വർഗ്ഗീയതയ്ക്ക് മുന്നേറ്റമുണ്ടാക്കുന്ന യാത്ര


‘‘ദൈവം നശിപ്പിക്കാൻ തീരുമാനിച്ചവരെ 

ആദ്യം ഭ്രാന്തരാക്കി മാറ്റുന്നു’’. ഷേക്സ്പിയർ

പ്രകൃതിയുടെ സ്വാഭാവികമായ പരിണാമപ്രക്രിയയിൽ ചില സംഹാരപ്രക്രിയയും നടക്കാറുണ്ട്. അതിനുള്ള ചില ഉദാഹരണങ്ങളിൽ ഒന്നാണ് ശ്രീ. വെള്ളാപ്പള്ളി നടേശൻ. ഇവിടെ വെള്ളാപ്പള്ളി നടേശന്റെ പ്രാസ്ഥാനിക ബന്ധവും അതിലെ സ്ഥാനവും പറയാൻ ആഗ്രഹിക്കുന്നില്ല, കാരണം ആ സുന്ദര സമുദായ സ്നേഹിതരെയും പ്രസ്ഥാന സ്ഥപകരെയും അതിന്റെ ഗുരുവിനെയും ഇതിലേയ്ക്ക് വലിച്ചിഴയ്ക്കാൻ മനസ്സനുവദിക്കുന്നില്ല. ഏതൊരു പ്രസ്ഥാന നേതാവിനെപ്പോലെയും വെള്ളാപ്പള്ളിക്കും യാത്ര നടത്താം, എന്ത് മുദ്രാവാക്യവും ഉയർത്തിപ്പിടിക്കാം. കേരളത്തിൽ ഇതുപോലെ ധാരാളം യാത്രകൾ നാം കണ്ടിട്ടുണ്ട്, ഇനി വരാനുമിരിക്കുന്നു. എന്നാൽ യാത്ര തുടങ്ങുന്നതിന് മുന്പ് തന്നെ വിവാദമായ ഒന്നാണ് ‘സമത്വ മുന്നേറ്റ യാത്ര’. യാത്ര തുടങ്ങിയ കാസർഗോഡ് ‘മുസ്ലിം ലീഗിന്റെ’ കുതിരകുട്ടികളെ പ്രകീർത്തിച്ച് സ്വസമുദായത്തെ ആവേശം കൊള്ളിക്കാൻ ശ്രമിച്ചു, കണ്ണൂരിൽ കയറി ഇടത് സഖാക്കൾക്ക് ഭൂരിപക്ഷ താൽപര്യമില്ല എന്നും, അവർ ന്യുനപക്ഷ പ്രീണനം നടത്തുന്നു എന്നും പറഞ്ഞ് വെച്ചു. എന്നാൽ ‘മാണി’ സാറിനെ തഴുകി തലോടി, തിരിച്ചു മാണി സാറും വെള്ളാപള്ളിയുടെ യാത്ര സമത്വത്തിന് വേണ്ടിയാണെന്ന് പ്രഖ്യാപിച്ചു. വടക്കും കടന്ന് മദ്ധ്യ കേരളത്തിലേയ്ക്ക് വന്നപ്പോൾ തീർത്തും വർഗ്ഗീയതയുടെ ഉച്ഛസ്ഥായീലായി വെള്ളാപള്ളിയുടെ ജൽപനങ്ങൾ മുഴുവനും. അത്യന്തം അപകടമാംവിധം ഈ യാത്ര സമൂഹത്തിൽ വേർതിരിവ് സൃഷ്ടിക്കുന്നു എന്നത് സുവിതർക്കിതമാണ്. കാലഹരണപ്പെട്ട ജീർണ്ണത ബാധിച്ചവ നാമാവശേഷമായിപ്പോവുക എന്നത് പ്രകൃതി നിയമമാണ്. ഇത്രയേറെ ജീർണ്ണത വെള്ളാപള്ളിയെ ബാധിച്ചോ? എങ്കിൽ അതിൽപോലും ദുരഭിമാനവും പേറി ജീവിക്കുന്ന ജീവികൾ അത് മനുഷ്യ രൂപത്തിൽ ആണെങ്കിൽ പോലും കാലയവനികക്കുള്ളിൽ വിസ്മൃതിയിലാകും എന്നത് ചരിത്ര യാഥാർത്ഥ്യം. മരണത്തോട് മല്ലടിച്ച രണ്ടു സഹജീവികളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഒരിക്കലും നൗഷാദ് എന്ന ജീവസ്നേഹി തനിക്ക് സർക്കാർ നൽകുന്ന പാരിതോഷികങ്ങളെ പറ്റിയോ ഫേസ്ബുക്ക് നൽകുന്ന ആദരവുകളെ പറ്റിയോ ഓർത്തിട്ടുണ്ടാവില്ല! അതിൽ മതമോ ജാതിയോ കണ്ടിരുന്നില്ല, എന്നാൽ അതിനെയും ഇന്ന് വിൽപ്പന വോട്ടു ചരക്കാക്കി മാറ്റിയിരിക്കുന്നു, ഗുരു പിൻഗാമി.

