ബാലാവകാശ നിയമവും കുട്ടി കുറ്റവാളികളും......


രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങളിൽ ഒന്നായിരുന്നു ഡൽഹിയിലെ “നിർഭയ” എന്ന പെൺകുട്ടിയെ  പീഡിപ്പിച്ചതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭം. ഇരുട്ടിന്റെ തെരുവിൽ ഓടികൊണ്ടിരുന്ന ബസ്സിൽ നടന്ന കൂട്ട ബാലാസംഗത്തിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളിൽ പ്രതിഷേധത്തിന്റെ അഗ്നിജ്വാലകൾ പടർന്നു പന്തലിച്ചു. സാമൂഹിക മാധ്യമങ്ങളിൽ വിഷയം കത്തിപ്പടർന്നു, ചൂടും ചുരയുമുള്ള ചർച്ചകൾക്ക് ദൃശ്യ−അച്ചടി മാധ്യമങ്ങൾ നേതൃതം നൽകി. അന്വഷണങ്ങൾക്കൊടുവിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടി കൂടി പ്രതിയായ കേസ് കോടതിയിൽ വ്യവഹാരങ്ങൾക്കായി വന്നു. കേസിന്റെ പ്രാധാന്യവും ക്രൂരതയും കണക്കിലെടുത്ത് വിചാരണ കോടതി “കുട്ടി കുറ്റവാളി”യെ ഒഴിച്ച് ബാക്കി പ്രതികൾക്ക് വധശിക്ഷ വിധിച്ചു.

“കുട്ടി കുറ്റവാളി”യെ പരമാവധി ശിക്ഷയായ 3 വർഷത്തെ ദുർഗുണ പരിഹാര  പാഠശാലയിലെ ശിക്ഷയും കഴിഞ്ഞുപുറത്തു വിടാൻ വിധി പ്രസ്താവിച്ച സുപ്രീം കോടതി, ഉറഞ്ഞു തുള്ളുന്ന മാധ്യമങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ചിന്തോദ്ദീപകമായ പുതിയ മാനം നൽകുകയാണ് ചെയ്തത്. കൂടെത്തന്നെ “നിർഭയ” എന്ന ജ്യോതിസിംഗ് ഇന്നും ജനമനസ്സുകളിൽ ഒളിമങ്ങാതെ നിലനിൽക്കുന്നുഎന്നതിന്റെയും ഇത്തരം ക്രിമിനലുകളോട് സന്ധിയില്ലാ എന്നതിന്റെയും തെളിവാണ് ഇനിയും അവസാനിച്ചിട്ടില്ലാത്ത പ്രതിഷേധങ്ങൾ.

ബാല നീതി നിയമം കർശ്ശനമായി നിലനിൽക്കുന്ന ഒരു രാജ്യത്ത് കുറ്റത്തിന്റെ വലിപ്പമനുസരിച്ച് നിയമം മാറണം എന്ന് വാദിക്കുന്നത് ബാലിശമാണ്. കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന കുട്ടികളെ സാധാരണ കോടതിയിൽ പോലും കയറ്റാനോ, യൂണിഫോമിട്ട പോലീസുകാർ ചോദ്യം ചെയ്യാനോ, വിരട്ടാനോ പോലും പാടില്ല എന്നതാണ് നിയമം. ഇത്തരം കുറ്റവാളികൾക്ക് ജുവനൈൽ ജസ്റ്റിസ് ആക്റ്റ് എന്ന നിയമം മാത്രമേ ബാധകമാകൂ. കുട്ടികളുടെ നീതിയും അവരുടെ പുനരധിവാസവും ഉറപ്പാക്കുകയാണ് ഈ നിയമം മൂലം നടപ്പിലാക്കുന്നത്. ചെയ്ത കുറ്റത്തിന്റെ വലിപ്പ−ചെറുപ്പ വ്യത്യാസം കുറ്റം ചെയ്യുന്പോൾ കുട്ടികൾക്ക് അറിയണമെന്നില്ല. ഇവിടെ “നിർഭയ”യ്ക്കുണ്ടായ പീഡനം ഒരിക്കലും ന്യായീകരിക്കുകയല്ല മറിച്ച് സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ സമൂഹം കൂടുതൽ ജാഗരൂകരാകണം എന്നതിൽ മാത്രം ചുരുങ്ങുന്നതിലുമപ്പുറം വർഷാവർഷം നമ്മുടെ ഭരണ നിർവ്വഹണ

