ഡൽഹി രാഷ്ട്രീയം പറയാതെ വയ്യ!


എന്റെ മനസ്സിലൂടെ മറ്റുള്ളവരുടെ വൃത്തികെട്ട പാദങ്ങൾ കൊണ്ട് നടക്കാൻ ഞാൻ ആരെയും അനുവദിക്കില്ല -−−−ഗാന്ധിജി 

 പേരിന് മൂന്നംഗങ്ങൾ മാത്രം പ്രതിപക്ഷമായുള്ള ഒരു നിയമസഭയിൽ സ്വന്തം മന്ത്രിസഭയിലെ പ്രമുഖനായ ഒരംഗം അഴിമതി നടത്താൻ കോപ്പുകൾ കൂട്ടുന്നു എന്നറിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തെ പുറത്താക്കിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്−രിവാൾ അഭിനന്തനം അർഹിക്കുന്നു. അഴിമതിവിഷയത്തിൽ സന്ധിയില്ല എന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കാൻ ഈ നടപടിയിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു. അഴിമതിക്ക് കൂട്ടുനിന്നതിന് തെളിവുകളടക്കം ഭക്ഷ്യമന്ത്രി അസിം അഹമ്മദ് ഖാനെതിരെ പരാതി ലഭിച്ചതിനെതുടർന്നാണ് മൂന്ന് മണിക്കൂറിനുള്ളിൽ തലസ്ഥാനത്തു നിന്ന് മന്ത്രിയെ നീക്കിക്കൊണ്ട് കേജ്−രിവാൾ ഡൽഹിയിൽ പത്ര സമ്മേളനം നടത്തിയത്. മാത്രവുമല്ല കേസ് സി.ബി.ഐയ്ക്ക് കൈമാറാനും തീരുമാനിച്ചു. 

രാജ്യത്ത് അഴിമതി ചോദ്യം ചെയ്യപ്പെടാൻ കഴിയാത്തവിധം പടർന്നു പന്തലിച്ചു നിൽക്കുന്പോഴാണ്, അഴിമതിക്കും, നിഷ്ക്രിയത്വത്തിനും, ഉദ്യോഗസ്ഥ ലോബിക്കും, ചങ്ങാത്ത മുതലാളി കൂട്ടുകെട്ടിനെതിരെയും സന്ധിയില്ല സമരം പ്രക്യാപിച്ചുകൊണ്ട് വൻജനപിന്തുണ നേടി ഡൽഹിയിൽ ആം ആദ്മി പാർട്ടിയും അതിന്റെ നേതാവായി കേജ്−രിവാളും അധികാരത്തിലെത്തിയത്. അപ്പോൾ പിന്നെ ചില്ലികാശിന്റെ അഴിമതിക്ക് മുന്നിൽ പോലും മുഖം തിരിഞ്ഞു നിൽക്കാൻ അവർക്കാകില്ല. അധികാരത്തിലേറിയത് മുതൽ ആഭ്യന്തര പ്രശ്നങ്ങളും, ഗവർണ്ണറുടെയും കേന്ദ്ര സർക്കാരിന്റെയും നിസ്സഹകരണവും, പുറത്തു നിന്നുള്ള പ്രശ്നങ്ങളും മൂലം സർക്കാരിന്റെ ജനപ്രിയ പദ്ധതികളും പ്രവർത്തനങ്ങളും പൊതു സമൂഹത്തിൽ വേണ്ടത്ര ചർച്ചയ്ക്ക് വന്നില്ല. ഇപ്പോഴത്തെ നടപടിയിലൂടെ തങ്ങളുടെ അടിസ്ഥാന നിലപാടിൽ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ലെന്ന് കാണിക്കാനും സാധിച്ചു. “മന്ത്രിയായാലും പുത്രനായാലും അഴിമതിക്കാരെ െവച്ച് പൊറുപ്പിക്കില്ല” എന്ന കേജ്−രിവാളിന്റെ വാക്കുകളിലെ ദൃഡതയും ആത്മാർഥതയും പരന്പരാഗത രാഷ്ട്രീയക്കാർക്ക് ഒരു തട്ടിപ്പാണെന്ന് തോന്നുമെങ്കിലും സാധാരണ ജനത്തിന് ഒരാവേശവും പ്രതീക്ഷയുമാണ്. കോടികളുടെ അഴിമതി നടത്തി കൊല്ലങ്ങളോളം കേസിന്റെ കെട്ടുമായി ചരിത്രത്തിന്റെ കഥാ പുസ്തകത്തിലേയ്ക്ക് മറിഞ്ഞു പോകുന്ന രാഷ്ട്രീയ നാടകങ്ങൾ കണ്ടു മടുത്ത ജനത്തിനാണ് ഡൽഹി സർക്കാർ പ്രതീക്ഷ നൽകുന്നത്. 

അഴിമാതിക്കാരനെ പുറത്താക്കിയ നടപടിയെ പ്രശംസിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ ഭാഗം കേട്ടില്ല എന്ന മുടന്തൻ ന്യായമാണ് മുൻമുഖ്യമന്ത്രി ഷീല ദീക്ഷിത് ഉന്നയിച്ചത്. സുദീർഘമായ കഴിഞ്ഞ പതിനഞ്ചു വർഷം ഡൽഹി ഭരിച്ച് വിവിധ അഴിമതികൾക്ക് കൂട്ട് നിൽക്കുകയും സാധാരണ ജനത്തിന്റെ ജീവിതം ദുരിതപ്പൂർണ്ണമാക്കി ഒടുവിൽ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ കോമൺെവൽത്ത് ഗെയംസ് ക്രമക്കേടുകളിൽപ്പെട്ട് ജനം ചവിട്ടുകുട്ടയിലേയ്ക്ക് തള്ളിയവരാണ് ഈ വിമർശനം നടത്തുന്നതെന്നത് കൗതുകകരമാണ്. കോഴ കൊടുത്തു എന്ന് ബിജു രമേശും, മുഖ്യന്റെ അറിവോടെയാണ് എല്ലാം നടന്നതെന്ന് സരിതയും പറയുന്പോഴും ‘തെളിവില്ലാ’ എന്നാവർത്തിച്ച് സ്വന്തം അണികളെക്കൊണ്ട് ‘കീ ജയ്’ വിളിപ്പിച്ചു അധികാരത്തിൽ തൂങ്ങുന്ന സർക്കാരിന് ഡൽഹിയുടെ മുഖ്യനിൽ നിന്നും ധാരാളം പഠിക്കാനുണ്ട്. 

വികസനവും അഴിമതിയും കെടുകാര്യസ്ഥതയും വിലക്കയറ്റവും ചർച്ചയാകേണ്ട തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു. എന്നാൽ അതിനു മുന്പ് തന്നെ പച്ചയും മഞ്ഞയും കാവിയുമൊക്കെയായി അങ്കക്കളം ഒരുങ്ങിക്കഴിഞ്ഞു, പുട്ടിന് പീര പോലെ ‘ബീഫ് വിവാദവും’. സാധാരണ മനുഷ്യരുടെ സ്വബോധ മസ്തിഷ്കത്തെ വിഭജിച്ചു നിർത്തുന്ന ജാതി മത സമുദായ തന്ത്രങ്ങൾ അധികാരികൾ കസേരക്കളിക്കായി ഉയർത്തി കഴിഞ്ഞു. നാം ആടുക തന്നെ! 

കയറിക്കൂടാൻ പാടുപ്പെടുന്ന ബി.ജെ.പി, എല്ലാ സമുദായ−ജാതി സംഘടനകളെയും കൂട്ടുപിടിച്ച് ചേരി തിരിവിന് ശ്രമിക്കുന്പോൾ, നിലനിർത്തിപ്പോകാൻ ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസ്സ് അതിന് കൂട്ട് പിടിക്കുന്നു. നിലനിൽപ്പിനായി മറു തന്ത്രം പ്രയോഗിക്കുന്ന ഇടതന്മാർ. 

 എല്ലാം കാണാൻ വിധിക്കപ്പെട്ട് കേരളവും. രാജ്യം ഫാസിസ്റ്റ്−വർഗ്ഗീയതയിലൂടെ കടന്നുപോകുന്ന അത്യന്തം ഗുരുതര ഘട്ടത്തിൽ, മാനുഷിക മൂല്യങ്ങളും, തത്വചിന്തകളും സാഹിത്യവും രചനകളാക്കുന്ന സാംസ്കാരിക നായകന്മാരെ ഉന്മൂലനം ചെയ്യുന്ന ഭീതിജനകമായ ഘട്ടത്തിൽ, പ്രധിഷേധത്തിന്റെ ചെറു വിരലെങ്കിലും ഉയർത്തിയ കൊച്ചു മലയാളത്തിന്റെ സാഹിത്യ തറവാട്ടിലെ കാരണവരായ സാറാ ടീച്ചർ, പി.കെ പാറക്കടവ്, സച്ചിദാനന്ദൻ, പത്മനാഭൻ തുടങ്ങിയവർക്ക് അഭിവാദ്യം.

You might also like

Most Viewed