കാരുണ്യം ഇല്ലാതാകുന്ന ‘കാരുണ്യ ലോട്ടറി ’
“ഇതിനൊക്കെ പ്രതികാരം ചെയ്യാതിരിക്കുമോ പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ ”− ചങ്ങന്പുഴ (വാഴക്കുല)
ഭാഗ്യക്കുറിയുടെ മുഖച്ഛായ തന്നെ മാറ്റിയ ‘കാരുണ്യ ലോട്ടറി’, അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നും വഴുതിമാറുന്നോ എന്ന സംശയം ബലപ്പെട്ടിരിക്കുന്നു. 2011−-12 ബജറ്റിൽ കേരള സർക്കാർ പ്രഖ്യാപിച്ച ‘കാരുണ്യ ബെനവലന്റ് ഫണ്ട്’ എന്ന പദ്ധതി നിർദ്ദനരായവർക്ക് ചികിത്സാസഹായമെത്തിച്ച്, ജീവകാരുണ്യ യജ്ഞത്തിൽ സാധാരണ ജനത്തെ പങ്കാളിയാക്കാനും, അതുവഴി സാമുഹിക പ്രതിബദ്ധതയുള്ള സമൂഹത്തെ സൃഷ്ടിക്കാൻ വേണ്ടിയും ആരംഭിച്ച ഒന്നാണ് കാരുണ്യ ലോട്ടറി. മാരകരോഗങ്ങളായ ക്യാൻസർ, ഹൃദ്രോഗം, വൃക്ക രോഗം, തലച്ചോർ, കരൾ സംബന്ധമായ രോഗങ്ങൾ, ഹീമോഫീലിയ തുടങ്ങിയവയുടെ ചികിത്സക്കും ശസ്ത്രക്രിയക്കും പരമാവധി രണ്ട് ലക്ഷം രൂപ വരെ നൽകുന്നതാണ് പദ്ധതി. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ‘കാരുണ്യ’ പദ്ധതി പ്രകാരമുള്ള ചികിത്സാസഹായം 800 കോടി കവിഞ്ഞിരിക്കുന്നു. ലോട്ടറിയുടെ പ്രചാരണത്തിന് സിനിമാതാരങ്ങൾ മുതൽ കായിക താരങ്ങൾ വരെ പ്രതിഫലം വാങ്ങാതെ പരസ്യത്തിൽ അഭിനയിച്ചു. ജീവിതത്തിൽ ഒരിക്കൽ പോലും ലോട്ടറി എടുക്കുകയോ ഭാഗ്യം മൂലം ഉണ്ടാകുന്ന സന്പത്ത് ആഗ്രഹിക്കാത്തവരോ ആയ അനേകമായിരം ആൾക്കാർ ഈ പദ്ധതിയുടെ ഉദ്ദേശശുദ്ധിയെ ഓർത്ത് ലോട്ടറി എടുക്കാൻ മുന്നോട്ടു വന്നു. നിർദ്ദനരായ രോഗികളെ സഹായിക്കാനാണെന്ന പ്രചാരണം മറ്റ് ലോട്ടറികളെക്കാൾ കൂടുതൽ കാരുണ്യ ലോട്ടറിക്ക് ആവശ്യക്കാർ ഏറി.
സർക്കാർ ആശുപത്രിയിൽ മാത്രം തുടങ്ങിയ ‘കാരുണ്യ ചികിത്സാസഹായ പദ്ധതി’ പിന്നീട് വൻകിട സ്വകാര്യ സ്പെഷ്യാലിറ്റി ആശുപത്രികളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചത് പദ്ധതിയിൽ കല്ലുകടിക്ക് തുടക്കം കുറിച്ചു. പദ്ധതിയിൽ ഉൾപ്പെടുത്തിയ ആശുപത്രികൾക്ക് ചികിത്സാ ചിലവുകൾ നേരിട്ട് നൽകുകയാണ് രീതി. ഇതുമൂലം പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികളിൽ ചികിത്സ തേടാൻ രോഗികൾ നിർബന്ധിതമാവുകയാണ്. ഇപ്പോൾ ഏകദേശം 72 സ്വകാര്യ ആശുപത്രികൾ ഈ പദ്ധതിയിൽ അക്രഡിറ്റ് ചെയ്തിട്ടുണ്ട്, ഇതിന് പുറമേ സർക്കാർ ആശുപത്രികളും ഈ പദ്ധതിയിൽ അംഗമാണ്. ഈ പദ്ധതിപ്രകാരം ഏറ്റവും കൂടുതൽ സഹായം ലഭിച്ചത് ക്യാൻസർ രോഗികൾക്കും, വൃക്ക മാറ്റിവക്കൽ ആവശ്യമായ രോഗികൾക്കുമാണ്.
