വി.എസ് എന്ന വിപ്ലവ സൂര്യനും ചില വസ്തുതകളും


തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം;

തല നരക്കാത്തതല്ലെന്റെ യുവത്വവും;

പിറവിതൊട്ടു നാളെത്രയെന്നെണ്ണുമപ്പതിവുകൊണ്ടല്ലളപ്പതെൻ യൗവനം

കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുന്പിൽ‍ തലകുനിക്കാത്ത 

ശീലമെൻ യൗവനം

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്‍റെ ആരവങ്ങൾ‍ ഒഴിഞ്ഞ കളത്തിലേയ്ക്ക്‌ വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിന്‍റെ മേളങ്ങൾ‍ തുടികൊട്ടിയുണർ‍ന്ന് കഴിഞ്ഞു. എപ്പോഴത്തേയും പോലെ ഇടതുപക്ഷത്തെയും പ്രത്യേകിച്ച് വി.എസ് എന്ന വിപ്ലവ സൂര്യനെയും ചുറ്റിപ്പറ്റി തന്നെയാണ് ചർ‍ച്ചകൾ‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആത്മവിശ്വാസമാകാം ഇടതുപക്ഷത്തെങ്കിൽ‍ എതിരാളികളെ എങ്ങനെ വിവിധ തട്ടിലാക്കാം എന്നതാണ് ഭരണപക്ഷം മെനയുന്ന തന്ത്രം. മുന്നണിയെ നയിക്കാൻ ആര് നേതൃത്വത്തിൽ‍ വരണമെന്ന ചർ‍ച്ചക്ക് സി. ദിവാകരൻ തുടക്കമിട്ടെങ്കിലും പിണറായി കൊടുത്ത മറുപടിയിൽ‍ തുറന്ന പുസ്തകം ദിവാകരൻ‍ അടയ്ക്കുന്നതാണ് കണ്ടത്. 

