അനർഘ നിമിഷങ്ങൾ സമ്മാനിച്ച ഒരു അക്ഷര സായാഹ്നം
എന്റെ ജീവിതത്തിലെ മനോഹരമായ ഒരു വൈകുന്നേരമാണ് കഴിഞ്ഞാഴ്ച കടന്നു പോയത്. ജോലി കഴിഞ്ഞ് ബാക്കി വരുന്ന നീണ്ടു പരന്നു കിടക്കുന്ന സമയത്തെ ബൗദ്ധിക ചർച്ചകൾക്കും സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങൾക്കും ഫലപ്രദമായി ഉപയോഗിക്കുന്നവർക്ക് ഈ കുറിപ്പ് പോലും ഒരു അശ്ലീലമായി തോന്നാമെങ്കിലും ‘സമയം’ എന്ന പ്രതിഭാസത്തെ വരുതിയിൽ നിർത്താൻ കഴിയാത്ത കോൾഡ് സ്റ്റോർ മേഖലയിൽ നിന്നും പത്തു വർഷത്തെ വ്യവസായ ജീവിതത്തിനിടയിൽ ആദ്യമായി ഒരു ചാനൽ സംഘടിപ്പിച്ച സാഹിത്യ സല്ലാപത്തിൽ പങ്കെടുക്കാനായി എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതം തന്നെയാണ്.
ഒന്നിനും സമയം തികയാത്ത, ആഴ്ചയിൽ അവധി എന്ത് മനോഹരമായ നടക്കാത്ത സ്വപ്നമെന്ന ശ്രീനിവാസന്റെ ഡയലോഗ് പോലെ പല്ലിളിക്കുന്ന ഈ മേഖലയിൽ നിന്നും എങ്ങനെയാണ് ഫലപ്രദമായി എഴുത്ത് മുന്നോട്ടു കൊണ്ട് പോകുന്നതെന്ന പലരുടെയും ചോദ്യത്തിനുള്ള എന്റെ മറുപടി ഭക്ഷണം, വിസർജ്ജനം തുടങ്ങി ഒഴിച്ചു കൂടാനാവാത്ത പ്രാഥമിക ആവശ്യങ്ങൾ പോലെത്തന്നെ എന്റെ ആത്മാവിൽ അള്ളിപ്പിടിച്ചു നിൽക്കുന്ന ഒന്നാണത്രേ സർഗ്ഗാത്മകത.
ചിന്തകൾ വന്നു മൂടി ശ്വാസം മുട്ടിപ്പിടയുന്ന മനസ്സിന് ലഭിക്കുന്ന പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണ് എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത്. ‘എനിക്ക് പിന്നിൽ നടക്കരുത് ഞാൻ നയിച്ചില്ലെന്നു വരാം, എനിക്ക് മുന്നിൽ നടക്കരുത് എനിക്ക് പിന്തുടരാൻ കഴിഞ്ഞില്ലെന്ന് വരാം, എനിക്കരികിൽ/ഒപ്പം നടക്കുന്ന സുഹൃത്ത് തന്നെയാണ് എന്നിലെ എഴുത്തുകാരൻ എന്ന് പറയുന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ.
പ്രവാസി എഴുത്തിനെ കുറിച്ചുള്ള ചർച്ചയിൽ എനിക്ക് തോന്നിയ ഒരു കാര്യം ഒരു ആട് ജീവിതത്തെ മാറ്റി നിർത്തിയാൽ അത് ഇന്നും ശൈശവ ദശയിൽത്തന്നെയാണ് ഉള്ളതെന്നാണ്. ഇന്ത്യയിലെ പ്രവാസ ഭൂമികളായി മലയാളികൾ വിശേഷിപ്പിച്ച ഡൽഹി, കൊൽക്കത്ത, മുംബൈ തുടങ്ങിയ ഇടങ്ങളാണ് ഒരു പക്ഷേ എം. മുകുന്ദനെ കൊണ്ടും കമലാസുരയ്യയെ കൊണ്ടും എം.പി നാരായണ പിള്ളയെ കൊണ്ടും ഒക്കെ അതിശക്തമായ രചനകൾ നടത്തിച്ചത്. പക്ഷെ അങ്ങനെ ഒരു അത്ഭുതം മരുഭൂമികളിൽ സംഭവിക്കുന്നില്ല.
