ഹൈവേകളിൽ നിന്നും ഗ്രാമത്തിലേക്കൊഴുകുന്ന ‘മദ്യ’ സേവ !
2016 ഡിസംബറിൽ ഇന്ത്യയുടെ പരമോന്നത നീതിപീഠം ഒരു വിധി പുറപ്പെടുവിച്ചിരുന്നു, “ദേശീയ−സംസ്ഥാന ഹൈവേകളിൽ മദ്യശാല പാടില്ല” എന്ന്. അന്നതിന്‍റെ വിവേചനമോ ഒളിഞ്ഞിരുന്ന ഭവിഷത്തോ ആരും ചർച്ച ചെയ്യുക പോലും ചെയ്യാതെ മറവിയിലേയ്ക്ക് വഴുതിപ്പോയിരുന്നു. എന്നാൽ ഏതൊരു വിഷയവും സ്വഅനുഭവത്തിലോ സ്വന്തം പ്രശ്നമോ ആകുന്പോഴാണ് മനുഷ്യൻ ജാഗരൂഗരാകുന്നത്. ഇന്ന് ഞങ്ങളുടെ നാട് വലിയ ഒരു സമരത്തിലാണ്, രാഷ്ട്രീയ പാർട്ടി വ്യത്യാസമില്ലാതെ, സ്വതവിശ്വാസങ്ങൾ കരടാകാതെ ഒരുമിച്ചുള്ള പ്രധിരോധം. ഹൈവേയിൽ പ്രവർത്തിച്ചിരുന്ന സിവിൽസപ്ലൈസിന്‍റെ “മദ്യശാല” കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം ഗ്രാമത്തിന്‍റെ വശ്യഭംഗിയെ കാർന്നു തിന്നാൻ ഗ്രാമഹൃദയത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഇതിനെതിരെയാണ് ജനകീയ മുന്നേറ്റം ഉണ്ടായിരിക്കുന്നത്. ഹൈവേകളിൽ റോഡപകടങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് മദ്യശാലകൾ കോടതി നിരോധിച്ചത്. അതിന്‍റെ ന്യായാന്യായങ്ങളിലേയ്ക്ക് കടക്കുന്നില്ല. എന്നാൽ റോഡപകടങ്ങൾ ഹൈവേകളിലെക്കാളും ഗ്രാമങ്ങളിലെ ഇടുങ്ങിയ പഞ്ചായത്ത്, മുനിസിപാലിറ്റി, പി.ഡബ്ലിയു.ഡി റോഡുകളിൽ ആണ് സംഭവിക്കുക. ചാരായ നിരോധനത്തിന്റെ ദൂഷ്യ വശങ്ങൾ ചർച്ച ചെയ്ത പൊതുസമൂഹം, ഗ്രാമങ്ങളിൽ നിന്നും “ചാരായഷാപ്പ്” എന്ന ബോർഡുകൾ അപ്രത്യക്ഷമായതും വൈകുന്നേരങ്ങളിലെ കവല ചട്ടന്പിത്തരങ്ങൾ ഇല്ലാതായതും നന്മയായി സമ്മതിച്ച സത്യങ്ങളായിരുന്നു. എന്നാൽ സുപ്രീംകോടതിയുടെ മറ പിടിച്ചു ഗ്രാമത്തിന്‍റെ നിഷ്കളങ്കതയിലേയ്ക്ക് വീര്യത്തിന്റെ ഷാപ്പുകൾ തുറക്കാൻ ശ്രമിക്കുന്നത് സാമൂഹികമായ നിരവധി പ്രശ്നങ്ങളിലേയ്ക്ക് വഴി തെളിക്കും. സൗകര്യം കൂടുന്നത് അനാവശ്യമായ ആവശ്യത്തിലേയ്ക്ക് മനുഷ്യനെ എത്തിക്കും. ഇവിടെയും അതായിരിക്കും സംഭവിക്കുക. കോടതികൾ നഗരവാസി
കളുടെയും അവരുടെ ചീറിപ്പായുന്ന ജീവനുകളെയും മാത്രം സംരക്ഷിക്കാൻ വേണ്ടിയാണോ ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. അതോ വിദ്യാലയങ്ങളും, ആരാധനാകേന്ദ്രങ്ങളും ഒക്കെയായി ശാലീന സൗകുമാര്യതയിൽ ലയിച്ചു മുന്നോട്ടു പോകുന്ന ഗ്രാമവാസികളുടെ ജീവനുകൾക്ക് വിലയിടാൻ മാത്രം സൗന്ദര്യമൊന്നും ഗ്രാമവാസികൾക്കില്ല എന്നതിനാലോ? “ഇന്ത്യയുടെ വളർച്ച ഗ്രാമങ്ങളിലൂടെ” എന്ന മഹാത്മജിയുടെ സ്വപ്നം ഗ്രാമങ്ങളിലെ യുവതലമുറയുടെ ഊർജ്ജത്തെക്കണ്ടായിരുന്നു.
