പാക്കിസ്ഥാൻ യാത്ര സന്തോഷം പകരുന്നത്...
അയൽക്കാരന്റെ കൊച്ചുമകളുടെ വിവാഹ സൽക്കാരത്തിന് പോകാൻ മനസ്സ് കാണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിക്കുന്നു. പോകുന്നതിനു മുന്പ് ഒരു വലിയ കോലാഹലം സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്നതിലാണ് ഇന്ത്യയിലെ മാധ്യമങ്ങൾക്കും പ്രതിപക്ഷ പാർട്ടികൾക്കും നിരാശ. എന്നാൽ കുറച്ചു കൂടി ബൗദ്ധികമായി ഇടതുപക്ഷം ഇത്തവണ പ്രതികരിച്ചു കണ്ടു. സാമ്രാജ്യത്വ ശക്തികൾ അരങ്ങൊഴിഞ്ഞ രാജ്യങ്ങളിലെല്ലാം അയൽ ബന്ധങ്ങളുടെയോ, ജാതിയുടെതോ, ഭാഷയുടെതോ, വർഗ്ഗത്തിന്റെയോ അതിർവരന്പുകൾ സൃഷ്ടിക്കാറുണ്ട്. എപ്പോഴും ശത്രുതയുടെ കനലുകൾ വിതറി, ഭാവിയിലെ സാന്പത്തിക ചൂഷണത്തിന് വഴിതെളിക്കുക എന്നത് കോളനിവാഴ്ചയുടെ ചരിത്ര സത്യങ്ങളാണ്. ഇന്നും അത് നിർബാധം തുടർന്ന് കൊണ്ടിരിക്കുന്നു, അഫ്ഗാനും, ഇറാഖും നമ്മെ ഓർമ്മപ്പെടുത്തുന്നത് അതാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നയിച്ച നെഹ്റു മുതലുള്ള എല്ലാ ഭരണാധികാരികളും പല സമയങ്ങളിൽ വിവിധ രൂപങ്ങളിൽ നമ്മുടെ അയൽ ബന്ധങ്ങൾ സൗഹൃദമാക്കാൻ ശ്രമിച്ചു.
അതിന്റെ വഴിയെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ശ്രമിക്കുന്നു. എന്നാൽ മുന്പുള്ളവരിൽ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്യാൻ കഴിയും എന്നതിലാണ് മോഡിയുടെ വിജയപരാജയങ്ങൾ നിർണ്ണയിക്കുന്നത്. പരസ്പരം യോജിപ്പിന്റെ മേഖലയിൽ എത്തുന്ന ഘട്ടങ്ങളിൽ ഒക്കെ സംഘടിത തൽപര കക്ഷികളുടെ ഇടപെടലുകൾ ഉണ്ടാകും, അറിഞ്ഞോ അറിയാതയോ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഈ കക്ഷികളിൽപ്പെട്ടവരായിരുന്നു ഇന്ന് രാജ്യം ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയും അവരുടെ കൂട്ട് കക്ഷികളും. എന്നാൽ അവർക്കൊക്കെ താക്കീതിന്റെ സ്വരം നൽകാൻ മോഡിയുടെ പാകിസ്ഥാൻ സന്ദർശനം മൂലം സാധിച്ചു എന്നത് ശുഭോതർക്കമാണ്, അത് വൻകിട കോർപ്പറേറ്റു വ്യവസായികൾക്ക് വേണ്ടിയാണ് എന്നുള്ള പ്രചരണം നിലനിൽക്കുന്പോൾ തന്നെ. മോഡിയുടെ യാത്ര റഷ്യയിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്കും, അവിടെ ഇന്ത്യ പണിതു നൽകിയ പാർലമെന്റു മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു ശേഷം പാകിസ്ഥാനിലേക്കുമായിരുന്നു. ഇങ്ങനെ മറ്റൊരു യാത്രയുടെ വഴിമദ്ധ്യേയായിരുന്നു പാകിസ്ഥാൻ സന്ദർശനം. എന്നാൽ ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു നാം വിശേഷിപ്പിക്കുന്ന പാർലമെന്റു മന്ദിരത്തിന്റെ പുരവാസ്തുവിനെക്കാളും (പാലുകാച്ചൽ) സാമ്രാജ്യത്വ അടിമ മാധ്യമങ്ങൾക്കും സങ്കുചിത രാഷ്ട്രീയ ചിന്തകന്മാർക്കും ആശങ്കയുണ്ടാക്കിയത് അയൽക്കാരന്റെ കൊച്ചുമകളുടെ വിവാഹ സൽക്കാരത്തെ കുറിച്ചാണ്.