പ്രവാസ ജീവിതം നയിക്കുന്നവരുടെ പുസ്തകങ്ങൾ പുസ്തക ശാലയിലെ അലമാരകളിൽ അനവധി കണ്ടേക്കാമെങ്കിലും ഹൃദയത്തെ ചുട്ടു പൊള്ളിക്കുന്ന ആഖ്യാന ശൈലിയിൽ അനുവാചകന്റെ അന്തരാളത്തിലേയ്ക്ക് ആഴ്ന്നിറങ്ങാറുള്ള സൃഷ്ടികൾ ജനിക്കപ്പെടുന്നില്ലെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ പ്രതാപ ശാലിയായ മലയാള സാഹിത്യ ലോകം പ്രവാസ ലോകത്തുള്ള എഴുത്തുകാരെ ഒരുതരം അവജ്ഞതയോടെ കാണുന്നുണ്ട് എന്നെനിക്ക് തോന്നിപ്പോകാറുണ്ട്. കാരണം മലയാളത്തിലെ ഒരു മുതിർന്ന സാഹിത്യകാരൻ ‘പണമെറിഞ്ഞ് പുസ്തകം ഇറക്കുന്നവരാണ് പ്രവാസ ലോകത്തെ പലരുമെന്ന്’ വ്യംഗ്യമായി ഒരിക്കൽ പറയുകയുണ്ടായിട്ടുണ്ട്.
ആദ്യമായി എന്നിലെ എഴുത്തുകാരനോടും പിന്നീട് പ്രവാസലോകത്തെ നാളെയുടെ വാഗ്ദാനങ്ങളോടും എനിക്ക് പറയാനുള്ളത് അറബികളുടെ ജീവിതവും സംസ്കാരവും, സാമൂഹികമായ സംവേദന ക്ഷമതയുമൊക്കെ, വിഷയീഭവിക്കുന്ന നല്ലൊരു ‘സാഹിത്യ സൃഷ്ടി’ ഒരു പുസ്തകത്തിനപ്പുറം ഒരു സാംസ്കാരിക കൈമാറ്റവും കൂടി സാധ്യമാക്കും എന്നുള്ളതാണ്.
പ്രച്ഛന്നമായും പ്രത്യക്ഷമായും ഇരുട്ടിന്റെ ശക്തികൾ എഴുത്തുകാരനെത്തേടി കൊലക്കത്തിയുമായി വരുന്ന വർത്തമാനത്തിൽ എഴുത്തോ കഴുത്തോ നിനക്ക് വേണ്ടതെന്ന ആക്രോശങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങുന്പോൾ തീർച്ചയായും സർഗ്ഗ സൃഷ്ടി ഇന്ന് സാംസ്കാരികമായ കടന്നാക്രമണങ്ങളെയും വെല്ലുവിളികളെയും ചെറുക്കാനുള്ള സമരായുധം കൂടിയായി മാറുകയാണ്.
ഇണയെയും ഇഷ്ടഭാജനങ്ങളെയും ഒക്കെ തനിച്ചാക്കി മരുഭൂമിയുടെ രാഗാരൗദ്ര ഭാവങ്ങൾക്ക് സമരസപ്പെട്ട് പുഷ്കലമായ നാടിന്റെ ഗൃഹാതുരത്വത്തെ ഇന്ധനമാക്കി നാളെകളിലേയ്ക്ക് പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന കുറച്ചു ജീവിതങ്ങൾ പരന്ന് കിടക്കുന്ന പ്രവാസ ലോകത്ത് മലയാളമെന്ന മാതാവിനെ നെഞ്ചോട് ചേർത്ത് പിടിച്ച് പരിമിതികൾക്കിടയിലും പുത്തൻ രചനാ സങ്കേതങ്ങൾ പരീക്ഷിച്ച് സാംസ്കാരിക മേഖലക്ക് പ്രതീക്ഷയുടെ പച്ചപ്പ് സമ്മാനിക്കുന്ന പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്നതും അവരുടെ സൃഷ്ടികൾക്ക് വായനയിലൂടെ ഊർജ്ജം പകരുക എന്നതും മുഴുവൻ മലയാളികളുടെയും ബാധ്യതയായി ഞാൻ കാണുന്നു.
പവിഴ ദ്വീപിലെ തലമുതിർന്ന സാഹിത്യകാരന്മാർക്ക് മുന്പിൽ എഴുത്തിന്റെ വഴികളിലെ നവാഗതനായ ഈ വിനീതന്റെ ഹൃദയത്തിൽ ചേർത്ത് വെച്ചുള്ള സ്നേഹത്തിന്റെയും സമച്ഛയത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ നേരുന്നു.
ഒരു പക്ഷേ വരുംകാല മലയാള സാഹിത്യത്തിന്റെ നെറുകയിൽ പ്രവാസ സാഹിത്യം പിടി മുറുക്കില്ലെന്നാരു കണ്ടു. നാട് തിരസ്കരിച്ചവന്റെ അക്ഷരങ്ങളെ എങ്കിലും കേരളം നെഞ്ചേറ്റുന്ന നല്ല നാളുകൾ സ്വപ്നം കണ്ടു കൊണ്ട് നിർത്തട്ടെ.