ഇന്ത്യ (കേരളം) മറ്റൊരു ഗ്രീസാകുമോ?
ഗ്രീസിന്റെ സാന്പത്തിക പ്രതിസന്ധിക്ക് യുറോപ്പ്യൻ യുണിയൻ ഒരു പരിധിവരെ പരിഹാരം കണ്ടുകൊണ്ടിരിക്കുന്നു. ഒരു രാജ്യത്തിന്റെ പകുതിയിലധികം ബാങ്കുകളും പ്രവർത്തനം നിർത്തി െവച്ചതും, തുറന്നിരുന്ന ബാങ്കുകൾക്ക് മുന്നിൽ റൊട്ടി വാങ്ങുന്നതിന്നുള്ള കാശ് എടുക്കാൻ ക്യൂ നിൽക്കുന്നതുമായ കാഴ്ചകൾ ഗ്രീസ് പോലെയൊരു രാജ്യത്ത് നടക്കുന്പോൾ വളരെ ആശ്ചര്യത്തോട് കൂടി മാത്രമേ നമുക്ക് നോക്കിക്കാണുവാൻ സാധിക്കുകയുള്ളൂ. ഏതൊരു രാജ്യത്തെയും നിയന്ത്രിക്കുന്നത് അവിടുത്തെ ഭരണാധികാരികളാണ്. അതുപോലെ തന്നെ ആ രാജ്യത്തെ ജനങ്ങൾ വിശ്വാസമർപ്പിക്കുന്നതും അവരിൽ തന്നെ. ഇവിടെയാണ് ഭരണാധികാരികളും അവരുടെ കഴിവും ഇശ്ചാശക്തിയും പരമപ്രധാനമാകുന്നത്. പ്രവാസത്തിനിടയിൽ വീണു കിട്ടിയ അവധികാലം ചിലവഴിക്കുന്നതിനായി കേരളത്തിൽ നിൽക്കുന്ന അവസ്ഥയിൽ നിന്നും ഗ്രീസിൽ സംഭവിച്ച സാന്പത്തിക പ്രതിസന്ധി ചിന്തിക്കുന്പോൾ കുറച്ചുകൂടി പേടിപ്പെടുത്തുന്ന ആശങ്കയിലേയ്ക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് മനസ്സിലാകുന്നത്. പ്രവാസത്തിന്റെ അവധികാലം ‘ചിലവഴിക്കുക’ എന്ന് പറയുന്പോൾ ‘കാലം’ മാത്രമല്ല മറിച്ചു, അൽപ്പം മിച്ചംപിടിച്ച സന്പാദ്യവും വളരെ പെട്ടന്ന് ചിലവാക്കേണ്ടിവരുന്നു എന്നുള്ളതാണ്. ഗാന്ധിജിയുടെ തലയുള്ള ചെറു ചുവപ്പൻ നോട്ടുകൾക്ക് കഴിഞ്ഞ കാലങ്ങളിൽ ലഭിച്ച ഒരു സ്വീകാര്യതയും ഇപ്പോൾ ലഭിക്കുന്നില്ല, അങ്ങനത്തെ ഒരു ദിവസത്തെ ചിന്തയിൽ നിന്നാണ് ഗ്രീസിലേയ്ക്ക് പോയത്. അപ്പോൾ മനസ്സിലായ ഒരു രഹസ്യമായ സത്യമാണ്, നമ്മുടെ നാടും വളരെ താമസിയാതെ മറ്റൊരു ഗ്രീസാകും എന്നത്.
വളരെ ആവേശത്തോടെ കടക്കെണിയിലേയ്ക്ക് കുതിക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. നാം നമ്മളിലേയ്ക്ക്തന്നെ നോക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. എത്രമാത്രം കടമെടുത്താലും എല്ലാം ഭദ്രമാണെന്ന അധികാരിവർഗ്ഗത്തിന്റെ ഉറപ്പ് എത്രമാത്രം വിശ്വാസയോഗ്യമാണ്? അതോ നമ്മെ തെറ്റായ വഴിക്ക് നടത്തിക്കുക്കയാണോ? നാം കേട്ടതോ കഴിഞ്ഞകാലത്ത് അനുഭവിച്ചതോ ആയ ഒട്ടുമിക്ക ക്ഷേമ പദ്ധതികളിൽ നിന്നും, ജീവിത സുരക്ഷയിൽ നിന്നും സാമൂഹിക നീതിയിൽ നിന്നും നമ്മെ പുറത്തെറിഞ്ഞു കൊണ്ടിരിക്കുന്നു ഈ അധികാരി വർഗ്ഗം. സർക്കാർ നടപ്പിലാക്കാൻ വിളന്പരം ചെയ്യുന്ന ഏതൊരു പരിഷ്കാരങ്ങൾക്കും വിധേയരാകേണ്ടി വരുന്നത് ഭൂരിപക്ഷം വരുന്ന സാധാരണ ജനമാണ്. തൊഴിൽ സുരക്ഷയില്ലാതാവൽ, സബ്സീഡികൾ നിർത്തലാക്കൽ, നികുതിഭാരത്തിന് വിധേയമാകൽ, പ്രകൃതി വിഭവങ്ങൾ കിട്ടാക്കനിയാകൽ, കുടിയിറക്കൽ തുടങ്ങിയ വിവിധ അടിച്ചമർത്തലുകൾക്ക് സാധാരണ ജനം പാത്രീഭൂതരാകുന്നു. പക്ഷെ നവലിബറൽ നയങ്ങൾ പാടി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നു.
