ജാതി വ്യവസ്ഥ തിരിച്ചു വരുന്നു ?
“ജാതിയടിസ്ഥാനത്തിൽ നിങ്ങൾക്ക് ഒന്നും നിർമ്മിക്കാൻ കഴിയില്ല, ഒരു രാജ്യവും ഒരു ധർമ്മവും അതു മൂലം നിങ്ങൾക്കുണ്ടാക്കാൻ കഴിയില്ല”-ഡോക്ടർ. ബി.ആർ അംബേദ്ക്കർ
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നിന്നും തൂത്തെറിയപ്പെട്ട ഫ്യുഡെൽ വ്യവസ്ഥിതി മടങ്ങി വരാൻ വെന്പൽ കൊള്ളുന്നുവോ? രാജ്യസ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും വാതിലുകൾ കൊട്ടിയടക്കപ്പെട്ടുകൊണ്ടിരിക്കുന്നുവോ? രാജ്യത്തിന്റെ അവസ്ഥ ആശങ്കമാംവിധം ദിനം കഴിയുന്തോറും വഷളായി വളരുന്നു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് മുന്പ് ജനാതിപത്യ− മതേതര വിശ്വാസികളും, രാജ്യ നന്മയാഗ്രഹിക്കുന്ന ഭൂരിപക്ഷം ജനങ്ങളും ആശങ്കപ്പെട്ടതെന്തോ അത് രാജ്യത്ത് നടപ്പിലാക്കുന്നോ എന്ന ചിന്ത കഴിഞ്ഞ ഒരാഴ്ചയിലെ മാധ്യമ വാർത്തയിൽ നിന്നും മനസ്സിനെ അലട്ടുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി ലോകമെന്പാടും ഓടി നടന്നു ഇന്ത്യയുടെ പുരോഗതിക്കായി പലവിധ ചർച്ചകളിലും സംഭാഷണങ്ങളിലും ഏർപ്പെടുന്പോൾ, മറുഭാഗത്ത് ഒരുകൂട്ടർ രാജ്യത്തിനകത്തു വർഗ്ഗീയതയുടെ തീപ്പൊരികൾ ചിതറി, കലാപം പടർത്താൻ ശ്രമിക്കുന്നു. ഇന്ത്യയുടെ പുരോഗതിക്ക് തടസ്സമായി എക്കാലവും നിലനിന്ന ജാതിവ്യവസ്ഥ പുരോഗമന പ്രസ്ഥാനങ്ങളുടെയും ദാർശനിക നായകരുടെയും വിപ്ലവകരമായ സമരത്തിന്റെ ഫലമായി ഒരു പരിധിവരെ ഇല്ലാതാക്കി എന്ന് അവകാശപ്പെട്ടിടത്ത് നിന്ന് വീണ്ടും നാം പിറകോട്ട് സഞ്ചരിക്കുന്നോ എന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു നാളായി നാം കണ്ടു കൊണ്ടിരിക്കുന്നത്. ദേശീയ മാധ്യമങ്ങൾ നടത്തുന്ന ചർച്ചകളിൽ കൂടുതലായി ഇന്ത്യയിലെ വർഗ്ഗീയത വിഷയമാകുന്നു. ഏറ്റവും ഒടുവിൽ ഐക്യരാഷ്ട്രസഭയിൽ പോലും രാജ്യത്ത് നടക്കുന്ന വർഗ്ഗീയ−ജാതി പേക്കൂത്തുകൾക്കെതിരെ പരാതി പോയിരിക്കുന്നു. ഇതിനൊക്കെ നാം അറിഞ്ഞോ അറിയാതയോ കൂട്ട് നിൽക്കുകയും ചെയ്യുന്നു.