കുടിയേറ്റവും കയ്യേറ്റവും പിന്നെ കേരള കോൺഗ്രസും!
“ഇനി വരുന്നൊരു തലമുറയ്ക്കിവിടെ വാസം സാധ്യമോ...?
(പെരിയ റിസോട്ടുകൾ, രമ്യ ഹർമ്മ്യം, ക്വാറി ബിസിനസ്)
പ്രസവിച്ച കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കാൻ കഴിയാത്ത ഒരു സാഹചര്യം വളരെ പരിതാപകരമാണ്. കഴിഞ്ഞ ആഴ്ച കേരളത്തിൽ പിതാവില്ലാതെ ഒരു കുട്ടി പ്രസവിച്ചു. ഒടുവിൽ ആരോരുമില്ലാത്തതിനാൽ അതിനെ വീട്ടിൽ നിന്നും പുറത്താക്കി. എന്നാൽ പടിയടച്ചു പിണ്ധം വെച്ചിട്ടില്ല. എപ്പോൾ വേണമെങ്കിലും തിരിച്ചു വിളിക്കാം. പോകുന്ന പോക്കിന് ഉരുളിയും കൂടിയിരിക്കട്ടെ എന്ന രീതിയിൽ കേരളത്തിലെ കോൺഗ്രസ് സർക്കാർ തങ്ങളുടെ ഭരണം അവസാന ഓവറുകളിലേക്ക് കടന്നപ്പോൾ ഒരു വലിയ കൊള്ളക്ക് പാതിരാവിന്റെ മറവിൽ, സ്വന്തം പാർട്ടി നേതാവിനെ പോലും അറിയിക്കാതെ മുണ്ടിട്ടിറങ്ങി. ആ മുണ്ട് മാറ്റി കള്ളന്മാരുടെ വികൃതമുഖം ഭൂലോകത്തെ കാണിക്കാൻ നമ്മുെട പഴയ വർഗ്ഗ സ്നേഹികളെയും കണ്ടില്ല. പുതിയ ഭൂരിപക്ഷ സ്നേഹികൾ എന്ന് നടിക്കുന്നവർ, തങ്ങളുടെ രക്തസാക്ഷികളുടെ ചോരയിൽ കുതിർന്ന മുഖം ദേശീയ അദ്ധ്യക്ഷന് കാണിച്ചു കൊടുക്കുന്ന തിരക്കിൽ അങ്ങ് ഡൽഹിയിൽ തിരക്കിലുമായിരുന്നു. എന്നാൽ ഇതൊക്കെ എഴുതി തയ്യാറാക്കി വെച്ച നാടകത്തിന്റെ തിരക്കഥയായിരുന്നോ? എന്തോ?
നമ്മുടെ മീഡിയകളിൽ കുറച്ചൊക്കെ നട്ടെല്ലും, ധാർമ്മികതയുള്ളവർ ഉണ്ടെന്നതിനു തെളിവാണ്. ജൂൺ ഒന്നിന് സർക്കാർ ഇറക്കിയ വനഭൂമി കയ്യേറ്റത്തിനുള്ള അനുമതി നൽകുന്ന ഉത്തരവ് വെളിച്ചം കാണാനിടയായത്. ജൂണും പിന്നിട്ട് ആഗസ്റ്റ് വരെ വേണ്ടി വന്നു ഈ അധികാര ഹുങ്ക് പുറം ലോകം അറിയാൻ. നിയമവും ചട്ടവും നിർമ്മിക്കേണ്ട സഭയിൽ ഇറങ്ങിപ്പോക്കും. കൂകലും കസേരയെറിയലും നടക്കുന്നു. ഭൂരിപക്ഷ സർക്കാരിനു എന്ത് ഉത്തരവും ഇറക്കാം എന്നാണോ?
1964 ‘കേരള ഭൂപതിവ്’ നിയമവും ചട്ടവും ഭേദഗതി ചെയ്താണ് പുതിയ ഉത്തരവ് ഇറക്കിയത്. ഈ ചട്ടപ്രകാരം 1971 വരെ റവന്യൂ ഭൂമിയും 1977 വരെ വനഭൂമിയും കൈവശപ്പെടുത്തിയവർക്ക് മാത്രമായിരുന്നു പട്ടയം നൽകുന്നത്. അതും പരമാവധി ഒരേക്കർ മാത്രം. എന്നാൽ പാതിരാ ഉത്തരവിൽ 2005 ജൂൺ ഒന്ന് വരെ ഭൂമി കയ്യേറിയവർക്കെല്ലാം പട്ടയം നൽകുമെന്ന് മാത്രമല്ല, അത് 25 വർഷത്തേക്ക് കൈമാറരുതെന്ന വ്യവസ്ഥയും ഇളവു ചെയ്തു. അതുപോലെ വരുമാന പരിധിയും ഉയർത്തി. ഹോ എന്തൊരു നല്ല സർക്കാർ....
