സ്വാതന്ത്ര്യദിനം ആഘോഷമല്ല അനുസ്മരണമാണ്
“സങ്കുചിതചിന്താഗതികളെയും വർഗ്ഗീയതെയും പ്രോത്സാഹിപ്പിക്കാൻ നമുക്കാവില്ല, കാരണം ചിന്തയിലും പ്രവൃത്തിയിലും സങ്കുചിത്വം പാലിക്കുന്ന ഒരു ജനതയെ കൊണ്ട് ഒരു രാജ്യത്തിനും മഹത്താകാൻ കഴിയുകയില്ല”−−−−(നെഹ്റു)
നാം ഇന്ത്യക്കാർ സ്വാതന്ത്രം ആഘോഷിക്കാൻ തുടങ്ങിയിട്ട് 69 വർഷങ്ങൾ പിന്നിടുന്നു. അടിമത്വത്തിൽ നിന്നും, അരക്ഷിതാവസ്ഥയിൽ നിന്നും, നീതി നിഷേധത്തിൽ നിന്നും വർഷങ്ങൾ നീണ്ട സഹന സമരത്തിലൂടെയും ത്യാഗത്തിലൂടെയും നാം മോചനം നേടിയിട്ട് ഏഴു പതിറ്റാണ്ടിലേക്ക് അടുക്കുന്നു. ഓരോ സ്വാതന്ത്ര്യദിനവും ചെങ്കോട്ട പ്രസംഗങ്ങളിലും, ത്രിവർണ്ണ പതാക ഉയർത്തലിലും, മധുര വിതരണത്തിലും, നവമാധ്യമ യുഗത്തിലെ പ്രൊഫൈൽ പിക്ചർ മാറ്റുന്നതിലും മാത്രമായി നാം ചുരുങ്ങി പോകുന്നുണ്ടോ? ആഘോഷങ്ങളെക്കാൾ അനുസ്മരണത്തിനാണ് പ്രാധാന്യം നൽകേണ്ടത്. അഹിംസയിലൂന്നി, സഹന സമരത്തിലൂടെ സ്വാതന്ത്രസമരത്തിന് നേതൃത്വം നൽകിയ “ഗാന്ധിജി” പോലും ഒരു വേള സ്മരിക്കപ്പെടുന്നുണ്ടോ എന്നത് നമ്മുടെ മുന്നിലുള്ള ചോദ്യമാണ്. വിപ്ലവ ചിന്തയിലൂടെ ബ്രിട്ടീഷ് ഭരണത്തിന്റെ പേടിസ്വപ്നമായ “ഭഗത് സിംഗ്”, മതാടിസ്ഥാനത്തിൽ ഘടിപ്പിച്ചു ഭരിക്കാൻ ശ്രമിച്ച വെള്ളകാർക്ക് മുന്നിൽ, “രാജ്യ സ്നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന” പ്രവാചക വചനം ഉത്ബോധിപ്പിച്ച് സ്വസമുദായത്തെ സമര രംഗത്തേക്ക് കൊണ്ടുവന്ന “അബുൽ കലാം ആസാദ്”, സ്വാതന്ത്ര്യം തോക്കിൻ കുഴലിലൂടെ എന്ന തീക്ഷ്ണ ചിന്ത യുവാക്കളിൽ ആവാഹിച്ച്, സമരത്തിന്റെ ഒരു ഭാഗം കൈകാര്യം ചെയ്ത “സുഭാഷ് ചന്ദ്ര ബോസ്” തുടങ്ങി എണ്ണമറ്റ നേതാക്കളെയും ലക്ഷക്കണക്കിന് ധീര രക്തസാക്ഷിത്വം വഹിച്ച ദേശസ്നേഹികളെയും നാം സ്മരിക്കുന്നുണ്ടോ ?