ത്തിലും നീതി നിർവ്വഹണത്തിലും എത്രമാത്രം കാലോചിത പരിഷ്കാരങ്ങൾ വരുന്നു എന്നതിലും നമ്മുടെ ശ്രദ്ധ വേണമെന്നതിലേയ്ക്കുള്ള ഒരു നേർക്കാഴ്ച്ച കൂടിയാണിത്. പരിഷ്കരിച്ച  ബാല നീതി നിയമവും കുട്ടികളുടെ പ്രായ നിർവ്വച
നത്തിലെ വ്യത്യാസവും ഇനിയും ചർച്ചയിലാണ്. കേസിന്റെ നടത്തിപ്പിൽ കുറ്റം പറയാത്ത ജനങ്ങൾ നിയമത്തിന്റെ തലനാരിഴ കീറിയുള്ള വാദങ്ങളിൽ തലമുതിർന്ന അഭിഭാഷകർ എന്തുകൊണ്ട് കുട്ടി കുറ്റവാളിക്ക് ശിക്ഷ വാങ്ങിച്ചു കൊടുത്തില്ല എന്ന വിലാപമാണ് നടത്തുന്നത്. ക്രൂരനായ പ്രതിയെന്ന വിശേഷണം മാധ്യമങ്ങൾ നടത്തുന്പോഴും വിചാരണയുടെ ഒരു ഘട്ടത്തിൽ പോലും അത് തെളിയിക്കാൻ കഴിഞ്ഞില്ല എന്നും അത്തരം ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലയെന്നും വ്യക്തമായിട്ടുണ്ട്. അതുപോലെ ശിക്ഷ കഴിഞ്ഞു മോചിപ്പിക്കുന്ന കുട്ടി കുറ്റവാളികൾക്ക് 21 വയസ്സ് വരെ പ്രതിമാസം 2000 രൂപ സർക്കാർ നൽകി അവരുടെ പുനരധിവാസവും ശിഷ്ടകാല ജീവിതവും നന്നാക്കണമെന്ന വ്യവസ്ഥയും ജുവനൈൽ ആക്റ്റിന്റെ പരിധിയിൽ സർക്കാർ ചെയ്യേണ്ട ബാധ്യതയാണ്. ഇങ്ങനെയൊക്കെയുള്ള നിലവിലെ നിയമത്തിൽ നിന്നുകൊണ്ട് തൂക്കുകയർ വാങ്ങി നൽകാൻ ഒരിക്കലും സാധ്യമാകാത്ത വിഷയത്തെ വീണ്ടും വീണ്ടും പെരുപ്പിച്ചു അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് നല്ലതല്ല, അത് മാധ്യമങ്ങളായാലും സംഘടനകൾ ആയാലും. എന്നാൽ എന്തുകൊണ്ട് ഇത്തരം കുറ്റകൃത്യങ്ങൾ രാജ്യത്ത് വർദ്ധിക്കുന്നുവെന്നും പ്രത്യേകിച്ച് കുട്ടികൾ കൂടുതലായി ഇതിലുൽപ്പെടുന്നുവെന്നതും ചർച്ചക്കും തുടർ നടപടികൾക്കും വിധേയമാകാത്തത്? അപ്പോൾ സ്വാഭാവികമായും ഇതിന്റെയൊക്കെ ഉത്തരവാദി ഭരണവർഗ്ഗം തന്നെയാകുമെന്നതിൽ സംശയമില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ബാധ്യത സർക്കാരുകൾക്കുള്ളതുപോലെതന്നെ കുട്ടികളുടെ  വിദ്യാഭ്യാസത്തിനുതകുന്ന ജീവിത സാഹചര്യം സൃഷ്ടിക്കുക എന്നത്. രാജ്യത്ത് ഇത്തരത്തിൽ ഒരു പ്രതി മാത്രമേ ഇങ്ങനെയൊരു സാഹചര്യത്തിൽ രക്ഷപ്പെട്ടിട്ടുള്ളൂ എന്ന കപട വിലാപങ്ങൾക്കപ്പുറം മേലിൽ ഇത്തരം അക്രമങ്ങൾ എങ്ങനെ തടയണമെന്ന ശക്തമായ നിയമനിർമ്മാണങ്ങളും സാമൂഹിക അന്തരീക്ഷവും സൃഷ്ടിക്കലാണ് ജനതയ്ക്കും രാജ്യത്തിനും നല്ലത്.

You might also like

Most Viewed