മൂല്യം നഷ്ടമാകുന്ന പ്രതികരണങ്ങൾ.....
മൂല്യങ്ങളെ താലോലിക്കുന്ന മനുഷ്യൻ അവയിലൂടെ സ്വപ്ന സഞ്ചാരമാണ് നടത്തുന്നത്. എന്തിനെയാണ് ‘മൂല്യം’ എന്ന് വിളിക്കുന്നത് എന്ന് മനസിലാകുന്നില്ല. സദാചാരവും അവയെ നിയന്ത്രിക്കുന്നവയും സമൂഹത്തിലെ ‘മൂല്യം’ നശിക്കാതിരിക്കാൻ വേണ്ടിയാണെന്ന് വാദിക്കുന്നു. രാഷ്ട്രീയ വൈരാഗ്യങ്ങളും, അഭിപ്രായ വ്യത്യാസങ്ങളും പ്രതികരണത്തിലും ഇവ പ്രതിഫലിക്കുന്നു. നഗ്നമായ യാഥാർത്ഥ്യങ്ങളെ സ്വന്തം ഇച്ഛക്കൊത്തു വളച്ചൊടിക്കാൻ മ്ലേച്ഛമായ അവതരണ രീതി ചില മാധ്യമങ്ങൾ കാണിക്കുന്പോൾ മുതലാളിത്തത്തിന്റെ ഭീകരമായ അവസ്ഥ കൂരിരുട്ടിലും തെളിഞ്ഞു കാണുന്നു. ജനാധിപത്യം സത്യത്തിന്റെ പാതയിൽ നിന്നും വ്യതിചലിക്കുന്നത് നേർവരയിൽ വരച്ചു കാണിക്കേണ്ട ബാധ്യതയുടെ കടമ മറന്നുള്ള പ്രവർത്തനമാണ് പലപ്പോഴും ചില ദൃശ്യ−അച്ചടി മാധ്യമങ്ങൾ നടത്തുന്നത്. കപടതയുടെയും അടിച്ചമർത്തലുകളുടെയും നീതി നിഷേധത്തിന്റെയും തിരശീലക്കു പിന്നിലെ കഥകളെ പലപ്പോഴും സാമൂഹിക മാധ്യമങ്ങളുടെ ഇടപെടലുകൾ നിമിത്തം പുറംലോകത്തേക്ക് വന്നിട്ടുണ്ട് എന്ന സത്യം മുൻനിർത്തി തന്നെ ഇത്തരം സാമൂഹിക മാധ്യമങ്ങളിലെ അതിർ കടന്ന വിചാരണകളും തീർപ്പ് കൽപ്പിക്കലും സാമാന്യ ജനവിഭാഗത്തിന്റെ ചിന്താസരണികളെ നിർജീവമാക്കാനോ നിലവിലെ ഭരണ സംവിധാനങ്ങളിലുള്ള വിശ്വാസത്തെ തകർക്കാനോ ഉപകരിക്കുന്നു. അതിലെല്ലാം ഉപരിയാണ് നിയന്ത്രണം തീരെയും നഷ്ടമായ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ അപക്വമായ പ്രതികരണങ്ങൾ മൂലം പലപ്പോഴും ഉണ്ടാകുന്നത്.
വാച്യമായ പ്രതിഷേധങ്ങളോ പ്രതികരണങ്ങളോ നടത്തുന്നവർ അവ സമൂഹത്തിൽ സൃഷ്ടിക്കാവുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് ബോധവാന്മാരായിരിക്കണം. രാജ്യത്ത് സാമൂഹിക തിന്മകൾ വർദ്ധിക്കുന്നതായി ദിനേനയുള്ള സംഭവങ്ങൾ നിരത്തി മാധ്യമങ്ങൾ തന്നെ നമ്മുടെ മുന്നിലേക്കെത്തിക്കുന്നു, പ്രത്യേകിച്ച് കേരളത്തിൽ. ഏറ്റവും അടുത്ത് നടന്ന രണ്ടു സംഭവങ്ങളാണ് മലയാളത്തിലെ ഒരു നടിക്കു നേരെയുണ്ടായ അതിക്രമവും, അഴീക്കൽ കടപ്പുറത്ത് യുവാവിനും യുവതിക്കും നേരിട്ട ‘സദാചാര ഗുണ്ടായിസവും’. രണ്ടും വ്യത്യസ്ത ധ്രുവങ്ങളിൽ വ്യത്യസ്ത രീതികളിൽ നടന്ന അതിക്രമങ്ങൾ തന്നെയാണ്. ഒന്നിന് മാഫിയ ഗുണ്ടാ വിളയാട്ടമെന്നോ ക്വട്ടേഷൻ മാഫിയ അക്രമമെന്നോ വിളിക്കുന്പോൾ, മറ്റൊന്നിനെ വലിയ ഗൗരവും നൽകാതെ ‘സദാചാരം’ എന്ന ഓമനപ്പേര് നൽകി മഹത്വവൽക്കരിക്കുന്നു. എന്നാൽ രാഷ്ട്രീയ എതിരാളികൾ, ഭരിക്കുന്ന സർക്കാരിനെ രണ്ടിലും ശക്തമായി എതിർക്കുന്നു.
