പ്രത്യയശാസ്ത്രവും പഠന കോൺഗ്രസ്സും


എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സിന്റെ നാലാമത് എഡിഷൻ തിരുവനന്തപുരത്ത് അവസാനിച്ചതിന്റെ ചർച്ചകളിലാണ് കേരളത്തിലെ മാധ്യമങ്ങളും പൊതുസമൂഹവും. രാജ്യത്തിന്റെ വികസനത്തിനും, അടിസ്ഥാന പ്രശ്നങ്ങൾക്കും സന്പൂർണ്ണ പരിഹാരമാകില്ലെങ്കിൽ കൂടി ആ വക കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരു വേദിയുണ്ടാവുക തന്നെ പ്രശംസനീയമാണ്. ഇതുപോലെയൊരു സംഘടിത ചർച്ചയും ചിന്തകളും ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ഉയർന്നുവരുന്നത് കൂടുതലും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നോ, ഇടതു ചിന്താഗതിക്കാരിൽ നിന്നോ മാത്രമാണ്. ഇതിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നത് കഴിഞ്ഞ വർഷം  ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി നടത്തിയ ‘ഡൽഹി ഡയലോഗ്’ ആണ്. ഓരോ വിഷയത്തെയും വേർതിരിച്ചു വികസന അജണ്ടയും, സാധാരണ ജനത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങളും ചർച്ചയാക്കുകയും എല്ലാത്തിനും പരിഹാരം നിർദ്ദേശിച്ചുമാണ് ‘ഡൽഹി ഡയലോഗ്’ പൂർത്തിയാക്കി, തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്. വിഷയങ്ങളും അവയ്ക്ക് ബദലായി മുന്നോട്ടുവെച്ച ആശയങ്ങളിലും പൊതുസമൂഹത്തിനുള്ള ആശങ്ക അധികാരത്തിൽ വന്നതിന് ശേഷമുള്ള അവരുടെ പ്രവർത്തന മികവിൽ നിന്ന് ഒരു പരിധിവരെ ഇല്ലാതായിട്ടുണ്ട്. ഇവിടെയാണ് സി.പി.എം നേതൃത്തത്തിൽ നടത്തിയ പഠന കോൺഗ്രസ്സ് കേരള ജനതയുടെ ചർച്ചകളിൽ ഇടം പിടിക്കുന്നത്. മുന്നോട്ടു വെച്ച ആശയങ്ങളും ബദൽ സംവിധാനങ്ങളും എത്രമാത്രം ഫലപ്രദമായി നടപ്പിൽവരുത്താൻ കഴിയുമെന്നതിനെയാശ്രയിച്ചിരിക്കും പഠന കോൺഗ്രസിന്റെ അന്തിമ ഫലം.

എന്നാൽ തൊഴിലാളി വർഗ്ഗാശയത്തിൽ നിന്നും മാർക്സിയൻ ചിന്താഗതിയിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു നാലാം എഡിഷൻ ‘പഠന കോൺഗ്രസ്’. രാജ്യത്തെ അടിസ്ഥാന −ദളിത്− പിന്നോക്ക വർഗ്ഗം നേരിടുന്ന പ്രധാന പ്രശ്നങ്ങളൊന്നും തന്നെ പഠന കോൺഗ്രസ് ചർച്ച ചെയ്ത് കണ്ടില്ല, മറിച്ച് ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന മത ചിന്താഗതികളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുള്ള അഭിനിവേശം കൂടുതൽ ആവേശത്തോടെ ചർച്ചയായി. പഠന കോൺഗ്രസിന്റെ കൂടുതൽ സമയവും മതേതരത്വം, വർഗ്ഗീയത തുടങ്ങിയ വിഷയങ്ങളായിരുന്നു കയ്യടക്കിയത്. അത് ഒരുപക്ഷെ  രാജ്യം എത്തപ്പെട്ടിരിക്കുന്ന സവിശേഷ സാഹചര്യത്തിലും പ്രത്യേകിച്ച് കേരളത്തിലെ ബി.ജെ.പിയുടെ വളർച്ചയേയും മുൻനിർത്തിയായിരിക്കാം, ഒരു പരിധിവരെ അത് സ്വാഗതാർഹവുമാണ്. 

