ഞെട്ടിക്കാൻ ഇറങ്ങി പുറപ്പെടുന്നവർ
നിസാർ കൊല്ലം
സദാചാര ഗുണ്ടായിസത്തിനെതിരെ വാതോരാതെ ചർച്ചകൾ നടത്തിയ മാധ്യമപ്രവർത്തകർക്ക് ലജ്ജിച്ചു ശിരസ് കുനിക്കേണ്ട അവസ്ഥയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ‘മംഗളം’ ചാനൽ പുറത്തു വിട്ട വാർത്തയുടെ അവതരണവും അതിലെ വാർത്ത പ്രാധാന്യത്തെയും കുറിച്ച് ഓർക്കുന്പോൾ ഉണ്ടാകുന്നത്. മാധ്യമ പ്രവർത്തനത്തിന്റെ ഒരു കണിക പോലും കാണാൻ കഴിയാത്ത വെറും നാലാം കിട ‘മഞ്ഞ’ വാരികയെക്കാളും താഴെ തലത്തിലേക്കുള്ള ഒന്നായി മന്ത്രി ശശീന്ദ്രനുമായി ബന്ധപ്പെട്ട മംഗളം ചാനലിന്റെ ‘ഞെട്ടി’പ്പിക്കുന്ന വാർത്ത മാറി. സ്ത്രീ പക്ഷമെന്നും ഇരയെ പീഡിപ്പിക്കുന്നു എന്നുമുള്ള സ്ഥിരം നന്പരുകളുടെ ചേരുവ ചേർത്തായിരുന്നു വാർത്ത പുറത്തു വിട്ടത്. ഞെട്ടലിൽ ആദ്യം പകച്ചു നിന്ന കേരളം, പ്രത്യേകിച്ച് ഇനിയും മൂല്യം വറ്റാത്ത മാധ്യമ പ്രവർത്തകരുടെ ഇടപെടൽ, സാമൂഹിക മാധ്യമങ്ങളിൽ പൊതു സമൂഹം നടത്തിയ ശക്തമായ പ്രതിഷേധം എന്നിവ മൂലം സ്വന്തം വാർത്തയിൽ നിർവ്യാജ ഖേദപ്രകടനവും ക്ഷമാപണവുമായി ചാനൽ സി.ഇ.ഒ−ക്ക് തന്നെ വരേണ്ടി വന്നു. നീതികരിക്കാൻ കഴിയാത്ത തെറ്റ് ചെയ്തതിനു ശേഷമുള്ള ഖേദപ്രകടനം തട്ടിപ്പിന്റെ മറ്റൊരു രൂപമാണ്. നിലനിൽക്കുന്ന ചോദ്യങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടം അല്ലെങ്കിൽ ഒരുതരം ഊളിയിടൽ.
മാധ്യമപ്രവർത്തനം ഒരു തരം പക്ഷം പിടിക്കലാണ്. എന്നാൽ ആരുടെ പക്ഷം എന്ന വ്യത്യാസമാണ് ആധുനിക മാധ്യമങ്ങളെ വേർതിരിക്കുന്ന ചോദ്യം. മാധ്യമങ്ങളിൽ ആധുനികം എന്ന് വിശേഷിപ്പിക്കുന്നത് തൊണ്ണൂറുകൾക്ക് ശേഷമുണ്ടായ പ്രവണത എന്ന് വേണമെങ്കിൽ അനുമാനിക്കാം. ആഗോളീകരണത്തിന്റെ അലയൊലികൾ ആഞ്ഞു വീശുന്ന കാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് അത്തരം പ്രവണതകൾ. സർക്കാരിന്റെയോ കോർപ്പറേറ്റ് ഭീമന്മാരുടെയോ പിന്തുണയില്ലാതെ നിലനിൽക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് മാധ്യമ രംഗം വീണുകഴിഞ്ഞു. സാമൂഹികമായും രാജ്യാന്തരതലത്തിലും നടക്കുന്ന ഭരണ വ്യവസ്ഥയിൽ വ്യത്യസ്ത തലങ്ങളിൽ നിരീക്ഷണം നടത്തുകയും അവയിലെ നീതി നിർവഹണത്തിൽ ഇടപെടുകയും ചെയ്യലാണ് മാധ്യമ പ്രവർത്തകർ ചെയ്യേണ്ടത്. എന്നാൽ ആരുടെ നീതി, എങ്ങനെ നടപ്പിലാക്കണം എന്ന ‘ഉത്തരമില്ലാ’ ചോദ്യമാണ് മാധ്യമ പ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മാധ്യമ പ്രവർത്തനം ഉപജീവനം ആകുന്പോൾ നീതിയും, പക്ഷവും തന്റേതല്ലാതാകും. എന്നാൽ സ്വന്തം മനസ്സാക്ഷിയുടെ പക്ഷത്തെ ഒരു പരിധി വരെയേ തടഞ്ഞു നിർത്താൻ കഴിയുകയുള്ളൂ.
