ഒടുവിൽ ഭൂമിയെ കുറിച്ച് ബോധമുണ്ടായി...


“ഭൂമി സ്വയം മരിക്കുന്നില്ല, അതിനെ കൊല്ലുകയാണ്. കൊല്ലുന്നവർക്ക് പേരും വിലാസവും ഉണ്ട്” - ഉത്ത ഫിലിപ്സ് 

ഭൂമി മരിച്ചുകൊണ്ടിരിക്കുന്നു എന്ന് ഒടുവിൽ ലോകം സമ്മതിച്ചു. കഴിഞ്ഞ ദിവസം പാരീസിൽ 196 രാജ്യങ്ങൾ ഒപ്പുെവച്ച നിർണ്ണായക “പാരീസ് കരാർ” വൈകിയാണെങ്കിലും സ്വാഗതാർഹമാണ്. ആഗോള താപന നിയന്ത്രണം ലക്ഷ്യമിട്ട് കാലാവസ്ഥാ വ്യതിയാന പാരീസ് ഉച്ചകോടിയാണ് ഇങ്ങനെയൊരു കരാർ കൊണ്ടുവന്നത്. നീണ്ട ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമാണ് കരാർ നിലവിൽ വന്നത്. 1997ലെ ക്യോട്ടോ പ്രോട്ടോകോളിന് പകരം പരിസ്ഥിതി സംരക്ഷണത്തിന് ഇനി പാരിസ് ഉടന്പടി ആധാരമാകും. കഴിഞ്ഞ രണ്ട് ദശാബ്ദമായി കൊണ്ടുവരാൻ ശ്രമിച്ച കരാറാണ് പാരീസിൽ യാഥാർത്ഥ്യമായാത്. ഭൂമിയുടെ ആഗോള താപനത്തിന്റെ മുഖ്യ കാരണമായ ഹരിത ഗൃഹ വാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് കരാർ ലോക രാജ്യങ്ങൾ അംഗീകരിച്ചത്. കരാറിന്റെ വിശദാംശങ്ങളിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നില്ല. കാരണം ഏതൊരു കരാറിനും ലക്ഷ്യ സാക്ഷാത്കരണമുണ്ടാവണമെങ്കിൽ അതിലെ വ്യവസ്ഥകൾ എത്ര മാത്രം പ്രായോഗിഗമായി നടപ്പിൽ വരുത്താൻ സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും. പ്രധാനമായും കാർബൺ പുറംതള്ളലാണ് ആഗോള താപനം ഉയരാൻ കാരണം. ആഗോള താപന വർദ്ധന തോത് രണ്ട് ഡിഗ്രിക്ക് താഴെയായി നിലനിർത്തണമെന്ന് വ്യവസ്ഥചെയ്യുന്ന പാരീസ് കരാർ, അംഗ രാജ്യങ്ങൾ താപനം 1.5 ഡിഗ്രിയിലത്തെിക്കാൻ ശ്രമിക്കണമെന്നും അതിന് ഓരോ രാജ്യവും പദ്ധതി സമർപ്പിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. ഈയവസരത്തിൽ നമ്മുടെ രാജ്യം “ആഗോള താപന” വിഷയം എത്രമാത്രം ഗൗരവമായി ചിന്തിച്ചു എന്നറിയില്ല. രാജ്യത്തിന്റെ പരമോന്നത സഭയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി “സോണിയ−രാഹുൽ− നാഷണൽ ഹെറാൾഡ്, ഒടുവിൽ വെള്ളാപള്ളിയിൽ വരെ പ്രതിപക്ഷവും ഭരണപക്ഷവും കടിപിടി കൂടുകയാണ്.

