ജൈവ കൃഷിയുടെ രാഷ്ട്രീയം


“ഉൽപ്പാദന വളർച്ചയല്ല ജൈവ കൃഷിയുടെ ആത്യന്തിക ലക്ഷ്യം, പക്ഷെ കൃഷി മനുഷ്യത്വം പരിപൂർണ്ണമാക്കും..”: മസനോബു ഫുക്കോവുക്ക  

ഓണം കേരളീയരുടെ സന്പൽസമൃദ്ധിയുടെ ഉത്സവമാണ്. ആ സമൃദ്ധിയൊക്കെ ഇന്ന് വീട്ടിലോ ഓഫീസിലോ കുത്തിയിരുന്ന് “മുഖപേജി”ലെ ചിത്രങ്ങൾ പോസ്റ്റുന്നതിലും, സിനിമാ ൈസ്റ്റൽ വേഷപ്പകർച്ച നടത്തുന്നതിലും തുടങ്ങി കലാലയങ്ങളിലെ ആഘോഷം സഹപാഠിയുടെ മരണം വരെ കവർന്നെടുക്കുന്ന നിലയിൽ എത്തി നിൽക്കുന്നു. എന്നാൽ ഇപ്രാവശ്യത്തെ ഓണം എന്തുകൊണ്ടും വ്യത്യസ്തമാകുന്നത് ഡോ. ടി.എം തോമസ് ഐസക്കിന്റെ നേതൃത്തത്തിൽ നാടൊട്ടുക്ക് നടത്തിയ ജൈവ കൃഷി വിളവെടുപ്പും അതിന്റെ വിൽപ്പനയുമാണ്. വിഷലിപ്തമായ തമിഴന്റെ പച്ചക്കറി തിന്നേണ്ട ഗതികേടിൽ കേരളം ഉരുളാൻ തുടങ്ങിയിട്ട് കാലം ഏറെയായി. വൈറ്റ് കോളർ ജോലിയുടെ പിറകേ പോയി നാടിന്റെ ജൈവ സംപുഷ്ടി മറന്നു, ചതുപ്പ് നിലങ്ങളെ സൃഷ്ടിക്കുകയും പിന്നീട് കോൺക്രീറ്റ് മാളികകൾ ഉയർത്തിയതിന്റെയും പരിണിതഫലമാണ് ജില്ലകൾ തോറും പൊന്തിവന്ന മൾട്ടി സ്പെഷ്യലിറ്റി ആശുപത്രികൾ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തോമസ് ഐസക്ക് നടത്തിവന്ന ജൈവ കൃഷി പ്രവർത്തനമാണ് സി.പി.എം ഏറ്റെടുത്തു. പിന്നീട്, സംസ്ഥാന തലത്തിൽ വ്യാപിപ്പിച്ച് ആയിരത്തി അഞ്ഞൂറ് ഏക്കറിൽ ജൈവ കൃഷി നടത്തിയത്, തന്മൂലം ഈ ഓണക്കാലത്ത് വിഷരഹിത പച്ചക്കറി എന്ന മലയാളിയുടെ സ്വപ്നം ഒരു പരിധിവരെ സക്ഷാൽകരിക്കാൻ കഴിഞ്ഞു. മാത്രവുമല്ല ഇറക്കുമതി ചെയ്യുന്ന പച്ചക്കറിയുടെ വിലയിലും വൻതോതിൽ കുറവ് വന്നിരുന്നു. ഇന്ന്  ലോകത്ത്  രണ്ടു വിധ  കൃഷി രീതികൾ  പ്രചരിക്കുന്നു.  ഒന്ന് സാംബ്രദായികം  എന്ന് പറയാവുന്ന രാസ വള, കീട നാശിനി  രീതി.  അത് ഇന്ന്  ജി.എം ആയി വൻ കച്ചവട  കുത്തക  കന്പനി  ഇടപാട്  ആവാനുള്ള  ശ്രമത്തിൽ  ആണ്. മറ്റൊരു രീതിയാണ് ജൈവ  രീതി.  അതിൽ  തന്നെ  ചിലവ്  വളരെ കുറഞ്ഞു അദ്വാനം കുറഞ്ഞ  ഫുക്കൊവുക്ക  ഒക്കെ മുന്പോട്ട്  വെച്ച  രീതികൾ  ഒക്കെ  ഉണ്ട്. വൻകിട  മൂലധന  താൽപ്പര്യവും കമ്മിഷൻ  ഏജന്റായ  രാഷ്ട്രീയ  അഴിമതി നേതൃത്തമൊന്നും ഇത്തരം  രീതികൾ  പ്രോത്സാഹിപ്പിക്കുന്നുമില്ല. ഇവിടെയാണ്  ഇത്തരം  ജനകീയ ഇടപെടലുകളുടെ  പ്രസക്തി. ഭരിക്കുന്ന സർക്കാർ ഇടപെടേണ്ട വിഷയത്തിലാണ് കേരളത്തിലെ സംഘടിത പാർട്ടി വൻമാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നത്. ഗ്രൂപ്പ് ഫാമിംഗ് എന്ന ആശയം പഠന ഗവേഷണ ശാലയിൽ നിന്നും പ്രവർത്തി മണ്ധലത്തിലേയ്ക്ക് കൊണ്ടുവന്നതിൽ സി.പി.എം അഭിനന്ദനമർഹിക്കുന്നു.