അശ്ലീലം കലരുന്ന വായനയും വാർത്തകളുമാണ് സമൂഹത്തിനു ആവശ്യമെന്ന മിഥ്യാധാരണയിൽ നിന്നാണ് ഇത്തരം വാർത്തകൾ ഉണ്ടാകുന്നത്. മന്ത്രിയായാലും ഉന്നത വ്യക്തികൾ ആയാലും അവരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള എത്തിനോട്ടം ‘മഞ്ഞ’ പ്രവർത്തനം എന്നല്ലാതെ കാണാൻ കഴിയില്ല. രാഷ്ട്രീയമായ മഞ്ഞളിപ്പ് കേരളത്തിലും പടർന്നു പിടിച്ചിരിക്കുന്നു. എതിരാളികളെ തകർക്കാൻ എത്ര ഹീനമായ പ്രചരണവും പടച്ചു വിടും, അങ്ങനെയുണ്ടാകുന്ന വാർത്തകൾക്ക് ഉടനടി പ്രതികരണവും പ്രതിഷേധങ്ങളും ഉയർന്നു വരും. തികച്ചും നിഷ്കളങ്കനായ ഒരു വ്യക്തിയുടെ രാഷ്ട്രീയ ജീവിതവും അയാളുടെ കുടുംബത്തിന്റെ ജീവിതവും നിമിഷ നേരം കൊണ്ട് ഇല്ലാതാകുന്നു. ‘ഹണി ട്രാപ്പ്’ എന്നും മറ്റും ഓമനപ്പേരിട്ട് മാധ്യമ പ്രവർത്തനം നടത്തുന്ന പാരന്പര്യമല്ല ഇന്ത്യയിലെ പ്രതേകിച്ചു കേരളത്തിലെ മാധ്യമ പ്രവർത്തകർക്കുണ്ടായിരുന്നത്. സാമൂഹികമായ പരിഷ്കാരങ്ങൾക്കും നീതി നിർവഹണത്തിലെ പോരായ്മകളും സസൂക്ഷം വിലയിരുത്തി തിരുത്തലുകൾക്ക് ശക്തി പകരാനും വിഷയങ്ങളെ വിവിധ തലങ്ങളിൽ ചർച്ചക്ക് വിധേയമാക്കാനും കഴിഞ്ഞിരുന്ന മാധ്യമ ശൈലിയിൽ നിന്നാണ് കച്ചവട താൽപ്പര്യം മാത്രം ലക്ഷ്യം വെക്കുന്ന ഇത്തരം വാർത്തകളും അവയ്ക്ക് വേണ്ടി ചാനലുകളും തുറക്കപ്പെടുന്നത്. എന്നാൽ അത്തരം പ്രവണതകൾക്ക് കുറഞ്ഞത് കേരളത്തിലെങ്കിലും സ്ഥാനമില്ല എന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലെ പ്രധിഷേധങ്ങൾ അടയാളപ്പെടുത്തുന്നത്.
ക്ഷമാപണം അവസാനത്തെ അടവായിരിക്കാം, വാദിയും പ്രതിയും കേസിനായി പോകില്ലായിരിക്കാം. പക്ഷെ കേരളത്തിന്റെ പൊതു ബോധത്തെ, അതിലുപരി മാധ്യമ പ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും വിശ്വാസ്യതയ്ക്ക് മങ്ങലേറ്റ സംഭവമായതിനാൽ ഗതി കിട്ടാതലയുന്ന ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടുകളുടെ ഭണ്ടാരക്കെട്ടിൽ മറ്റൊന്ന് കൂടി പുതച്ചിടാൻ പാകത്തിലുള്ള അന്വേഷണത്തേക്കാൾ പോലീസ് അന്വേഷണം നടത്തി പ്രതികളായവർ എത്ര ഉന്നതരാണെങ്കിലും പുറത്തു കൊണ്ട് വരണം. എങ്കിൽ മാത്രമേ മേലിൽ ഇത്തരം മാധ്യമ പ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യാൻ സാധിക്കു. ഇക്കിളികളും സ്വകാര്യതകളും അശ്ലീലങ്ങളും വാർത്തകളിൽ മാത്രമല്ല, ചിരിപ്പിക്കാൻ വേണ്ടി നടത്തുന്ന കോമാളിത്തരങ്ങളിലും റിയാലിറ്റി ഷോകളിലും കടന്നു കൂടുന്നു. നല്ല പിള്ള ചമയുന്ന അത്തരം മാധ്യമങ്ങൾക്കും ഇതൊരു നല്ല മുന്നറിയിപ്പാകട്ടെ. നിങ്ങൾ ഒരു കാര്യമെങ്കിലും ഓർക്കണം ദിനവും ഞെട്ടാൻ മാത്രം വിധിക്കപ്പെട്ട ഒരു ജനതയല്ല ഇവിടെയുള്ളതെന്നു...