സദാ­ചാ­രവും സദാ­ചാ­ര ബോ­ധവും...


നിസാർ കൊല്ലം 

പ്രബുദ്ധ ജനതയുടെ ബോധം നശിച്ചു തുടങ്ങിയിട്ട് കാലം കുറെയായി. രാഷ്ട്രീയവും മതവും വേണ്ടിടത്തും വേണ്ടാത്തിടത്തും അളവിലും കൂടുതൽ‍ ബോധിപ്പിച്ചു മനുഷ്യന്‍റെ മസ്തിഷ്കം ചകിരിചോറു കണക്കെയായി. പോരാത്തതിന് മാധ്യമ മഹാരഥന്മാരുടെ സന്ധ്യാസമയങ്ങളിലെ തീർ‍പ്പ് കൽ‍പ്പിക്കലും വിശകലനവും, കേട്ടത് പിന്നെയും കേൾ‍ക്കാനും ചാനൽ‍ മാറി മാറി പുതിയത് കേൾ‍ക്കാനും കഴിയുന്നതോടെ തലച്ചോറിൽ‍ നരച്ചു കിടക്കുന്ന സകല നാഡീ−ഞരന്പുകളും ബോധം വെക്കുമെന്ന അബോധ ചിന്ത കയറിക്കൂടി സദാചാര ചിന്തകൾ‍ കാരണം പലരുടെയും ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. സദാചാര വിരുദ്ധരെ ചികയുകയാണ് പലരും ഇന്ന് കായലോരത്തും കടലോരത്തുമൊക്കെ. കിട്ടിയാൽ‍ അടി ഉറപ്പു, നല്ല ചൂരൽ‍ കഷായം.

‘സദാചാരം” എന്നത് ഒരു തരം മറ പിടിച്ച ചിന്തയാണ്. മറ്റുള്ളവരെ കുറ്റം പറയാനും പരിഹസിക്കാനുമുള്ള കുറുക്കു തന്ത്രം. മുഖം മൂടി ധരിച്ചു തിന്മയിലൂടെ എത്ര ദൂരം സഞ്ചരിച്ചാലും ഒരാളിലും സദാചാര ചിന്ത കടന്നു വരില്ല. എന്നാൽ‍ മറ്റുള്ളവർ‍ തിന്മ ചെയ്യുമ്പോൾ‍ സദാചാരത്തിന്‍റെ കപട മുഖം മനുഷ്യർ‍ പ്രകടിപ്പിക്കും. കഴിഞ്ഞ ദിനങ്ങളിൽ‍ കേരളത്തിൽ‍ കണ്ടതും അത്തരമൊരു കപട സദാചാര വാദികളെയാണ്. സംസ്ഥാനത്തെ ക്രമസമാധാന പരിപാലനം നടത്തുന്ന പോലീസ് നോക്കി നിൽ‍ക്കെയാണ് ഇത്തരം അക്രമങ്ങൾ‍ നടക്കുന്നത് എന്നത് അത്യന്തം ഭീതിജനകമായ ഒന്നാണ്. കുളിമുറിയിൽ‍ ഒളിഞ്ഞു നോക്കുന്നതും സ്വന്തം മൊബൈലിൽ‍ വരുന്ന അശ്ലീല ചിത്രങ്ങൾ‍ കാണുന്നതും നടിയുടെയോ, പൊതുപ്രവർ‍ത്തകരായ സ്ത്രീ−പുരുഷന്മാരുടെ ലൈംഗിക വിഷയങ്ങളിൽ‍ ചെവികൂർ‍പ്പിക്കുന്നതും കപട സദാചാര വാദികളുടെ മിനിമം പരിപാടിയാണ്. ഇവിടെയാണ് “സദാചാരവും” “സദാചാര ബോധ”വും തമ്മിലുള്ള വ്യത്യാസം. സ്വന്തമായി ആചാര വിരുദ്ധമാകാം അന്യർ‍ കാണാതിരുന്നാൽ‍ മതിയെന്ന “(മിഥ്യാ)ബോധ”മാണ് ഇത്തരക്കാർ‍ക്ക് കിട്ടാത്ത മുന്തിരി പുളിക്കുമെന്നു പേര് വീഴാൻ‍ കാരണം.

എന്നാൽ‍ കേരളത്തിൽ‍ അടുത്തിടെയായി സ്വാതന്ത്ര വാദികളുടെ മുദ്രാവാക്യങ്ങൾ‍ അതിരുകടക്കുന്നതായി തോന്നാത്തവർ‍ കുറവാണ്. സദാചാര ഗുണ്ടായിസം എതിർ‍ക്കുന്പോൾ‍ തന്നെ “ചുംബന സമരം” പോലുള്ള സമരങ്ങളെ അംഗീകരിക്കാൻ‍ പ്രയാസം വരുന്നതും അതുകൊണ്ട് തന്നെയാണ്. രാഷ്ട്രീയ പാർ‍ട്ടികളുടെ പ്രത്യേകിച്ച് ഇടതുപാർ‍ട്ടികളുടെ ഇതിന്മേലുള്ള നിലപാട് പ്രശംസനീയമാണ്.

