ഇനിയും തുടരുന്ന ഭീകരത...
“എത്രത്തോളം നിങ്ങൾ ജനങ്ങളെ ഉപദ്രവിക്കുന്നുവോ, അത്രത്തോളം ത്രീവ്രവാദത്തെ നിങ്ങൾ വളർത്തുന്നു”
അന്റ്റോനിയ ഫ്രാസർ
കഴിഞ്ഞ വെള്ളിയാഴ്ച ഫ്രാൻസിലെ പാരീസിൽ ആറു ഇടങ്ങളിലായി നടന്ന ഭീകരാക്രമണ പരന്പര 129 മനുഷ്യ ജീവനുകളെയാണ് ഇല്ലാതാക്കിയത്. 352 പേർ പരിക്കുകളോടെ മരണത്തോട് മല്ലിടുന്നു. ഒസാമ ബിൻ ലാദന് ശേഷം പൊടുന്നനെ പൊട്ടിപുറപ്പെട്ട ഭീകര സംഘം ‘ഐസിസ്’ ഇറാക്കും, സിറിയയും, ഈജിപ്റ്റും, ലബനനും കടന്നു യുറോപ്പിൽ വരെ എത്തിനിൽക്കുന്നു. ആരാണ് ഈ സംഘത്തിന്റെ പിന്നിലെന്നോ, എന്താണ് ഇവരുടെ ഉദ്യേശമെന്നോ ഊഹിക്കാൻ പ്രയാസം. സിറിയൻ ഏകാധിപതി ബഷർ അൽ അസ്സദിനെ നേരിടുന്ന വിമത സേനയെ സഹായിക്കാൻ എന്ന പേരിൽ സിറിയയിലുട നീളം നാശം വിതച്ചു, മുന്നേറുന്ന സംഹാര രഥം, പിന്നിൽ ചതഞ്ഞരഞ്ഞും തലയോട്ടി പൊട്ടിയും പിടഞ്ഞു വീഴുന്ന സാധാരണ ജനത്തെ കാണുന്നില്ല. അമേരികയ്ക്ക് ‘അഐഎസ്’ എന്ന (സ്വന്തം) ഉൽപ്പന്നത്തെ തൊടാൻ മടിയായിരുന്നു. ബഷറിനോട് പ്രത്യേക മമതയില്ലങ്കിലും തീവ്രവാദത്തോട് സന്ധി ചെയ്യാൻ കഴില്ല എന്ന ഉറച്ച തീരുമാനത്തിൽ റഷ്യ പ്രത്യക്ഷത്തിൽ ബഷറിനെ പിന്തുണക്കുകയും ഐഎസിനെ തുടച്ചു നീക്കാൻ നേരിട്ട് സൈനിക ഇടപെടൽ നടത്തുകയും ചെയ്യുന്നു. എന്നാൽ തീവ്രവാദം ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഉപയോഗിക്കുന്ന അമേരിക്കയും ബ്രിട്ടനും യുറോപ്പ്യൻ രാജ്യങ്ങളും റഷ്യയുടെ ഈ നീക്കത്തെ അനുകൂലിച്ചിരുന്നില്ല, അതിന്റെ പിന്നിലെ രഹസ്യം ഭാവിയിൽ അമേരിയ്ക്കൻ ഉദ്യോഗസ്ഥന്മാരിൽ നിന്നും നമുക്ക് കേൾക്കാം. എന്നാൽ സിറിയയിൽ നാം കാണുന്നതിലും ഭീമമായ രീതിയിൽ ചേരി−എതിർചെരിയില്ലാതെ യുദ്ധം ഭയാനകരമായപ്പോൾ അഭയാർഥി പ്രവാഹം മൂലം യുറോപ്പ് വിറങ്ങലിച്ചു, ഒരു വേള അതിർത്തികൾ അടക്കാൻ വരെ നിർബന്ധിതമായി. പക്ഷെ ലോക മനസാക്ഷിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പ്രയാസപെട്ട് അതിർത്തികൾ തുറന്ന യുറോപ്പ്യൻ രാജ്യങ്ങൾക്ക് പാരീസ് ആക്രമണം ഒരു പിടിവള്ളിയാകാതിരിക്കട്ടെ, അഭയാർത്ഥികൾക്ക് തല ചായ്ക്കാൻ ഇടമെങ്കിലും അവശേഷിക്കട്ടെ.