കഴിഞ്ഞ കോൺഗ്രസ് സർക്കാർ ഭരണത്തിലുള്ളപ്പോഴാണ് ‘മുത്തങ്ങ’ നമ്മൾ കണ്ടത്. മൂന്ന് നാല് മാസം മുന്പ് വരെ ‘നിൽപ്പ് സമര’വും കേരളം കണ്ടു. യഥാർത്ഥ ഭൂമിയുടെ അവകാശികളായ ആദിവാസികൾ ഒരു തുണ്ട് ഭൂമി കിട്ടാൻ വേണ്ടി മുട്ടാത്ത വാതിലുകളില്ല. അവിടെയെല്ലാം കേരളത്തിൽ ഭൂമിയുടെ ലഭ്യതക്കുറവു എന്ന മുടന്തൻ ന്യായവും.
ഇവിടെ കാലികവും മൗലികവുമായ ഒരു വിഷയം, ആരുടെ താൽപ്പര്യം സംരക്ഷിക്കലായിരുന്നു ഉത്തരവിന്റെ ലക്ഷ്യം? ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയാൽ ആർക്കൊക്കെ ഗുണം കിട്ടും. ആരൊക്കെ അതിന്റെ പരിധിയിൽ വരും, സർക്കാർ ഇപ്പോൾ നടത്തുന്ന ഏതൊക്കെ കേസുകളെ ബാധിക്കും. ഇങ്ങനെ ഉത്തരം എഴുതിവെക്കാത്ത ധാരാളം ചോദ്യങ്ങൾ നിലനിൽക്കുന്നു. എന്നാൽ കേരളത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കിയേക്കാവുന്ന ഉത്തരവ് അറിയാതെ സംഭവിച്ചതാണെന്ന് ഊഹിക്കാൻ പോലും നമുക്ക് കഴിയുന്നില്ല. ഏകദേശം അന്പതിനായിരത്തോളം പേർ 1977 മുന്പുള്ള കുടിയേറ്റക്കാരായി നിലവിലുണ്ടെന്നാണ് കണക്കുകൾ. എന്നാൽ അതിലും കൂടുതൽ കയ്യേറ്റക്കാർ വന ഭൂമിയിലുണ്ട്. എന്നാൽ വായനക്കാർ തെറ്റിദ്ധരിക്കണ്ട, ഇവരാരും താമസിക്കാൻ ഒരു തുണ്ട് ഭൂമിയില്ലാത്തവർ അല്ല, മറിച്ച് കൃഷിയുടെ പേര് പറഞ്ഞ് വൻകിട റിസോട്ടുകളും ഹോട്ടലുകളും ക്വാറികളും നടത്തുന്നവർ. അതൊക്കെ ഏതാണ്ടൊരു വിഭാഗവും, ഒരു ദേശക്കാരും മാത്രം.
ഇതൊക്കെ പഠിക്കാനാണ് നിവേദിത പി. ഹരനെ സർക്കാർ നിയമച്ചത്. അവരുടെ റിപ്പോട്ടിൻ പ്രകാരം കയ്യേറ്റങ്ങൾ അധികരിച്ചെന്നും കൂടുതലും പരിസ്ഥിതി ലോല പ്രദേശങ്ങളാണെന്നും എന്തിന് കുറിഞ്ഞി സങ്കേതത്തിൽ വരെ കയ്യേറ്റങ്ങൾ വ്യാപിച്ചു എന്നും കണ്ടെത്തിയിരുന്നു. റിപ്പോർട്ട് അംഗീകരിച്ചു എങ്കിലും അതിന്മേൽ ഒരു നടപടിയും സർക്കാർ എടുത്തില്ല. ഒരിക്കൽ കുറച്ചു പൂച്ചകൾ പോയെങ്കിലും എലികളായി മടങ്ങേണ്ടി വന്നു. അത്ര മാത്രമുണ്ട് കയ്യേറ്റക്കാരുടെ ശക്തി. മലയോര മേഖലകളാകെ കോൺക്രീറ്റ് മന്ദിരങ്ങൾ ഉയർന്നു പൊങ്ങിക്കഴിഞ്ഞു. ക്വാറി മാഫിയകൾ ഏകദേശം പ്രദേശം കയ്യിലാക്കി. അത് ഭരണ പ്രതിപക്ഷ പാർട്ടികളുടെ ബിനാമികളോ ബന്ധുജനങ്ങളോ ആയി എന്നത് കയ്യേറ്റങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. പരിസ്ഥിതിയെ ഇനിയെങ്കിലും സംരക്ഷിക്കാൻ വന്ന കസ്തൂരിരംഗനെ സഭയും മാഫിയകളും ചേർന്ന് കെട്ടുകെട്ടിച്ചു.
