ലോ­കം ഇന്ത്യയി­ലേ­ക്ക് ചു­രു­ങ്ങി­യ ദി­നം...


ചാന്ദ്രയാൻ, മംഗൾയാൻ എന്നീ ദൗത്യങ്ങൾക്ക് ശേഷം 104 ഉപഗ്രഹങ്ങളെ ഒരേ സമയം വിക്ഷേപിച്ച് ഐ.എസ്.ആർ.ഒ തങ്ങളുടെ ആകാശക്കുതിപ്പിന് ആക്കം കൂട്ടി ലോക രാജ്യങ്ങളുടെ ഇടയിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നു. പി.എസ്.എൽ.വി− 37 ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയർന്നപ്പോൾ ഇന്ത്യയുടെ മാത്രമല്ല സാങ്കേതിക പുരോഗതിയിലേക്ക് വളർന്നു കൊണ്ടിരിക്കുന്ന യു.എ.ഇ−യിലെ ശാസ്ത്രലോകത്തിനും അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു സമ്മാനിച്ചത്. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളെ വിക്ഷേപിച്ച റഷ്യയുടെ റെക്കോഡ് ആണ് ഇന്ത്യ പഴങ്കഥയാക്കിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ വിവിധ രാജ്യങ്ങളുടെതുൾപ്പെടെ 121 ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചത്. ഇതിലൂടെ ശാസ്ത്രീയ മുന്നേറ്റത്തിനുമപ്പുറം സാന്പത്തിക നേട്ടവും കൈവരിക്കാൻ ഐ.എസ്.ആർ.ഒ−ക്ക് കഴിഞ്ഞു. ചിലവു കുറഞ്ഞ വിക്ഷേപണ സൗകര്യവും, വിക്ഷേപണത്തിലെ വിജയ ശതമാനവും പരിഗണിച്ചു കൂടുതൽ രാജ്യങ്ങൾ വരും കാലങ്ങളിലും ഇന്ത്യയെ സമീപിക്കും. ഇതുവഴി ഇന്ത്യയുടെ സാന്പത്തിക ഘടനക്ക് കൂടുതൽ സംഭാവനകൾ ചെയ്യാൻ ഐ.എസ്.ആർ.ഒ−ക്ക് കഴിയും.

അര നൂറ്റാണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഐ.എസ്.ആർ.ഒ−യെ സംബന്ധിച്ച് ഈ വിജയം അഭിമാനകരമാണ്. ഉപഗ്രഹ വിക്ഷേപണത്തിന് സാന്പത്തിക ചിലവു ഏറിവരുന്ന ഈ കാലഘട്ടത്തിൽ അമേരിക്ക പോലും ചിലവു കുറഞ്ഞ വിക്ഷേപണ സാധ്യതകൾ തേടുന്നു. അതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് അമേരിക്കയുടെ 96 ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി കുതിച്ചുയർന്നത്. ഈ അവസ്ഥ തന്നെയാണ് ഫ്രാൻസും, റഷ്യയും ഒക്കെ അനുഭവിക്കുന്നത്. വല്യേട്ടന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന മേഖലകളിലേക്കാണ് ഇന്ത്യയുടെ കടന്നു കയറ്റം, അതിൽ പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങളായ ചൈനക്കും, ജപ്പാനും അവരവരുടേതായ സംഭാവനകൾ നൽകാൻ കഴിയുന്നുണ്ട്. വരും കാലം ഏഷ്യൻ വൻകര ബഹിരാകാശ മത്സരത്തിലേക്ക് മാറിയാലും അത്ഭുതപ്പെടാനില്ല. ചൊവ്വാ ദൗത്യം നടത്തിയ ആദ്യ ഏഷ്യൻ രാജ്യമെന്ന ബഹുമതി നേടിയ ഇന്ത്യ ഇക്കാലയളവിൽ ബഹിരാകാശ ദൗത്യത്തിന്റെ കേന്ദ്ര ബിന്ദുവായി മാറുന്ന കാഴ്ചയാണ് കാണുന്നത്. രാജ്യാന്തര നയന്തന്ത്രങ്ങൾക്ക് ഉപരിയായി ‘ബഹിരാകാശ’ നയതന്ത്രം വ്യാപിപ്പിച്ച് രാജ്യത്തിന്റെ വരുമാനവും സാങ്കേതിക സ്വയം പര്യാപ്തവും കൈയടക്കാൻ നാം ശ്രമിക്കണം. 

