പൊതു വിദ്യാഭ്യാസം നന്നാകുന്പോൾ...!
എതിർപ്പുകളും കുറ്റംപറച്ചിലുകളും വിവാദങ്ങളും മാത്രമുള്ള ഒരു ലോകത്താണ് നാം ജീവിക്കുന്നത്, ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ അത് ആവശ്യത്തിലും കൂടുതലാണ്. ഓരോ അഞ്ചു വർഷത്തിനിടക്ക് നാം തിരഞ്ഞെടുത്ത സർക്കാരുകൾ എത്രയൊക്കെ നല്ല കാര്യം ചെയ്താലും അവിടേക്കൊന്നും ശ്രദ്ധിക്കാതെ ഏതൊരു ചെറു വിഷയത്തെയും പർവ്വതീകരിക്കാൻ ശ്രമിക്കുന്ന മാധ്യമ, എതിർചേരി രാഷ്ട്രീയ പ്രചരണത്തിൽ നാം വീണുപോകാറുണ്ട്. കേരളത്തിലെ ഇടതു പക്ഷ സർക്കാർ അധികാരമേറ്റതിനു ശേഷം വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും നൽകുന്ന പ്രാധാന്യം അഭിനന്ദനാർഹമാണ്. സ്കൂൾ കുട്ടികളുടെ ഗവേഷണവും ഡിജിറ്റൽ ക്ലാസ് മുറികളും ചേർന്ന യുവതയുടെ പുരോഗമന പാതയിലേക്കുള്ള സ്വപ്ന വാതായനത്തിന്‍റെതായിരുന്നു ഇക്കഴിഞ്ഞ റിപ്പബ്ലിക് പരേഡിൽ ഡൽഹിയുടെ പ്ലോട്ട്. പാരന്പര്യ കലകൾ മാത്രം അവതരിപ്പിച്ചു സായൂജ്യമടയുന്ന പ്രവണതയിൽ നിന്നും വ്യത്യസ്തമായി ന്യൂതന−പുരോഗമന ചിന്തകൾക്കും കണ്ടുപിടുത്തങ്ങൾക്കുമായി യുവതലമുറയെ വാർത്തെടുക്കാൻ പരിശ്രമിക്കുന്ന ഒരു സർക്കാരിന്‍റെ നേർചിത്രം, ആത്മനിർവൃതി നൽകുന്ന ഒരു കാഴ്ചയായി മാറി.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ ഇടതു സർക്കാരും അത്തരമൊരു സ്വപ്നമാണ് നെയ്യുന്നത്. ഒരുപക്ഷെ അതിലും മേലെ മത നിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസമാണ് ഈ യജ്ഞത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. ജനകീയാസൂത്രണം പോലെ പഞ്ചായത്ത് തലത്തിൽ സർക്കാർ സ്കൂളുകളെ തിരഞ്ഞെടുത്തു മികവിന്‍റെ കേന്ദ്രങ്ങളാക്കുന്നു. കേരളത്തിൽ അധികാരത്തിൽ വന്ന ആദ്യ ഇടതുപക്ഷ ഇ.എം.എസ് സർക്കാർ മുന്നോട്ടു വച്ച പൊതു വിദ്യാഭ്യാസ നയം, വിദ്യാഭ്യാസം സാർവത്രികമാക്കാൻ സഹായിച്ചു. ധാരാളം സർക്കാർ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. ഭൂപരിഷ്കരണത്തിലൂടെ ഫ്യുഡൽ സന്പ്രദായം തുടച്ചു നീക്കപ്പെട്ടിടത് പൊതു വിദ്യാഭ്യാസത്തിനായുള്ള പശ്ചാത്തലമൊരുങ്ങി. ഇങ്ങനെ സമൂഹത്തിന്‍റെ എല്ലാ തട്ടിലുമുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകാനും സമൂഹത്തിൽ പുതിയ പ്രബുദ്ധ മണ്ധലം ഒരുങ്ങുകയും ചെയ്തു. ബോധന മാധ്യമം മാതൃഭാഷയായ മലയാളമായിരുന്നു. പഠിക്കുന്ന വിഷയങ്ങളിൽ കുട്ടികൾക്ക് ആഴത്തിൽ അറിവ് നേടാനും ഗവേഷണത്തിനും ഭാഷയുടെ സ്വാധീനം വളരെ വലുതായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ സങ്കൽപ്പങ്ങൾ തന്നെ മാറ്റിമറിച്ചു സന്പൂർണ്ണ സാക്ഷരത യജ്ഞം കൊണ്ടുവരുകയും അത് പൂർണ്ണ തോതിൽ വിജയം കാണുകയും ചെയ്തിരുന്നു.