എന്നാൽ ഈ ഉത്തരവ് കൊണ്ട് രണ്ടു ലക്ഷ്യങ്ങളായിരുന്നു മുഖ്യമന്ത്രിക്കോ റവന്യൂമന്ത്രിക്കോ ഉണ്ടായിരുന്നത് എന്ന് തോന്നുന്നു.....
1. നിലവിലെ പട്ടയ നടപടികൾ നിർത്തി വെയ്ക്കുക അല്ലെങ്കിൽ എതിർപ്പ് കുറയ്ക്കുക.
2. അനധികൃതമായി കയ്യേറിയ ക്വാറി, റിസോർട്ട് മാഫിയകൾക്ക് ഭൂമി സ്വന്തമാക്കാൻ സഹായം നൽകുക.
ഇതിൽ രണ്ടാമത് പറഞ്ഞതിനാണ് കൂടുതൽ സാധ്യതയെന്നു സമയവും സന്ദർഭവും നോക്കുന്പോൾ തോന്നുന്നത്. മുഖ്യമന്ത്രിയാകാൻ കച്ച കെട്ടിയിരുന്ന മാണിക്കും േകരള കോൺഗ്രസ്സിനും അത് നടക്കാതെ വന്നു എന്നു മാത്രമല്ല ‘ബാർ’ കോഴ അഴിമതി സോക്രട്ടീസിന്റെ വാളു പോലെ തലക്കു മീതെ നിൽക്കുകയും ചെയ്യുന്നു. അപ്പോൾ ‘എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം എന്നു ചിന്തിച്ചു കാണും. പുറത്തു വന്ന വാർത്തകൾ വെച്ച് നോക്കുന്പോൾ 2012 മുതൽ മാണി ഈ ഉത്തരവ് ഇറക്കാൻ ആവശ്യപ്പെടുന്നുണ്ട്. വനഭൂമി കയ്യേറ്റം ഭൂരിഭാഗവും നടത്തുന്നത് ചില രാഷ്ട്രീയപാർട്ടികളുടെ ബന്ധുക്കളാണ്. 2005ലെ രാജൻ മതേക്കർ കമ്മിറ്റി റിപ്പോർട്ട് അടിസ്ഥാനത്തിൽ 2005 ഇൽ സുപ്രീംകോടതി കൊടുത്ത നിർദ്ദേശം പൂഴ്ത്തി വെച്ച് കയ്യേറ്റ ഭൂമിയിൽ പാലാ കോട്ടയത്തെ ചില മാഫിയകളുടെ കയ്യേറ്റങ്ങൾ നിയമവത്കരിക്കാനുള്ള സർക്കാരിന്റെ ശ്രമം ആണ് പാളിയത്. സുപ്രീം കോടതി വിധി പ്രകാരം 10 കൊല്ലം പമ്മിയിരുന്ന് 2005നു മുന്പ് എന്ന് ഒരു പ്രസ്താവനയിലൂടെ ആരുടെയൊക്കെയോ കയ്യേറ്റങ്ങൾക്ക് സർക്കാർ കൂട്ടു നിൽക്കുകയായിരുന്നു.
ഏതായാലും പാർട്ടിക്കുള്ളിലെയും പൊതുജനത്തിന്റെയും ശക്തമായ എതിർപ്പിനെ തുടർന്ന് സർക്കാരിന് ഉത്തരവിൽ നിന്നും ഭാഗികമായി പിന്മാറേണ്ടി വന്നു എങ്കിലും ഇനിയൊരിക്കലും ഇത് ഉത്തരവായി ഇറങ്ങില്ല എന്നൊരുറപ്പും ആരും വെച്ച് പുലർത്തേണ്ട. വരുന്നൊരു തലമുറയെ കുറിച്ച് ചിന്തിക്കാത്തവർ, മനുഷ്യകുലത്തിനു തന്നെ ഭീഷണിയാണ്.... അവർ മനുഷ്യനെയും ഭൂമിയെ തന്നെയും വൻ നാശത്തിലേക്ക് കൈപിടിക്കുന്നു...