മൂന്നാറിലെ ‘കൊളുന്തു’ സമരവും വസ്തുതകളും


“ആദ്യം അവർ നിങ്ങളെ അവഗണിക്കും...

പിന്നെ അവർ നിങ്ങളെ പരിഹസിക്കും...

പിന്നെ അവർ നിങ്ങളെ അക്രമിക്കും...

പിന്നെ നിങ്ങൾ വിജയിക്കും”...

മഹാത്മാഗാന്ധി -

കഴിഞ്ഞ ഒന്പതു ദിവസമായി മൂന്നാറിൽ നടന്നു വന്ന സ്ത്രീ തൊഴിലാളികളുടെ സമരം അങ്ങനെ അവസാനിച്ചിരിക്കുന്നു. തൊഴിലാളികൾ അവരുടെ അവകാശങ്ങൾ നേടിയോ ഇല്ലയോ എന്നത് രണ്ടാമത്തെ പ്രശ്നം. വർഗ്ഗ ജനതയെ അവരുടെ അവകാശങ്ങൾ ബോദ്ധ്യപ്പെടുത്തി മുതലാളിത്ത മേലാളന്മാർക്കെതിരെ സന്ധിയില്ലാ സമരത്തിലൂടെ ചൂഷണത്തെ എതിർത്ത് തോൽപ്പിച്ച തൊഴിലാളി−വർഗ്ഗ ബഹുജന പ്രസ്ഥാനങ്ങളുടെ അവസ്ഥ ആശങ്കപ്പെടുത്തി, സംഘടിത ട്രേഡ് യുണിയനുകൾക്ക് താക്കീതായി മാറിയ സമരം. കപട രാഷ്ട്രീയതിന്നു നിലനിൽപ്പില്ല എന്ന് വിളിച്ചോതുന്ന സമരം. രക്ത വർണ്ണക്കൊടി പാറിപ്പിക്കാൻ കഴിയാതെ തിരിച്ചു പോരേണ്ടി വന്ന സമരം. ‘വി.എസ്’ എന്ന രണ്ടക്ഷരത്തിന്റെ വിപ്ലവ വീര്യവും അതിൽ സമരസ്ത്രീകൾക്കുണ്ടായ വിശ്വാസവുമാണ് പൊടുന്നനെ സമരം അവസാനിക്കാൻ കാരണമായത്. കൂർമ്മബുദ്ധിമാനായ മുഖ്യൻ നേരത്തെ തയ്യാറാക്കിയ തിരക്കഥ പോലെ അത് രംഗത്തവതരിപ്പിച്ചു കയ്യിൽ ‘മുത്തം’ വാങ്ങുകയും ചെയ്തു. ഇതൊക്കെ ഒന്നല്ലങ്കിൽ മറ്റൊരു മാധ്യമത്തിലൂടെ നാം, (ജനങ്ങൾ) വായിച്ചതോ കണ്ടതോ കേട്ടതോ ആയ സത്യങ്ങൾ എന്ന മിഥ്യകൾ. എന്നാൽ സത്യമെന്ന് നമ്മെ വിശ്വസിപ്പിച്ച നാടകത്തിന്റെ യഥാർത്ഥ സ്വഭാവം വസ്തുതതായി നിലനിൽക്കുന്നുണ്ടോ? അതാണ് നമുക്ക് പരിശോധിക്കേണ്ടത്. ഇവിടെയാണ് അവകാശങ്ങൾ നേടിയോ ഇല്ലയോ എന്ന രണ്ടാമത്തെ പ്രശ്നം ചർച്ച ചെയ്യേണ്ടത്. അച്ചുകൾ നിരത്തിയ മുത്തശ്ശി പത്രങ്ങളും, ചർവ്വിത ചർപ്പണം പോലെ ചർച്ചകൾ ചെയ്യുന്ന ചാനലുകളും യഥാർത്ഥ സമരാവശ്യം വ്യക്തമാക്കിക്കണ്ടില്ല.