എന്നാൽ‍ തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ മുഴുവൻ‍ പ്രശംസയും വി.എസിന് ചാർ‍ത്തി കൊടുക്കുക മാത്രമല്ല വരാൻ പോകുന്ന തിരഞ്ഞെടുപ്പിലും വി.എസ് തന്നെ നയിക്കുമെന്ന സൂചനയാണ് പാർ‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി, പാർ‍ട്ടിയിൽ‍ വിരമിക്കൽ‍ പ്രായമില്ലന്ന അഭിപ്രായത്തോടെ നൽ‍കിയിരിക്കുന്നത്. 94 വയസ്സ് പിന്നിട്ട വി.എസ് തന്നെയാണ് ഇന്നും ജനമനസ്സുകളിൽ‍ നിറഞ്ഞു നിൽ‍ക്കുന്ന നേതാവെന്ന്  ഇപ്പോൾ‍ നടക്കുന്ന വാർ‍ത്തകളും ചർ‍ച്ചകളും പ്രധിരോധങ്ങളും കാണുന്പോൾ‍ മനസ്സിലാകുന്നത്. സമസ്ത മേഖലകളിലും ‘ന്യു ജനറേഷൻ’ കടന്നു വന്നിട്ടും രാഷ്ട്രീയത്തിൽ‍ ആർ‍ജ്ജവവും ഇച്ഛാശക്തിയുമുള്ള ഒരു നേതാവ് പോലും കേരളത്തിൽ‍ ഉദയം ചെയ്തില്ല എന്നതാണ് വാസ്തവം, അത് ഏതു മുന്നണിയിലായാലും. ഒളിഞ്ഞും തെളിഞ്ഞും ‘മുഖ പുസ്തകത്തിൽ‍’ ചിലയ്ക്കുന്ന ചില മുഖം മൂടികളെ പരിഗണിക്കാൻ കഴിയില്ലിവിടെ. എന്നാൽ‍ വ്യക്തി കേന്ദ്രീകൃത പ്രസ്ഥാനമായി ഇടതുപക്ഷം പ്രത്യേകിച്ച് സി.പി.എം മാറുന്ന കാഴ്ച കുറച്ചു നാളുകളായി കണ്ടു കൊണ്ടിരിക്കുന്നു, മൂല്യാധിഷ്ടിത വർ‍ഗ്ഗബോധത്തിൽ‍ നിന്നും വഴുതി മാറി, ആഗോള മുതലാളിത്ത കടന്നു കയറ്റത്തിൽ‍ കേരളത്തിലെ ഔദ്യോഗിക നേതൃത്വവും പാർ‍ട്ടിയും ‘അഡ്ജസ്റ്റ്‌മെന്‍റ്’ ചെയ്യപ്പെട്ടു എന്നതാണ്, വി.എസ് എന്ന സ്ഥാപക നേതാവിൽ‍ തന്നെ വീണ്ടും ശരണം പ്രാപിക്കാൻ പാർ‍ട്ടി ബാധ്യതപ്പെടുന്നതിന്റെ ഒരു കാരണം. പുരോഗമന പ്രസ്ഥാനങ്ങൾ‍ക്ക് അവരുടെ രണ്ടാം തലമുറയെ എന്ത് കൊണ്ട് വാർ‍ത്തെടുക്കാൻ കഴിയുന്നില്ല എന്നതും ചിന്തോദ്ദീപകമാകേണ്ടതാണ്. ത്രിപുരയിലെ ഭരണ നേതാവായിരുന്ന നൃപൻ ചക്രവർ‍ത്തി പാർ‍ട്ടിക്ക് മേലെയായപ്പോൾ‍ ഇന്ത്യയിലെ സി.പി.ഐ.എം നേതൃത്വം പ്രത്യേകിച്ച് ഹർ‍കിഷൻ‍ സിംഗ് സുർ‍ജിതും, ഇ.എം.എസ് നന്പൂതിരിപ്പാടും ഉൾ‍പ്പെടെയുള്ള ശക്തമായ നേതൃത്വം അതിശക്തമായ നിലപാടെടുത്തിരുന്നു എന്ന് സമ്മതിക്കുന്പോൾ‍ തന്നെ, കേരളത്തിലെ കാര്യം അതിൽ‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഇവിടെ വി.എസ് എന്ന കമ്മ്യൂണിസ്റ്റിന് അധികാരത്തെക്കാളും വലുത് പാർ‍ട്ടിയാണ് എന്നത് പലവുരു തെളിയിച്ചതാണ്. മാധ്യമങ്ങളും, സ്തുതിപാടകരും പലകുറി പാർ‍ട്ടിക്ക് പുറത്തേയ്ക്ക് ക്ഷണിച്ചപ്പോഴും പാർ‍ട്ടിയുടെ പിളർ‍പ്പിനെ വി.എസ് ഒരിക്കലും അനുകൂലിച്ചിരുന്നില്ല. തന്‍റെ പാർ‍ട്ടി അക്രമ രാഷ്ട്രീയ പ്രക്രിയകളിൽ‍ പങ്കാളികളായപ്പോഴും, മത−ജാതി സംഘടനകളുടെ പിറകെ പോയപ്പോഴുമൊക്കെ വി.എസ് ശക്തമായി എതിർ‍ത്തിരുന്നു, ഏറ്റവുമൊടിവിൽ‍ വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ ശക്തമായ ആക്രമണം നടത്തി സംഘപരിവാർ‍ രാഷ്ട്രീയത്തിന്‍റെ അപകടം തുറന്നു കാണിച്ചതും മതേതര ജനം അംഗീകരിച്ച വസ്തുതകളാണ്. മറുപക്ഷം നോക്കുന്പോൾ‍, പിണറായി വിജയന്‍ പയറ്റിയ രാഷ്ട്രീയ അജണ്ടയാണ് ഫാസിസ്റ്റുകൾ‍ക്കെതിരായ നിലപാട്, പിന്നീട് വി.എസും പാർ‍ട്ടിയും അതേറ്റ് പിടിച്ചതാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ‍ കണ്ട ഫലം. എന്നാൽ‍ പ്രചാരണ നേതൃത്വം അച്ച്യുതാനന്ദനായിരുന്നതിനാൽ‍ മുഴുവൻ ക്രെഡിറ്റും വി.എസ്സിനായി. എങ്കിൽ‍ ഇത് അരുവിക്കരയിൽ‍ എവിടെപ്പോയെന്ന് ചോദിക്കരുത്. കാരണം അതാണ് അച്ച്യുതാനന്ദന്റെ കഴിവും, പാർ‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയും. പാർ‍ട്ടിക്ക് മുകളിൽ‍ വളരുന്നവരെ ശാസിക്കാനുള്ള അന്തസത്ത നഷ്ടപ്പെട്ട രാഷ്ട്രീയമായി സി.പി.എം ചുരുങ്ങി.

പഴയ വൈദുതി മന്ത്രിയായി കഴിവ് തെളിയിച്ച പിണറായി വിജയൻ‍ കേരളത്തിന്റെ മുഖ്യ മന്ത്രിയായി കാണണം എന്ന് തന്നെയാണ് മതേതര വാദികളും ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരും ആഗ്രഹിക്കുക. എന്നാൽ പിണറായിയെ മുന്നിൽ നിർത്തി ഒരു പരീക്ഷണത്തിന്‌ തയ്യാറായാൽ ഒരു പക്ഷെ, സെമിഫൈനൽ‍ ജയിച്ച ഇടതുപക്ഷത്തിനു അധികം സാധ്യതയുള്ള നിയമസഭ തിരഞ്ഞെടുപ്പിൽ‍ വിപരീത ഫലം ഉണ്ടാക്കിയാലോ എന്ന ഭീതിയുണ്ടെന്നത് പറയാതെ പറയുന്ന സത്യമാണ്? ജനകീയ വി.എസിൽ‍ നിന്നും ഏറെ അകലെയാണ് പിണറായി. ആയതുകൊണ്ട് വി.എസിനെ മുന്നിൽ നിർത്തി ഭരണം കിട്ടിയതിന് ശേഷം ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞു പിണറായിയെ മുഖ്യൻ ആക്കുന്ന ഒരു ഫോർ‍മുല കുറുക്കിയെടുക്കുന്നതായിരിക്കും ഇടതുപക്ഷത്തിന് നല്ലത്.

You might also like

Most Viewed