ഈ അടുത്ത് കുറച്ചു കാലമായി കേരളത്തിലെ സോഷ്യലിസ്റ്റ് ആശയക്കാരുടെ മനസ്സിലെ ആശങ്കയും ഭീതിയും ഒരു പരിധിവരെ തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവ കൃഷിയിലൂടെ അകറ്റാൻ കഴിഞ്ഞു.   ജനകീയ ഇടപെടലിലൂടെ സമൂഹത്തിന്റെ മൊത്തം സംസ്കാരവും അവരിൽ നിലനിൽക്കുന്ന അസഹിഷ്ണുതയും വളരെ വലിയ രീതിയിൽ ഇല്ലാതാക്കാൻ കഴിയും, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാർട്ടികൾക്ക്. കഴിഞ്ഞ കാല പാർട്ടിയുടെ പ്രവർത്തന രീതികൾ നോക്കിയാൽ നമുക്കത് മനസ്സിലാകും. ജൻമിത്തവും സവർണ്ണ ഭരണ മേലാളന്മാരും അവർ നിയന്ത്രിക്കുന്ന കാവൽപ്പടയും കൂടി രാജ്യത്തെ 85 ശതമാനം വരുന്ന തൊഴിലാളി−അധസ്ഥിത വർഗ്ഗത്തെ ചൂഷണം ചെയ്തപ്പോൾ, അവരുടെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ചത് മുതൽ, ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളിയ അനാചാര സംസ്കാരം വരെ ഇല്ലാതാക്കാൻ മുന്നിൽ നിന്ന് പൊരുതിയ വിപ്ലവ പാർട്ടി, അതിന്റെ ആദ്യ കാല കടമ നിർവഹിച്ചു എന്ന് സമ്മതിക്കേണ്ടി വരും. കഴിഞ്ഞ തലമുറ വരെ, അല്ല നാമും അതിന്റെയൊക്കെ നന്മയാണ് ഭക്ഷിക്കുന്നത്. ചിന്തോദ്ദീപകങ്ങളായ കലാലയങ്ങൾ, അതിലൂടെ വളർന്ന  സാംസ്കാരികവും, കലാപരവുമായ ഉൽപ്പന്നങ്ങൾ, അതിന്റെ അവസാനത്തെ കണ്ണികളായ ഒ.എൻ.വിയും സാനു മാഷും, മരണപ്പെട്ട നടൻ മുരളി, തിലകൻ തുടങ്ങിയവർ. ഈ തലമുറയാണ് നമുക്ക് അന്ന്യംവന്നു പോകുന്നത്. അവിടെ വീണ്ടും മതവും, ജാതിയും, പരസ്പ്പര വിശ്വാസമില്ലായ്മയും, രാഷ്ട്രീയ വിദ്വേഷവുമൊക്കെ മുളച്ചു പൊങ്ങുന്നു. അധികാരക്കൊതി മൂത്ത സന്പന്ന −സവർണ്ണ മേലാളന്മാർ ഫാസിസ്റ്റ് ചിന്താധാര പൊതു മനസ്സിൽ കടത്തി വിടുന്നു, അത് കേവലം കവല −രാഷ്ട്രീയ മെന്പർമാരെയും കടന്നു, വിദ്യാസന്പന്നരായ യുവ തലമുറയുടെ വരെ ഉള്ളിൽ നുരഞ്ഞു പൊന്തുന്നു. എന്തിനേറെ ചില ബുദ്ധിജീവി സഹയാത്രികർ വരെ ആ വലയിൽ വീണു പോയി.

മനുഷ്യൻ അവന്റെ ജീവന്റെ നിലനിൽപ്പിന് വേണ്ടി മുകളിൽ പറഞ്ഞ ചിന്താധാരയൊക്കെ മാറ്റി വെയ്ക്കും. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ മാസം നാം കേട്ട ഹൃദയ കൈമാറ്റം. അവിടെ ജാതിയോ ഉപജാതിയോ രാഷ്ട്രീയമോ, നിറമോ ആരും നോക്കില്ല. ഇവിടെയാണ് “മനുഷ്യർ, അല്ല മനുഷ്യത്വം” നിലനിൽക്കേണ്ടത്, അങ്ങനെയുള്ള സമൂഹത്തിൽ മുറിപ്പാടുകൾ ഉണ്ടാകില്ല. നാടൊട്ടുക്ക് കൂട്ടമായി ജൈവ പച്ചക്കറികൾ വാങ്ങാൻ വരുന്നത് കാണുന്പോൾ ഇനിയും അണയാത്ത ആ നാളത്തിന്റെ പ്രഭ മനസ്സിൽ തെളിയുന്നു. ഇല്ലാതാക്കാനോ, വഴിതിരിച്ചു വിടാനോ  ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങളെ, തിരിച്ചു നേർവഴിക്ക് കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അധികാര രാഷ്ട്രീയം എന്തുമാകട്ടെ ജൈവ കൃഷിയിലൂടെ അകന്ന് നിൽക്കുന്ന മനസ്സുകളെ ഒരുമിപ്പിക്കാൻ കഴിഞ്ഞു എന്നത് ഈ പദ്ധതിയുടെ വലിയ ഒരു നേട്ടമായി ഞാൻ കാണുന്നു. വലതുപക്ഷ രാഷ്ട്രീയത്തിലെ മാനുഷിക മുഖമായ കെ.പി.സി.സി പ്രസിഡണ്ട് കാസർഗോഡ് മുതൽ കന്യാകുമാരി വരെ കവലകൾ തോറും പ്രസംഗിച്ചു നടന്ന ജൈവ കൃഷി സംസ്കാരമാണ് തോമസ് ഐസക്കിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് നാം കണ്ടത്. നേതാവിന്റെ കൂടെ നിന്ന് രണ്ട് ഫോട്ടോ എടുത്ത് മുഖപേജിൽ ഇടുന്പോൾ ഓർത്തില്ല, ഈ പറഞ്ഞതൊക്കെ നടത്തണം എന്ന്. ആ കുട്ടി നേതാക്കളാണ് ചാനൽ ചർച്ചയിൽ ജൈവ കൃഷിയുടെ രാഷ്ട്രീയ വിരോധം പുലന്പുന്നത്. കേരളത്തിലെ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നത് എപ്പോഴും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ തന്നെയായിരിക്കും. യുവ തലമുറയ്ക്ക് എളുപ്പം ഓർമ്മയിൽ കാണാൻ കഴിയുന്ന സാക്ഷരത, ജനകീയാസൂത്രണം, കുടുംബശ്രീ തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്.      

2009ൽ ഒപ്പിട്ട ആസിയാൻ കരാറുമൂലം കേരളത്തിലെ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നില്ല, അന്നും ഈ കരാറിനെ എതിർത്തത് ഇടതുപക്ഷമായിരുന്നു. ആഗോള വൽക്കരണവും, ഉദാരവൽക്കരണവും നടപ്പിലാക്കുന്പോഴുണ്ടാകുന്ന വിപത്തുകൾ വളരെ വലുതായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു, അപ്പോൾ നാടോടുന്പോൾ നടുവേ എന്ന പഴഞ്ചൊല്ല് കൊണ്ട് പഠനാപരമായ വസ്തുതക്കളെ ഇല്ലാതാക്കാൻ വലതുപക്ഷവും കുത്തക മുതലാളിമാരും ശ്രമിച്ചു, അതിൽ അവർ വിജയിക്കുകയും ചെയ്തു. എൻ.ജി.ഒകൾ ചെയ്യേണ്ട ജോലിയാണ് ഇപ്പോൾ ഇടതു പക്ഷം നടത്തുന്നതെന്ന് പരിഹസിക്കുന്നവരാണ് യഥാർത്ഥ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളും ദളിതരും മാത്രമാണ് അൽപ്പമെങ്കിലും അഭിവൃദ്ധി നേടി മുഖ്യധാരയിൽ ഉള്ളത്. ഈ നേട്ടങ്ങളുടെ അടിസ്ഥാന പരമായ കാരണം ഇവിടെ അവരനുഭവിക്കുന്ന സ്വാഭിമാന ബോധവും അവകാശങ്ങളെ കുറിച്ചുള്ള ബോധ്യവും ആണ്. ഈ ബോധ്യം നിരന്തര  ഇടതുപക്ഷ ഇടപെടലുകളുടെ ഫലമായിട്ടുണ്ടായതാണ്.

നാട്ടിൽ ഒരു മരണമുണ്ടായാൽ, കല്യാണം വന്നാൽ, ഒരു വഴിതർക്കം വന്നാൽ തുടങ്ങി കുടുംബ തർക്കത്തിൽ വരെ ഇടപ്പെട്ട്  പരിഹാരം കണ്ടിരുന്ന ജനകീയ പ്രസ്ഥാനത്തിന്റെ തകർച്ചയിൽ നിന്നും ജനകീയ മുഖം തിരിച്ചു പിടിക്കുന്നത്തിന്  ജൈവ കൃഷി സഹായകരമാകുമെങ്കിൽ ഒരു രാഷ്ട്രീയ നേട്ടത്തിനപ്പുറം നാടിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാനുഷിക മുഖം തിരികെ കൊണ്ടുവരുന്നതിന്റെ നല്ല ചിന്തയെ നമുക്ക് പ്രോത്സാഹിപ്പിക്കാം. 

You might also like

Most Viewed