‘ജനന’ത്തെ പഴിക്കേണ്ട അവസ്ഥ !!!


‘പൊങ്ങാത്ത നാവും ഉയരാത്ത കൈകളും 

അടിമത്ത്വത്തിന് സമമാണ് − ചെഗുവേര’ 

ദിനവും കേൾക്കുന്ന ദുരന്ത വാർത്തകളുടെ ഗണത്തിൽപ്പെടുത്തി തള്ളിക്കളയാൻ കഴിയുന്ന ഒന്നല്ല ഹൈദരാബാദ് സർവ്വകലാശാലയിലെ ‘ദളിത്’ വിദ്യാർത്ഥി നേതാവായിരുന്ന രോഹിത് വെമുല−യുടെ ആത്മഹത്യ. പുരോഗമനത്തിന്റെ പാതയിൽ രാജ്യവും ലോകവും സഞ്ചരിക്കുന്നു എന്ന് ‘സ്റ്റാർട്ട് അപ്’ പദ്ധതിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച തൊട്ടുപിന്നാലെ ഒരു ഗവേഷണ വിദ്യാർത്ഥിയുടെ ആത്മഹത്യ എന്നത് തികച്ചും ആശങ്കയുളവാക്കുന്നു. ആത്മ
ഹത്യക്ക് മുന്പ് രോഹിത് എഴുതിയത് വെറുമൊരു ആത്മഹത്യ കുറുപ്പല്ല മറിച്ചു സവർണ്ണ−അധികാര രാഷ്ട്രീയത്തിന്റെ മുഖത്തേയ്ക്കുള്ള തേച്ചുമിനുക്കിയ ദൃഢതയാർന്ന ചോദ്യങ്ങളായിരുന്നു അത്. യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ടു പ്രതികൂല സ്വരമുയർത്തിയെന്നതായിരുന്നു ആദ്യത്തെ കുറ്റം, രോഹിത് ഉൾപ്പെടെ 5 വിദ്യാർത്ഥികളെ ക്യാന്പസ്സിൽ നിന്നും പുറത്താക്കിയിരുന്നു, കടുത്ത പ്രധിഷേധത്തെതുടർന്ന് ഇവരെ തിരിച്ചെടുത്തെങ്കിലും ‘മുസാഫർ’ കലാപവുമായി ബന്ധപ്പെട്ടു പുറത്തിറങ്ങിയ ഡോക്യുമെന്ററി ബി.ജെ.പി., എ.ബി.വി.പി സംഘടനകളുടെ എതിർപ്പിനെ വകവെക്കാതെ രോഹിതും കൂട്ടരും സർവ്വകലാശാലയിൽ പ്രദർശിപ്പിച്ചത് ഇക്കൂട്ടരെ അലോസരപ്പെടുത്തുകയും ബി.ജെ.പി എം.പിയും വി.സിയും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ടു വീണ്ടും പുറത്താകുകയായിരുന്നു. എ.എസ്.എയുടെ സജീവ പ്രവർത്തകനായിരുന്ന രോഹിത് ഒടുവിൽ സംഘടനയുടെ കൊടിയിൽ തന്നെ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇത് വെറുമൊരു ആത്മഹത്യയല്ല മറിച്ചു സവർണ്ണ−ഭരണ മേധാവിത്വത്തിന്റെ ദയയില്ലാത്ത കൊലപാതകമായിരുന്നു. ജാതിവെറിയുടെ രക്തസാക്ഷിയാണ് രോഹിത്. ‘ജാതി ഉന്മൂലനം’ എന്ന ലേഖനത്തിൽ അരുന്ധതി റോയി പറഞ്ഞത് പോലെ, ‘ദളിത് വിപ്ലവം ഇതുവരെ സംഭവിച്ചില്ല. നമ്മളതിപ്പോഴും കാത്തിരിക്കുന്നു. ആ വിപ്ലവത്തിന്റെയത്രയും മഹത്വമുള്ള ഒന്ന് ഇന്ത്യയിൽ ഉണ്ടാവാനിടയില്ല.’ മതത്തിന്റെ തീവ്രതയെക്കാളും ജാതി വിവേചനം ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു എന്നത് പരിതാപകരമാണ്. അധികാരത്തിന് വേണ്ടി മത സ്പർദ്ധയുണ്ടാക്കുകയും അധികാരത്തിൽ വന്നു കഴിഞ്ഞാൽ അവർണ്ണ−ദളിത് പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ നാലാം കിട പൗരന്മാരായി താഴ്തപ്പെടുകയും ചെയ്യപ്പെടുന്ന ഒരു കാലം ഇന്ത്യയിൽ ഇപ്പോൾ രൂപാന്തരപ്പെട്ട് വരുന്നു. സവർണ്ണ ഫാസിസം അവർക്ക് നേരെ വരുന്ന പ്രധിഷേധങ്ങളെപ്പോലും അഹങ്കാരമായി കൊണ്ട് നടക്കുകയാണ്. സംഗീതത്തിന് വരെ അതിർവരന്പുകൾ തീർക്കുന്ന കാഴ്ചകൾ കണ്മുന്നിൽ നിന്നും മായുംമുന്പാണ് രോഹിത്തിന്റെ ആത്മഹത്യ. ഇതുപോലെയുള്ള മറ്റൊരു സംഭവമായിരുന്നു മദ്രാസ് കോളേജിലെ അംബേദ്കർ സ്റ്റുഡന്റ്സ് സർക്കിളിനെ നിരോധിച്ചു കൊണ്ടുള്ള നടപടി. ഇഫ്ലു ക്യാന്പസ്സിലും സമാന പ്രശ്നങ്ങൾ നിലനിൽക്കുന്നു. അവർണ്ണ ജനത സംഘടിക്കുന്നതിനെ സവർണ്ണ ഫാസിസ്റ്റ് ഭരണവർഗ്ഗം എത്രമാത്രം പേടിക്കുന്നു എന്നതിന്റെ കൂടി തെളിവാണ് ഈ സംഭവങ്ങൾ. വിഷയപരമായി നേരിടാൻ സാധിക്കില്ല എന്നതു മാത്രമല്ല എച്ചിലുകൾ മാത്രം നൽകി കൂടെ കൂട്ടാൻ കഴിയില്ല എന്ന അസഹിഷ്ണുതയിൽ നിന്നാണ് അടിച്ചമർത്തലിലേയ്ക്ക് ഫാസിസ്റ്റുകൾ തിരിയുന്നത്. ഇങ്ങനെ സമൂഹത്തിലെ അവർണ്ണരെ അടിച്ചമർത്താൻ എത്രമാത്രം ശ്രമം നടക്കുന്നുവോ, അത്രമാത്രം മാർച്ചും, പഠിപ്പു മുടക്കും, അഹിംസയും, ധർണ്ണയിലും നിന്നുമൊക്കെ മാറി പ്രധിരോധത്തിന്റെ ഭാഷയിലേയ്ക്ക് ദളിത്−പിന്നോക്ക വിഭാഗങ്ങൾ വരാൻ നിർബന്ധിതരാകും. അത് ഒരുപക്ഷെ രാജ്യം കാണാൻ പോകുന്ന പുതിയൊരു വിപ്ലവമായിരിക്കും. നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പന്സാരെ, കൽബർഗി, മുഹമ്മദ് അഖ്ലാഖ്, എന്നിവരുടെ പട്ടികയിലേയ്ക്ക് രോഹിത് വെമുലയും. ഈ നിര ഇവിടെ തീരുമെന്ന് തോന്നുന്നില്ല. അസഹിഷ്ണുത അതിന്റെ യാത്ര തുടരുകയാണ്. ലക്ഷ്യമില്ലാത്ത യാത്രകൾക്ക് ഒടുക്കം തീരാ ദുരന്തമായിരിക്കും. 