ബോംബു സ്ഫോടനമെന്നും, തീവ്രവാദി ആക്രമണമെന്നും, ചാവേർ സ്ഫോടനമെന്നുമൊക്കെ കേൾക്കുന്പോൾ ആദ്യം ഓർമ്മവരുന്നത്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാക്, പലസ്തീൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുടെ പേരുകളായിരുന്നു. ഇന്നതിന്റെ ഭൂമിശാസ്ത്രവും, സാന്പത്തിക ശാസ്ത്രവും മാറിയിരിക്കുന്നു. ആക്രമണങ്ങളുടെയും യുദ്ധങ്ങളുടെയും കാര്യ−കാരണങ്ങൾ ബോധിപ്പിക്കാനും ചർച്ച ചെയ്യാനും കഴിയാത്ത അവസ്ഥ വന്നു ചേർന്നിരിക്കുന്നു. കഴിഞ്ഞ മാസം ഇരയോടൊപ്പം നിൽക്കെണ്ടിവന്നാൽ അടുത്ത തവണ വേട്ടക്കാരനോടു ചേരേണ്ട അവസ്ഥ. ആര് ആരെ എതിർക്കുമെന്നോ, അനുകൂലിക്കുമെന്നോ പറയാൻ കഴിയാത്ത രീതിയിൽ അടിസ്ഥാനമില്ലാത്ത തത്വസംഹിതകളാലും, നയങ്ങളാലും ലോകം ചുറ്റപ്പെട്ടിരിക്കുന്നു. എകാധിപതിയായിരിന്നിട്ടും ഇറാക്കിനെയും അവിടുത്തെ ജനങ്ങളെയും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ കഴിഞ്ഞതാണ് സദ്ദാം എന്ന ഭരണകർത്താവിന് തന്റെ കാലഘട്ടത്തിൽ പുറത്തു നിന്നുള്ള ഭീകര പ്രവർത്തനങ്ങളെ നേരിടേണ്ടി വരാതിരുന്നത്. രാജ്യത്തെ ജനങ്ങൾക്ക് ഇന്നുള്ളതിൽ വെച്ച് സ്വസ്ഥമായ ഒരു ജീവിത സാഹചര്യം സൃഷ്ടിക്കുന്നതിൽ സദ്ദാം വിജയിച്ചിരുന്നു എന്നത് അമേരിക്കയും ബ്രിട്ടനും ഇന്ന് സമ്മതിച്ച വസ്തുതയാണ്. സർവ്വ−നശീകരണ ആയുധങ്ങൾ തേടി ഇറാക്ക് അധിനിവേശം നടത്തി സമാധാനം പുനസ്ഥാപിക്കാൻ അമേരികയും കൂട്ടരും നടത്തിയ ശ്രമങ്ങൾ പാളുന്നതാണ് പിന്നീട് ലോകം കണ്ടത്, ഒടുവിൽ കുറ്റസമ്മതവും. സോവിയറ്റ് യുണിയനെ തകർക്കാൻ നിർമ്മിച്ച ബിൻ ലാദനെയും കൂട്ടരെയും ഉപയോഗിച്ച് ലോക രാജ്യങ്ങളെ എല്ലായ്പ്പോഴും ഭീകരതയുടെ ഭയപ്പെടുത്തുന്ന ചിഹ്നങ്ങളാക്കി ചൂണ്ടാൻ പാകത്തിൽ നിർത്താൻ ശ്രമിച്ചു, ഒടുവിൽ സ്വന്തം അസ്തിത്വത്തിനു നേരെ ഭീകരതയുടെ കരാള ഹസ്തം നീണ്ടപ്പോൾ വെട്ടി മാറ്റി രംഗം ഭംഗിയാക്കി. ആയുധ കച്ചവടത്തിന് ഒന്നാം നന്പർ രാജ്യങ്ങൾക്ക് എപ്പോഴും യുദ്ധങ്ങളും പ്രതിരോധ രാഷ്ട്രീയവും ആവശ്യമാണ്. അതിൽ ജനമെന്നോ, മനസാക്ഷിയെന്നോ ഇല്ല. ഇവിടെയെല്ലാം പ്രധാനം സൈനിക −രാഷ്ട്രാന്തര ഇടപെടലുകൾക്കുമപ്പുറം അതാതു രാജ്യങ്ങളിലെ സാധാരണ ജനത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ മതത്തിന്റെയും, വർണ്ണത്തിന്റെയും രാഷ്ട്രത്തിന്റെയും വലിപ്പ− ചെറുപ്പ വ്യത്യാസം നോക്കാതെ മൗലികമായ സമവായമാണ് വേണ്ടത്, അതിലേക്കു അസഹിഷ്ണുത വെടിഞ്ഞു ലോകം ഒന്നായി മുന്നോട്ടു വരുക.