ചെന്നൈയിലേത് മനുഷ്യ നിർമ്മിത ദുരന്തം...
“സ്വയം തിന്മ ചെയ്യുന്നു, സ്വയം
ദുരിതമനുഭവിക്കുന്നു” ഗൗതമ ബുദ്ധൻ
മഴ പ്രകൃതിയുടെ വരദാനമാണ്, അതൊരനുഗ്രഹവും. മനുഷ്യന്റെ പ്രാഥമികമായ ഏതൊരു ആവശ്യത്തിനും, ജീവന്റെ നിലനിൽപ്പിനും ജലം നിർബ്ബന്ധമാണ്. കഴിഞ്ഞ കുറെ നാളുകളായി ചെന്നൈ നഗരം മഴമൂലം ദുരന്തത്തിലാണ്. വിധിയുടെ ക്രൂരതയെന്ന് പറഞ്ഞൊഴിയാൻ കഴിയുമോ ചെന്നൈയിലുണ്ടായ മഴക്കെടുതികൾ? പ്രകൃതിക്ഷോഭം എന്ന വാക്കിൽ എല്ലാം ഉത്തരവും കണ്ടെത്തുന്ന മനുഷ്യൻ, സ്വയം വരുത്തിവെച്ച നാശത്തെ കുറിച്ച് ഇനിയും ബോധവാന്മാരയിട്ടില്ല. വിപ്ലവകരമായ വികസനത്തെ നിമിഷനേരം കൊണ്ട് ആശ്ലേഷിക്കാൻ വെന്പൽ കൊള്ളുന്ന സമൂഹം, മഴയുടെ കുത്തൊഴുക്കിൽ പകച്ചു നിൽക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ കുറച്ചു ദിനങ്ങളായി കണ്ടു കൊണ്ടിരിക്കുന്നത്. മഴയായി പെയ്തിറങ്ങിയ കാർമേഘങ്ങളെ ഉൾകൊള്ളാൻ പാകത്തിൽ തയ്യാറാക്കിയ പാത്രങ്ങളിലൊക്കെ ചെളിവാരിയിട്ട് കൂനകളാക്കി ഉയർത്തി, ഫ്ളാറ്റെന്നും, ഹോസ്പിറ്റലെന്നും, ഹോട്ടലെന്നും, ഷോപ്പിംഗ് മാളെന്നുമൊക്കെ പേരിട്ടു വിളിക്കുന്നു. സ്വച്ചെന്തം ഒഴുകാൻ വെള്ളത്തിന് അവസരം കൊടുക്കാതെ ഗതി നിർണ്ണയിക്കാൻ ഓടകൾ പണിയുന്നു. പ്രകൃതിയെ അതിന്റെ തനത് ശൈലിയിൽ നിന്നും മനുഷ്യൻ അഹങ്കാരത്തിന്റെ ഉത്തുംഗപതത്തിൽ നിന്ന് പറിച്ചു മാറ്റുന്നു. അപ്പോൾ പിന്നെ പ്രളയവും ഭൂചലനവും ഒക്കെ സർവ്വ സാധാരണം. പക്ഷെ ഒരിക്കലും പ്രകൃതി ദുരന്തമെന്ന പേര് വിളിക്കരുത് എന്ന് മാത്രം.
അശാസ്ത്രീയമായ കെട്ടിട നിർമ്മാണവും ഗുണനിലവാരമില്ലാത്ത റോഡുകളുടെ നിർമ്മാണവുമാണ് ഇങ്ങനെയൊരു ദുരന്തത്തിന് കാരണമെന്ന് മുൻ ചെന്നൈ ജോയിന്റ് കമ്മീഷണർ വിജയ് പിൻഗ്ലെ പ്രതികരിച്ചത്. കരാറുകാരുടെയും അവരെ നിയന്ത്രിച്ചിരുന്ന ഭരണാനുകൂല രാഷ്ട്രീയ നേതാകളുടെയും അഴിമതി തുറന്നു കാണിച്ചതിനാൽ ദുരന്തത്തിന് മൂന്നാഴ്ച്ച മുന്നേ വിജയിനെ ജയലളിത സർക്കാർ തൽസ്ഥാനത്ത് നിന്നും നീക്കിയിരുന്നു. സാങ്കേതികമായ പരിജ്ഞാനത്തോടെ ആർജ്ജവത്തോടെ പ്രവർത്തിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ പുറത്താക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുക എന്ന ദൗത്യമാണ് എല്ലായിപ്പോഴും ഭരണകുടങ്ങൾ കൈകൊണ്ടിരിക്കുന്നത്. സന്നദ്ധ സംഘടനകൾ കൊണ്ടുവരുന്ന ഭക്ഷണ പൊതികളിൽ സ്വന്തം പടം ഒട്ടിക്കാൻ കാണിക്കുന്ന തലൈവിയുടെ ആവേശം ദുരന്തത്തിനിടയിലും എത്രമാത്രം ലജ്ജിപ്പിക്കുന്നതാണ്. വികസന ചർച്ചകൾ നടക്കുന്പോൾ ‘പ്രകൃതി സ്നേഹികൾ’ മുന്നോട്ടു വെയ്ക്കുന്ന ആശങ്കകൾക്ക് കടലാസ് വില പോലും നൽകാത്ത ഭരണകുടങ്ങളുടെ അലസതയ്ക്ക് നേരെയുള്ള ചൂണ്ടു പലകയാണ് ചെന്നൈ പ്രളയം. ഒരുപക്ഷെ കഴിഞ്ഞ പത്ത് വർഷത്തിന്റെ അശാസ്ത്രീയ വികസനമായിരിക്കാം ഇന്നത്തെ ദുരന്തത്തിന് കാരണം. അപ്പോൾ ഏതു കാലഘട്ടത്തിലും ഉയർന്നു വരുന്ന ആശങ്കകൾക്കും ആക്ഷേപങ്ങൾക്കും ഇരയാകുന്നത് പിൽകാലത്തുള്ള പാവം ജനങ്ങളായിരിക്കും. ഇവിടെ ഓർമ്മവരുന്നത് ചാനലുകളും മാധ്യമങ്ങളും ചർച്ച ചെയ്യാതെ വിട്ടുപോയ ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നാഷണൽ ബിൽഡിംഗ് കോഡ് (എൻ.