പ്രവാസികൾക്ക് വാനോളമില്ലെങ്കിലും കുന്നോളമെങ്കിലും കിട്ടണം...!
പ്രവാസികൾ, പ്രത്യേകിച്ച് ബഹ്റിനിൽ അധിവസിക്കുന്ന മലയാളി പ്രവാസികളുടെ സുഖ−ദുഃഖ സമിശ്ര ജീവിതം “ജനായത്തം” സാകൂതം വീക്ഷിക്കുന്ന ഒന്നാണ്. ജനകീയ വിഷയങ്ങൾ തന്നെയാണ് “ജനായത്ത”ത്തിനു പ്രധാനവും. ബഹ്‌റിൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അതിഥിയായി പവിഴ ദ്വീപിൽ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ സന്ദർശനം വളരെയേറെ ചിന്തകൾക്കും ചർച്ചകൾക്കും തുടക്കം കുറിക്കുന്ന ഒന്നായിരിക്കുമെന്ന് തോന്നുന്നു. പൗരസ്വീകരണ പ്രസംഗത്തിൽ മുഖ്യമന്ത്രി നടത്തിയ ഉറപ്പുകളും നിർദ്ദേശങ്ങളും ഏറെക്കുറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ഭരണാധികാരികളോ രാഷ്ട്രീയക്കാരോ കുറെയധികം ജൽപ്പനങ്ങൾ നടത്തി സദസ്സ്യരുടെ കയ്യടി വാങ്ങി തിരിച്ചു വിമാനം കയറുന്ന കാഴ്ച്ച കാലങ്ങളോളം നാം കണ്ടു കൊണ്ടിരിക്കുന്നു. ബഹ്റിനിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം ധാരാളം പരാതികളും പരിഭവങ്ങളും ഉണ്ട്. എന്നാൽ അതെല്ലാം ഒരു സംസ്ഥാനത്തെ സർക്കാരിനാൽ പരിഹാരം കാണുക അസാധ്യവുമാണ്. ദൈനംദിന പ്രശ്നങ്ങളിൽ ബഹ്റിനിലെ സാമൂഹിക സാംസ്കാരിക രംഗത്തെയും രാഷ്ട്രീയ രംഗത്തെ പോഷക സംഘടനകളും ഒരുമയോടെ പ്രവർത്തിച്ചു പരിഹാരം കാണുന്ന കാഴ്ച വിസ്മരിച്ചുകൂടാ. ഒരു രാജ്യത്തിന്‍റെ പ്രത്യേക അതിഥിയായി എത്തുന്ന ഒരു ഭരണാധികാരിക്ക് സംസ്ഥാനത്തിലെ ജനങ്ങൾ കൂടുതലായി തിങ്ങിപ്പാർക്കുന്ന ഒരു രാജ്യത്തെ ഭരണാധികാരികളുടെ പക്കൽ നിന്നും അവശ്യം സഹായവും സഹകരണവും നേടിയെടുക്കാൻ സാധിക്കുകയും ചെയ്യും. എന്നാൽ കൂടുതലായി ഏതൊക്കെ മേഖലകളിൽ അത്തരം സേവനങ്ങൾ ആവശ്യമാണ് എന്നതിൽ വിദഗ്ദ്ധമായ ഗൃഹപാഠം നടത്തണം. പുറത്തു വന്ന വാർത്തകളിൽ നിന്നും മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ നിന്നും ദീർഘ നാളുകളായി ബഹ്‌റിൻ പ്രവാസികൾ ആഗ്രഹിക്കുന്ന ഒന്ന് രണ്ടു കാര്യങ്ങളിൽ ഏകദേശ രൂപമായി എന്ന് വേണം അനുമാനിക്കാൻ.
ഒരു സംസ്ഥാന മുഖ്യമന്ത്രി വിദേശ പര്യടനം നടത്തുന്പോൾ ആ പ്രദേശത്തെ പ്രവാസി ജനത തൊഴിലിൽ അനുഭവിക്കുന്ന പ്രശ്നങ്ങളും, ആരോഗ്യ-മാനസിക ബുദ്ധിമുട്ടുകളും, നിയമ−വ്യവഹാര രംഗത്ത് നേരിടുന്ന പ്രയാസങ്ങളും, യാത്ര ചിലവുകളുടെ വർദ്ധനവും, സാന്പത്തിക പ്രശ്നങ്ങളും തുടങ്ങി കുടുംബ പ്രശ്നങ്ങൾ വരെ കേൾക്കേണ്ടതായി വരും. അത്തരം പരാതികളിൽ ഒരളവോളം മാത്രമേ ഇടപെടാനും പരിഹാരം കാണാനും സാധിക്കുകയുള്ളൂ.
