ബജറ്റ്: ചർച്ചയും “ചോർച്ചയും”...
നിസാർ കൊല്ലം
2017−18−ലേയ്ക്കുള്ള കേരള ബജറ്റും അതിലുപരി പിണറായി സർക്കാരിന്‍റെ രണ്ടാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചു കഴിഞ്ഞു. ബജറ്റ് പുറത്തു വന്നു ചർച്ച തുടങ്ങുന്നതിനു മുന്നേ തന്നെ “ചോർച്ച”യെ കുറിച്ചുള്ള കോലാഹലങ്ങൾ തുടങ്ങി. “ചോർച്ച” മൂലമുണ്ടായ നഷ്ടം കോടിയിലും മുകളിൽ പോകുമെന്നാണ് “ആരോ” പറയുന്നത്. അവതരണത്തിന് മുന്നേ ബജറ്റ് വിറ്റോ? നോട്ടുകെട്ടുകൾ വാങ്ങി വീട്ടിൽ വെച്ചോ? അത് എണ്ണാൻ നോട്ടെണ്ണൽ മെഷീൻ വീട്ടിൽ ഉണ്ടോ? ഇതൊന്നും “ജനായത്ത”ത്തിനു അറിയില്ല. ഒന്നറിയാം ബജറ്റ് ഒരു “ചോർച്ച” തന്നെയാണ്. കാലാകാലങ്ങളായി ഒരു തരം വഴിപാടു പോലെ നടത്തുന്ന അധിക “പ്രസംഗം”. അതിൽ കേന്ദ്ര കഥാപാത്രങ്ങളായി എഴുത്തുകാരും നവോത്ഥാന നായകരും അവരുടെ തട്ടുപൊളിപ്പൻ ഡയലോഗും, കവിതയും, ചൊല്ലും ഒക്കെ വന്നു ചേരും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വിലകുറയുന്നവ-ചീപ്പ്, സോപ്പ്, കണ്ണാടി, സിഗററ്റ്, ചൈന കളിപ്പാട്ടങ്ങൾ, വിലകൂടുന്നവ-അരി, ഗോതന്പ്, വൈദ്യുതി തുടങ്ങിയവയിൽ നിന്നും വാരിക്കോരിയുള്ള ക്ഷേമ പെൻഷനുകളും, സൗജന്യങ്ങളും, വിലകയറ്റം നിയന്ത്രിക്കാൻ വിപണിയിൽ ഓരോ വകുപ്പിനും ഫണ്ട് നൽകലും ഒക്കെയായി എന്ന് മാത്രം. ഇങ്ങനെ കണക്കിൽ പറഞ്ഞാൽ സർക്കാർ വരുമാനത്തിന്‍റെ 68 ശതമാനത്തിനു മുകളിൽ ക്ഷേമപെൻഷനുകളും ശന്പളവും പലിശയിനത്തിലുമായി അങ്ങ് “ചോർന്നു” പോകും. പിന്നെ കിട്ടുന്ന മിച്ചം കൊണ്ട് വീടില്ലാത്തവർക്ക് വീടും, റോഡും, തോടും, പള്ളിക്കൂടങ്ങളും, ആശുപത്രികളും, വ്യവസായവും, വാണിജ്യവും, പരന്പരാഗത തൊഴിൽ മേഖലകളും, ആഭ്യന്തരവും, സർക്കസും, കലയും, കായികവും ഒക്കെ ഗംഭീരമായി നടത്തും. അതെങ്ങനെ എന്ന് ചോദിച്ചാലുള്ള ഉത്തരമാണ് “ബജറ്റ്”.