ഒരു മണിക്കൂർ നീണ്ടു നിന്ന സന്ദർശനം എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. മുടങ്ങിപ്പോയ സെക്രട്ടറിതല ചർച്ചകൾ തുടരാൻ അത് സഹായിക്കും. എന്നാൽ നമ്മുടെ മുൻകാല അനുഭവങ്ങളിൽ നിന്നും ആശങ്കയുമില്ലാതില്ല. കാർഗിൽ യുദ്ധവും, അതിർത്തി തീവ്രവാദി ആക്രമണങ്ങളും നമ്മെ ഭീതിപ്പെടുത്തുന്നവ തന്നെയാണ്. രാജ്യം കാക്കുന്ന സൈന്യത്തിനോ രാഷ്ട്രം നിയന്ത്രിക്കുന്ന ഭരണാധികാരികൾക്കോ ഇച്ഛാശക്തിയോടെ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ പോകുന്നത് പലപ്പോഴും രാഷ്ട്രാനന്തര കച്ചവട മുതലാളിമാരുടെ താൽപര്യങ്ങൾ മൂലമാണ്. വൻകിട വ്യവസായ ഭീമന്മാർ പലപ്പോഴും ഇരു രാജ്യങ്ങളിലെയും അസഹിഷ്ണുക്കളെ കൂട്ടുപിടിച്ച് നിഴൽ യുദ്ധങ്ങൾ നടത്താറുണ്ട്, ഒടുവിൽ ഇന്ത്യയിൽ തന്നെ നാം കണ്ടതാണ് സംഗീതജ്ഞൻ ഗുലാം അലിയുടെ പരിപാടി റദ്ദുചെയ്ത സംഭവം വരെ. ഇന്നിപ്പോൾ സാമ്രാജ്യത്വ ശക്തികൾക്കു മേൽ കടന്നു കയറ്റം നടത്തുന്ന ചൈനയുടെ പാത നമുക്ക് പാഠമാകണം.
സാന്പത്തികമായും രാഷ്ട്രീയമായും അവർ മുന്നേറി നമ്മുടെ അയൽ രാജ്യങ്ങളിൽ വരെ എത്തി, അവരുടെ സാന്പത്തിക ഭദ്രതയ്ക്ക് നേരിട്ട് നിക്ഷേപം നടത്താനും ചൈനയിലുള്ള വൻകിട നിക്ഷേപകരെ അവിടേക്ക് കൊണ്ടുവരാനും അവർ ശ്രമിക്കുന്നു. നമ്മുടെ വൻകിട കച്ചവടക്കാരും ലോകോത്തര മത്സരത്തിലേക്ക് കടക്കാൻ കെൽപ്പുള്ളവരായി മാറുകയും വരും നൂറ്റാണ്ട് മുന്നാം ലോക രാജ്യങ്ങളുടെ പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങളുടെതുകൂടി ആകുന്പോൾ അയൽപക്ക സൗഹൃദം അവശ്യം തന്നെ. അപ്പോൾ നാമും ഭരണവർഗ്ഗ ഭിന്നതകൾ (സാധാരണ ജനങ്ങൾക്കിടയിലല്ല) മറക്കാൻ ബാധ്യസ്ഥരാകും.
ബംഗ്ലാദേശ് കുടിയേറ്റവും, അതിർത്തിയിലെ നുഴഞ്ഞുകയറ്റവും, കശ്മീർ ദേശസ്നേഹവും ഒക്കെപ്പറഞ്ഞു അധികാരത്തിൽ വരുന്ന ഏതു സർക്കാരിനും ചർച്ചകളും സ്നേഹ സംഭാഷണങ്ങളും തന്നെ സാദ്ധ്യമാകുയെന്നു തമ്മിൽ പോരടിക്കാൻ നിൽക്കുന്ന അണികൾ മനസ്സിലാക്കാൻ ഒരിക്കൽ കൂടി ഈ സന്ദർശനം വഴിതെളിയിച്ചു. തീവ്രമായ വികാരം വോട്ടിനുവേണ്ടി ഉപയോഗിക്കുന്നവർ അധികാരത്തിൽ ഇരിക്കുന്പോൾ തന്നെയാണ് ഇന്ത്യാ-−പാക് ബന്ധം സൗഹൃദമകാൻ ഏറ്റവും നല്ല കാലാവസ്ഥയെന്നു ഏതെങ്കിലും ഒരു രാഷ്ട്രീയ വിദ്യാർഥി ചിന്തിച്ചാൽ അതിൽ ഒരു തെറ്റും കാണാൻ കഴിയില്ല, അങ്ങനെ തന്നെയാവട്ടെ എന്നും, യുഗങ്ങളായുള്ള ശത്രുതയവസാനിക്കാൻ ഒരു വിവാഹ സൽകാരം മൂലം കഴിയുമെങ്കിൽ അതിനെല്ലാവിധ ഭാവുകങ്ങളും നേരുന്നു.