സ്നേഹം പ്രകടിപ്പിക്കാനും സൗഹൃദം കൈമാറാനും കാണിക്കുന്ന പരസ്യ പ്രകടനങ്ങൾ‍ അതിർ‍വരന്പുകൾ‍ ലംഘിക്കുന്നതാകരുത്. വർ‍ദ്ധിച്ചു വരുന്ന മദ്യഷോപ്പുകൾ‍ ഒരു നാടിനെയും മനുഷ്യരെയും വളർ‍ന്നു വരുന്ന കുട്ടികളെയും എത്രത്തോളം നശിപ്പിക്കുമോ അത്രതന്നെ ആശങ്കയാണ് ഇത്തരം അതിര് കടന്ന സദാചാര വാദികളുടെ സഭ്യമല്ലാത്ത ചെയ്തികൾ‍ കാണുന്പോൾ‍ ഉണ്ടാകേണ്ടത്. “തനിക്കു വ്യഭിചരിക്കണം” എന്ന് പ്രവാചകൻ‍ മുഹമ്മദിന്‍റെ സമീപത്തേയ്ക്ക് ആധികാരികമായി ഒരാൾ‍ വന്നു പറഞ്ഞപ്പോൾ‍, തെറ്റിലേയ്ക്ക് വഴുതിവീഴുന്ന ഒരാവശ്യം ചോദ്യരൂപേണ വന്നതിൽ‍ അൽ‍പ്പം ചുകന്ന തന്‍റെ മുഖത്ത് പുഞ്ചിരിയുടെ സ്നേഹം വിതറികൊണ്ട് പുറത്തേക്കു വന്നു പ്രവാചകൻ‍ ചോദിച്ചു “നിന്‍റെ മാതാവിനെയോ, സഹോദരിയെയോ, മകളെയോ ഒരാൾ‍ വ്യഭിചരിക്കാൻ‍ ചോദിച്ചാൽ‍ നീ എന്ത് ചെയ്യും”?. പ്രവാചകന്‍റെ ചോദ്യംകേട്ട മനുഷ്യന്‍റെ മുഖം ദേഷ്യത്താൽ‍ ചെങ്കല്ലിന്റെ നിറമാകുകയും “താനയാളെ വെട്ടി നുറുക്കി കൊന്നുക്കളയുമെന്ന്” മറുപടിയും നൽ‍കി. “എങ്കിൽ‍ നീ വ്യഭിചരിക്കാൻ‍ ആവശ്യപ്പെടുന്നതും ഏതെങ്കിലുമൊരു ഭാര്യയോ, മകളോ സഹോദരിയോ മാതാവോ, ആയിരിക്കുമെന്നും അപ്പോൾ‍ നിന്നെ പോലെയുള്ള ചിന്ത അവരെ സംരക്ഷിക്കുന്നവരിലും ഉണ്ടാകില്ലേ എന്ന സൗമ്യമായ ചോദ്യം അയാളിൽ‍ അവശേഷിച്ച നന്മയെ പൊടിതട്ടിയെടുക്കാൻ‍ സഹായിച്ചു, ഖേദം കൊണ്ട് തലകുനിച്ചു.

സദാചാര ചിന്തയേക്കാളും സദാചാര ബോധമാണ് നമുക്ക് വേണ്ടത്. എവിടെ, എപ്പോൾ‍, എങ്ങനെ എന്ന സദാചാര ബോധം നമ്മളിൽ‍ ഉണ്ടാകണം. നൂറു ശതമാനം ശരിയായ ഒരു മനുഷ്യൻ‍ ഉണ്ടാകില്ല, എന്നാൽ‍ അവനിലെ നന്മയുള്ള ബോധം ആ നൂറിലേക്ക് എത്തിക്കും. ബൈക്കിൽ‍ പോകുന്ന ഭാര്യാ ഭർ‍ത്താക്കന്മാരെ പിടിച്ചു നിർ‍ത്തി വിവാഹ സർ‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന പോലീസിൽ‍ നിന്നും മാറി, “കപട സദാചാര”വാദികളെ നിലക്ക് നിർ‍ത്താനും പരിധിവിട്ട “സദാചാര സ്നേഹിക”ളെ ബോധ വൽ‍ക്കരിക്കാനും നിയന്ത്രിക്കാനും നമ്മുടെ നാട്ടിലെ കാക്കിയിട്ട എമാന്മാർ‍ക്ക് കഴിയണം, എങ്കിൽ‍ മാത്രമേ അരാജകത്വത്തിലേക്കുള്ള യാത്രയിൽ‍ നിന്നും നേരിലേക്കും നന്മയിലേക്കും സഞ്ചരിക്കാൻ‍ നമുക്കും വരും തലമുറക്കും കഴിയുകയുള്ളു.

You might also like

Most Viewed