ജി.എസ്.റ്റി വരുന്നതിനാൽ നികുതി വർദ്‍ധനവോ കാര്യമായ ഇളവുകളോ ബജറ്റ് വിശദീകരിക്കുന്നില്ല. അതിരപള്ളി പദ്ധതി നടത്തുമെന്ന് മുഖ്യമന്ത്രി പറയുന്നെങ്കിലും ബജറ്റ് “ഹരിത കേരളം” മറന്നിട്ടില്ല, അതിനും വകയിരുത്തി നല്ലൊരു തുക. “കാരുണ്യം” ലോട്ടറി കച്ചവടം മികച്ചതല്ല എന്നഭിപ്രായമുണ്ടെങ്കിലും “ആർദ്രം മിഷനിലൂടെ” എന്തും വലിച്ചുവാരി ഭക്ഷിച്ചുണ്ടാകുന്ന രോഗങ്ങൾക്കും സർക്കാർ സൗജന്യ ചികിത്സാസഹായം നൽകും (പാവപെട്ടവന് കിട്ടുമോ ആവോ). സർക്കാർ പള്ളിക്കൂടങ്ങളിൽ കുട്ടികളുടെ എണ്ണം കൂട്ടാനായിരിക്കും “സ്കൂളുകൾ ഹൈടെക്” ആക്കുന്നതിനും പദ്ധതികൾ. അദ്ധ്യാപകർ പഠിപ്പിക്കുമോ ഇല്ലയോ എന്നൊന്നും വിഷയമല്ല, ശന്പളം മുടങ്ങാൻ പാടില്ല, യൂണിയൻ ഇടപെടും.
വർഷങ്ങളായി കേൾക്കുന്ന മറ്റൊരു വാചകമാണ് “എല്ലാവർക്കും വീട്”. ഓർമ്മയിലുള്ള ബജറ്റുകളിലെ “വീട്” പദ്ധതി മാത്രം നോക്കിയപ്പോൾ കേരളത്തിൽ ഇപ്പോൾ തന്നെ ഒരാൾക്ക് മൂന്നിൽ കൂടുതൽ വീടുകൾ നൽകാൻ തുക മാറ്റിക്കഴിഞ്ഞു. ഏതായാലും വീടല്ലേ, തുക വകയിരുത്തട്ടെ. കേന്ദ്രം കൈവിട്ടുവെങ്കിലും “റേഷനും കൺസ്യുമർ ഫെഡിനും” നല്ലൊരു തുക മാറ്റിയിട്ടുണ്ട്. ആ വകുപ്പുകളിലെ ‘ചോർച്ച” തടയാൻ മേൽത്തരം സാങ്കേതിക സഹായം തേടും. കള്ളന്മാരെ പിടിച്ചു ജയിലിലടക്കുന്ന പരിപാടിക്കൊന്നും പോകില്ല, അതുകൊണ്ട് റേഷൻകടക്കാരും അതിലൊക്കെയുള്ള എം.ഡി−മാരും രക്ഷപ്പെട്ടു. ഹരിതമെന്നും കൃഷിയെന്നും പരന്പരാഗതമെന്നുമൊക്കെ പറയുന്നെങ്കിലും “ഇമ്മിണി ചെറിയ” മാറ്റിവെപ്പേ അവിടങ്ങളിൽ നടത്തിയിട്ടുള്ളു. വൻ കൊള്ളയ്ക്ക് സാധ്യത തുറക്കുന്ന “പാവപ്പെട്ടവർക്ക് ഇന്റർനെറ്റ് സൗജന്യം” എന്ന കെ−ഫോൺ പദ്ധതിയായിരിക്കും ഈ ബജറ്റിലെ ഏറ്റവും വലിയ “ചോർച്ച”യും ചർച്ചയും. അത് 1000 കോടിയുടെ കിഫ്ബി വഴിയുള്ള പദ്ധതിയാകുന്പോൾ പ്രത്യേകിച്ചും. “ദൈവത്തിന്‍റെ സ്വന്തം നാട്, ഇന്ന് അറബി മണലാരണ്യത്തിന്‍റെ വശ്യത ആയതിനാലാകും “ടൂറിസ”ത്തെ കൂടുതൽ മോടിപിടിപ്പിക്കാൻ ശ്രമിക്കാഞ്ഞത് എന്ന് തോന്നുന്നു. കുടുംബ ബജറ്റ് ആണോ അല്ലയോ എന്നൊന്നും പറയാൻ പാകത്തിൽ ലളിത പരാമർശങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ആ വഴി ചർച്ചകൾക്ക് പ്രസക്തിയില്ല.