എന്നാൽ ഇത്തരം പ്രവാസികൾക്ക് തങ്ങളുടെ മാതൃരാജ്യത്ത് അഥവാ സംസ്ഥാനത്ത് അനുഭവിക്കേണ്ടി വരുന്ന ഒറ്റപ്പെടുത്തലുകൾ പര്യടനം നടത്തുന്നവർക്ക് കണ്ടില്ല എന്ന് നടിക്കാനാകില്ല, പ്രത്യേകിച്ച് കേരളം പോലൊരു സംസ്ഥാനത്തിന്‍റെ സന്പത്ത് വ്യവസ്ഥിതിയിൽ മുഖ്യ പങ്കു വഹിക്കുന്നവരോട്. കുടുംബത്തിൽ നിന്നും ഒരാളെങ്കിലും ഗൾഫിലായാൽ ബിപിഎല്ലിൽ നിന്നും അവന്‍റെ റേഷൻ എപിഎല്ലിലേക്ക് മാറും. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസവും ആരോഗ്യവും ഒക്കെ സർക്കാർ കണക്കിന് പുറത്താകും. അതിലേറെ കഷ്ടമാണ് പഞ്ചായത്ത്, പോലിസ് േസ്റ്റഷൻ അനുഭവങ്ങൾ. എല്ലാ തലത്തിലും ഒഴിവാക്കപ്പെടലിന്റെയും ഒറ്റപ്പെടുത്തലിന്റെയും അവസ്ഥയുണ്ടാകുന്നു. ആരോഗ്യ പ്രശ്നം മൂലമോ തൊഴിലിടങ്ങളിലെ മറ്റ് സാന്പത്തിക ബുദ്ധിമുട്ട് കാരണമോ ജോലി നഷ്ടമായി നാട്ടിൽ തിരിച്ചു ചെല്ലുന്നവരെ എല്ലായ്പ്പോഴും പുനരധിവസിപ്പിക്കും എന്ന് പറയുന്നതല്ലാതെ അതിനുള്ള ഒരു നടപടിയും പ്രായോഗിക തലത്തിൽ വന്നിട്ടില്ല. നിയമത്തിന്‍റെ അഞ്ജത മൂലമോ, അകാരണമായോ വിവിധ നിയമകുരുക്കിൽപ്പെടുന്നവർക്ക് എംബസ്സികളുടെ പരിമിതമായ സഹായങ്ങൾക്കപ്പുറം സംസ്ഥാന സർക്കാരിന്‍റെ ഇടപെടൽ പ്രവാസികൾ ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു. ഒരു സാധാരണ തൊഴിലാളി മരണപ്പെട്ടാൽ മൃതദേഹം നാട്ടിലേയ്ക്കയക്കാൻ വന്‍ സാന്പത്തിക ചിലവു വേണ്ടി വരുന്നു. ഇതിലൊക്കെയാണ് സാധാരണക്കാരായ പ്രവാസികളുടെ ആകുലതകൾ.
കുടുംബമായി കഴിയുന്ന പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങളിൽ മുന്തിയത് കുട്ടികളുടെ വിദ്യാഭ്യാസം തന്നെയാണ്. കേരളത്തിലെ സർക്കാർ സ്കൂളുകളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തിക്കൊണ്ടിരിക്കുന്ന ഇടതു സർക്കാരിന് ഈ വിഷയത്തിൽ കൂടുതൽ ഇടപെടാൻ കഴിയും. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ കാണുന്ന കാര്യങ്ങളാണ് കേരള സർക്കാരിന്‍റെ മേൽനോട്ടത്തിൽ എഞ്ചിനീയറിങ്ങ് കോളേജ് തുടക്കം കുറിക്കാനുള്ള അനുമതി ബഹ്‌റിൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടതും, കുറഞ്ഞ നിരക്കിൽ കുട്ടികളെ പഠിപ്പിക്കാൻ കേരള പബ്ലിക് സ്കൂൾ തുടങ്ങും എന്നുള്ളതും. ആരോഗ്യ ശുശ്രൂഷ രംഗത്ത് പണചിലവേറി വരുന്ന ഒരു ഘട്ടത്തിൽ കേരള സർക്കാർ മെഡിക്കൽ ക്ലിനിക്ക് എന്ന പദ്ധതിയും പ്രതീക്ഷയാണ്. എന്നാൽ യാത്രാ ചിലവു കുറയ്ക്കാൻ സംസ്ഥാന സർക്കാരിനാൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തലല്ലാതെ മറ്റു മാർഗ്ഗമില്ല എന്ന് പറഞ്ഞത് തന്നെ മേൽപ്പറഞ്ഞ കാര്യങ്ങളിലെ ആത്മാർത്ഥത വെളിവാക്കുന്നു.
ഇങ്ങനെ വാനോളം തന്നില്ലെങ്കിലും കുന്നോളം പറഞ്ഞ കാര്യങ്ങൾ നടപ്പിൽ വരുത്തണം എന്നതാണ് പ്രവാസി “ജനായത്തിനു” മുന്നോട്ടു വെക്കാനുള്ളത്. കിട്ടിയാലും കിട്ടിയില്ലെങ്കിലും ജാതി−മത−ദേശ−രാഷ്ട്രീയ വ്യത്യാസമില്ലാതെ “ഞങ്ങളുടെ” മുഖ്യമന്ത്രിയെ ഞങ്ങൾ സ്വീകരിച്ചു.