എന്നാൽ ഏറ്റവും പുതിയ വിവരമനുസരിച്ച് ഈ പദ്ധതി ഏകദേശം നിലച്ച മട്ടാണ്. അഴിമതിയിൽ മുങ്ങി നിൽക്കുന്ന ഒരു സർക്കാർ, നിർദ്ദന രോഗികളുടെ ചികിത്സയ്ക്ക് സാധാരണ ജനം നൽകുന്ന സന്പത്തും കൊള്ളയടിക്കുന്നു എന്നാകുന്പോൾ തിരഞ്ഞെടുക്കപ്പെട്ട ഭരണകുടത്തിന്റെ ലജ്ജിപ്പിക്കുന്ന അവസ്ഥയെന്നേ പറയേണ്ടതുള്ളു.
120 കോടിയിലധികം രൂപ കാരുണ്യ പദ്ധതിയിൽ ചികിത്സ തേടിയവർക്ക് സർക്കാർ നൽകാനുണ്ട്. എന്നാൽ കാരുണ്യ ലോട്ടറിയുടെ ലാഭം 1000 കോടിയിലെത്തിയെന്ന് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നിട്ടും രോഗികളെ സഹായിക്കാൻ ആവിഷ്കരിച്ച പദ്ധതിയുടെ പണം അവർക്ക് കിട്ടാതെ പോകുന്നത് എന്തുകൊണ്ടാണെന്നുള്ളത് ചിന്താവിഷയമാണ്. സാധാരണ ജനം നേരിട്ട് സർക്കാരിന് നൽകുന്ന സഹായ ധനം പോലും അർഹതപ്പെട്ടവരുടെ ചികിത്സയ്ക്ക് ലഭിക്കുന്നില്ല എന്നത് സങ്കടകരം എന്നല്ലാതെ എന്ത് പറയാൻ. കാരുണ്യ ലോട്ടറിയുടെ ലാഭവിഹിതം ചികിത്സാ സഹായത്തിന് മാത്രമാണ് വിനിയോഗിക്കുന്നതെന്നാണ് സർക്കാർ പ്രചരിപ്പിക്കുന്നത്. പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികൾക്ക് ഏകദേശം 9 കോടിയും സർക്കാർ ആശുപത്രികൾക്ക് ഏകദേശം 120 കോടിയും കുടിശ്ശികയുണ്ടെന്ന് ധനവകുപ്പ് വ്യക്തമാക്കുന്നു. ഇവിടെയും സ്വകാര്യ ആശുപത്രികൾ അവരുടെ വിഹിതം പരമാവധി വാങ്ങിച്ചു എന്ന് കാണാം. എന്നിട്ടും, കുടിശ്ശികയുടെ പേരുപറഞ്ഞു രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നു.
സർക്കാരിന്റെ സാന്പത്തിക പ്രതിസന്ധി അതിജീവിക്കാൻ കാരുണ്യ ഫണ്ടും വകമാറ്റിയതാകാം ഇതിന് കാരണം. ലാഭത്തിൽ പ്രവർത്തിക്കുന്ന മറ്റെല്ലാ പൊതുമേഖല സ്ഥാപനത്തിന്റെയും ഫണ്ട് സർക്കാരിന്റെ ദൈനംദിന ചിലവുകൾക്ക് വകമാറ്റി ആ സ്ഥാപനങ്ങളെ ഇല്ലാതാക്കിയതുപോലെ നിർദ്ദനരുടെ പിച്ച ചട്ടിയിൽ കൂടി കയ്യിട്ട് വാരുന്ന സർക്കാർ നടപടി തികച്ചും പ്രതിഷേധാർഹമാണ്. സർക്കാർ നൽകേണ്ട ധനം മുടങ്ങിയപ്പോൾ ആശുപത്രികളുടെ മനോഭാവത്തിലും മാറ്റം വന്നത് ചികിത്സയ്ക്കായി ചെല്ലുന്ന രോഗികൾക്ക് കൂടുതൽ മാനസിക പിരിമുറുക്കത്തിനും കാരണമാകുന്നു. രാജ്യത്ത് ആദ്യമായാണ് ലോട്ടറി വിറ്റ് കിട്ടുന്ന ലാഭത്തിലൂടെ സർക്കാർ ചികിത്സാ സഹായ പദ്ധതി രൂപവത്കരിച്ചത്. ഇങ്ങനെ മറ്റു സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയായ ഒരു പദ്ധതിയെ ഇല്ലാതാക്കാൻ അനുവദിച്ചുകൂടാ, ചെരുപ്പിന്റെ വാർ വരെ അഴിക്കാൻ കൊണ്ട് നടക്കുന്ന പി.എകൾക്ക് സർക്കാർ ഖജനാവിൽ നിന്നും ശന്പളം തികയാതെ വന്നപ്പോൾ രോഗികളുടെ സഹായം പോലും തിരിമറി നടത്തുന്ന അനീതിക്കെതിരെ പ്രതിഷേധ സ്വരങ്ങൾ ഉയർന്നു വരണം.