വ്യവസായം, പശ്ചാത്തല വികസനം, കലാ−സാസ്കാരികം, വനിതാ രംഗം, ഉന്നത വിദ്യാഭ്യാസം, വൈദ്യുതി, ഗതാഗതം പ്രത്യേകിച്ച് മരിച്ചുകൊണ്ടിരിക്കുന്ന കെ.എസ്.ആർ.ടി.സിക്ക് മൂന്നുവർഷം കൊണ്ട് 3000 കോടി രൂപയുടെ പാക്കേജ് നൽകുമെന്നത് തുടങ്ങി “പ്രവാസികൾക്ക്” അൽപ്പം ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ വരെ ഈ ബജറ്റിന്‍റെ ഗുണമായി കാണാനും ആഗ്രഹിക്കുന്നു. പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ അത് നടപ്പിൽ വരുത്താനുള്ള ഇച്ഛാശക്തി കൂടി ഉണ്ടാകുന്പോഴാണ് ബജറ്റ് യാഥാർത്ഥ്യമാകുന്നത്. ഓരോ വർഷവും പെൻഷൻ നൽകാൻ മാത്രം വലിയൊരു സംഖ്യ ആവശ്യം വേണ്ടിടത്ത് ഇത്തരം തുകകൾ വ്യവസായ നിക്ഷേപമായി (പൊതു−സ്വകാര്യ) നിക്ഷേപിച്ചു അതിൽ നിന്നും വരുന്ന ലാഭ വിഹിതം പെൻഷൻകാർക്ക് നൽകുന്ന ഒരു പദ്ധതിയിലേയ്ക്ക് മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആഗോളീകരണത്തിന്റെ ഭാഗമായി വന്ന ബി.ഒ.ടി വ്യവസ്ഥമൂലം കോടിക്കണക്കിനു തുക പലിശയായി നൽകേണ്ടി വരുന്നു, ഇവിടെയും പ്രാദേശിക−സർക്കാർ പങ്കാളിത്ത പദ്ധതികൾ വന്നാൽ അധിക ബാധ്യതകൾ ഒഴിവാക്കാൻ സാധിക്കും.
സംസ്ഥാനത്തിന്റെ സന്പത്ത് ഘടനയിൽ വലിയൊരു പങ്ക് വഹിക്കുന്ന വിദേശമലയാളികളെ പരിഗണിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു, വേണ്ട പോലെ പ്രവാസികളുടെ നിഷേപം സ്വീകരിച്ചു ഇരു കൂട്ടർക്കും പ്രയോജനപ്രദമാകും വിധം പദ്ധതികൾ നടപ്പിൽ വരുത്താൻ സർക്കാർ മുൻകൈയെടുക്കണം. “ചോർച്ച”കളിൽ ചർച്ചകൾ ഒലിച്ചുപോകാതെ കാര്യക്ഷമമായ വിലയിരുത്തലുകൾ നടത്തി സംസ്ഥാനം ക്ഷേമത്തോടെ മുന്നോട്ട് വളരാൻ ഒത്തൊരുമയോടെ മുന്നോട്ടു പോകാം. ശ്രീനാരായണ ഗുരുവിൽ തുടങ്ങിയ ഒന്നാം ബജറ്റ് എം.ടിയിലൂടെ നടക്കുന്പോൾ വായ്ത്താര മാത്രം ആകരുതേ എന്ന ആശങ്കയാണ് പങ്കു വെയ്ക്കാനുള്ളത്.