അനുസ്മരണവും ആഘോഷവും വേർതിരിക്കണം, എങ്കിൽ മാത്രമേ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും അതിന്റെ സൗന്ദര്യവും ആസ്വദിക്കാൻ കഴിയു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു ജനതയുടെ അടങ്ങാത്ത ത്വര എത്രമാത്രമുണ്ടായിരുന്നു എന്ന് മനസ്സിലാക്കണം. ബ്രിട്ടീഷുകാരുടെ തോക്കുകൾക്ക് മുന്നിൽ നെഞ്ചുവിരിച്ചും മനുഷ്യതം നഷ്ടടപ്പെട്ട വെള്ളക്കാരന്റെ ബൂട്ടുകൾക്ക് കീഴെ ചതഞ്ഞരഞ്ഞും രക്തസാക്ഷികൾ ആയവർ, ചരിത്രത്തിൽ പോലും ഒരുപക്ഷെ ഇടം കിട്ടാതെ പോയ ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിൽ എന്തായിരുന്നു ചിന്ത? മുന്നിലുള്ള ഓരോ നിമിഷവും മരണം വരിക്കുമെന്നറിഞ്ഞിട്ടും വരും തലമുറയുടെ ഭാവിയെ ഓർത്ത്, വെള്ളക്കാരുടെ കയ്യിൽ നിന്നും ഒരിക്കൽ എന്റെ രാജ്യം സ്വാതന്ത്ര്യം നേടും എന്ന് സ്വപ്നം കണ്ടവർ. അവരുടെ സ്വപ്നമാണ് ഇന്ന് നാം ആഘോഷമായി കൊണ്ടാടുന്നത്. അപ്പോൾ തന്നെ ആ സ്വാതന്ത്ര്യം നമ്മളിൽ എന്ത് മാറ്റം വരുത്തി എന്നുകൂടി ചിന്തിക്കേണ്ടത് അവശ്യവുമാണ്. സ്വാതന്ത്ര്യം എന്താണെന്ന് മനസ്സിലാകണമെങ്കിൽ അത് നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകണം. 1975-77ലെ അടിയന്തിരാവസ്ഥയുടെ കാലഘട്ടത്തിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യൻ ജനത കുറച്ചൊക്കെ അത് മനസ്സിലാക്കിയിരുന്നു. അതിന്റെ അലയൊലികൾ ഇന്നും നിലനിൽക്കുണ്ടെങ്കിൽ പോലും ഏകദേശം മറവിയുടെ ഇരുളിലേക്ക് ഇന്ത്യയിലെ ഭൂരിഭക്ഷം ജനങ്ങളും എത്തപ്പെട്ടിരിക്കുന്നു. ബോധപൂർവ്വമോ അല്ലാതയോ നമ്മൾ ചരിത്രത്തെ വിസ്മരിക്കുന്നു, അല്ലെങ്കിൽ വിസ്മരിപ്പിക്കുന്നു. ഒരു പക്ഷെ വരുംതലമുറ സ്വാതന്ത്ര്യ സമരങ്ങളൊക്കെ ചരിത്ര പുസ്തകത്തിൽ നിന്നും കെട്ടുകഥകളുടെ കൂന്പാരത്തിലേക്ക് വലിച്ചിട്ടാലും അത്ഭുതപ്പെടാനില്ല.
“നമ്മളിൽ” നിന്നും “ഞങ്ങൾ” എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തപ്പെട്ടുകൊണ്ടിരിക്കുന്നു, “ഗാന്ധിജി” വധത്തോട് തുടങ്ങി, അടിയന്തിരാവസ്ഥയും പിന്നിട്ട് സിഖു വിരുദ്ധ കലാപം, “ബാബരി” ധ്വംസനവും കടന്ന് ബെ കലാപം, ഗുജറാത്ത് വംശഹത്യ വരെ എത്തി നിൽക്കുന്നു നമ്മുടെ സങ്കുചിത ചിന്ത. ഒരു ഭാഗത്ത് മതത്തിന്റെയും ഭാഷയുടെയും വർണ്ണത്തിന്റെയും, ദേശത്തിന്റെയും അടിസ്ഥാനത്തിൽ ആണെങ്കിൽ മറുഭാഗത്ത് സന്പത്തിന്റെയും അധികാര സ്ഥാനത്തിന്റെയും അടിസ്ഥാനത്തിൽ നാം വിഭജിച്ചു കൊണ്ടിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയിൽ ഭക്ഷണത്തിനോ വസ്ത്രത്തിനോ ഒരു കലാപവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.മറിച്ച് വർഗ്ഗീയ കലാപങ്ങളും, സ്വദേശവാദ അക്രമങ്ങളും, നാടുനീളെ അരങ്ങേറുന്നു. എന്നിട്ടും നാം രാജ്യസ്നേഹം ആഘോഷിക്കുന്നു. കുടിക്കാനുള്ള വെള്ളം പോലും ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് നൽകുന്നില്ല, രാജ്യത്തിന്റെ ഫെഡറൽ നിയമങ്ങൾ പലതും ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മാധ്യമ, ആവിഷ്കാര സ്വാതന്ത്രം പലരീതിയിൽ വിവിധ ഭരണകൂടങ്ങൾ ഹനിക്കുന്നു, തസ്ലീമ നസ്രിനെയും, സൽമാൻ റുഷ്ദിയെയും ആവിഷ്കാര സ്വാ
തന്ത്ര്യത്തിനായി പിന്തുണയ്ക്കുന്പോൾ തന്നെ കോളേജ് മാഗസിനുകളെയും, നവമാധ്യമങ്ങളിലെ നിരൂപണത്തെയും അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന നേതാക്കളോ ഭരണകൂടമോ, അത്തരം സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു എന്നതിൽ നിന്നും എന്ത് സ്വാതന്ത്ര്യം നാം നേടി എന്ന ചോദ്യമാണ് യുവ തലമുറ ചോദിക്കുന്നത്. എന്തിനേറെ ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നൊക്കെ വിശേഷിപ്പിക്കുന്ന പാർലമെന്റിൽ പോലും നീതി നിഷേധം അരങ്ങേറുന്നു.
