യാക്കൂബ് മേമൻ രാഷ്ട്രീയ പുനർ ചിന്തയുടെ തുടക്കം
'ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു. അപ്പോൾ ഞാനനങ്ങിയില്ലാ, കാരണം ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ലായിരുന്നു....
പിന്നെ അവർ തൊഴിലാളികളെ തേടി വന്നു, അപ്പോഴും ഞാനനങ്ങിയില്ല. കാരണം ഞാനൊരു തൊഴിലാളി അല്ലായിരുന്നു...
പിന്നീട് അവർ ജൂതന്മാരെ തേടി വന്നു, അപ്പോഴും ഞാനനങ്ങിയില്ല, കാരണം ഞാനൊരു ജൂതനല്ലായിരുന്നു... ഒടുവിൽ അവർ 'എന്നെ' തേടി വന്നു.... അപ്പോൾ അനങ്ങാൻ ആരുമുണ്ടായിരുന്നില്ല...'
തെറ്റിനെ തെറ്റ് കൊണ്ട് നേരിടാമെന്ന അപക്വമായ ബുദ്ധിയാണ് യാഖൂബ് മേമൻ എന്ന ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ വധശിക്ഷയിൽ കലാശിച്ചത്. ബാബറി ധ്വംസനത്തിന് ശേഷം രണ്ടായിരം പേരുടെ മരണത്തിന് വഴിവെച്ച മുംബൈ വർഗീയ കലാപത്തിന്റെ പ്രതികാരമെന്നോണം പാകിസ്ഥാൻ ചാരസംഘടനയുടെ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയമായി അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കൂട്ടാളികളുമായി ചേർന്ന് മുംബൈയിലെ തെരുവിൽ മണിക്കൂറോളം നീണ്ടു നിൽക്കുന്ന സ്ഫോടനങ്ങൾ നടത്തി സാധാരണക്കാരായ കുറെയധികം ജനത്തെ കൊല്ലുകയും, മുന്നൂറോളം മനുഷ്യരെ ജീവച്ഛവമാക്കി മാറ്റുകയും ചെയ്തതിലൂടെ ആദ്യ കലാപമോ, അതിലെ ഭീകരതയോ ലോകത്തിന് മുന്നിൽ തുറക്കപ്പെടാതെ പോയി. നിരന്തര സമ്മർദ്ദ ഫലമായി കലാപം അന്വേഷിക്കാൻ ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷൻ നിലവിൽ വന്നെങ്കിലും അധികാര ദല്ലാളന്മാർക്ക് കൈവന്ന നിധിപോലെയായിരുന്നു മുംബൈ സ്ഫോടനം. അവർ കാലങ്ങളായി ശ്രമിച്ചു കൊണ്ടിരുന്ന 'വർഗീയ' ചേരി തിരിവിന് ഈ സ്ഫോടനം ഉത്തേജനം നൽകി. പീന്നീടങ്ങോട്ട് ഇന്ത്യയിലെ ഓരോ ചലനവും വർഗീയവൽക്കരിക്കപ്പെട്ടു. തൽഫലമയി സാധാരണ ജനത്തെ ബാധിക്കുന്ന വിഷയങ്ങൾ പൊതുസമൂഹത്തിന് ഇടപെടുന്നതിൽ പരിമിതി നിശ്ചയിക്കപ്പെട്ടു. പൗരന്റെ അവകാശങ്ങൾ ഹനിക്കപെട്ടു. നീതിന്യായ വ്യവസ്ഥിതി പോലും ഒരുവേള കണ്ണുകൾ അടച്ചു കൊണ്ടിരിക്കുന്നു. അവസാനം ഭരണകുട ഭീകരതയിൽ നിന്നും ഇന്ത്യ 'ബ്യൂറോക്രസി ഭീകരത'യിലേക്ക് മെല്ലെ നടന്നടുക്കുന്നു. ഇത് 'ഏകത'യിൽ നിലനിന്നുപോകുന്ന ഭാരതത്തെ, അതിന്റെ വികാസത്തെ പിന്നിലേക്ക് വലിക്കും. ഇത് തന്നെയാണ് മുതലാളിത്ത ശക്തികൾ ആഗ്രഹിക്കുന്നതും. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷവും, പിടിച്ചു കെട്ടാൻ കഴിയാത്ത രൂപത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന ചൈന, സമരസമിതിയിലോ അല്ലെങ്കിൽ അതിൽ കൂടുതലോ വളരേണ്ടിയിരുന്ന ഇന്ത്യയെ താഴേക്ക് വലിച്ചിടാൻ ഈ സംഭവങ്ങൾ ഇട വരുത്തും. അതിൽ നാമറിയാതെ തന്നെ ഓരോ പക്ഷം പിടിക്കുകയും ചെയ്യുന്നു.
