉണ്ടെകിൽ അത് മുളയിലെ നുള്ളാനും സർവ്വകലാശാല അധികൃതരും ഭരണകുടവും ജുഡീഷ്യറിയും ഒരുമിച്ചു മുന്നോട്ടു വരണം, കൂടെ നിക്ഷ്പക്ഷതയുടെ ചാലക ശക്തിയായി മാധ്യമങ്ങൾ വർത്തിക്കുകയും വേണം. പ്രത്യാശകളും പ്രതീക്ഷകളും മരിക്കാത്ത ഒരു ഇന്ത്യയെ അവർ നിലനിർത്തട്ടെ!