സ്വാർത്ഥത എല്ലാ മേഖലകളിലും വ്യാപിച്ചു, അഴിമതിയുടെ കരാള ഹസ്തങ്ങളിൽ നാം പെട്ട് പോയി, തിരിച്ചറിഞ്ഞിട്ടും “അഴിമതി ആഗോള പ്രതിഭാസം” എന്ന ഓമനപ്പേരിട്ട് അധികാരികൾ അതിനെ മഹത്വവൽകരിക്കുന്നു. അഴിമതിയും ദാരിദ്ര്യവും ഇന്നും നിലനിൽക്കുന്നു. സോഷ്യലിസ്റ്റ് ആശയത്തിലൂന്നി പണ്ധിറ്റ് നെഹ്രു തുടങ്ങിയ ഒന്നാം പഞ്ചവത്സര പദ്ധതിയിലെ “അടിസ്ഥാന വികസനം” ഇന്നും നമുക്ക് അന്യമായി നിൽക്കുന്നു എന്നതിൽ നിന്ന് തന്നെ സ്വതന്ത്ര ഇന്ത്യ എവിടെയെത്തി എന്ന് ചിന്തിക്കാം. തൊഴിലില്ലായ്മ അധികരിച്ച്, രാജ്യ സന്പത്ത് പുറത്തു നിന്നും അകത്തും നിന്നുമുള്ള കുത്തകകൾക്ക് തീറെഴുതിക്കൊടുത്തുകൊണ്ടിരിക്കുന്നു. വംശീയമായും വർഗ്ഗീയമായും ആർക്കും എന്തും പറയാനും, ദേശീയതയെ ഹനിക്കുന്ന രീതിയിലേക്ക് വളർന്നു കൊണ്ടിരിക്കുന്നു. തീവ്രവാദം ചെറുതായെങ്കിലും മുളച്ചു പൊങ്ങുന്നു. സഹവർത്തിത്വം തളർന്നു കൊണ്ടിരിക്കുന്നു.
ഈ കാലഘട്ടത്തിലാണ് അനുസ്മരണത്തിന്റെ പ്രസക്തി. കൈമോശം വന്നു കൊണ്ടിരിക്കുന്ന സഹിഷ്ണുതയും പരസ്പര വിശ്വാസവും വിശാല ചിന്താഗതികളും പുനർജീവിപ്പിക്കാൻ ചരിത്ര താളുകൾ മറിച്ചു വായിക്കണം. ഭരണഘടന സാധാരണ ജനത്തിന് കയ്യെത്തുംദൂരത്ത് നിൽക്കണം. അനീതിയുടെ അവസാന കിരണവും ഇല്ലാതാകണം. ജാതിയുടെയും മതത്തിന്റെയും പേരിൽ അധികാരവും അവകാശവും നേടിയെടുക്കുന്ന പുത്തൻ സംസ്കാരം മാറി അർഹതപെട്ടവരുടെ കൈകളിൽ എത്തുന്നത് ഉറപ്പു വരുത്തണം. ഭരണത്തിന്റെ രണ്ടാം വർഷം നടത്തിയ സ്വാതന്ത്ര്യ പ്രസംഗത്തിലൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞ “രാജ്യത്തിന്റെ ഐക്യം തകർക്കുന്ന ഒരു വിഘടനവാദവും അംഗീകരിക്കാൻ കഴിയില്ല” എന്നതിനെ നാം വിശ്വാസത്തിലെടുത്ത് പ്രയോഗവൽക്കരിക്കണം. അതിർത്തി കാക്കുന്ന, കാത്തിരുന്ന ധീര കാവൽഭടന്മാർക്ക് അവരുടെ നീണ്ട നാളത്തെ ആവശ്യവും,അതിലുപരി അവകാശവുമായ “ഒരു റാങ്ക് ഒരു പെൻഷൻ” പദ്ധതി എത്രയും വേഗം നടപ്പിൽ വരുത്തണം. അങ്ങനെയെല്ലാം രാഷ്ട്രപിതാവ് ബാപ്പുജിയും ദേശ സ്നേഹികളും സ്വപ്നം കണ്ട, നെഹ്റു തുടങ്ങി വെച്ച, “സ്വരാജ്” രാജ്യമൊട്ടുക്കും പടർന്നു പന്തലിക്കാൻ നമുക്കും പ്രതിജ്ഞയെടുക്കാം.സങ്കുചിത ചിന്തയിൽ നിന്നും വിശാല മസ്സിലേക്കുള്ള യാത്രയാവട്ടെ ഈ സ്വാതന്ത്ര്യദിന ഓർമ്മപ്പെടുത്തലുകൾ ........