‘ബജറ്റ്’ പ്രഹസന പ്രസംഗങ്ങളോ?

അങ്ങനെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനത്തെ ബജറ്റും അവതരിപ്പിച്ച് കഴിഞ്ഞു. തികച്ച് മൂന്ന് മാസം പോലും ആയുസ്സില്ലാത്ത നിലവിലെ യു.ഡി.എഫ് സർക്കാർ നടത്തിയ ബജറ്റ് തിരഞ്ഞെടുപ്പ് കാലത്തെ തെരുവ് പ്രസംഗമെന്ന് പ്രതിപക്ഷം വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. അല്ലെങ്കിൽ തന്നെ എന്തിനാണ് ഇത്ര സന്പൂർണ്ണമായ ഒരു ബജറ്റ്?. പ്രഖ്യാപിക്കുന്ന പദ്ധതികളും നീക്കി വെയ്ക്കുന്ന കോടികളും എവിടെ നിന്ന് കൊണ്ട് വരുമെന്നോ, അത് കൃത്യമായി ചിലവാക്കുമെന്നോ യാതൊരു ഉറപ്പും നൽകാൻ നിലവിലെ സർക്കാരിന് കഴിയില്ല. മൂന്നു മാസത്തിനുള്ളിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ആര് അധികാരത്തിൽ വരുമെന്ന് പറയാൻ സാധിക്കില്ല. ആര് വന്നാലും കീഴ്്വഴക്കമനുസരിച്ചു പുതിയ ബജറ്റ് അവതരിപ്പിക്കും, അപ്പോൾ ഈ ബജറ്റിനു പകരം ഒരു വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിച്ചാൽ പോരായിരുന്നോ?
റവന്യൂ വരവ് 84092.61 കോടി രൂപയും റവന്യൂ ചിലവ് 93990.06 കോടി രൂപയും റവന്യൂ കമ്മി 9897.45 കോടി രൂപയും ആയി പ്രഖ്യാപിച്ചതാണ് ഒറ്റ നോട്ടത്തിൽ ഈ ബജറ്റ്. ഓരോ വർഷം കഴിയുന്തോറും റവന്യു കമ്മി കൂടുകയാണ്. കഴിഞ്ഞകാല അനുഭവത്തിൽ നിന്നും ഇപ്പോഴത്തെ ഈ റവന്യു കമ്മി കൂടാനാണ് സാധ്യത. വരുമാനം വർദ്ധിപ്പിച്ചു കാണിച്ചു ബജറ്റ് തുക കൂട്ടി റവന്യു കമ്മി കുറയ്ക്കുന്ന തന്ത്രമാണ് ഉമ്മൻ ചാണ്ടി നടത്തിയിരിക്കുന്നത്. അത് തിരിച്ചറിയുന്നത് അടുത്ത ബജറ്റ് വരുന്പോഴാണ്. അപ്പോൾ താൻ തന്നെയാണോ ബജറ്റ് അവതരിപ്പിക്കുക എന്ന ഒരു ഉറപ്പും ഉമ്മൻ ചാണ്ടിക്കുണ്ടാവില്ല. സർക്കാരിന്റെ നിത്യ ചിലവുകൾക്ക് നികുതി−, നികുതിയേതര വരുമാനം തികയാതെ വരുന്പോഴാണ് ബജറ്റ് റവന്യു കമ്മിയിലാകുന്നത്. നികുതി വരുമാനം കാര്യക്ഷമമാക്കാതെ ധന കമ്മി കുറയ്ക്കാൻ പദ്ധതി വിഹിതങ്ങൾ വെട്ടി ചുരുക്കേണ്ട അവസ്ഥ വന്നു ചേരും. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഊർജ്ജസ്വലമായി നികുതിപ്പിരിവ് നടത്തിയിരുന്നു.
അതിന്റെ ഫലമായി പ്രതിവർഷം 17.5 ശതമാനമായിരുന്നു നികുതി പിരിവ്. അപ്പോൾ റവന്യൂ കമ്മി ആഭ്യന്തര വരുമാനത്തിന്റെ ഒന്നര ശതമാനത്തിൽ താഴെ എത്തിക്കാൻ സാധിച്ചു. എന്നാൽ അച്ചടക്കമില്ലാത്ത ചിലവും കൃത്യതയില്ലാത്ത വരുമാനമില്ലായ്മയും മൂലം റവന്യു കമ്മി ശതമാനം വീണ്ടും ഉയർന്നു. പ്രഖ്യാപനങ്ങൾ ഗീർവ്വാണം പോലെ പറയുമെങ്കിലും നടപ്പിൽ വരുത്താൻ സർക്കാരുകൾക്ക് ഇശ്ചാശക്തി വേണം.
