ഇവന്റ് മാനേജ്മെന്റും, ബിഹാർ തിരഞ്ഞെടുപ്പും
ബിഹാറിൽ മഹാസഖ്യം ഉജ്ജ്വല വിജയം നേടിയിരിക്കുന്നു. പുറത്തു വന്ന എല്ലാ അഭിപ്രായ സർവ്വേകളേയും നിഷ്പ്രഭമാക്കിയ ഫലം. അഞ്ച് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനമായും ‘മോഡിയും−നിതീഷും’ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു. എന്നാൽ ഈ മഹാവിജയത്തിലേക്കെത്തിച്ച പ്രചാരണ തന്ത്രങ്ങൾക്ക് പിന്നിൽ, 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിയെ പ്രധാനമന്ത്രിപദത്തിലെത്തിച്ച ബുദ്ധി കേന്ദ്രം തന്നെയായിരുന്നു എന്ന് ഉള്ളറകൾ പരിശോധിക്കുന്പോൾ മനസ്സിലാക്കാൻ കഴിയും. 35 വയസ്സുള്ള പ്രശാന്ത് കിഷോർ എന്ന മുൻഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥൻ തന്റെ ജോലി രാജിവച്ചിട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോഡിക്കും അമിത്ഷായ്ക്കും വേണ്ടി തന്ത്രങ്ങളുടെ ചുക്കാൻ പിടിച്ചത്. എന്നാൽ അമിത് ഷായോടു പിണങ്ങി പടിയിറങ്ങുന്പോൾ നിതീഷിന്റെ കൂടാരം എത്രമാത്രം യോജിക്കുമെന്നു പ്രശാന്തിന് ഒരുറപ്പും ഇല്ലായിരുന്നു. അഴിമതിയിലും, ചേരിപ്പോരിലും സ്വയം നശിച്ച കോൺഗ്രസ്സ് സർക്കാരിൽ നിന്നും അധികാരം പിടിച്ചെടുക്കാൻ മോഡിയെന്ന ഗുജറാത്തിലെ വിജയിച്ച മുഖ്യമന്ത്രിയെ കൊണ്ട് സാധിക്കുമായിരുന്നു എന്ന രാഷ്ട്രീയ വീക്ഷണത്തിൽ നിന്നും തന്നിലെ കഴിവ് തെളിയിക്കേണ്ട ബാധ്യത പ്രശാന്തിനുണ്ടായിരുന്നു, ഏറ്റവും ചുരിങ്ങിയത് അമിത്ഷായുടെ മുന്നിലെങ്കിലും. അത് തെളിയിക്കപ്പെട്ടു എന്ന് തന്നെ വേണം ബിഹാർ ഫലം കാണുന്പോൾ മനസ്സിലാകുന്നത്.
മഹാസഖ്യത്തെ ഹൈടെക്കാക്കിയതും നിതീഷ് കുമാറിന്റെ പ്രചാരണത്തിന് രൂപരേഖ തയ്യാറാക്കിയതും പ്രശാന്തും സംഘവുമാണ്. ഐ.ഐ.ടി ബിരുദക്കാരും എം.ബി.എക്കാരും അടങ്ങുന്ന ഒരു സംഘം ചെറുപ്പക്കാരാണ് പ്രശാന്തിന്റെ സംഘത്തിലുള്ളത്. പ്രശാന്ത് കിഷോറും സുഹൃത്തുക്കളും രൂപം നൽകിയ ‘ഐപാക്ക്’ എന്ന സംഘടന അഞ്ച് മാസം മുന്പാണ് ബിഹാർ ദൗത്യം ഏറ്റെടുത്തത്. നിതീഷിന്റെ വികസന പ്രവർത്തനങ്ങൾ ഗ്രാമഗ്രാമാന്തരങ്ങളിൽ ഐപാക്ക് എത്തിച്ചു. 500ഓളം സൈക്കിളുകളാണ് ഇതിന് വേണ്ടി സംഘം ഉപയോഗിച്ചത്. ആദ്യമൊക്കെ എതിർത്ത ലാലു പ്രസാദ് പിന്നീട് പ്രശാന്തിന്റെ നിർദ്ദേശങ്ങൾക്ക് കാതുകൂർപ്പിച്ചു. താഴെക്കിടയിലെ അടിയൊഴുക്കുകൾ, ജനസമ്മതിയുള്ള നേതാക്കൾ, ബി.ജെ.പി തന്ത്രങ്ങൾ എന്നിവയുടെ വിവരങ്ങൾ പാറ്റ്നയിലിരിക്കുന്ന മുഖ്യമന്ത്രിയുടെ അടുത്ത് കൃത്യമായി എത്തിച്ച് മറു തന്ത്രം പറഞ്ഞു കൊടുത്തു. നിതീഷിന്റെ ട്വിറ്റർ കൈകാര്യം ചെയ്തത് പ്രശാന്ത് നേരിട്ടായിരുന്നു. ‘സാത്ത് നിശ്ചയ്’ എന്ന പേരിൽ മഹാസഖ്യം പുറത്തിറക്കിയ ദർശനരേഖയുടെയും പിന്നിൽ ഐപാക്കായിരുന്നു. മോഡിയുടെ ഡി.എൻ.എ, പരാമർശത്തിനെതിരെ ഡി.എൻ.എ ക്യാന്പയിൻ നടത്തിയതും ഈ സംഘമായിരുന്നു. അങ്ങനെ ഇന്ത്യയുടെ തിരഞ്ഞെടുപ്പും അമേരിക്കൻ മോഡലിൽ ഒരു ‘ഇവന്റ് മാനേജ്മെന്റ്’ രീതിയിലേയ്ക്ക് മെല്ലെ നടന്നടുക്കുന്നു.