എന്നാൽ ഏറ്റവും ഉയർന്ന നിരക്കിൽ അന്തരീക്ഷ മലിനീകരണം സംഭവിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ നമ്മുടെ രാജ്യ തലസ്ഥാനം ഡൽഹിയും ഉൾപ്പെട്ടു എന്നറിഞ്ഞതിൽ നിന്നും ഡൽഹി സർക്കാർ മുൻസർക്കാരുകളിൽ നിന്നും വ്യത്യസ്തമായി വിവിധ പദ്ധതികൾക്ക് രൂപം നൽകുകയും, 2016 ജനുവരി മുതൽ പ്രാവർത്തികമാക്കാനും ശ്രമിക്കുന്നു എന്നത് ശുഭ സൂചകമാണ്. നിരത്തുകളിലെ വാഹന നിയന്ത്രണം (odd-even number plan), ഡീസൽ വാഹനങ്ങളുടെ രജിസ്ട്രഷൻ പരിമിതപ്പെടുത്തൽ, താപ വൈദ്യുതി പദ്ധതികൾ നിർത്തലാക്കൽ തുടങ്ങിയവ അതിൽ ചിലത് മാത്രം. ലോകാത്ഭുതങ്ങളിൽ ഒന്നായ രാജ്യത്തിന്റെ യശസ്സായ “താജ്മഹ”ലിന് പോലും അന്തരീക്ഷ മലിനീകരണം മൂലം കേടുപാടുകൾ സംഭവിക്കുന്നു, അതിലും രൂക്ഷമാണ് മനുഷ്യന്റെ ആരോഗ്യാവസ്ഥ. താപനം രണ്ട് ഡിഗ്രിയിൽ കൂടുന്നത് ഭൂമിയുടെ നിലനിൽപ്പിന് തന്നെ അപകടമാണെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

എന്നാൽ വികസിത രാജ്യങ്ങൾ കുറ്റങ്ങൾ മുഴുവനും വികസ്വര രാജ്യങ്ങളുടെ മേൽ ചാർത്തുന്നു എന്ന നമ്മുടെ പ്രധാനമന്ത്രിയുടെ പ്രസ്താവന തീർത്തും അവസരോചിതമാണ്. താപനം കുറയ്ക്കാൻ ശ്രമിക്കുന്ന വികസ്വര−അവികസിത രാജ്യങ്ങൾ ഇപ്പോഴും വികസനത്തിന് മാതൃകയാക്കുന്നത് വികസിത രാജ്യങ്ങളുടെ പാതയാണ്. എന്നാൽ കഴിഞ്ഞ രണ്ട് ദശാബ്ദമായി വികസിത രാജ്യങ്ങൾ നടത്തിയ അശാസ്ത്രീയ വികസനത്തിന്റെ അനന്തര ഫലമാണ് ഇന്നുള്ള ഉയർന്ന ആഗോള താപനം. കാലഘട്ടത്തിലെ ഏറ്റവും ചൂട് കൂടിയ വർഷം 2015 ആയതും ഇക്കാരണങ്ങൾ കൊണ്ടാണ്. ആ കാലഘട്ടത്തിൽ അവരുടെ വികസനത്തിന് തടസ്സമായി വന്ന ക്യോട്ടോ, കാൻകുൺ തുടങ്ങിയ ഉടന്പടികൾ പ്രാവർത്തികമാക്കുന്നതിൽ ഈ രാജ്യങ്ങളുടെ ഉത്സാഹക്കുറവും നാം കണ്ടതാണ്. പാരീസ് കരാറും ആഗോള താപന ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്പോൾ തന്നെ പാരീസ് ഉടന്പടിയിലെ “ഒളി അജണ്ട” തിരിച്ചറിയണം. ജനസംഖ്യയിൽ കുറവുള്ള വികസിത രാജ്യങ്ങൾക്ക് സുഖലോലുപതയിൽ കഴിയാനാവശ്യമായ വികസനം നേടിയതിന് ശേഷം വികസ്വര രാജ്യങ്ങളിലേയ്ക്ക് കൂടുതൽ നിയന്ത്രണങ്ങൾ വരുന്നത് അവിടുത്തെ ജനങ്ങളുടെ ജീവിത സങ്കൽപ്പങ്ങളെ പിറകോട്ടടിക്കും. എങ്കിലും കാടടച്ചുള്ള വെടിവെക്കലിനും പകരം വികസനമെന്നത് “സുസ്ഥിര വികസന”മെന്നാകുന്പോൾ കുറച്ചു കൂടി രാജ്യ പുരോഗതിക്കും അതിലുപരി ഭൂമിയുടെ സംരക്ഷണത്തിനും ഉതകുന്നതാവും. അതിലെല്ലാമുപരി ജനകീയ ബോധവൽക്കരണവും ജൈവ−സന്പത്തിന്റെ സംരക്ഷണവും ഭൂമിയുടെ തനത് നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നുള്ള തിരിച്ചറിവാണ് വേണ്ടത്. 

You might also like

Most Viewed