ഒരു കാലത്ത് നമ്മുടെ ശാസ്ത്ര പ്രതിഭകളെ വികസിത രാജ്യങ്ങൾ കൈക്കലാക്കുകയോ അവശ്യം പ്രവർത്തന മണ്ധലത്തിന്റെ അഭാവത്തിൽ സ്വയം വിദേശ രാജ്യങ്ങൾ കണ്ടെത്തുകയോ ചെയ്തിരുന്നവർ ഇന്ന് രാജ്യത്തിന്റെ അഭിമാന നേട്ടത്തിൽ തങ്ങളുടെ പങ്കും ഉണ്ടാകണമെന്ന വാശിയിലാണ്.  ഇന്ത്യയുടെ ആദ്യ റോക്കറ്റ് കുതിച്ചുയർന്നത് കൊച്ചു കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന തുന്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നായിരുന്നു. 

വിക്രം സാരാഭായ് എന്ന അതുല്യ പ്രതിഭയായിരുന്നു മേൽനോട്ടം. പിന്നീട് അദ്ദേഹം ഇന്ത്യയുടെ ബഹിരാകാശ പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും നേതൃത്വവും മാർഗ നിർദേശങ്ങളും സമ്മാനിച്ചു. അബ്ദുൾ കലാമും, യു.ആർ റാവുവും, കസ്തൂരിരംഗനും, മാധവൻ നായരും ഉൾപ്പെടെയുള്ളവർ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് കൂടുതൽ ഊർജ്ജം നൽകി. രാജ്യപുരഗതിക്കായി ശാസ്ത്ര വളർച്ചയുടെ പ്രാധാന്യം ദീർഘവീക്ഷണത്തോടെ തിരിച്ചറിഞ്ഞ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ‘ഇന്ത്യൻ നാഷണൽ ഫോർ റിസേർച്ച് കമ്മിറ്റി’ എന്ന സമിതി രൂപീകരിക്കുകയും വിക്രംസാരാഭായിയെ അതിന്റെ ഡയറക്ടർ ആയി ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീടിങ്ങോട്ട് ഇന്ന് നാം കാണുന്ന വാർത്താ വിനിമയ രംഗത്തെയും കാലാവസ്ഥ പ്രവചനങ്ങളുടെയും ഒക്കെ തുടക്കം അവിടെ നിന്നായിരുന്നു. ഐ.എസ്.ആർ.ഒ−ക്ക് ഇനിയും കൂടുതൽ മുന്നോട്ട് പോകാനുണ്ട്. മാർച്ചിൽ നടക്കുന്ന സാർക്ക്− ഉപഗ്രഹവും, ഏപ്രിലിൽ ജിസാറ്റ് −19 വിക്ഷേപണവുമാണ് പുതിയ ദൗത്യങ്ങൾ. എന്നാൽ ചന്ദ്രയാൻ −2 ബഹിരാകാശലോകം ഏറെ പ്രതീക്ഷയോടും കൗതുകത്തോടും നോക്കിയിരിക്കുന്ന ഒന്നാണ്. മാതൃ പേടകത്തിൽ നിന്നിറങ്ങി പര്യവേക്ഷണപേടകം ചന്ദ്രനിൽ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുന്നതിനെ ജിജ്ഞാസയോടുകൂടി കാത്തിരിക്കുന്നു. അതുപോലെ തന്നെ എണ്ണത്തിൽ കൂടുതൽ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചപ്പോഴും കൂടുതൽ ഭാരം വിക്ഷേപിക്കുന്നതിലേക്ക് ഇനിയും ഐ.എസ്.ആർ.ഒ സഞ്ചരിക്കാനുണ്ട്. ഭാവിയുടെ പ്രവർത്തനങ്ങൾ ഐ.എസ്.ആർ.ഒ ശ്രദ്ധപതിപ്പിക്കുന്നതും അതിനുവേണ്ടിയാണ്.

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഈ സ്വപ്ന നേട്ടം ‘ഇന്ത്യയുടെ മിസൈൽ മാൻ’ എന്ന് വിശേഷിപ്പിക്കുന്ന സാക്ഷാൽ എ.പി.ജെ. അബ്ദുൾ കലാമിന് മരണാനന്തരം നൽകുന്ന ബഹുമതിയായി നമുക്ക് സമർപ്പിക്കാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed