വിഴിഞ്ഞവും ആറന്മുളയും – അഴിമതികളുടെ കയ്മാറ്റം
“എന്റെ നടത്തം വളരെ പതുക്കെയാണ്...
പക്ഷെ ഒരിക്കലും ഞാൻ പിറകോട്ടു നടക്കില്ല..”എബ്രഹാം ലിങ്കൻ
വികസനം എന്നാൽ കുറച്ചു വിമാന താവളങ്ങളും, തുറമുഖങ്ങളും, സിറ്റികളും ആണെന്നൊക്കെയുള്ള സാധാരണ ജനത്തിന്റെ സാമാന്യ ചിന്തയെ വസൂലാക്കി കേരള സർക്കാർ ഒരു വലിയ അഴിമതി രാജ്യത്ത് നടത്തിയിരിക്കുന്നു. എപ്പോഴെല്ലാം കോൺഗ്രസ്സിന്റെ നേതൃത്തിൽ സർക്കാർ അധികാരത്തിൽ വരുമോ അപ്പോഴൊക്കെ ഇതുപോലെ ഏതെങ്കിലുമൊക്കെ വൻകിട പദ്ധതികൾ തലപൊക്കും. ശാസ്ത്രീയമായും പ്രായോഗികമായും പഠിച്ചു തെറ്റ് ശരികൾ ചൂണ്ടിക്കാണിക്കുന്നവരെ വികസന വിരോധികളായി ചിത്രീകരിക്കും. അതിന് മുതലാളിത്ത മാധ്യമങ്ങൾ മുതൽ നക്കാ പിച്ച തടയുന്ന പ്രാദേശിക നേതാവ് വരെ മുന്നിലുണ്ടാവും.ഇപ്പോൾ അതും കടന്ന് നവ മാധ്യമങ്ങളിൽ പരിഹാസ രൂപേണയായി. എതിർക്കുന്നവരെ അടിച്ചിരുത്താൻ ഏതറ്റം വരെയും ഇക്കുട്ടർ പോകും. കഴിഞ്ഞാഴ്ച്ച കേരളം കേട്ട, അല്ല ഇന്ത്യ തന്നെ ശ്രവിച്ച ഒരു വാർത്തയായിരുന്നു ‘വിഴിഞ്ഞം തുറമുഖ’ പദ്ധതിയുടെ കരാർ ഒപ്പിടൽ ചടങ്ങ്. ഇന്ത്യയിലെ തന്നെ വൻകിട തുറമുഖ പദ്ധതിയായിട്ടും ഒരു കന്പനി മാത്രം ടെണ്ടറിൽ പങ്കെടുത്ത് വിജയിച്ച ഒരു മത്സരം. റഫറിമാരുടെ (കേരളത്തിന്റെയും കേന്ദ്രത്തിന്റെയും) വിസിലടിയിൽ കളി ജയിച്ച സാക്ഷാൽ അദാനിയെന്ന കുത്തക മുതലാളി വിമാനം കയറി നേരെ കേരളത്തിൽ വന്നു. ഇടഞ്ഞ് നിൽക്കുന്ന പ്രതിപക്ഷ നേതാവിനെ മെരുക്കലായിരുന്നു ഏകയുള്ള ദൗത്യം, അതിന് നേതാവിന്റെ വിശ്വസ്തൻ ദല്ലാൾ നന്ദകുമാറിനെയും കൂടെ കൂട്ടി. അതിൽ നിന്നു തന്നെ മുതലാളിയുടെ ഉദ്ദേശ ശുദ്ധി മനസ്സിലാകും.
സാധാരണ ജനത്തിന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ − കേന്ദ്ര സർക്കാർ മുതൽമുടക്കുന്ന ആദ്യത്തെ തുറമുഖ പദ്ധതിയാണ് വിഴിഞ്ഞം. ഏകദേശം 131 ഏക്കർ കടൽ നികത്തണം, 221 ഏക്കർ കരഭൂമി വേറയും. 7525 കോടിയാണ് മൊത്തം പദ്ധതി ചെലവ്. പൊതു സ്വകാര്യ പങ്കാളിത്തത്തോട് കൂടി നടപ്പിലാക്കുന്ന പദ്ധതിയിൽ 5071 കോടി കേന്ദ്ര-−സംസ്ഥാന സർക്കാർ വഹിക്കും. ബാക്കി വരുന്ന വെറും 2454 കോടി രൂപ മാത്രമാണ് അദാനി മുടക്കുന്നത്. അതും ബാങ്ക് ലോൺ വഴി. അതായത് പദ്ധതിയുടെ 75 ശതമാനത്തിലും മേലെ പൊതു ഖജനാവിൽ നിന്നും.