എന്നാൽ നവ ലിബറൽ നയങ്ങളുടെയും ആഗോളീകരണത്തിന്റെയും ഭാഗമായി വിദ്യാഭ്യാസവും മാറി തുടങ്ങുകയായിരുന്നു 1991 കാലഘട്ടം മുതൽ. സ്വകാര്യ സ്കൂളുകളും കോളേജുകളും പുതിയ പഠന രീതികളും വന്നു തുടങ്ങിയ കാലം. എഴുത്ത് പരീക്ഷകൾക്കും കുട്ടികൾ തമ്മിലുള്ള മത്സരങ്ങൾക്കുമപ്പുറം രക്ഷിതാകളും കൂടി ചേർന്നതോടെ സൗകാര്യ മുതലാളിമാർ കച്ചവട കണ്ണുമായി വിദ്യാഭ്യാസത്തിലേയ്ക്ക് വന്നു തുടങ്ങി. വിദ്യാഭ്യാസത്തിന്‍റെ പവിത്രതെയോ മികവിനെയോ കച്ചവടക്കാർ അളന്നില്ല, പകരം ലാഭകരമായി പണം കൊയ്യുന്നതിനായി അവർ മതത്തിന്‍റെയും ജാതിയുടെയും പേരിൽ സ്ഥാപനങ്ങൾ തുടങ്ങുകയും വിദ്യാർഥികളെ മതേതര ചിന്തയിൽ നിന്നും മത ചിന്തയിലേയ്ക്കും പതിയെ അത് വർഗീയ വിഭജനത്തിലേയ്ക്കും എത്തി. വിദ്യാർത്ഥി രാഷ്ട്രീയം കലാലയത്തിൽ നിന്നും ഇല്ലാതാക്കാൻ ഇവർക്ക് കഴിഞ്ഞു, ക്രമേണ പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു തലമുറയെ ഉത്പാദിപ്പിക്കപെടുന്ന ഫാക്റ്ററികളായി കോളേജുകളും സ്കൂളുകളും മാറി. സാമൂഹിക ചിന്തയോ, സാംസ്കാരിക വളർച്ചയോ, എന്തിനേറെ വിദ്യാഭ്യാസ ഉയർച്ചയോ നഷ്ടപ്പെട്ട് മനപ്പാഠം പഠിച്ചിറങ്ങുന്ന ഡോക്റ്റർമാരും എഞ്ചിനീയർമാരും മാത്രമായി വിദ്യാഭ്യാസം ചുരുങ്ങി.
ഇവിടെയാണ് സർക്കാരിന്‍റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ പ്രതീക്ഷയോടെ കാണുന്നത്. സ്വാശ്രയവും, ലോ−കോളേജ് സമരങ്ങളും ജ്വലിച്ചു നിൽക്കുന്ന സമയത്ത് ഈ വിഷയം വളരെ ഗൗരവമേറിയതാണ്. ജനാതിപത്യവൽക്കരണവും ജനകീയ വൽക്കരണവും ഒരുപോലെ സമന്വയിപ്പിച്ച് നടത്താൻ ഉദ്ദേശിക്കുന്ന ഈ പദ്ധതി, അറിവ് നേടുക മാത്രമല്ല വിദ്യാഭ്യാസം എന്നും സാമൂഹിക−ശാസ്ത്ര−കലാ−കായിക മേഖലകളിൽ പുരോഗമനമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യണം എന്നതിലേയ്ക്ക് വിദ്യാഭ്യാസം എത്തണം. സർക്കാർ വിദ്യാലയങ്ങൾ അതാതു പ്രദേശത്തെ ജനപ്രധിനിധികളും പഞ്ചായത്ത് അധികാരികളും പൂർവ്വ വിദ്യാർത്‍ഥികളും രക്ഷകർത്താക്കളും അദ്ധ്യാപകരും ചേർന്ന് നയരേഖ രൂപീകരിച്ചു സർക്കാരിൽ നിന്നും സാന്പത്തിക സഹായം വാങ്ങി തങ്ങളുടെ വിദ്യാലയം മികവിന്‍റെ കേന്ദ്രമാക്കാൻ ശ്രമിക്കണം. ഈ പദ്ധതിയിലെങ്കിലും രാഷ്ട്രീയം കലർത്തരുത്. അങ്ങനെയായാൽ വരും തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാകുമത്. “വിദ്യാധനം സർവ്വധനാൽ പ്രധാനം”.