കേരളം രാഷ്ട്രീയ പ്രബുദ്ധമോ?


“തെറ്റ് പറ്റാത്തവരായി ആരും ഇല്ല, സജ്ജനങ്ങൾക്കുപോലും തെറ്റ് പറ്റാം, അവരെ സജ്ജനങ്ങൾ എന്ന് നാം വിളിക്കുന്നത് അവർ ചെയ്ത തെറ്റുകൾ മറച്ചു വെയ്ക്കാതെ അത് തിരുത്താൻ ശ്രമിക്കുന്നത് കൊണ്ടാണ്”− ഗാന്ധിജി. 

കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പ് ചൂടിൽ, ഏറ്റവും താഴെ തട്ടിലുള്ള ഭരണവർഗ്ഗത്തെ തിരഞ്ഞെടുക്കുന്നതിന് പ്രജകൾക്കുള്ള സുവർണ്ണാവസരം. രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കൾ മാറ്റുരയ്ക്കുന്ന തികച്ചും തദ്ദേശ−ഭരണ തിരഞ്ഞെടുപ്പ്. പക്ഷെ വാർത്താ മാധ്യമങ്ങളുടെ അതിപ്രസരത്തിൽ, ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് നിയമസഭയോ− ലോക്സഭയോ എന്ന് ജനത്തിന് തോന്നിപ്പോകും, ഏറ്റവും ചുരുങ്ങിയത് ‘കൊട്ടിക്കലാശം’ കണ്ടാലെങ്കിലും. സാധാരണ ജനത്തെ ബാധിക്കുന്ന ദൈനംദിന പ്രശ്നങ്ങളിൽ നിന്നും ഏറെ അകന്ന ഇടതു− വലതു− മദ്ധ്യ മുന്നണികൾക്ക് അവരുടെ ജനകീയ മുഖം നഷ്ടമായിരിക്കുന്നു. അതിനാൽ തന്നെ ദേശീയവും അന്തർദേശീയവുമായ വിഷയങ്ങൾ പ്രധാന പ്രചരണ വിഷയമായത്. അഹങ്കാരത്തിന്റെയും അസഹിഷ്ണുതയുടെയും തൻ്രപമാണിത്തം കാട്ടി നടന്ന ‘കുട്ടി നേതാക്കൾ’ പലർക്കും സ്വന്തം അയൽക്കാരനോട് പോലും വോട്ടഭ്യർത്ഥിക്കാൻ കഴിയാത്ത സ്ഥിതി. 

ഇതൊക്കെ കൊണ്ട് തന്നെ തദ്ദേശ−ഭരണ തിരഞ്ഞെടുപ്പിൽ സംസ്ഥാന മുഖ്യമന്ത്രി മുതൽ മന്ത്രിമാർ, എം.പി, എം.എൽ.എ തുടങ്ങി അങ്ങ് കേന്ദ്രത്തിൽനിന്ന് പോലും നേതാക്കൾ അയൽകൂട്ടങ്ങളിലെ സ്ത്രീകളെക്കാണാൻ എത്തി. മാത്രവുമല്ല രാഷ്ട്രീയ പാർട്ടികളുട ദേശീയ−സംസ്ഥാന നേതാക്കൾ വീടുവീടാന്തരം കയറിയിറങ്ങി വോട്ടു തെണ്ടുന്ന കാഴ്ച കൗതുകത്തിനപ്പുറം രാഷ്ട്രീയ വഞ്ചനയുടെ കാണാപ്പുറങ്ങൾ തേടലായി. 

