കേരളത്തിൽ ഇനി ‘യാത്ര’കളുടെ കാലം...


മറ്റൊരു തിരഞ്ഞെടുപ്പിന്റെ കാഹളം മുഴക്കിക്കൊണ്ട് കേരള നേതാക്കളുടെ ‘യാത്ര’കൾ തുടങ്ങുകയായി. ഭരണ−പ്രതിപക്ഷ പാർട്ടിവ്യത്യാസമില്ലാതെ വർണ്ണത്തോരണങ്ങളും രഥവുമൊക്കെയായി യാത്രക്കൊരുങ്ങിക്കഴിഞ്ഞു. കേരള യാത്രയെന്നും, ജനരക്ഷാ യാത്രയെന്നും, ജനകീയ യാത്രയെന്നുമൊക്കെ ഓമനപ്പേരിട്ടിരിക്കുന്ന യാത്രകൾ തുടങ്ങുന്നത് കാസർഗോഡ് നിന്നും ഒടുങ്ങുന്നത് തിരുവനന്തപുരത്തുമാണ്. യാത്രകൾക്ക് പലവിധ ഉദ്ദേശമാണ്. കേരളത്തിലെ ജനങ്ങളെ നിലവിലെ ഭരണത്തിൽ നിന്നും രക്ഷിക്കാൻ ഒരു കൂട്ടർ, കേരളത്തിലെ ഭരണം മികച്ചതും എന്നാൽ ഡൽഹിയിലാണ് കുഴപ്പം അതിൽ നിന്നും കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ വേണ്ടി ഭരണവർഗ്ഗ പാർട്ടി. കേന്ദ്രം നമ്മുടെ ‘ജി’ ഭരിച്ചു തകർക്കുന്നു, ഇവിടെ രണ്ടു കൂട്ടരും ജനത്തെ കഷ്ടപ്പെടുത്തുന്നതിനാൽ ഈ കൂട്ടരിൽ നിന്നും ജനത്തെ രക്ഷിക്കാൻ പുതിയതായി നിയമിതനായ കുമ്മനംജി യാത്ര തുടങ്ങാൻ പോകുന്നു. ഒരു ജില്ലയിൽ മാത്രമൊതുങ്ങുന്ന ഭരണ വർഗ്ഗ കക്ഷിയിലെ മുഖ്യ പാർട്ടി എന്തിനാണ് കാസർഗോട് നിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. പ്രധാനമായും രണ്ട് തൊഴിലാളി വർഗ്ഗ പാർട്ടികൾ ഉള്ള സ്ഥിതിക്ക് രണ്ട് തരം തൊഴിലാളികളും കാണും അവരും വരുന്നു ‘കാന’ത്തിന്റെ നേതൃത്തത്തിൽ. ഇനി പാലാ മാണിക്യവും, ചവറ പാർട്ടിയും, പിറവം പാർട്ടിയും, വീരൻ പാർട്ടിയും ഉഴവൂർ പാർട്ടിയും കൂടിയാകുന്പോൾ കേരളത്തിലെ മുഖ്യ ആഘോഷ മാസം ‘ജനുവരി മുതൽ ഫെബ്രുവരി’യാക്കാം. പ്രത്യേകിച്ച് ദോഷമൊന്നുമില്ലാത്ത യാത്രകളെ നമുക്ക് ഓരോ ആഘോഷമാക്കി മാറ്റാം. കാരണം കഴിഞ്ഞകാല യാത്രകൾ കൊണ്ട് കേരളത്തിൽ വടക്കേ ഇന്ത്യ പോലെ ചോരപ്പുഴയൊന്നും ഒഴികിയിട്ടില്ല എന്ന് മാത്രമല്ല ചെറു സംഘർഷം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കേരളത്തിൽ ഈയടുത്ത് കഴിഞ്ഞുപോയ വെള്ളാപള്ളിയുടെ യാത്ര അൽപ്പം സംഘർഷഭരിതമായിരുന്നു, അതുകൊണ്ട് തന്നെ അധികമായാൽ അമൃതും വിഷമെന്നപോലെ വരുംകാല യാത്രകൾ അൽപ്പം ആശങ്കയോടെ കാണേണ്ടിവരും. എന്നാലും യാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെ സാധാരണ ജനത്തിന്റെ ചായ പീടികയ്ക്കും, മുറുക്കാൻ കടയ്ക്കും, നാരങ്ങാവെള്ളകച്ചവടത്തിനും കുറച്ചു കച്ചവടം കിട്ടുമെന്നതും, യാത്രയ്ക്കാവശ്യമായ വാഹനങ്ങൾക്കും അനുബന്ധ സാമഗ്രികൾക്കും വ്യാപാരം നടക്കുന്നു എന്നതുതും പരിഗണിച്ചു യാത്രകൾ നിരോധിക്കേണ്ട. 