ഭാവി മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാൻ തുടങ്ങിയിരിക്കുന്ന പിണറായിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു വികസന നയമാണ് കേട്ടത്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തുടർന്ന് വന്ന സാന്പത്തിക−വികസന നയങ്ങളിൽ നിന്നുമുള്ള വ്യതിചലനം നേരിട്ട് മനസ്സിലാക്കാൻ കഴിയുന്ന ഒന്ന്. അതിവേഗ പാത, വിദേശ−സ്വദേശ നിക്ഷേപം, അടിസ്ഥാന വികസനം തുടങ്ങിയ വിഷയങ്ങളിൽ വലതുപക്ഷ ചിന്തയിലേയ്ക്ക് ഇടതുപക്ഷം മെല്ല നടന്നടുക്കുന്നു എന്ന എതിരാളികളുടെ പ്രചരണം തടഞ്ഞു നിർത്താൻ ഡോ. തോമസ് ഐസക്കിനെ പോലെയുള്ളവരുടെ വിശദീകരണക്കുറുപ്പ് ആവശ്യമായി വരുന്നു. പരന്പരാഗത വ്യവസായങ്ങളുടെ ശക്തിയില്ലാതാകുന്നു എന്ന് ഐസക് സമ്മതിച്ചു കൊണ്ട് ഐ.ടി േയയും വിനോദ സഞ്ചാരത്തേയും അടിസ്ഥാനമാക്കി നവവ്യവസായ നയം രൂപീകരിക്കണമെന്ന് പറയുന്നു. ‘ബൂർഷ്വാ’ എന്ന വാക്ക് കമ്മ്യൂണിസ്റ്റ് നിഘണ്ടുവിൽ നിന്നും നീക്കം ചെയ്ത് പരസ്യമായി വിദേശ നിക്ഷേപം എന്ന് പറയാതെ ‘സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ’ എന്ന് പേരിട്ട് നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇങ്ങനെയുള്ള വികസന സ്വപ്നങ്ങൾ രാജ്യത്ത് നല്ലത് തന്നെ, എന്നാൽ കേരളത്തിൽ ഇന്നും മൂന്ന് സെന്റ് ഭൂമി പോലുമില്ലാത്ത പിന്നോക്ക− ദളിത് ജനവിഭാഗത്തെ ഒരു ചർച്ചയിലും കണ്ടില്ല. മൂന്ന് സെന്റ് മണ്ണിന്റെയെങ്കിലും നേരവകാശികളായിത്തീരണമെന്ന ആവേശത്തോടെ 3,59,038 പേർ ‘ഭൂരഹിത കേരളം’ പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരുന്നു. കീറി മുറിച്ചുള്ള പരിശോധനയുടെ കടന്പകൾ കടന്ന് 2,43,928 പേർ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിട്ടും ഭൂമി മാത്രം നൽകാൻ കേരളത്തിൽ ഭൂമിയില്ല എന്ന സർക്കാർ ന്യായം. 80,000 ഏക്കർ വനഭൂമിയും തോട്ടഭൂമിയും  പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഏറ്റെടുക്കാതെ സ്വകാര്യവ്യക്തികളും സർക്കാർ കോർപ്പറേഷനുകളും  കൈവശംവെച്ചനുഭവിക്കുന്നത്. അതുപോലെ തന്നെ പാവങ്ങൾക്ക് നൽകാൻ ഭൂമിയില്ലാതാകുന്പോഴും സമുദായസംഘടനകൾക്കും ഇഷ്ടക്കാർക്കും ആവശ്യംപോലെ ഏക്കർ പതിച്ചുനൽകുന്നത് കഴിഞ്ഞ നാളുകളിൽ പുറത്തു വന്ന സത്യമാണ്. ഇതുപോലെ സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നം, പാർപ്പിട പ്രശനം, തൊഴിൽ സമരങ്ങൾ, അടഞ്ഞുകിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ, ആദിവാസി സമൂഹത്തിന്റെ ആരോഗ്യ−അടിസ്ഥാന പ്രശ്നങ്ങൾ, തുടങ്ങിയവയിൽ നിന്നുമുള്ള വ്യതിചലനം കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്നുമുള്ള വ്യതിചലനമായി കാണേണ്ടിവരും. എന്നിരുന്നാലും വർദ്ധിച്ചുവരുന്ന വർഗ്ഗീയതക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ മത വിശ്വാസികളെയും പുരോഗമന ചിന്താഗതിക്കാരെയും യുക്തിവാതികളെയും ഉൾപ്പെടുത്തിയുള്ള പ്രതിരോധം തികച്ചും അവശ്യം തന്നെ.

You might also like

Most Viewed