ആഗോളീകരണ −നവയുഗ കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സമസ്ത മേഖലകളും മനുഷ്യർക്ക് മേലെ അതിർവരന്പുകൾ സൃഷ്ടിക്കുമെന്ന കമ്മ്യൂണിസ്റ്റ് ചിന്തയെ പഴഞ്ചൻ തത്വസംഹിതയാക്കി തള്ളിയവർ, മുന്നോട്ടു നടന്നത്രയും കാലം പിറകിലേയ്ക്ക് നടക്കാൻ തുടങ്ങിയിരിക്കുന്നു, അതും ഭീതിയോടെ. ക്ഷേമമെന്നും വികസനമെന്നുമൊക്കെ പറഞ്ഞു രാജ്യത്തെ കന്പോള തലത്തിൽ എല്ലാ മേഘലകളേയും തരം തിരിച്ചു ജാതിയും, മതവും, സമുദായവും, പ്രദേശവും നോക്കി അളന്ന് കൊടുത്തപ്പോൾ ഒരിക്കൽ പോലും വരാൻ പോകുന്ന വലിയ ദുരന്തം നാം കണ്ടില്ല. ജാതി നോക്കി പഠിക്കാൻ പള്ളികുടങ്ങൾ, മതം നോക്കി ജോലി തരപ്പെടുത്തൽ, ഭരിക്കാൻ ജാതി ശതമാനം നോക്കൽ, കച്ചവട സ്ഥാപനങ്ങൾ അനുവദിക്കുന്നതിൽ, ജീവിത മാർഗ്ഗം കണ്ടെത്തുന്നതിന് ബാങ്കിൽ നിന്നും ലോൺ ലഭിക്കുന്നതിന്, ഇങ്ങനെ തുടങ്ങി ജീവിതത്തിലെ മുഴുവൻ മേഘലയേയും മനുഷ്യനെ ഭിന്നിപ്പിച്ചു അതിനൊക്കെ ഒരു സംഘടനയുണ്ടാക്കി പ്രോത്സാഹിപ്പിച്ച് നൽകിയപ്പോൾ ഭരണകുടത്തിന്റെയും ജനതയുടെയും നിയന്ത്രണത്തിലുമപ്പുറത്തേയ്ക്ക് കാര്യങ്ങൾ എത്തികൊണ്ടിരിക്കുന്നു. സാന്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ നയങ്ങൾക്കും സംവാദങ്ങൾക്കും പകരം ജാതിയും മതവും ഒക്കെയായി നമ്മുടെ രാഷ്ട്രീയം ചുരുങ്ങി. മരണത്തിൽ പോലും ജാതി കണ്ടെത്തുന്ന അവസ്ഥ വന്നു ചേർന്നു. നിലവിലെ ‘രക്ത ബാങ്കി’നും പകരം വിവിധ ജാതിയുടെ കൊടിക്കീഴിൽ രക്തം വിതരണം ചെയ്തു തുടങ്ങുന്ന കാലം വിതൂരമല്ല, അതുപോലെ തന്നെ രക്ത ദാനവും. നിലതെഴുത്താശന്മാരിൽ നിന്നും പള്ളിക്കുട സന്പ്രദായത്തിലേയ്ക്ക് ചുവടു വെച്ച കേരള ജനത, വിദ്യാഭ്യാസത്തിൽ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുന്നിൽ വന്നു. അവിടെ നിന്നാണ് ആഗോളീകരണത്തിന്റെ അലയൊലികളിൽപ്പെട്ട് സ്വാശ്രയം എന്ന ചിന്ത ഭരണകുടത്തെ ബാധിച്ചത്. മൂല്യാധിഷ്ഠിതമല്ലാത്ത വിദ്യ ഇന്ന് നമ്മുടെ വിഷ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നു. ജനങ്ങളുടെ കരം പിരിച്ചു ജനത്തിന്റെ ജീവിതാവശ്യങ്ങൾ നിറവേറ്റേണ്ട സർക്കാർ അതിൽ നിന്നെല്ലാം പിന്മാറി, കുത്തക മുതലാളിമാർക്കും ജാതി−മത, സമുദായ ശക്തികൾക്കും വീതിച്ചു നൽകിയതിന്റെ പരിണിത ഫലമാണ് സാക്ഷര കേരളം ലജ്ജിച്ചു തലതാഴ്ത്തേണ്ട ദൈനംദിന വർഗ്ഗീയ പ്രസ്താവനകളും, അതിൽ ഒട്ടും സങ്കോജവുമില്ലാത്ത അണികളും. ഏതൊരു മതത്തിന്റെയും മിതമായ വർഗ്ഗീയതക്ക് ഇന്ന് കേരളത്തിൽ സ്ഥാനമില്ല. തീവ്ര ചിന്തയും വാക്കുകളും കൂടുതൽ വ്യാപരിക്കുന്നു. ശരാശരി വിദ്യ കൈവശമുള്ള ഒട്ടുമിക്ക മലയാളിയും ഒരു തരം കപട മതേതരത്വത്തിൽ കടിച്ചു തൂങ്ങുന്നവരാണ്. 

You might also like

Most Viewed