ശുദ്ധം എന്ന് നാം പറയുന്ന ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗവേഷണ തലങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലകളിലും ദളിതുകൾക്കും പിന്നോക്കക്കാർക്കും അവഗണന തന്നെയാണ് എന്ന് കഴിഞ്ഞ കാല സംഭവങ്ങൾ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ബഹുസ്വരതയെ സംരക്ഷിക്കാൻ ഭരണകുടങ്ങൾ തയ്യാറാകണം. രാജ്യം സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടായിട്ടും ദളിത്− പിന്നോക്ക സമൂഹം ഇന്നും ഇത്തരത്തിൽ അവഗണിക്കപ്പെടുന്നു എന്നത് ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. ഭരണഘടന അനുവദിച്ച സാമുദായിക സംവരണം അട്ടിമറിക്കാൻ നടക്കുന്ന ശ്രമങ്ങൾ വിജയിക്കാതെ വരുന്നതിന്റെ മാനസിക നിലയിൽ നിന്നുമായിരിക്കാം ഒരു പക്ഷെ ഇത് പോലെയുള്ള അടിച്ചമർത്തലുകൾ ഉണ്ടാകുന്നത്. നായാടി മുതൽ നന്പൂതിരി വരെയുള്ളവരുടെ വിശാല ഹിന്ദു ഐക്യം സാധിക്കാൻ ഇറങ്ങി തിരിച്ചവർ ഇത് കാണുന്നുണ്ടോ? രോഹിത്തിന് സംഭവിച്ചതിന് സമാനമായ സംഭവങ്ങൾ രാജ്യത്തെ ആയിരക്കണക്കിന് ദളിത് വിദ്യാർത്ഥികൾ ദിനവും അനുഭവിക്കുന്ന ഒന്നാണ്. ഇതിനെതിരെ ശക്തമായി പ്രധിരോധം തീർക്കേണ്ടത് മനുഷ്യ−മനസ്സുകളാണ്. പുരോഗമന −ഇടത് പ്രസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ നേതൃപരമായ വലിയ പങ്കുവഹിക്കാൻ കഴിയുമെന്നതിൽ സംശയമില്ല. 

ക്ഷമിക്കണം രോഹിത്ത്, ഞങ്ങളാണ് താങ്കളെ പോലുള്ളവരുടെ മരണത്തിന് കാരണക്കാർ. അടിമകളെ പോലെ ജീവിക്കുന്ന പ്രതികരണ ശേഷി ഇല്ലാത്ത ഞാനുൾപ്പെടുന്ന സമൂഹമാണ് ഇതിനൊക്കെ കാരണം.

You might also like

Most Viewed