കണികണ്ടുണരുന്ന നന്മക്കു പിന്നിലെ വിയർപ്പിന്റെ ഗന്ധം മനസ്സിലാക്കണം. ദിവസക്കൂലിയായ 82 രൂപ എന്ന തുച്ഛമായ വേതനം വർദ്ധിപ്പിക്കുക, ലഭിക്കുന്ന ശന്പളത്തിൽ നിന്നും വിവിധ ആവശ്യങ്ങൾ പറഞ്ഞു മാസംതോറും കന്പനി നടത്തുന്ന പിടിച്ചുപ്പറി അവസാനിപ്പിക്കുക, തൊഴിൽ സ്ഥലത്ത് മാന്യമായ ജീവിത സാഹചര്യം ഒരുക്കുക, ബോണസ് വർദ്ധിപ്പിക്കുക, തുടങ്ങി ഇന്ന് സ്വദേശത്തും വിദേശത്തും ഏതൊരു തൊഴിലാളിയും അനുഭവിക്കുന്ന ന്യായമായ ആവശ്യങ്ങളായിരുന്നു ഇവിടെയും തൊഴിലാളികളുടെത്. എന്നാൽ വൻകിട പരസ്യദാതാവായ കന്പനിക്കു വേണ്ടി മാധ്യമങ്ങൾ സമരത്തെ വെറുമൊരു ബോണസ്സ് സമരമാക്കി ചിത്രീകരിച്ചു. കോടികൾ ശന്പളം പറ്റുന്ന പ്ലാന്റേഷൻ കന്പനിയുടെ ക്രൈസിസ് മാനേജ്മെന്റിന്റെ ഉദ്യോഗസ്ഥർക്കറിയാമായിരുന്നു തിരക്കഥ എങ്ങനെ രചിക്കണമെന്ന്. സ്ത്രീ തൊഴിലാളിയുടെ യഥാർത്ഥ പ്രശ്നങ്ങളിലേക്ക് ചർച്ചയെ കൊണ്ടുപോകാതിരിക്കാൻ അവർ തുടക്കംമുതൽ ശ്രദ്ധിച്ചിരുന്നു. വാർഷിക ബോണസ് 1500 രൂപ മാത്രം നൽകി സമരം അവസാനിപ്പിക്കാൻ തുടക്കംതന്നെ അവർക്ക് കഴിയുമായിരുന്നു, എന്നാൽ തങ്ങൾ എന്തോ വലിയ കാര്യം നേടിയെന്നു തൊഴിലാളിക്കും, അത് നേടിക്കൊടുത്തു എന്ന് നേതാക്കൾക്കും, സർക്കാരിനും അവകാശം നൽകിയെന്ന് മാനേജ്മെന്റിനും തോന്നിപ്പിക്കുമാറു കാര്യങ്ങൾ കൊണ്ടെത്തിച്ച ‘ക്രൈസിസ് മാനേജ്മെന്റ്’ ടീമിന് അഭിമാനിക്കാം, കൂടെ അവർക്ക് നൽകിയിരിക്കുന്ന പേർ ഒന്ന് കൂടി അന്വർത്ഥമാവുകയും ചെയ്തു. അതിലെല്ലാം പുറമേ നിത്യേന ശല്യമായ ‘ട്രേഡ് യുണിയൻ’ കുട്ടി നേതാക്കളെ ഒതുക്കുകയും ചെയ്തു. തൊഴിലാളി അവകാശവും പറഞ്ഞു മേലാൽ കന്പനിയുടെ പടി കേറാൻ കഴിയില്ല, മാത്രവുമല്ല വർഷാവർഷം നൽകി വരുന്ന ‘ചുങ്കം’ നിർത്തലാക്കാനും, പ്രീതിപ്പെടുത്താൻ നൽകിയ ‘ആഡംബര സൗതങ്ങളും, കാറുകളും’ തിരിച്ചു വാങ്ങാനും കഴിയും. ഇവിടെയല്ലം ഒരു ‘അരാഷ്ട്രീയത’ നിലനിൽക്കുന്നു, അത് ആശങ്കപ്പെടുത്തുകയും ചെയ്യുന്നു.

മാസശന്പളം 5000 രൂപയെന്നു രേഖപ്പെടുത്തി പേപ്പറിൽ ഒപ്പുവെപ്പിച്ചു നൽകുന്ന ശന്പളം പലവിധ കുറക്കലുകൾക്കു ശേഷം വെറും 2450 രൂപയാണു രാവിലെ മുതൽ അന്തി വരെ 30 ദിവസം കൊളുന്തു നുള്ളുന്ന ഒരു സ്ത്രീ തൊഴിലാളിക്കു ലഭിക്കുക. കന്പനി ഉറക്കെപ്പറയുന്ന സൗജന്യങ്ങൾക്ക് കാശ് കന്പനി തന്നെ നൽകുന്ന ശന്പളത്തിൽ നിന്ന് പിടിക്കുന്നു. അരിക്കു മാസം 400 രൂപയും, ഒരു കന്പിളി പുതപ്പിനു മാസം 400 രൂപ വെച്ചു മൂന്നു മാസത്തിൽ 1200 രൂപയും, അരക്കിലോ തേയിലക്കു മാസം 56 രൂപയും ശന്പളത്തിൽ നിന്നു കുറക്കുന്നു. വൈദ്യുതിക്ക് യൂണിറ്റിനു മൂന്ന് മുതൽ നാല് രൂപ വരെ കന്പനി തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നു. 140 രൂപ വരെ തോഴിലാളിയുടെ മാസശന്പളത്തിൽ നിന്നു വൈദ്യുതിയുടെ പേരിൽ കുറക്കുന്നു. ഒരു ദിവസം ഒരു തൊഴിലാളി 80 കിലോ വരെ കൊളുന്തു നുള്ളണം, അങ്ങനെ നുള്ളുന്ന ഒരു തൊഴിലാളിക്ക് 82 രൂപ ദിവസം അടിസ്ഥാന ശന്പളമായി ലഭിക്കും. പിന്നീട് അധികമായി നുള്ളുന്ന ഓരോ കിലോക്കും 90 പൈസ മാത്രമാണ് തൊഴിലാളിക്ക് ലഭിക്കുന്നത്. 82 രൂപ ദിവസക്കുലിയെന്നു നിശ്ചയിച്ച ശന്പളത്തിൽ, 140 രൂപ ഡി.എ എന്ന പേരിലുമാണു തൊഴിലാളികൾക്കു ലഭിക്കുന്നത്. ഇതിൽ നിന്നാണു പലവിധ കുറക്കലുകൾക്കു ശേഷം 2450 രൂപയായി അവരുടെ കൈകളിലെത്തുന്നത്. ഈ ഭീകരമായ തട്ടിപ്പ് ജനായത്തം

അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് അവർ സമരം നടത്തിയത്. ഈ വസ്തുത പുറത്തു വിടാതിരിക്കാന് കന്പനി പരമാവധി ശ്രമിച്ചു.

പ്രതിപക്ഷ നേതാവ് പറഞ്ഞത് പോലെ, കന്പനി പുറത്തു വിട്ട നഷ്ടക്കണക്കുകൾ തീർത്തും വിശ്വാസ യോഗ്യമല്ല. ഇന്ത്യയിലെ എണ്ണ കന്പനികളുടെ കണക്കുകൾക്ക് തുല്യമായതാണ് അത്. ലഭിക്കുന്ന ലാഭ വിഹിതം കുറയുന്പോൾ കണക്കു നഷ്ടത്തിൽ അവതരിപ്പിക്കുന്നു. എന്നാൽ ഒരു പൊതു ഓഡിറ്റിനു വിധേയമാക്കിയാൽ പൂച്ച പുറത്തു ചാടും. 2014−15ൽ 285 കോടി വരുമാനമുള്ള കന്പനിയുടെ ലാഭം പക്ഷേ 5.5 കോടി മാത്രമാണ്. എന്നാൽ ഇത്ര കുറച്ചു ലാഭമുള്ള കന്പനിയുടെ മാനേജുമെന്റ് തലപ്പത്തുള്ളവരുടെ ശന്പളം ലക്ഷങ്ങൾക്ക് മുകളിലാണ്.

മൾട്ടി സ്പെഷ്യാലിറ്റി ചികിത്സയും വിനോദയാത്രകളും ബംഗ്ലാവുകളും കുടുംബ ആഡംബരങ്ങളും വേറെ. പാന്പിനെയും പഴുതാരെയും അവഗണിച്ചു, സ്വന്തം ജീവിതം പകലന്തിയോളം തോട്ടങ്ങളിൽ ഹോമിക്കുന്ന തൊഴിലാളിക്ക് ലഭിക്കുന്നതോ നക്കാപിച്ച. അവർക്ക് കന്പനിയുടെ ആശുപത്രിയിൽ സൗജന്യ ചികിത്സ എന്നാണു പ്രചരണമെങ്കിലും, എല്ലാ ചികിത്സാ ചെലവുകളും ശന്പളത്തിൽ നിന്നു പിടിക്കുന്നു. സ്ത്രീ തൊഴിലാളികളെ പ്രസവത്തിനു കന്പനി ആശുപത്രിയിലെത്തിച്ചാൽ സിസ്സേറിയനു നിർബന്ധിച്ച് 25000 രൂപ ശന്പളത്തിൽ നിന്ന് തവണകളായി ഈടാക്കുന്നു. ഇതെല്ലാം കന്പനി തീരുമാനിക്കുന്നു അവർ നടപ്പാകുന്നു. ഇവിടെയാണ് തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളും അവരുടെ ചെയ്തികളും മാലോകർ ചോദ്യം ചെയ്യുന്നത്. ഹൈറേഞ്ചുകളിൽ താമസിക്കുന്ന തൊഴിലാളിയിൽ നിന്നും ഉയർന്നുവന്ന യുണിയൻ നേതാക്കളുടെ ഇന്നത്തെ അവസ്ഥ നോക്കിയാൽ കാര്യങ്ങൾ ഏകദേശം പിടികിട്ടും. സഹനത്തിന്റെ അവസാനത്തിൽ നിന്നാണ് ചെരുപ്പൂരേണ്ട അവസ്ഥ തൊഴിലാളിക്കുണ്ടായതു, എങ്കിലും തകരുന്ന വർഗ്ഗ പ്രസ്ഥാനങ്ങൾ നാടിനു ഭൂഷണമല്ല, ഈ സമരത്തിലും ഒരു പക്ഷെ നാളയുടെ ചരിത്രം നമ്മെ അത് ഓർമിപ്പിക്കും. കൊട്ടിഘോഷിച്ചു നടന്നതും നേടിയതുമായ കാര്യങ്ങൾ നോക്കുന്പോൾ ഒന്പതു ദിവസമായി നടന്ന തീവ്ര സമരത്തിൽ നിന്നും തൊഴിലാളികൾ ഒന്നും നേടിയില്ല, മറിച്ചു ഇനി ഇതുപോലെ ഒരു കൂടിച്ചേരലിനു അവസരം ഇല്ലാതാക്കുകയും, ലഭിച്ച ‘നക്കാപിച്ച’ കൊണ്ട് ശിഷ്ടകാലം കഴിക്കേണ്ടിയും വരും. നടക്കുന്ന ‘വ്യവസായതിന്നു കോട്ടം തട്ടാതെ നോക്കണം’ എന്ന് പറഞ്ഞു പതിപ്പിക്കുന്നവർ ‘മനുഷ്യന് മാന്യമായി ജീവിക്കണം’ എന്ന സത്യം മറന്നു പോകുന്നു. സമരക്കാർ ഉന്നയിച്ച ഗൗരവമുള്ള വിഷയങ്ങളുടെ ചർച്ച 26ന് ലേബർ കമ്മീഷണറുടെ മുന്നിലേക്ക് മാറ്റിയിരിക്കുകയാണ്. സമരം നിർത്തിയ ശേഷമുള്ള ചർച്ചകൾക്ക് വിജയസാധ്യത ഒട്ടുമില്ല. നിർത്തിവെച്ച ശേഷം വ്യക്തമായ സംഘടനാ സംവിധാനമില്ലാതെ നടത്തിവന്ന സമരം പുനരാരംഭിക്കാൻ ബുദ്ധിമുട്ടാണ്. ഇവിടെയാണ് നേതൃതവും സംഘടനകളും പ്രസക്തമാകുന്നത്.

നിലവിലെ വ്യവസ്ഥയിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ സ്വന്തം കടമകൾ മറക്കുന്നതിൽ നിന്നാണ് അരാജകത്വവും അരാഷ്ട്രീയതയും കടന്നു വരുന്നത്. ഇവ രണ്ടും നാടിനും സാധാരണ ജനത്തിന്നും നന്നല്ല. വർഗീയത മാത്രം പുലന്പുന്ന ബി.ജെ.പിയിൽ നിന്നോ, അധികാരവും അഴിമതിയും കൈമുതലാക്കിയ കോൺ്ഗ്രസ്സിൽ നിന്നോ ജനം ഒരു കടമയും പ്രതീക്ഷിക്കുന്നില്ല, വർഗ്ഗ ബഹുജന പാർട്ടി സമുദായ−ആഘോഷങ്ങളുടെ പിറകെ പോകുന്പോൾ ജനം ‘ചൂലെ’ടുക്കേണ്ട അവസ്ഥ വന്നു ചേരും.

You might also like

Most Viewed