ബി.സി) നടപ്പാക്കേണ്ടതില്ലെന്ന കേരള മന്ത്രിസഭയുടെ തീരുമാനമാണ്. ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥൻ നിയമം നടപ്പാക്കാൻ തുനിഞ്ഞതോടെ ആശ്രിതക്കാർക്ക് ഔദാര്യവും ദാസ്യവും ചെയ്തുകൊടുക്കുന്ന നമ്മുടെ ഉമ്മൻ ചാണ്ടി സർക്കാർ ആ മാന്യദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് മാറ്റി പുതിയൊരദ്ദേഹത്തെ പ്രതിഷ്ടിച്ചു. എ.ഡി.ജി.പി അനിൽകാന്തിനെ കൊണ്ടുവന്നെങ്കിലും സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്ത കെട്ടിടങ്ങൾക്ക് അനുമതി നൽകാൻ സാധിക്കില്ലെന്ന് ഫയർഫോഴ്സ് ടെക്നിക്കൽ ഡയറക്ടർ നിലപാടെടുത്തു. എന്നാൽ അതുകൊണ്ടൊന്നും മുട്ടുമടക്കാൻ തയ്യാറാകാത്ത സർക്കാർ നിയമം തന്നെ ഇല്ലാതാക്കി, ഇഷ്ടക്കാർക്ക് പച്ചക്കൊടി നൽകി. കേരള കെട്ടിട നിർമാണചട്ടത്തിെന്റ അടിസ്ഥാനത്തിൽ അനുമതി നൽകാനാണ് പുതിയ തീരുമാനം.
സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്ത കെട്ടിടങ്ങൾക്ക് അനുമതി നൽകാൻ എടുത്ത തീരുമാനം ഭാവിയിൽ ഒരുപക്ഷെ വലിയ ഒരു ദുരന്തന്തിന് വഴിവെക്കും. ഇന്ന് നമ്മുടെ നാട്ടിൽ കാണുന്ന പല കെട്ടിടങ്ങൾക്കും ആവശ്യത്തിന് സുരക്ഷ സംവിധാനങ്ങൾ ഇല്ല എന്നുള്ളതാണ് വസ്തുത. കാലക്രമേണ ജനസംഖ്യ വളർച്ചയോടെ ഫ്ളാറ്റ് ജീവിതം അവശ്യമാകുന്ന അവസരത്തിൽ മതിയായ സുരക്ഷയില്ലാത്ത കാരണത്താൽ വൻ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പാചക വാതക ലൈനുകൾ നിർമ്മിക്കുന്നതിലെ അപാകത, ഫയർ ആന്റ് സേഫ്റ്റി ഉപകരണങ്ങളുടെ നിലവാരമില്ലയ്മ ഇതൊക്കെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പ്രളയം പോലെ തന്നെ പരമപ്രധാനമാണ് വരൾച്ചയും. പശ്ചിമഘട്ട സംരക്ഷണത്തിന് പഠനം നടത്തി റിപ്പോർട്ട് നൽകിയ ഗാഡ്ഗിൽ കമ്മീഷനെ പുറംതള്ളി ക്വാറി−മത−ഭൂ മാഫിയകളുടെ പ്രീണനത്തിന് വേണ്ടി കസ്തൂരിരംഗനെ കൊണ്ട് വന്നവർ വരും കാല കൊടിയ വരൾച്ചയെ പിൻതലമുറയ്ക്ക് സമ്മാനമായി നൽകുകയാണ് ചെയ്തത്. ഇന്നിപ്പോൾ പല്ലും നഖവുമില്ലാത്ത കസ്തൂരിരംഗൻ റിപ്പോർട്ട് പോലും എതിർക്കപ്പെടുകയാണ് മേൽപറഞ്ഞ കൂട്ടങ്ങൾ.
ജൈവ വൈവിദ്ധ്യങ്ങളെ സംരക്ഷിക്കാൻ അമാന്തം കാണിക്കുന്ന ഭരണകൂടങ്ങളും അവയെ കൂട്ടത്തോടെ നശിപ്പിച്ച് വിമാനത്താവളങ്ങളും രമ്യഹർമ്യങ്ങളും പണിയുന്പോൾ ചെന്നൈക്ക് സമാനമായ ദുരന്തം നമ്മുടെ നാട്ടിലും ഉണ്ടാകുന്ന കാലം വിദൂരമല്ല. അയൽപക്കത്തെ ജനങ്ങൾക്കുണ്ടായ തീരാദുരിതത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് പ്രകൃതിയുടെ ആവാസവ്യവസ്ഥ നശിപ്പിക്കാതെ വരും തലമുറയെങ്കിലും രക്ഷിക്കാൻ നമുക്ക് കഴിയണം.