വിശ്വാസമില്ലായ്മയിൽ പൊലിഞ്ഞ ന്യായാധിപകമ്മീഷൻ
“ഭരണഘടന ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് കണ്ടാൽ അതിനു തീ കൊളുത്തുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും” ഡോ. ബി.ആർ. അംബേദ്കർ.
യു.പി.എ സർക്കാർ തുടങ്ങിവെച്ച് ബി.ജെ.പി സർക്കാർ ഭേദഗതി വരുത്തി പാർലമെന്റിന്റെ ഇരു സഭകളും പാസാക്കി, രാഷ്ട്രപതി ഒപ്പുവെച്ചതുമായ ന്യായാധിപ നിയമന കമ്മീഷനെ സുപ്രീം കോടതി വിധിയിലൂടെ റദ്ദാക്കിയിരിക്കുന്നു. ജഡ്ജിമാരെ ഭരണ−നിർവ്വഹണ തലവനായ രാഷ്ട്രപതി നിയമിക്കുന്ന രീതി തുടർന്ന് വന്ന ഇന്ത്യയിൽ, രാഷ്ട്രപതി തിരഞ്ഞെടുപ്പ് തന്നെ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള ബലാബല കളികളിലെത്തിയപ്പോൾ തുടർന്ന് നടക്കുന്ന ജഡ്ജി നിയമനവും രാഷ്ട്രീയ അതിപ്രസരത്തിൽ മുങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഇതിനെ മറികടക്കാൻ വേണ്ടിയാണ് ‘കൊളീജിയം’ കൊണ്ടുവന്നത്. സുപ്രീം കോടതിയിലെയും സംസ്ഥാനങ്ങളിലെ ഹൈക്കോടതി ജഡ്ജിമാരെയും നിയമിക്കുന്നതിനും സ്ഥലം മാറ്റുന്നതിനും വേണ്ടി രണ്ടു പതിറ്റാണ്ടിനു മുന്പ് രൂപീകരിച്ച വ്യവസ്ഥയാണ് ‘കൊളീജിയം’. ഭരണഘടനയിൽ ഒരിടത്തും ഈ വ്യവസ്ഥക്ക് ആധികാരികതയില്ല. രാജ്യത്തിലെ വിധികൾക്ക് സാമൂഹിക പ്രതിബദ്ധത കുറയുന്നതും, നീതിയുടെ ദേവത പലപ്പോഴും ജാതി−രാഷ്ട്രീയ−വ്യക്തി സമവാക്യങ്ങളിൽ കുടുങ്ങി കണ്ണടക്കുകയും ചെയ്യുന്നു എന്ന പരാതി, സ്വാഭാവികമായും കോടതികളുടെ നിയമന സ്വഭാവത്തിൽ സംശയം ജനിപ്പിച്ചു തുടങ്ങിയിരുന്നു. പദവിയിൽ നിന്നും വിരമിക്കുന്ന ജഡ്ജിമാർ പിന്നീട് പല കമ്മിഷനുകളുടെയും സംസ്ഥാനത്തിന്റെയുമൊക്കെ ഉയർന്ന പദവികളിൽ വരുന്നത് ന്യായാധിപന്മാരായിരിക്കുന്പോൾ അവർക്ക് ഭരണകുട വിധേയത്വം ചെയ്യാൻ കൂടുതൽ പ്രചോതനമേകും. ഏറ്റവും ഒടുവിൽ കേരള ഗവർണ്ണർ നിയമനവും വിവാദമായത് ഈ സാഹചര്യത്തിലാണ്. അപ്പോൾ സുതാര്യമായും സാമൂഹിക നീതിയിലധിഷ്ടിതമായ രീതിയിലുള്ള ജഡ്ജിമാരുടെ നിയമനങ്ങൾക്ക് വേണ്ടി രാജ്യം ഒരുങ്ങുകയും പലവിധ ചർച്ചകൾക്കും സംവാദങ്ങൾക്കും ഒടുവിലാണ് ‘ന്യായാധിപ നിയമന കമ്മീഷൻ’ രൂപീകരിക്കുകയും ബില്ല് രാജ്യം പാസാക്കുകയും ചെയ്തത്.