ക്രമസമാധാനപാലനത്തിന് ഭരിക്കുന്ന സർക്കാരുകൾക്ക് ചെയ്യാൻ കഴിയുക, അവശ്യം വേണ്ട നിയമങ്ങൾ നിർമ്മിക്കുക എന്നതാണ്. നമ്മുടെ രാജ്യത്ത് അത് ആവശ്യത്തിലും കൂടുതലുണ്ട് എന്നതിൽ ആർക്കും രണ്ടഭിപ്രായമില്ല. എന്നാൽ എത്രത്തോളം അതൊക്കെ പ്രയോഗത്തിൽ വരുത്താൻ സാധിക്കും എന്നതിലാണ് ഭരണകർത്താക്കൾ ജാഗരൂഗരാകേണ്ടത്. ഒരു നടിയെ തന്റെ മുൻ ഡ്രൈവറും അയാളുടെ കൂട്ടാളികളും ചേർന്ന് കൈയേറ്റം ചെയ്യുകയും ഫോട്ടോയെടുക്കുകയും ചെയ്തു എന്ന ഹീനമായ പ്രവർത്തിയിൽ നിയമങ്ങൾ നിലനിൽക്കുന്ന രാജ്യത്ത് ഒരു സംവിധാനത്തിന് എടുക്കാവുന്ന ഉചിതമായ നടപടികൾ എടുത്തു എന്ന് വേണം നമുക്ക് അനുമാനിക്കാൻ. എന്നാൽ ബാലിശമായ ചോദ്യങ്ങളും മുൻ ധാരണകളും ഒക്കെ വച്ച് എത്രത്തോളം താഴേക്ക് പ്രതികരിക്കാമോ ആ തലത്തിലേക്ക് പിന്നീടുള്ള പ്രതികരണങ്ങൾ പോയി. ഇത് മൂലം പോലീസിലും സർക്കാരിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമാകുകയാണ്. പോലീസിലുള്ള വിശ്വാസം നഷ്ടമാകുന്നതിൽ ഒരു പക്ഷെ ആർക്കും സുഖം തോന്നില്ല, എന്നാൽ സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമായാൽ അത് തങ്ങൾക്കു അടുത്ത തിരഞ്ഞെടുപ്പിൽ ഗുണമാകും എന്ന അബദ്ധവും ഭീകരവുമായ ഒരു ചിന്തയിൽ നിന്നാണ് പ്രതിയെ പിടിച്ചിട്ടും പടച്ചു വിടുന്ന വിടുവായത്തങ്ങൾ തെളിയിക്കുന്നത്. പക്ഷെ അത്തരക്കാർ സ്വയം കബളിക്കപ്പെടുകയാണ്. നിലവിലെ സർക്കാരിലല്ല ജനങ്ങൾ അവിശ്വാസമുണ്ടാകുന്നത്, ഇനിയുണ്ടാകുന്ന സർക്കാരിലും അതിലുപരി രാഷ്ട്രീയമെന്ന ജാനാധിപത്യ സംവിധാനത്തോട് മൊത്തതിലായിരിക്കും. ഏറെക്കുറെ ഇപ്പോൾ ഇടതുപക്ഷം അനുഭവിക്കുന്നതും അത് തന്നെയാണ്. തന്മൂലം രാഷ്ട്രപതി ഭരണമോ പട്ടാള ഭരണമോ വന്നാൽ മതിയെന്ന ചിന്ത സമൂഹത്തിൽ രൂഢമൂലമാകും. മുൻധാരണ പ്രകാരം കേസുകളും കോടതി വ്യവഹാരങ്ങളും സമൂഹ മാധ്യമങ്ങളും ദൃശ്യവാർത്ത മീഡിയകളും വിചാരണ കണക്കെ ചർച്ച ചെയ്തു ഇതാണ് ശരിയെന്ന ബോധം സാധാരണ ജനത്തിന് ഉണ്ടാക്കി കൊടുക്കുകയും ഒടുവിൽ കോടതിയിൽ നിന്നും വിപരീത വിധി വരുന്പോൾ സംവിധാനത്തെയും രാഷ്ട്രീയത്തെയും എതിർക്കുന്ന സ്വഭാവം വൻ വിപത്ത് ക്ഷണിച്ചു വരുത്തുകയും ചെയ്യും. പ്രതിപക്ഷ രാഷ്ട്രീയം കളിക്കുന്പോൾ എന്തും വിളിച്ചു പറഞ്ഞവർ അധികാരത്തിൽ കയറിയതിനു ശേഷം വിളറി പൂണ്ടു നിൽക്കുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുകയാണ്.
കുറ്റം ചെയ്ത ഒരു പ്രതിയെ കുടുക്കാൻ പോലീസിനു അവരുടെതായ മാർഗങ്ങളെ സ്വീകരിക്കാൻ കഴിയൂ. അതിൽ അവർ വിജയിച്ചതിന്റെ ഫലമാണ് അറസ്റ്റ്. എന്നാൽ അറസ്റ്റിനു ശേഷം അത് അങ്ങനെ ചെയ്തതു ശരിയായില്ല എന്ന തലത്തിലെ പ്രതികരണങ്ങൾ കാണുന്പോൾ അറസ്റ്റോ, അക്രമമോ, നീതിയോ ഒന്നുമല്ല ഇത്തരക്കാരുടെ ആവശ്യം, മറിച്ച് ‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം’ എന്നതാണ്..