നീണ്ട 22 വർഷം കാരാഗൃഹത്തിൽ ശിക്ഷ അനുഭവിച്ച ഒരു വ്യക്തിക്ക് വധശിക്ഷ നൽകുന്നതിലെ യുക്തി പുനർചിന്തയ്ക്ക് വിധേയമാക്കണം. ചങ്ങാത്ത മുതലാളിമാർ രാജ്യത്തിലെ ജനത്തിന്റെ ചിന്തകളെ വരെ വിലയ്ക്കെടുത്ത് കഴിഞ്ഞു. കഴിഞ്ഞ കാലംവരെ നാം എന്തുചെയ്യണം, എങ്ങനെ ജീവിക്കണം, എവിടെ ജീവിക്കണം എന്നൊക്കെ തീരുമാനിച്ചിരുന്നെങ്കിൽ ഇന്നവർ അതും കടന്ന് നാം എന്ത് ചിന്തിക്കണം എന്ന് വരെ എത്തി നിൽക്കുന്നു. വർഷ കാല പാർലമെന്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ നാം കേട്ട സുഷമ സ്വരാജ്, വസുന്തര രാജ, ലളിത് മോഡി, അഴിമതി, വ്യാപം അഴിമതിയും 44 നിഗൂഡ കൊലകളും, ഓർഡിനൻസിലൂടെ നിലനിർത്തുന്ന ഭൂമി ഏറ്റെടുക്കൽ നിയമം. ഇതിനെല്ലാം നിഷ്പ്രഭമാക്കാൻ വളരെ എളുപ്പത്തിൽ മേമനെ പൊടിതട്ടി എടുത്തു എന്ന് ആരെങ്കിലും സംശയിച്ചാൽ അവനെ രാജ്യദ്രോഹിയും തീവ്രവാദിയുമാക്കും. ഇന്ത്യയിലെ നിലവിലെ ജൂഡിഷ്യറിയിൽ പാളിച്ചകൾ ഉണ്ട് എന്ന് സമ്മതിക്കുന്പോൾ തന്നെ അതെങ്ങനെ പരിഹരിക്കണം എന്ന് കൂടി നിർദ്ദേശിക്കാൻ നമുക്ക് കഴിയണം.
മേമന്റെ വധശിക്ഷയ്ക്ക് പതിവിൽ കവിഞ്ഞ ഒരു നാടകീയത സൃഷിക്കാൻ ബോധപൂർവ്വമായ ഒരു ശ്രമം നടന്നതായി ഈ ദിവസങ്ങളിലെ ദേശീയ പ്രാദേശിക വാർത്ത ചാനൽ ശ്രദ്ധിക്കുന്ന ആർക്കും മനസിലാകും. കഴിഞ്ഞ 22 വർഷമായി വിവിധ സർക്കാരുകൾ ഭരിച്ചപ്പോൾ ഒരിക്കൽ പോലും മേമന്റെ അഭിമുഖമോ, അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളോ ലോകം കേട്ടില്ല. എന്നാൽ പ്രിയ ശാസ്ത്രജ്ഞൻ മുൻ രാഷ്ട്രപതി ശ്രീ. എ.പി.ജെ അബ്ദുൽ കലാമിന്റെ നിര്യാണത്തിൽ നൂറു ശതമാനം ജനവും നൊന്പരപ്പോടെ കഴിഞ്ഞ നാളുകളിൽ, രാജ്യത്തെ നടുക്കിയ സ്ഫോടന പരന്പര നടത്തിയ കേസ്സിലെ ഒരു പ്രതിയെ വധശിക്ഷയ്ക്ക് വിധേയമാകിയതിനെ ചങ്ങാത്ത മുതലാളിമാരും, അതിന്റെ തണലിൽ അധികാര സീമകളിൽ സുഖ നിദ്രകളിൽ കഴിയുന്നവരും രാത്രികാല കോടതികൾ പോലെ അസാധാരണ സംഭവ വികാസത്തിലൂടെ ഭയാനകരമായ ന്യൂനപക്ഷ −ഭൂരിപക്ഷ വർഗീയതയുടെ പക്ഷം പിടിക്കലിനുള്ള വേദിയൊരുക്കലായിരുന്നു ചെയ്തതത്.