 ഇത്തരത്തിലെ നേട്ടങ്ങൾ മാറ്റി നിർത്തിയാൽ ജനങ്ങൾക്ക് പ്രത്യേകിച്ച് രക്ഷയും സുഖവും താൽപര്യവും ഈ യാത്രകൾ കൊണ്ട് ലഭിക്കുമെന്ന് തോന്നുന്നില്ല. കേരളത്തിലെ തിരഞ്ഞെടുപ്പുമായി കേന്ദ്രഭരണം എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നറിയാൻ സുധീരചരിതം വായിക്കണം. നിലവിൽ കോൺഗ്രസ് തന്നെ ഭരണം കയ്യാളുന്പോൾ എന്തുകൊണ്ടാണ് കേരള ജനത്തിന് രക്ഷയില്ലായെന്ന് അവരൊന്ന് വിശദീകരിച്ച് തന്നാൽ നന്ന്. തങ്ങളുടെ നയങ്ങൾ തന്നെ പിന്തുടരുകയും തങ്ങളുടെ പദ്ധതികൾ തന്നെ നടപ്പിലാക്കുകയും ചെയ്യുകയാണ് കേന്ദ്ര സർക്കാരെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്ന തലമുതിർന്ന കോൺഗ്രസ് നേതാക്കൾക്കും പാർട്ടിക്കും പിന്നെ കേന്ദ്രത്തിന്റെ ജനവിരുദ്ധഭരണമെന്നുള്ളത് അണികൾക്ക് ഈണത്തിൽ വിളിക്കാൻ സുഖമുള്ള മുദ്രാവാക്യം എന്നതിൽ കവിഞ്ഞൊരു പുതുമയുമില്ല. പാർട്ടി സെക്രട്ടറി യാത്ര നടത്തണം എന്നൊക്കെ താൻ സെക്രട്ടറിയായിരിക്കുന്പോൾ മാത്രം ബാധകമാകുന്ന നിയമങ്ങളാണ്. ഗൗരവക്കാരനും ജനകീയനുമല്ല എന്ന പേരുദോഷം മാറ്റാൻ വേണ്ടി ‘കേരള യാത്ര’യുമായാണ് അടുത്ത മുഖ്യമന്ത്രി കസേരയിലേയ്ക്ക് കണ്ണും നട്ടിരിക്കുന്ന പിണറായി വിജയനും കൂട്ടരും വരുന്നത്. ഇപ്പോൾ വിഴിഞ്ഞവും അദാനിയുമൊന്നും ഒരു പ്രശ്നമല്ല, ഒരു പരിതിവരെ വി.എസ്സും, കാരണം മുഖ്യമന്ത്രിയാകാൻ ഇതുപോലെയൊരവസരം ഇനിവരില്ല. ഞങ്ങളും ഇവിടെയൊക്കെയുണ്ട് എന്ന മട്ടിൽ ‘കാനവും’ ജനകീയ യാത്രയുമായി വരുന്നു. മേൽപ്പറഞ്ഞ മുദ്രാവാക്യങ്ങൾക്ക് പുറമേ പ്രത്യേകിച്ചൊന്നും പറയാനില്ല. ഭാരതീയ ജനതാ പാർട്ടി രണ്ടും കൽപ്പിച്ചാണ് കേരളത്തിൽ പടക്കിറങ്ങിയിരിക്കുന്നത്. അതുകൊണ്ടാണല്ലോ മെന്പർഷിപ്പ് പോലുമില്ലാത്ത കുമ്മനം രാജശേഖരനെ പ്രസിഡണ്ട് ആക്കിയത്, ഇപ്പോൾ പിന്നെ കുമ്മനവും ‘കുമ്മനം രാജശേഖരൻജി’ ആയി. മിഷൻ 72+ ആണ് അദ്ദേഹത്തിന്റെ ലക്ഷ്യം അല്ലാതെ ചാനൽ അവതാരകർ പറയുംപോലെ ‘അക്കൗണ്ട്’ തുറക്കലല്ല വലിയ കാര്യം. ഏതായാലും ഇനി മാണി സാറും വീരനും, ചവറ പാർട്ടിയും, പിറവം പാർട്ടിയും, ഉഴവൂർ വിജയനും എന്തിന് സാക്ഷാൽ പി.സി ജോർജ്ജ് വരെ യാത്രകളുമായി വരുന്നു, വരട്ടെ അങ്ങനെയെങ്കിലും കേരളത്തിലെ ജനം രക്ഷപ്പെടുമെങ്കിൽ ഭാവിയിൽ വരാൻ പോകുന്ന എല്ലാ യാത്രകളെയും ഇപ്പോഴേ സ്വാഗതം ചെയ്യാമായിരുന്നു...... 

You might also like

Most Viewed