പദ്ധതി യാഥാർത്ഥ്യമായാൽ പോലും ആ
ദ്യ 20 വർഷം വരെ സർക്കാരിന് ലാഭവിഹിതമില്ല. അതുകഴിഞ്ഞു വർഷം തോറും 1% നിരക്കിൽ കൂടി വരുന്ന ലാഭം. ഇങ്ങനെയുള്ള കരാർ 20 വർഷം നിലനിൽക്കുകയും പുതുക്കി നൽകുകയും വേണം. ഇതിലെല്ലാം ഉപരിയാണ് ‘കബോട്ടാഷ്’ നിയമത്തിൽ ഇളവു നൽകാമെന്ന കേന്ദ്രത്തിന്റെ ഉറപ്പും.
ഇനി കാര്യത്തിന്റെ പ്രസക്ത ഭാഗത്തിലേക്ക് കടക്കാം: സാധാരണ ഏതൊരു കച്ചവടത്തിലും പകുതിയിൽ കൂടുതൽ പണം മുടക്കുന്നവർക്കാണ് ഉടമസ്ഥാവകാശം. എന്നാൽ ഇവിടെയങ്ങനെയല്ല, കൂടുതൽ പണം മുടക്കുന്ന സർക്കാരിന്, അതായത് പൊതു ജനത്തിന് 1% ലാഭമെങ്കിലും കിട്ടണമെങ്കിൽ 20 വർഷം കാത്തിരിക്കണം. മാത്രവുമല്ല പദ്ധതിയിലേയ്ക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിലോ പദ്ധതി അനുബന്ധ തീരുമാനങ്ങൾ എടുക്കുന്നതിലോ സർക്കാരിന് യാതൊരു നിയന്ത്രണവും ഉണ്ടാകില്ല. ദിനവും ചെറുവള്ളങ്ങളിൽ കടലിൽ പോയി മത്സ്യബന്ധനം നടത്തി ഉപജീവന മാർഗ്ഗം തേടുന്ന മത്സ്യ തൊഴിലാകളുടെ ആശങ്കയൊന്നും സർക്കാരിന് പ്രശ്നമല്ല, അല്ലെങ്കിൽ തന്നെ വികസനം വരുന്പോൾ ജനം മാറി നിന്നോണം. പിന്നെ ചില സഭകൾ അവിടെയും ഇവിടെയും ചിലത് പറയും. അവരെ അടച്ചിട്ട മുറിയിൽ അൽപ്പ നേരം പിടിച്ചിരുത്തി ‘കൊടുക്കേണ്ടത് കൊടുക്കുന്പോൾ’ ആശങ്കകളൊക്കെ തീർന്നോളും. പുനരധിവാസം എന്നത് നമ്മുടെ രാജ്യത്തു അപ്രാപ്യമായി വരുന്നു എന്നത്, സാമൂഹിക സാംസ്കാരിക പ്രവർത്തകർ ചൂണ്ടികാണിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. കരയോട് ചേർന്ന ഏകദേശം 131 ഏക്കർ കടൽ നികത്തുന്നത്തിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് കാര്യമാത്രമായ ഒരു പഠനവും നടത്തിയതായി കണ്ടില്ല. അവരും പരിസ്ഥിധി പ്രവർത്തകരും അവിടെ കിടന്നു ചിലച്ചോളും.
‘വിഴിഞ്ഞം’, ഉപഭൂഖണ്ധത്തിന്റെ സമുദ്ര വാണിഭ രംഗം മാറ്റുമെന്ന വീന്പ് പറച്ചിലുമായി അദാനി രംഗത്ത് വന്നു കഴിഞ്ഞു. മാത്രവുമല്ല ലക്ഷക്കണക്കിന് കണ്ടയ്നറുകൾ വന്നു പോകുമെന്നുമുള്ള ‘ഉദയനാണ് താരം’ എന്ന സിനിമയിലെ “പൊറോട്ട” കയറ്റുമതി പോലെയുള്ള ഊഹ കണക്കുകളും. ഇതിലും വലിയ വീന്പുകൾ പറഞ്ഞു തുടങ്ങിയ വല്ലാർപാടത്തിന്റെ അവസ്ഥ ഇന്ന് ഒന്നറിഞ്ഞിരുന്നെങ്കിൽ! പദ്ധതിയോടനുബന്ധിച്ചു പുറത്തു വന്ന ‘വിഴിഞ്ഞം ഫീസിബിലിറ്റി പഠനത്തിൽ’ തുറമുഖ പദ്ധതി സാന്പത്തികമായി പരാജയപ്പെടുമെന്ന സത്യാവസ്ഥയാണ് പറയുന്നത്. അതുകൊണ്ട് തന്നെയാണ് ടെണ്ടറിൽ മറ്റു കന്പനികൾ പങ്കെടുക്കാതിരുന്നതും. അപ്പോൾ പിന്നെ കന്പനികളെ ആകർഷിക്കാൻ മറ്റു വഴികൾ തേടണം, അപ്പോഴാണ് നിധി വിൽക്കാൻ സർക്കാർ തീരുമാനിച്ചത്. കടലിനോടു ചേർന്ന പദ്ധതി പ്രദേശം 30% കന്പനികൾക്ക് മറ്റു ആവശ്യത്തിനുപയോഗിക്കാം. അഞ്ഞൂറിലേറെ ഏക്കർ സ്ഥലമാണ് അദാനിക്ക് നൽകുന്നത്. എന്നാൽ പദ്ധതിക്കാവശ്യം മുന്നൂറ് ഏക്കർ മാത്രമാണ്. അപ്പോൾ ബാക്കി വരുന്ന ഇരുന്നൂർ ഏക്കർ ഒരു റിയാൽ എേസ്റ്ററ്റ് രീതിയിൽ അദാനിക്ക് കൈകാര്യം ചെയ്യാം. ഈ വസ്തു ബാങ്കിൽ ലോൺ െവച്ചിട്ടാണ് മുതലാളി പദ്ധതിക്കാവശ്യമായ ആദ്യ തുക ഇറക്കുന്നത് എന്ന് സാന്പത്തിക വിദഗ്ദ്ധർ പറയുന്നു.
പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങൾക്ക് ഇതുവരെ മറുപടി ഉണ്ടായിട്ടില്ല. കേന്ദ്രത്തിൽ തങ്ങളുടെ സർക്കാരും, അവർക്ക് വേണ്ടപ്പെട്ട മുതലാളിയും ആയതിൽ പിന്നെ കേരളത്തിലെ ബി.ജെ.പിക്കാർക്ക് മിണ്ടാട്ടമില്ല എന്ന് മാത്രമല്ല മുസ്ലിം ലീഗ് വരെ വിട്ടു നിന്ന ഒപ്പിടൽ ചടങ്ങിൽ മുഴുനീളെ പങ്കെടുക്കുകയും ചെയ്തു. ഇതിൽ നിന്നൊക്കെ ബുദ്ധിയുള്ള ജനത്തിന് ഊഹിക്കാൻ കഴിയുന്നത്, ചാകാൻ തീവ്ര പരിചരണ മുറിയിൽ കിടന്നിട്ടും കൊല്ലാതെ ആറന്മുള വിമാന താവള പദ്ധതി ജീവൻ നിലനിർത്തി പോകുന്നതിന്റെ മരുന്ന് എവിടെ നിന്നാണെന്ന്. ഒരു കാര്യം വ്യക്തമാണ് നിങ്ങൾക്ക് വിഴിഞ്ഞം ഞങ്ങൾക്ക് ആറന്മുള, മന്ത്രിമാർക്ക് തേനിയിൽ ഏക്കറ് കണക്കിന് തോട്ടങ്ങൾ വാങ്ങാനും, അമേരിക്കയിൽ ബിസിനസ്സ് നടത്താനുമൊക്കെ ഈ വിറ്റ് തുലയ്ക്കൽ ആവശ്യമാണ്.
പക്ഷെ ഒരു ജനാധിപത്യ സർക്കാർ ജനങ്ങളുടെ സഹായത്തോടെ ഒരു അഴിമതി നടത്തുന്നത് കാണേണ്ട ഗതികേട് കേരളത്തിന് മാത്രമേ ഉണ്ടാകൂ. കോവളം കൊട്ടാരം ചുളുവിലയ്ക്ക് വിറ്റ് തുലച്ചത് പോലെ ഇപ്പോൾ വിഴിഞ്ഞവും ചുളുവിലയ്ക്ക് വിറ്റുതുലച്ചിരിക്കുന്നു. ആലിബാബയും 40 കള്ളന്മാരും കൂടി ഈ കേരളം മൊത്തത്തിൽ അടിച്ചുമാറ്റുമെന്നാ തോന്നുന്നത്. കുറഞ്ഞത് നെടുന്പാശ്ശേരി വിമാനത്താവള പദ്ധതിക്ക് സമാനമായ ഒരു നിബന്ധനകളെങ്കിലും സ്വീകരിച്ച് മുന്നോട്ടു പോകാമായിരുന്നു. ഇതൊക്കെയായിട്ടും കരാറിന്റെ രൂപം പൊതുജനതിന് ഇപ്പോഴും അന്യമാണ്.
രാഷ്ട്രീയ അടിമത്തം കൂടുന്നതും, നേതാക്കളെ അന്ധമായി വിശ്വസിക്കുന്ന അണികൾ ഉണ്ടാകുന്നതും പ്രബുദ്ധ കേരളത്തെ പിറകോട്ടു വലിക്കുന്നു. വിഴിഞ്ഞം പദ്ധതി ഒരു പരാജയമാണെങ്കിൽ വലിയ ഒരു സാന്പത്തിക ബാധ്യതയിലേക്ക് കേരളം കൂപ്പു കുത്തും, ഇപ്പോൾ തന്നെ ഒരു ലക്ഷത്തി അന്പതിനായിരം കോടി കടമുള്ള കൊച്ചു കേരളത്തിന് അത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. വരും തലമുറയോട് ചെയ്യുന്ന മഹാ പാതകമായിരിക്കും. വികസനം വിവേകത്തോടുകൂടിയായിരിക്കണം. അത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ കടന്നാകരുത്.