എന്നാൽ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്ക് മേൽക്കോയ്മ ലഭിക്കത്തക്ക രീതിയിൽ കമ്മിഷന്റെ ഘടന വന്നപ്പോഴാണ് ജുഡീഷ്യറിയെ അട്ടിമറിക്കുന്ന രീതി വന്നേക്കുമോ എന്ന ആശങ്ക ഉടലെടുത്തത്. ഒടുവിൽ നടന്ന ചില ജഡ്ജി നിയമനങ്ങൾ അത് ശരിവെയ്ക്കുകയും ചെയ്യുന്നുണ്ട്. പാസാക്കിയ ന്യായാധിപ കമ്മിഷനിൽ സർക്കാരിനും ജുഡീഷ്യറിക്കും ഒരേ പോലെ പ്രാധാന്യം ഉണ്ട് എന്ന് പറയുന്പോഴും, തർക്കം വന്നാൽ പ്രയോഗിക്കാവുന്ന ‘വീറ്റോ’ അധികാരം ഭരണകുടത്തിനു മേൽക്കൈ നൽകുന്നു. ഒരുപക്ഷേ അത് രാജ്യത്തെ കൂടുതൽ അസ്ഥിരതയിലേക്ക് നയിക്കുകയും ചെയ്യും. ഇതൊക്കെ കൊണ്ട് തന്നെയാണ് മുൻ സോളിസിറ്റർ ജനറലും ഈ കേസിന്റെ ഹർജിക്കാരനുമായ വിശ്വജിത് ഭട്ടാചാര്യ പറഞ്ഞത് “ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ഇടപെടലിന് അന്ത്യം കുറിച്ച കേശവാനന്ത ഭാരതി വിധിക്ക് ശേഷം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ തങ്ക ലിപികളാൽ എഴുതപ്പെടെണ്ട വിധിയെന്ന്”. രാജ്യത്തെ സാധാരണ ജനങ്ങൾക്ക് പ്രതീക്ഷയും രക്ഷയുമാണ് കോടതികൾ. അപ്പോൾ നീതിന്യായ സംവിധാനങ്ങൾ നിക്ഷപക്ഷവും സുതാര്യവുമായിരിക്കണം. എങ്കിൽ മാത്രമേ ജനാധിപത്യം ശക്തമായി മുന്നേറുകയുള്ളൂ.
രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും അഭിലാഷമാണ് ഈ വിധിയിലൂടെ നഷ്ടമായത് എന്നഭിപ്രായം തീർത്തും ബാലിശമാണ്. കോടതികൾ തന്നെ നിയന്ത്രിക്കുന്ന ‘കൊളീജിയ’ത്തിൽ പലവിധ പോരായ്മകൾ ഉണ്ടെന്നു വിധി പ്രസ്താവിച്ച ജഡ്ജിമാർ തന്നെ സമ്മതിച്ച സാഹചര്യത്തിൽ പുതിയ− കുറ്റമറ്റ രീതിയിലുള്ള നിയമന കമ്മീഷൻ വരുമെന്ന് പ്രത്യാശിക്കാം, അവിടെയാണ് ഈ വിധിയുടെ തിളക്കവും. എന്നാൽ ഇപ്പോഴുണ്ടായ വിധി അംഗീകരിച്ചു മുന്നോട്ടു പോകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ഒരുപക്ഷേ വരും നാളുകളിൽ ജുഡീഷ്യറിയും സർക്കാരും തമ്മിലുള്ള ‘മൂപ്പിളമ’ തർക്കം രൂക്ഷമാകുമെന്ന് മാത്രമല്ല കോടതികളുടെ പ്രവർത്തനങ്ങൾക്ക് മരവിക്കൽ സംഭവിക്കുകയും ചെയ്യും. ജനങ്ങളുടെ പ്രതിനിധി സഭകൾക്കാണ് ജുഡീഷ്യറിയെക്കാളും പ്രാധാന്യമെങ്കിലും രാജ്യത്തെ നിലവിലെ പലവിധ സംഭവങ്ങളും ഈ ജനാധിപത്യത്തിലും നിയമ നിർമ്മാണത്തിലുമുള്ള സംശയങ്ങൾ ഉത്ഭവിച്ചു കഴിഞ്ഞു. നിലവിലെ കൊളീജിയത്തിലെ പോരായ്മകൾ പരിഹരിക്കാൻ ബന്ധപ്പെട്ട കക്ഷികളെ കോടതി വിളിച്ചത്, നിയമ നിർമ്മാണങ്ങൾ തുടങ്ങാൻ കോടതികളും തയ്യാറായി തുടങ്ങിയോ എന്ന ആശങ്കയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതും ജനാധിപത്യത്തിന്റെ ശക്തിശയിപ്പിക്കും. “ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടാത്തവരുടെ സ്വേച്ചാധിപത്യത്തിന്” വഴങ്ങില്ല എന്ന ജനങ്ങളാൽ തിരഞ്ഞെടുക്കപെടാത്ത അരുൺ ജെയ്റ്റിലിയെ പോലുള്ളവർ ഗോമാംസ വിവാദവും, പൂനെ ഫിലിം അക്കാദമിയിലെ വിവാദവും കരിഓയിൽ പ്രയോഗവുമൊക്കെ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളായ പാർലമെന്റും ജുഡീഷ്യറിയും തമ്മിലടിക്കാതെ സ്വജനപക്ഷമില്ലാത്ത, സന്തുലിതമായ സാമൂഹിക നീതിയിലധിഷ്ടിതമായി ജനങ്ങളോടു പ്രതിബദ്ധത പുലർത്തുന്ന പുതിയ ഒരു സംവിധാനം വരാൻ നമുക്ക് പ്രത്യാശിക്കാം.