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തെ വാർത്തകളിലൂടെ ഒന്ന് കണ്ണോടിക്കാം, ചാണകത്തിൽ ചവിട്ടിയതിന് വൃദ്ധന്റെ കാൽ തല്ലിയൊടിച്ചു! ഉച്ചഭക്ഷണ പാത്രത്തിൽ തൊട്ടതിന് അഞ്ചാം ക്ലാസുകാരനായ ദളിത് വിദ്യാർത്ഥിയെ അദ്ധ്യാപകൻ തല്ലി ചതച്ച് കക്കൂസ് കഴുകിച്ചു! ബീഫ് കഴിച്ചതിന് ഒരാളെ തല്ലി കൊന്നു! ക്ഷേത്രദർശനത്തിന് വന്ന ഒരു ദളിതനെ ജീവനോടെ തീകൊളുത്തി കൊന്നു! ദുപ്പട്ടകൊണ്ട് മുഖം മറയ്ക്കാത്തതിന് ആറു വയസുകാരി മകളെ മർദ്ദിച്ച് കൊന്നു! വാർത്തകളിലൂടെ സൂക്ഷം നിരീക്ഷിച്ചാൽ സാമാന്യ ജനത്തിന് മനസ്സിലാക്കാൻ കഴിയുന്നതിലും അപ്പുറത്തേയ്ക്ക് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നു എന്ന് കാണാം. മുൻസുപ്രീം കോടതി ന്യായാധിപൻ പറഞ്ഞത് പോലെ “അപ്രഖ്യാപിത അടിയന്തിരാവസ്ഥ”യിലേയ്ക്ക് ഇന്ത്യ നീങ്ങുന്നോ? അതോ ഇനി വരാൻ പോകുന്ന വലിയ അനിഷ്ട സംഭവങ്ങളുടെ തുടക്കം മാത്രമാണോ ഇതൊക്കെ? അസംതൃപ്തി അസഹിഷ്ണുതയാക്കി വളർത്തി മതപരമായ മനസ്സുകളിൽ വർഗ്ഗീയതയെ കുത്തിവെക്കുക എന്ന കുടില തന്ത്രം കുറച്ചു കാലമായി ഇന്ത്യയിൽ പ്രവർത്തിച്ചു വരുന്നു. ഇതു ഏതെങ്കിലും മത വിഭാഗങ്ങളുടെ ഉന്നമനത്തിനല്ല മറിച്ചു ചെറുസംഘം ആത്മീയ കച്ചവടക്കാരുടേയും അധികാരക്കൊതിയന്മാരുടെയും നിക്ഷിപ്ത താൽപര്യസംരക്ഷണത്തിന് വേണ്ടി മാത്രമാണ്. ഇന്ത്യയിൽ നിന്ന് ഒരു പരിധിവരെ എടുത്ത് പോയ ജാതീയതയും തൊട്ട് കൂടായ്മയും ഉച്ച നീചത്വവും എല്ലാം ഇനി മടങ്ങി വരാൻ പോകുന്നു. സവർണ്ണ−ഫാസിസ്റ്റ് രാഷ്ട്രീയം പ്രത്യക്ഷത്തിൽ ന്യൂനപക്ഷങൾക്ക് എതിരാണെന്ന് തോന്നിപ്പിക്കുമെങ്കിലും സത്യത്തിൽ അത് അങ്ങനെ മാത്രമല്ല. ഇന്ത്യയിലെ വരേണ്യ വർഗ്ഗത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും വരേണ്യ വർഗ്ഗത്തിന് നഷ്ടപ്പെട്ട മേൽക്കോയ്മ തിരിച്ച് കൊണ്ട് വരിക എന്ന ഹിഡൻ അജണ്ടയും ഇതിന്റെ പിന്നിൽ ഉണ്ട്. ബി.ജെ.പിയുടെയും കോൺഗ്രസ്സിന്റെയും ശക്തികേന്ദ്രങ്ങളായ സംസ്ഥനങ്ങളിൽ എന്തുകൊണ്ട് ഇത്തരം ദാരുണ സംഭവങ്ങൾ അരങ്ങേറുന്നു? ഇത്തരം ജാതി വർഗ്ഗീയ കോപ്രായങ്ങൾ എന്തുകൊണ്ട് കേരളത്തിൽ സംഭവിക്കുന്നില്ല? അവിടെയാണ് സി.പി.എം ഉൾപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രാധാന്യവും പ്രസക്തിയും! കമ്മ്യൂണിസ്റ്റ് വിരുദ്ധതയിൽ നിങ്ങളുടെ തലച്ചോർ പണയം വെച്ചിട്ടില്ലെങ്കിൽ സാമാന്യ ബുദ്ധിയിൽ ചിന്തിക്കൂ.
ഇന്ത്യയിലെ വ്യോമസേന തലവന് ഒരു സല്യൂട്ട്... സേനാധിപന്റെ ആർജവം ഇങ്ങനെ ആകണം. മാട്ടിറച്ചി കഴിച്ചെന്ന് ആരോപിച്ച് ഉത്തർ പ്രദേശിലെ ദാദ്രിയിൽ ജനക്കൂട്ടം അടിച്ചുകൊന്ന അഖ് ലാക്കിന്റെ കുടുംബത്തിന് സുരക്ഷിതമായ താമസത്തിന് സ്ഥലവും മറ്റു സൗകര്യങ്ങളും ചെയ്യുമെന്നും ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കാനാവില്ലെന്നും തുറന്ന് പറയാൻ തയ്യാറായ ഇന്ത്യൻ വ്യോമസേനാ മേധാവി അനൂപ് രാഹ തീർച്ചയായും മത നിരപേക്ഷ ഇന്ത്യയുടെ സല്യൂട്ട് അർഹിക്കുന്നു.
കൊല്ലപ്പെട്ട അഖ്ലാഖിന്റെ മൂത്ത മകൻ സർതാജ് വ്യോമസേന ഉദ്യോഗസ്ഥനാണ്. ഒരു സേനാനിയുടെ കുടുംബത്തിന് ഇത്തരമൊരു അവസ്ഥയുണ്ടായത് ദൗർഭാഗ്യകരമാണെന്ന് വാർത്താ സമ്മേളനത്തിൽ അനൂപ് രാഹ പറഞ്ഞത്, രാജ്യം എത്തിയ വർഗ്ഗീയ വിപത്തിന്റെ ഗൗരവം അദ്ദേഹം മനസ്സിലാക്കുന്നു എന്നതിന്റെ സൂചനയാണ്.
നായാടി മുതൽ നന്പൂതിരി വരെ (കട.വെള്ളാപ്പള്ളി):− കേരളത്തിലെ 11 മുഖ്യ മന്ത്രിമാരിൽ 8 പേർ ഹിന്ദുക്കൾ ആയിരുന്നു. 2 ക്രിസ്ത്യാനികളും 1 മുസ്ലീമും... ഇതിന്റെ പിന്നിലെ ഹിഡൻ അജണ്ട എന്താണ്? ഇതൊക്കെ ചോദിക്കാമോ എന്തോ? ഒറ്റ ചോദ്യമേ ചോദിക്കാൻ ഉള്ളൂ. എല്ലാത്തിനും മതത്തിന്റെയും ജാതിയുടെയും നാറിയ കണക്കും എടുത്ത് കൊണ്ട് മഹാത്മാവായ ഗുരുവിനെ വരെ വിൽപ്പന ചരക്കാക്കുന്ന സന്പ്രദായം നിർത്തുക. മത നേതാക്കൾ മതകാര്യങ്ങളും നോക്കി പള്ളികളിലും അന്പലങ്ങളിലും ചർച്ചുകളിലും ഇരിക്കുക− ഭരിക്കാൻ മനുഷ്യർ മുന്നോട്ടു വരുക.
ഇന്ത്യയിലെ മത വിശ്വാസികളും മതേതരവാദികളും ജനാധിപത്യ സമൂഹവും ജാഗരൂകരായിരിക്കുക. നിങ്ങളുടെ ഇടയിലുള്ള സാമൂഹിക ഐക്യം തകരാൻ പോകുന്നു. പഴയ ഫ്യൂഡലിസ്റ്റ് കാല ഘട്ടത്തിലേയ്ക്ക് നമ്മുടെ രാജ്യം തിരിച്ച് പോകാൻ പോകുകയാണ്. കുറഞ്ഞ പക്ഷം കേരളത്തിലെങ്കിലും അത് അനുവദിക്കാതിരിക്കുക.