1991ൽ ഇന്ത്യയുടെ വിദേശ കടം 7000 കോടിയായിരുന്നു. നവലിബറൽ നയങ്ങൾ വീണ്ടും നമ്മെ കൂടുതൽ കടക്കാരാക്കി. കേരളത്തിലേയ്ക്ക് വന്നാൽ പൊതുകടം ഒന്നേകാൽ ലക്ഷം കോടി രൂപയാണ്, ഓരോ വർഷവും ആയിരം കോടി രൂപ വീതം വർദ്ധിച്ചുക്കൊണ്ടിരിക്കുന്നു. ഇപ്പോൾ വായ്പ്പ അടച്ചുതീർക്കാൻ പ്രതിവർഷം 200 കോടിയിലധികം രൂപ വേണമെന്നാണ് ധനമന്ത്രി കെ.എം മാണിയുടെ നിയമസഭ അഭിപ്രായം, ഇതിൽ കൂടുതലും പോകുന്നത് പലിശ ഇനത്തിലേയ്ക്കാണ്. ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന ചില പദ്ധതികളാണ് ജപ്പാൻ കുടിവെള്ള പദ്ധതി, ലോക ബാങ്കിന്റെ ജലനിധി പദ്ധതി, ഡാം റീഹാബിലിറ്റേഷൻ ആന്റ് ഇന്പ്രൂവ്മെന്റ് പദ്ധതി തുടങ്ങിയവ. ഇനിയും പൂർത്തീകരിച്ചിട്ടില്ലാത്ത പദ്ധതികളാണ് മുകളിൽ പറഞ്ഞവ, ഇതുപോലെ പണം കടംതരാൻ ഭീമന്മാരുള്ളപ്പോൾ ഇടനിലപ്പണം വാങ്ങി പേരുകൊത്തിവെച്ച നിരവധി പദ്ധതികൾ വേറെ. ഈ പദ്ധതികൾ രാജ്യത്തെ ജനങ്ങൾക്ക് എത്ര മാത്രം ഉപയോഗപ്രദമായി എന്ന ചോദ്യം അവിടെ അവശേഷിക്കുന്നു. ഈ പദ്ധതികൾക്കെല്ലാം ഏതൊക്കെ വ്യവസ്ഥകളിൽ പണം കൈപ്പറ്റി എന്നറിയാനെങ്കിലും നാം തയ്യാറാകണം, സർക്കാരുകൾ അത് വെളിപ്പെടുത്തുകയും വേണം.