അറിഞ്ഞുകൊണ്ട് തന്നെ ബി.ജെ.പിയും കോൺഗ്രസ്സും കളിച്ച നാടകത്തിന്റെ രംഗമായിരുന്നു അത്. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള ഒരു ഭരണകുടം ഈ വിധി നടപ്പാക്കുന്പോൾ എവിടെയോ എന്തോ ഒരു 'അനീതി' നടന്നു എന്ന തോന്നൽ അവശേഷിപ്പിക്കുക, എന്നത് നിസ്സാരമല്ല. ലോക പോലീസ് ചമയുന്ന അമേരിക്ക ഇറാഖ് ഭരണകൂടത്തെ കൊണ്ട് സദ്ദാം ഹുസൈനെ ഒരു പെരുന്നാൾ ദിവസം തൂക്കിലേറ്റിയത് പോലെ. അങ്ങനെയാകുന്പോൾ വിവിധ മത വിഭാഗങ്ങൾ തമ്മിലുള്ള അകൽച്ചയും ഭീതിയും കൂടുകയും ഇപ്പോഴും പെയ്തിറങ്ങാൻ പാകത്തിലുള്ള കാർമേഘമായി അന്തരീക്ഷത്തിൽ നിലനിൽക്കുകയും ചെയ്യും. അതിന്റെ കീഴിൽ മാറി മാറി അധികാരം നില നിർത്താനും, ചങ്ങാത്ത മുതലാളിമാർക്ക് ആരുടെ ഭരണത്തിലും ഊഞ്ഞാൽ കെട്ടി ആടാനും കഴിയും. ന്യൂനപക്ഷത്തെ 'മോഡിയെ' കാട്ടി ഭയപ്പെടുത്തുന്ന കോൺഗ്രസ് മനസിലാക്കേണ്ടത്, കഴിഞ്ഞ ഒരു വർഷമായി മാത്രമാണോ ഭരണകൂട ഭീകരതയും, പൗരാവകാശ ലംഘനങ്ങളും നടക്കുന്നത്. രജ്യത്തെ കറുത്ത അദ്ധ്യായമായ ബാബറി മസ്ജിദിന്റെ തകർച്ചയും, മുംബൈ കലാപവും. മുംബൈ സ്ഫോടനവും ഒക്കെ കോൺഗ്രസ്സിന്റെ ഭരണ തണലിലാണ് നടന്നത്. മേമനെ അറസ്റ്റ് ചെയ്തതും വിചാരണ നടത്തിയതും ഒടുവിൽ ദയാഹർജി തള്ളിയതും കോൺഗ്രസ്സിന്റെ കരങ്ങളിലൂടെയെന്നത് കാലം മറക്കാത്ത ഓർമ്മപ്പാടായി അവശേഷിപ്പിക്കും. കോൺഗ്രസ് ഒരുക്കികൊടുത്ത പാടത്ത് വിത്തിറക്കി ഫലം കൊയ്യുകയാണ് സംഘപരിവാറും ബി.ജെ.പിയും. എന്നാൽ കോൺഗ്രസ്സിന്റെ ആൾകൂട്ട വികാര രാഷ്ട്രീയത്തെക്കാളും സവർണ്ണ-ഹിന്ദു ഫസിസ്റ്റ് രാഷ്ട്രീയം ഇന്ത്യയെ ഭയാനകരമായ അവസ്ഥയിലേക്കാണ് കൊണ്ടുപോകുന്നത്.
മർത്ത്യന്റെ സ്വൈര്യ ജീവിതം ഹനിക്കുന്ന ഏതൊരു ഇസവും-രാഷ്ട്രീയവും, സംഘബോധവും സർവ്വ നാശത്തിലേക്കെന്നതിൽ സംശയമില്ല. ഈ ഭരണകൂട-ബ്യൂറൊക്രസി സ്പോൺസേർഡ് ഭീകരതയെ ജാതിക്കും മതത്തിനും ദേശത്തിനും അതീതമായി ഒത്തൊരുമിച്ച് എതിർത്ത് തോൽപ്പിക്കേണ്ടത് വരും തലമുറയോടുള്ള നമ്മുടെ കടമയാണ്. നിഷ്പക്ഷമായും, യുക്തിയോടും, വിവേകത്തോടും കൂടി പ്രതികരിക്കേണ്ട ഇടത് പ്രസ്ഥാനങ്ങൾ മുകളിൽ പറഞ്ഞ കൂട്ടരുടെ വലയിൽ വീണ് പോയി. അതാണ് പ്രകാശ് കാരാട്ടിൽ നിന്നും നാം കേട്ട പ്രസ്താവന. മറിച്ച് വധശിക്ഷയ്ക്ക് വിധിക്കപെട്ടവന് ലഭിക്കേണ്ട 7 ദിവസം എന്ന സാമാന്യ നീതിയെ കുറിച്ചുള്ള പൊതു അഭിപ്രായ രൂപികരണമോ, തിടുക്കപ്പെട്ടുള്ള ശിക്ഷാ നടപ്പിലാക്കിയതിലെ ഒളി അജണ്ടയോ ലോകത്തിന് മുന്നിൽ എത്തിച്ചിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റ് ആശയത്തിന് നാശം വന്നിട്ടില്ല എന്നതിൽ കുളിർമ്മ കൊണ്ടേനെ, മറിച്ചായതിൽ നിന്ന് ഒരു വനവാസത്തിലേക്ക് ഇടതുപക്ഷം കൂടുതൽ നടന്നടുത്തു എന്ന തോന്നൽ.
രാജ്യത്ത് നിലനിൽക്കുന്ന നേരിയ ഭിന്നത കീറി വലുതാക്കാൻ നടത്തുന്ന ശ്രമങ്ങളാണ് വർഗീയ കലാപമായി, വിദ്വേഷ പരാമർശങ്ങളിലൂടെ, പല പേരുകളിൽ, പല വേഷങ്ങളിൽ ഇന്നും നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മേമന്റെ വധശിക്ഷ നടപ്പിലാക്കിയ രീതി.