ഇനി പദ്ധതികൾ ബജറ്റ് പ്രസംഗങ്ങളിൽ ധാരാളം നാം കേൾക്കാറുണ്ട്. എന്നാൽ കൃത്യമായും ഒരു ബജറ്റ് അവതരണത്തിന് മുന്പ് കഴിഞ്ഞകാല ബജറ്റിനെക്കുറിച്ച് എത്രത്തോളം വിലയിരുത്തലുകൾ നാം നടത്തിയിട്ടുണ്ട്, ഇല്ല എന്ന് തന്നെപ്പറയാം. മാണിയുടെ ലഡ്ഡു വിതരണം നടത്തിയ ബജറ്റിൽ ഏകദേശം 1900 കോടിയുടെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. ഇതിൽ പേരിനെങ്കിലും ഒരെണ്ണം നടപ്പിൽ വന്നോ? ആരെങ്കിലും അത് അന്വേഷിച്ചോ? പുതിയതല്ലാത്ത പഴയ പദ്ധതികൾ ഏതെങ്കിലും തീർക്കാൻ സാധിച്ചോ? ധനകാര്യ വർഷത്തിൽ ചിലവഴിക്കേണ്ട തുകകൾ കൃത്യമായി ചിലവഴിക്കുന്നില്ല എന്ന് കണക്കു പരിശോധിച്ചാൽ കാണാൻ കഴിയും. ഉദാഹരണത്തിന് കഴിഞ്ഞ വർഷം ഏകദേശം 27000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാകേണ്ടത്, എന്നാൽ ഇത് വരെ വെറും 1000 കോടിക്ക് താഴെ മാത്രമാണ് ചിലവാക്കിയിരിക്കുന്നത്. നോർക്ക വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി 28 കോടി രൂപ ഇപ്രാവശ്യവും മാറ്റി വെച്ചിട്ടുണ്ട്. ഒരു പ്രവാസി എന്ന നിലക്ക് പ്രവാസികൾക്ക് ഗുണമുണ്ടാകുന്ന എന്ത് പദ്ധതിയാണ് നടപ്പിൽ വരുത്താൻ പോകുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. ഈ വകുപ്പ് ഇപ്പോൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് കഴിഞ്ഞ വർഷത്തിൽ ഏറ്റവും കുറച്ചു പദ്ധതിവിഹിതം ചിലവാക്കിയ മന്ത്രി. അപ്പോൾ പിന്നെ കാര്യങ്ങൾ കൂടുതൽ വിശദീകരിക്കേണ്ടല്ലോ? ഇങ്ങനെ വെറും വഴിപാടായി മാറുന്നതാണ് നമ്മുടെ ബജറ്റ് പ്രസംഗങ്ങൾ. കഴിഞ്ഞ ഡൽഹി സർക്കാരിന്റെ ഒരു വർഷത്തെ ബജറ്റും ശേഷമുള്ള പ്രവർത്തനങ്ങളും സർക്കാർ വെബ്സൈറ്റിൽ നോക്കിയപ്പോൾ ആശ്ചര്യം തോന്നി, കൂടെ അസൂയയും. നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ പറയുക, പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുക. ഇതായിരിക്കണം ഭരണാധികാരികൾ പാലിക്കേണ്ടത്.
പൊതുജന ചിലവിൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടത്തിയ ഉമ്മൻ ചാണ്ടി സർക്കാരിനെ അഭിനന്ദിക്കുന്നു. ബജറ്റെന്നപ്പേരിൽ പേപ്പറുകൾ കീറിയെറിഞ്ഞു സഭക്ക് പുറത്തുപോയ പ്രതിപക്ഷത്തെയും അഭിനന്ദിക്കുന്നു, എല്ലാം കണ്ടും കേട്ടും സഹിച്ചിരിക്കുന്ന പൊതു ജനം വീണ്ടും കഴുതകളയായിതീരുന്നു.