സംസ്ഥാനത്ത് അഴിമതി അതിന്റെ എല്ലാ സീമകളും ലംഘിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു. അന്വേഷണ റിപ്പോർട്ടും കോടതിയുടെ പരാമർശവുമൊന്നും കെ.എം. മാണിക്ക് ബാധകമല്ല. സമുദായ രാഷ്ട്രീയം എത്രമാത്രം കേരള രാഷ്ട്രീയത്തിൽ ഇടപെടുന്നു എന്നതിന് തെളിവാണ് ഇന്നും മാണിയുടെ മന്ത്രിസ്ഥാനം. ധാർമ്മികതയുടെ വാളോങ്ങി കെ.പി വിശ്വനാഥനെയും, കെ.കെ രാമചന്ദ്രനെയും, കുഞ്ഞാലികുട്ടിയേയുമൊക്കെ കോടതി പരാമർശത്തിന്റെ പേരിൽ ഉമ്മൻ ചാണ്ടി രാജി വെപ്പിച്ച ചരിത്രം കേരളം മറന്നിട്ടില്ല. എന്നാൽ ആ ധാർമ്മികതയൊന്നും ഇന്ന് ഉമ്മൻ ചാണ്ടിക്കില്ല എന്ന് മാത്രവുമല്ല, പാമോയിൽ കേസിൽ വിധി വന്നപ്പോൾ താൻ രാജി വെക്കാതിരുന്നത് ഉത്തമമായ കാര്യമായാണ് മാണിക്ക് പിന്തുണ പ്രഖ്യാപിക്കവേ ഉമ്മൻചാണ്ടിയുടെ പക്ഷം. ഇപ്പോൾ ധാർമ്മികത എന്ന പദം കേൾക്കുന്പോൾ പഴയ ചങ്ങാതിമാരെ ഓർത്തു കുന്പസാരം നടത്തുന്ന മുഖ്യമന്ത്രിയെ ഓർത്ത് ലജ്ജിക്കുകയെ വഴിയുള്ളൂ. സ്വന്തം ഓഫീസ് അഴിമതി ആരോപണത്തിന്റെ നാറുന്ന കഥയിലെ കേന്ദ്രബിന്ദുവായിട്ടും മുഖ്യന് തെല്ലും ഇളിഭ്യതയില്ല. ധീരനും ആദർശവാന്മാരായ സുധീരനും, ആന്റണിക്കും പഴയത് പോലെ ധാർമ്മികത വെട്ടി തുറന്നു പറയാനുള്ള ആർജ്ജവം നഷ്ടപ്പെട്ടു. 

പാമോയിലിൻ കേസിൽ കോടതിയെ തെറി പറഞ്ഞ പി.സി ജോർജ്ജ്, രാഷ്ട്രീയ കളം മാറിയപ്പോൾ ആന്റണി രാജുവും, ജോസഫുമൊക്കെ ആ ജോലി ഏറ്റെടുത്തു നന്നായി ചെയ്യുന്നു. കോഴക്കേസിൽ ചരട് പൊട്ടിയ പട്ടം പോലെ പ്രതിപക്ഷം കവല പ്രസംഗങ്ങളിൽ ഒതുങ്ങുന്പോൾ, വി.എസ് എന്ന വിപ്ലവ വീര്യന്റെ ഒറ്റയാൾ പോരാട്ടം ഇതിന് വ്യതിരിക്തം എന്നതാണ് സാധാരണ ജനത്തിന്റെ ആശ്വാസം. ഒരു സംസ്ഥാനത്തിന്റെ ധനമന്ത്രിക്കെതിരെ കോഴ ആരോപണവും അതിന്മേൽ ബജറ്റ് അവതരണവും ആരോപണങ്ങളായി സമൂഹത്തിലും ഭരണ−പ്രതിപക്ഷ പാർട്ടികളിലും എന്തിനേറെ, ഗവർണ്ണറുടെ ചേംബറിൽ പോലും കത്തി നിൽക്കുന്പോൾ തന്നെയാണ് കെ.എം. മാണിയെ GST Empowered കമ്മിറ്റിയുടെ ചെയർമാനായി കേന്ദ്രം നിയമിച്ചത്? കേരളത്തിലെ യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റ് നടയിൽ പോലീസിന്റെ കണ്ണീർവാതകം ഏൽക്കുന്പോൾ ഇടയ്ക്കു കിട്ടുന്ന ശ്വാസം കൊണ്ട് അൽപ്പം ഉച്ചത്തിൽ സ്വന്തം മന്ത്രിയോടും കേന്ദ്ര−സംസ്ഥാന നേതാക്കളോടും ഇതിന്റെ പിന്നിലെ രഹസ്യം ഒന്ന് ചോദിക്കുന്നത് നല്ലതായിരിക്കും. 

ഇതൊക്കെയാണെങ്കിലും കേരളത്തിലെ ജനങ്ങൾ ‘രാഷ്ട്രീയ പ്രബുദ്ധത’ കാണിച്ച് ഇവർക്കൊക്കെ സിന്താബാദ് വിളിക്കും. മതവും, ജാതിയും, അന്ധമായ രാഷ്ട്രീയ അടിമത്തവും അരങ്ങുവാഴുന്ന കേരളം മറ്റൊരു ഉത്തരേന്ത്യൻ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു.

You might also like

Most Viewed