ലോക്സഭയിലെ ഭൂരിപക്ഷം കൊണ്ട് മാത്രം ഇന്ത്യയിൽ ഭരണം സ്വന്തം നയത്തിനനുസരിച്ച് മുന്നോട്ടു കൊണ്ട് പോകാൻ കഴിയില്ലയെന്നും രാജ്യസഭയിലും ഭൂരിപക്ഷം വേണമെന്ന തിരിച്ചറിവിൽ നിന്നാണ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾക്ക് മോഡിയും, അമിത് ഷായും പ്രത്യേകിച്ച് മുതലാളിത്ത ഭീമന്മാരും കൂടുതൽ പ്രാധാന്യം നൽകിത്തുടങ്ങിയത്. അതിനാൽ തന്നെ രാജ്യത്തെ പ്രധാനമന്ത്രി കീഴ്−വഴക്കങ്ങൾ മറികടന്ന് നേരിട്ട് പ്രചരണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ബിന്ദുവായി. എന്നാൽ സ്വന്തം ക്യാന്പിൽ നിന്ന് തന്നെ രാജ്യത്ത് വളർന്ന് വരുന്ന അസഹിഷ്ണുതയും അക്രമവും കണ്ടില്ലാന്ന് മാത്രമല്ല അതിനെ പിടിച്ചുകെട്ടാൻ കെൽപില്ലാത്ത പ്രധാനമന്ത്രിയായി മോഡി മാറിയെന്ന് മറു പ്രചരണം വന്നു.
ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുന്പോൾ ബി.ജെ.പിക്ക് പകുതിയിലേറെ സീറ്റുകൾ നഷ്ടമായി. നരേന്ദ്ര മോഡി മുപ്പതിലധികം റാലികൾ പങ്കെടുത്ത മേഖലകളിൽ നിന്നാണ് മഹാസഖ്യത്തിന് ഏറെയും സീറ്റുകൾ ലഭിച്ചത്. അസദുദ്ദീൻ ഉവൈസിയും മാൻജിയും തങ്ങൾക്ക് നേട്ടമുണ്ടാക്കിതരുമെന്ന കണക്കുകൂട്ടലുകൾ പിഴച്ചു. പാളയത്തിൽ പട തുടങ്ങിയ ബി.ജെ.പിയിൽ സ്വന്തം അണികളെ നിലയ്ക്ക് നിർത്താനും വംശീയ−വർഗ്ഗീയ−വിദ്വേശ പ്രവർത്തനങ്ങളിൽ നിന്നും അകറ്റാനും രാജ്യത്ത് ന്യുനപക്ഷ−ഭൂരിപക്ഷ, ജാതി−മത, ചിന്തകൾക്കതീതമായ രാഷ്ട്രീയം വളർത്തി ജന നന്മക്കും രാജ്യ പുരോഗതിക്കുമുതകുന്ന ഭരണം കാഴ്ച വെക്കാൻ നരേന്ദ്ര മോഡിക്കും കൂട്ടർക്കും ഈ വിധി ഒരു തെളിച്ചമാകട്ടെ എന്നു കരുതുന്നതോടൊപ്പം നിലനിൽപ്പിനാണെങ്കിൽകൂടി വർഗ്ഗീയതക്കെതിരെ ഈ സഖ്യത്തോട് കൂട്ട് കൂടിയ കോൺഗ്രസ്സിനെ അഭിനന്ദിക്കുകയും, ചരിത്ര പരമായ വിഡ്ഢിത്തം വീണ്ടും നടത്തിയ ഇടത് പക്ഷ പ്രസ്ഥാനങ്ങൾ ഭാവിയിൽ തിരുത്തുമെന്നും പ്രത്യാശിക്കാം.