നമ്മുടെ സാമുഹിക സാംസ്കാരിക രാഷ്ട്രീയ ഘടനയെ തന്നെ പൊളിച്ചെഴുതികൊണ്ടാണ് വിദേശ കടപ്പണം ഇവിടെ പ്രവർത്തനം തുടങ്ങിയത്. നിയന്ത്രണമുള്ളതും ഇല്ലാത്തതും എന്ന വേർതിരിവ് ഒരുതരം രാഷ്ട്രീയ അസംബന്ധ നാടകമാണ്. അന്താരാഷ്ട്ര ധന ഏജൻസികൾ ഒരിക്കലും ഒരു കാരുണ്യ പ്രവർത്തനമല്ല നടത്തുന്നത്. വിദേശ മൂലധന നിക്ഷേപത്തെ മാടിവിളിച്ചു ഒരുകൂട്ടർ, അവർക്ക് വേണ്ടി എന്ത് ഒത്താശയും ചെയ്തുകൊടുക്കുന്ന മറ്റൊരു കൂട്ടർ, രാഷ്ട്രീയം മറന്ന് അതിന് വേണ്ടി കൈകോർക്കാൻ ഇവർ തയ്യാർ. സ്വകാര്യ മൂലധനവുമായി മറുചേരി. ഇത്തരം സ്വകാര്യ മുതലാളിമാർക്ക് എന്ത് തോന്നിയവാസവും കാട്ടാം, ബോൾഗാട്ടി മുതൽ പാറ്റൂർ വരെ നാം അത് കണ്ടതുമാണ്. സോഷ്യലിസ്റ്റ് സ്വപ്നങ്ങൾ തകർക്കാൻ എല്ലാ ദുർഭൂതങ്ങളും ഒന്നായി. കടം പെരുകുന്നത് സംസ്ഥാനത്തെ വൻ കടക്കെണിയിലേയ്ക്ക് തള്ളിവിടുമെന്ന് ഭയന്ന ഒരു നേതൃ നിര ഇന്ന് നമുക്കന്ന്യം വന്നിരിക്കുന്നു. എത്ര വാങ്ങിയാലും നമ്മൾ വീട്ടും എന്ന് വീന്പിളക്കുന്ന നേതാകന്മാർ ഗ്രീസിന്റെയും വെന്വിസുലയുടെയും ഒക്കെ അടുത്തകാലത്തെ ചരിത്രം പഠിക്കുന്നത് നന്നായിരിക്കും.
കർഷകരും അടിസ്ഥാന വർഗ്ഗ ജനവിഭാഗങ്ങളും ആത്മഹത്യയിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. ഒരു ഭാഗത്ത് ബാങ്കുകളും മറുഭാഗത്ത് കൊള്ള പലിശക്കാരും. കൊള്ളപ്പലിശക്കാരെ ഓപ്പറേഷൻ കുബേര നടത്തി ഒതുക്കുന്നുവെന്ന് പറഞ്ഞ് ജനത്തെ സമാധാനിപ്പിക്കുന്ന സർക്കാർ ഈ കൊള്ളയിലേയ്ക്ക് ജനത്തെ കൊണ്ടെത്തിച്ച നയങ്ങൾ തിരുത്താൻ തയ്യാറാകുന്നില്ല. രാജ്യത്തെ സാമുഹിക സാംസ്കാരിക രംഗത്തെ അരക്ഷിതാവസ്ഥ രാജ്യത്ത് കൊള്ളയും കൊലയും അഴിമതിയും വ്യാപകമാക്കി. മൂല്യ ബോധമോ ധാർമ്മികതയോ ഇല്ലാതാക്കി. ലളിതവും താൽക്കാലിക യുക്തികളിൽ അഭിരമിക്കാൻ ലിബറലിസം നമ്മെ ശീലിപ്പിച്ചു. ഇത് നമ്മെ എവിടെയാണ് എത്തിക്കുക? നമ്മൾ ഗൗരവ്വപ്പൂർവ്വം ചിന്തിക്കേണ്ട സമയവും കാലവും അതിക്രമിച്ചിരിക്കുന്നു. ആരാണ് നമ്മുടെ ശത്രുക്കൾ? ആരാണ് മിത്രങ്ങൾ? ഇവിടെ തിരിച്ചറിവിന്റെ ചിന്തയാണ് ആവശ്യം. ഒരു ജനത ആരിൽ വിശ്വാസം അർപ്പിക്കണം? ഏറ്റവും അടുത്ത് സംഭവിച്ച ഗ്രീസനുഭവം വായ്പ്പ വാങ്ങാൻ ശ്രമിക്കുന്ന ഏതൊരു രാജ്യത്തിന്നും പാഠമാകണം, പ്രത്യേകിച്ച് ഗ്രീസിന് വേണ്ടി യുറോപ്പ്യൻ യുണിയൻ ഒരുമിച്ചത് (ചെറിയ വ്യവസ്ഥകൾ വെച്ചിട്ടാണെങ്കിലും) പോലെ, ധനിക ശക്തികൾക്കെതിരെ ലോകൈക്യം അത്യന്താപേക്ഷിതമാണ്.
അടിസ്ഥാന വർഗ്ഗത്തിന്റെയും ദരിദ്രരുടെയും ചൂഷക വർഗ്ഗത്തിന്റെയും താൽപ്പര്യങ്ങൾക്ക് മുന്നേറ്റം നടത്താൻ പൊതുമണ്ധലം തയ്യാറായി വരുന്ന സമയം എപ്പോഴാണ് എന്ന കാത്തിരിപ്പാണ് മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനം.