‘തിളങ്ങുന്ന ഇന്ത്യ’ നമ്മുടെ തിളക്കം മാറ്റുമോ ?
“ആശയങ്ങളും പുതുമകളും എല്ലാവരിൽ നിന്നും വരുന്നു എന്നുള്ളതാണ് ഇന്റർനെറ്റിന്റെ സ്വഭാവവും നിക്ഷ്പക്ഷതയുടെ പ്രാധാന്യവും എന്നത്” - ആൽ ഫ്രാങ്കെൻ
രണ്ട് ദിവസമായി മുഖ പുസ്തകം തുറക്കുന്പോൾ കൂട്ടുകാരുടെ മുഖമെല്ലാം അന്തരംഗം അഭിമാനപൂരിതമാകുന്ന ത്രിവർണ്ണ ചായങ്ങളാൽ മൊഞ്ചായിരിക്കുന്നു. “ഇന്ത്യ എന്ന ആവേശം” രാജ്യ സ്നേഹത്തിന്റെ തീക്ഷണതയെ, ദേശീയതയെ, നല്ലതുപോലെ മുഖ പുസ്തകം ചൂഷണം ചെയ്തോ എന്ന സംശയം കലുഷിതമായിരിക്കുന്നു? ഏതൊരു ആധുനികതയേയും ആദ്യം ശരി തെറ്റുകൾ നോക്കാതെ വളരെ വേഗത്തിൽ വാരിപ്പുണരുന്ന ഇന്ത്യ, പ്രത്യേകിച്ച് കേരളം, അതിന്റെ ആവേശത്തിൽ പിന്നാന്പുറ വസ്തുതകൾ പരതാൻ സമയം കാണിച്ചില്ല, അതല്ല പരതുന്നതിലും നല്ലത് എപ്പോഴത്തെയും പോലെ പുതിയ ലിബറൽ നയത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ നോക്കുന്നതാണ് എന്ന മുതലാളിത്തത്തിന് ആശയം നാം നമ്മുടെ ആശയമായി പരുവപ്പെടുത്തിക്കഴിഞ്ഞോ?
ലോകത്ത് നിലവിലുള്ള ഒട്ടുമിക്ക സോഫ്റ്റ്−വെയറുകളുടെയും സാമൂഹിക മാധ്യമങ്ങളുടെയും തലപ്പത്തോ അതല്ല പ്രധാന ജോലികളോ ചെയ്യുന്നത് ഇന്ത്യക്കാർ ആണെന്ന് നാം അഭിമാനിക്കുന്നു. എന്നിട്ടും എന്തുകൊണ്ട് സ്വതന്ത്ര സോഫ്റ്റ്−വെയർ എന്ന ചിന്ത നമ്മുടെ സ്വപ്നങ്ങളിൽ പോലും വരാത്തത്. കുറച്ചു വർഷങ്ങൾക്ക് മുന്പ് ഇത്തരമൊരു ചർച്ച തുടങ്ങി വെച്ചിരുന്നു, എന്നാൽ മുനയിലെ നുള്ളിയ ആ ചർച്ചയിലേയ്ക്കാണ് ഇന്നത്തെ സംഭവങ്ങളെ കൊണ്ടെത്തിക്കുന്നത്. ഇന്റർനെറ്റ് ഉപഭോക്താക്കൾ ഏറ്റവും കൂടുതലുള്ള രണ്ടു രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. അടിച്ചമർത്തലുകളുടെ എന്തൊക്കെ കഥകൾ പറഞ്ഞാലും രാജ്യത്തിന്റേയും ജനങ്ങളുടെയും അവകാശങ്ങൾ കവർന്നെടുക്കാൻ പുറത്തു നിന്നോരാളെയും ചൈന അനുവദിക്കില്ല. അതിനാൽ ഫേസ്ബുക്കും, ഗൂഗിളും ജി-മെയിലും ഒക്കെ പടിക്ക് പുറത്തു തന്നെ, എന്നിട്ടും ഇന്ന് ലോകജനത ചൈനയുടെ ഉൽപ്പന്നങ്ങൾ ഉപോയോഗിക്കാൻ ശീലിച്ചു. ഒരു കാലത്ത് ഡ്യൂപ്ലിക്കേറ്റ് എന്ന് പറഞ്ഞു പുച്ചിച്ചു തള്ളിയ ഒട്ടുമിക്ക ഉൽപ്പന്നങ്ങളും “ഇപ്പോൾ എല്ലാം ചൈനയിലെ ഉണ്ടാക്കുന്നുള്ളൂ” എന്ന് പറഞ്ഞും മനസ്സിലാക്കിയും മനസ്സിനെ സമാധാനിപ്പിച്ച് വാങ്ങിച്ചും ഉയോഗിച്ചും തുടങ്ങി. അവിടെയാണ് മറ്റുള്ളവരുടെ താൽപ്പര്യത്തിന് വഴങ്ങാത്ത ചൈനയുടെയും അവരുടെ ഭരണാധികാരികളുടെയും നിശ്ചയദാർഢ്യം. എന്നാൽ തൊണ്ണൂറുകളുടെ അവസാനത്തിന് ശേഷം നാം നമ്മുടെ കന്പോളം തുറക്കുകയും ആർക്കും എപ്പോഴും എങ്ങനെയും കടന്നു വരാം എന്ന രീതി സ്വീകരിക്കുകയും ചെയ്തു, തന്മൂലം നമ്മുടെ മനുഷ്യ സ്രോതസ്സുകൾ മുരടിക്കുകയും ഉള്ളവർ മറ്റു രാജ്യങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച് പ്രവർത്തിക്കേണ്ട അവസ്ഥ വരുകയും ചെയ്തു. ഇന്റർനെറ്റ് വെച്ച് കാശുണ്ടാക്കാൻ പ്ലാനുണ്ടെങ്കിൽ ലോകത്തിൽ ഇത്രയും പറ്റിയൊരു മാർക്കറ്റ് വേറെയില്ല. ഇന്ന് നാം ഉപയോഗിക്കുന്ന ഏതൊരു വസ്തുവിനും നാം നികുതി നൽകണം, ആ നികുതി കന്പനികൾ നമ്മുടെ പക്കൽ നിന്നും ഈടാക്കുകയും ചെയ്യും. എന്നാൽ ഫേസ് ബുക്കിൽ ലക്ഷക്കണക്കിന് ഇന്ത്യാക്കാർ നൽകുന്ന കോടികളുടെ പരസ്യത്തിന്റെ നികുതി ഇന്ത്യയ്ക്ക് ലഭിക്കുന്നില്ല. അതുകൊണ്ട് അത് ഉപയോഗിക്കുന്ന നമുക്ക് അവർ പ്രത്യേക ഫീസും ഈടാക്കുന്നില്ല. ഇങ്ങനെ നമുക്ക് ലഭിക്കാനുള്ള നികുതിപ്പണം ഈടാക്കാതിരിക്കാനുള്ള ഫേസ്ബുക്കിന്റെ തന്ത്രം ആണോ ഇപ്പോഴത്തെ പ്രൊഫൈൽ കളർ മാറ്റം? അതോ അതിലും കാതലായ ‘ഇന്റർനെറ്റ് നുട്രാലിറ്റി’ എന്ന അവകാശത്തെ, അതിന്റെ ചർച്ചയെ വഴി തിരിച്ചു വിടാനുള്ള തന്ത്രമോ?
‘ഡിജിറ്റൽ ഇന്ത്യ’ എന്ന മോഹക്കൊട്ടാരത്തിലേയ്ക്ക് കയറാൻ വെന്പൽ കൊള്ളുന്ന നാം അതിന് നൽകുന്ന വിലയെക്കുറിച്ചും ബോധവാന്മാരാകണം അല്ലെങ്കിൽ നമ്മെ അറിയിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ പ്രമുഖൻ എഴുതിയ ലേഖനത്തിൽ ‘ഡിജിറ്റൽ ഇന്ത്യയുടെ’ ലക്ഷ്യങ്ങൾ വായിച്ചതിൽ നിന്നും, വീട്ടിലിരുന്ന് സർക്കാർ കാര്യങ്ങൾ കയ്കാര്യം ചെയ്യാൻ കഴിയും എന്ന ‘വിപ്ലവകരമായ’ സ്വപ്നമാണ് ഈ പദ്ധതി എന്ന് സാമാന്യമായി മനസ്സിലാക്കി തരുന്നു,
അപ്പോൾ പിന്നെ എന്തിന് ‘ഡിജിറ്റൽ ഇന്ത്യയെ’ ‘ഇന്റർനെറ്റ് ഡോട്ട് ഓർഗ്’മായി കൂട്ടികെട്ടുന്നു? അവിടെയാണ് ആശങ്കയും സംശയങ്ങളും. ‘നെറ്റ് നൂട്രാലിറ്റി’യുടെ തുടക്ക ചർച്ചയിൽ രാജ്യത്തിന്റെ വരുമാനം വർദ്ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായി വ്യവസായ സോഷ്യൽ മീഡിയയിൽ നിന്നും, വ്യവസായ മെയിൽ സർവ്വീസുകളിൽ നിന്നും സവിശേഷ ഫീസ് ഏർപ്പെടുത്താനുള്ള ചർച്ച ഉയർന്നു വന്നിരുന്നു. യൂസറുടെ എണ്ണമനുസരിച്ചുള്ള മാസ വരിസംഖ്യ ഈടാക്കുന്ന പദ്ധതി ഉൾപ്പടെയുള്ള − രാജ്യ നന്മ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും നീക്കം മുളയിലേ തുരങ്കം വെക്കുക എന്നൊരു നിഗൂഡ ലക്ഷ്യം ഇതിന്റെ പിന്നിലുണ്ടോ എന്ന സംശയമാണ് പ്രഥമം. ഇന്റർനെറ്റിന്റെ ഉപയോഗത്തിലും വിതരണത്തിലും സോഷ്യൽ മീഡിയയായ ഫേസ്ബുക്കിന്റെ റോളാണ് കൂടുതൽ ചോദ്യങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്നത്. യൂസറുടെ എണ്ണമനുസരിച്ചു ഫീസ് അടയ്ക്കണമെന്ന ഒരു നിയമം വന്നാൽ ഇന്ത്യയെ പോലെ അനേക കോടി ഉപഭോക്താക്കളുള്ള രാജ്യത്ത് ഫേസ് ബുക്ക് കോടാനുകോടികൾ മാസം അടക്കേണ്ടി വരും. എന്നാൽ ആ ഫീസ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കാം എന്ന മാർഗ്ഗം ഉപയോഗിച്ചാൽ മുഖ പുസ്തകത്തിന്റെ ജനപ്രീതി നിലനിൽക്കില്ല, യൂസറുടെ എണ്ണം കുറയുകയും ചെയ്യും. അത്തരമൊരു സാഹചര്യം വരുന്നതിന് മുൻപ് − പരാജയപ്പെട്ട ഇന്റർനെറ്റ് ഡോട്ട് ഒആർജിയെ (internet.org) മറ്റൊരു പേരിൽ ഇന്ത്യയിൽ നടപ്പിലാക്കുകയും അതിലൂടെ ഇന്ത്യൻ ഇന്റർനെറ്റ് സംവിധാനത്തിന്റെ സുപ്രധാന കടിഞ്ഞാൻ കയ്യിലാക്കുകയും ചെയ്യുക. ഇതായിരിക്കാം ഫേസ് ബുക്ക് ഉദ്ദേശിക്കുന്നത്!
നെറ്റ് ന്യൂട്രാലിറ്റി നിലനിർത്തണോ എന്ന കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് കൊണ്ട് ട്രായ് നടത്തിയ അഭിപ്രായ സർവ്വെയിൽ ഫേസ്ബുക്ക് അവരുടെ അഭിപ്രായം ഫേസ്ബുക്കിൽ ഇന്റർനെറ്റ് ഡോട്ട് ഒ.ആർ.ജിയെ പിന്തുണച്ചു കൊണ്ടു വന്ന കമന്റുകളും പോസ്റ്റുകളും ട്രായിക്ക് കൈമാറിയിരുന്നു. ഇവിടെ അൽപ്പം സോഫ്റ്റ്−വെയർ പരിജ്ഞാനത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്, പ്രൊഫൈൽ മാറ്റുന്ന പേജിന്റെ സോഴ്സ് പേജിൽ ‘ഇന്റർനെറ്റ് ഓർഗി’ന്റെ പിന്തുണ നാമങ്ങളും കാണാൻ കഴിയുന്നു എന്നുള്ളതാണ്. ഇന്ത്യക്കാരുടെ ദേശസ്നേഹത്തെ കച്ചവടത്തിന് വേണ്ടി ചൂഷണം ചെയ്യുന്ന തന്ത്രം ഫലപ്രദമായി ഇവിടെ ഉപയോഗിച്ചോ എന്ന് സംശയിക്കുന്നു? ഏതായാലും അമേരിക്കയും ചൈനയും ജർമ്മനിയും ഫ്രാൻസും എന്തിനേറെ പാകിസ്ഥാൻ വരെ തള്ളിയ ‘ഫേസ്ബുക്കിന്റെ’ ഈ ബുദ്ധി ഇന്ത്യക്കാർ സ്വീകരിച്ചിരിക്കുന്നു. വിധേയത്വം അതിന്റെ എല്ലാ സീമകളും ലംഘിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു. ലോകത്തിൽ കൂടുതൽ ജനസംഖ്യയുള്ള രാജ്യത്തിലെ ജനങ്ങളുടെ തലച്ചോറിനെ ലോകത്തിലെ പ്രായം കുറഞ്ഞ കോടീശ്വരന്റെ ബുദ്ധി കീഴ്പ്പെടുത്തിയിരിക്കുന്നു. ഇന്ത്യയെ ഡിജിറ്റൽ ആക്കുന്നതിന് മുന്പ് യഥാർത്ഥ ഇന്ത്യയിലെ ജനങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാക്കുക, അവരുടെ ദൈനംദിന ജീവിത പ്രശ്നങ്ങൾ അറിയുക. അറുപതു ശതമാനത്തിനും മുകളിലെ ജനങ്ങളും ശരാശരി ജീവിതം നയിക്കുന്നതും മുപ്പത് ശതമാനം ജനങ്ങൾ ദരിദ്രപട്ടികയിൽപ്പെടുന്നതും ആയ ഒരു രാജ്യത്താണ് നാം തിളക്കം കാണുന്നത്. ഇതിലെല്ലാം പുറമേ കച്ചവടത്തിന്റെ കഴുകൻ കണ്ണുമായി കൊത്തിവലിക്കാൻ കാത്തിരിക്കുന്ന ‘റിലയൻസ്’ വഴിയാണ് ഈ പദ്ധതികളൊക്കെ നടപ്പിലാക്കുന്നതെന്ന് പറയുന്പോൾ സാധാരണ ജനത്തിന്റെ സംശയവും ആശങ്കയും വർദ്ധിക്കുന്നു. പ്രതിപക്ഷം കണ്ടില്ലാന്ന് നടിക്കുന്ന വിഷയത്തിൽ നിന്നും അവർ ആഗ്രഹിച്ചു നടപ്പിലാവാതെ വന്ന ഓരോന്നും എതിരാളികളെന്ന് ജനം പറയുന്നവർ (അകത്ത് ഇവർ രണ്ടും ഒന്നാണ്) തന്നെ നടപ്പിലാക്കുന്പോൾ വിഡ്ഢികളായ ജനത്തെ ഓർത്തു ഊറിചിരിക്കുകായാകും എന്ന് ഊഹിക്കാം. എല്ലാം വിധിയെന്ന് ഓർത്ത് ജനവും. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും മേലേ രാജ്യമെന്നോ ജീവിതമെന്നോ ഉള്ള ചിന്ത നമുക്കില്ലാത്തിടത്തോളം കാലം അവർ ചിരിക്കുകയും നമ്മൾ വിധിയെന്ന് പറഞ്ഞു തള്ളുകയും ചെയ്യും, ഒടുവിൽ കാലം നമുക്ക് നൽകിയ സ്വതന്ത്ര്യത്തിൽ നിന്നും വരും തലമുറയ്ക്ക് രാജ്യത്തിനകത്ത് തുറന്ന ജയിൽ പണിതു കൊണ്ടിരിക്കുന്നു നമ്മൾ. ഒരു രണ്ടാം സ്വാതന്ത്ര്യ സമരം കാണാൻ ആയുസ്സ് കിട്ടുമോ എന്തോ ?