എന്നാൽ ഗ്രാമങ്ങളിലേയ്ക്ക് “മദ്യശാലകൾ” വന്നാൽ യുവതലമുറയുടെ പ്രത്യേകിച്ച് വിദ്യാർത്‍ഥികളുടെ ഭാവി തന്നെ നശിപ്പിക്കുന്ന തലത്തിലേയ്ക്ക് അത് എത്തും. ദിനവും കൂലി വേല ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന സാധാരണ മനുഷ്യരാണ് ഭൂരിഭാഗവും ഗ്രാമങ്ങളിൽ താമസിക്കുന്നത്. അവരുടെ ജീവിതക്രമങ്ങളിൽ സാന്പത്തികമായും സാമൂഹികമായും വലിയ പ്രത്യാഘാതങ്ങൾ ഇതുമൂലം സൃഷ്ടിക്കപ്പെടും.
ജനുവരി മാസത്തോടെ സുപ്രീംകോടതി വിധിപ്രകാരം ദേശീയ−സംസ്ഥാന റോഡുകൾക്ക് സമീപമുള്ള മദ്യഷോപ്പുകൾ പൂർണ്ണമായും മാറ്റി സ്ഥാപിക്കുമെന്നാണ് ബിവറേജസ് കോർപ്പറേഷൻ പറഞ്ഞിരിക്കുന്നത്. ഏകദേശം 110 ഔട്ട്‌ലെറ്റുകൾ ഇങ്ങനെ മാറ്റേണ്ടി വരുമെന്നാണ് കോർപ്പറേഷൻ പറയുന്നത്. എന്നാൽ ഇത് അപ്രായോഗികമാണ്. ഗ്രാമത്തിലേയ്ക്ക് പറിച്ചുനടുന്ന ഇത്തരം ഷോപ്പുകൾക്കെതിരെ അതാതു പ്രദേശത്തെ ജനങ്ങൾ ഒരുവിധ രാഷ്ട്രീയ സ്വാധീനമോ പിന്തുണയോ ഇല്ലാതെ തന്നെ ചെറുത്ത് നിൽപ്പ് തുടങ്ങിക്കഴിഞ്ഞു. എന്നാൽ അത് എത്രത്തോളം വിജയം വരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും. ഇത്തരം അപ്രായോഗിക വിധികൾക്കെതിരെ പുനഃപരിശോധനാ ഹർജി നൽകലാണ് സർക്കാരുകൾ ചെയ്യേണ്ടിയിരുന്നത്. ഹൈവേകളിലെ ബാറുകൾ പൂട്ടുന്നതോടെ ഗ്രാമങ്ങളിലേയ്ക്ക് ചേക്കേറുന്ന മദ്യം, ജനങ്ങളുടെ സ്വൈര്യജീവിതത്തിനു മേൽ കരിനിഴൽ വീഴ്ത്തുമെന്നതിൽ സംശയമില്ല, അതിനാലാണ് ആബാലവൃദ്ധം ജനങ്ങളും ഇതിനെ ശക്തമായി പ്രധിരോധിക്കുന്നത്. കേരളത്തിലെ ഗ്രാമങ്ങളിലെ ജനസാന്ദ്രതയും ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളും മറ്റു സ്ഥാപനങ്ങളുടെയും കണക്കവതരിപ്പിച്ചു നിലവിലെ അവസ്ഥ സുപ്രീംകോടതിയിൽ സമർപ്പിച്ചു വിധിക്കെതിരെ റിവ്യു ഹർജി സമർപ്പിക്കണം. അതല്ലങ്കിൽ മനുഷ്യനെ സാമൂഹികമായും ആരോഗ്യപരമായും സാന്പത്തികമായും നശിപ്പിക്കുന്ന മധ്യഷാപ്പുകൾ, ലഭിക്കുന്ന റവന്യു വരുമാനം വേണ്ടെന്നു വെച്ച് നിർത്തലാക്കാൻ സർക്കാർ തയ്യാറാകണം. എന്നാൽ മദ്യശാലകൾ നിർത്താതെ ഗ്രാമത്തിലേയ്ക്ക് പറിച്ചു നട്ട് ജനത്തിനെ ദുരിതക്കയത്തിലേയ്ക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നതെങ്കിൽ ജനകീയ പ്രധിരോധം രൂക്ഷമാകും. എതിർപ്പ് മൂലം മാറ്റി മാറ്റി പറിച്ചുനടാൻ ശ്രമിക്കുന്പോഴും അതാതു പ്രദേശത്തെ ജനങ്ങൾ ഉണരണം, നാടിനെ നശിപ്പിക്കുന്ന, വരും തലമുറയെ വീര്യത്തിൽ മുക്കിക്കൊല്ലുന്ന മദ്യസേവയെ നമ്മുടെ നാട്ടിൽ നിന്നും ഇല്ലായ്മ ചെയ്യാൻ നാം തന്നെ മുന്നിൽ നിൽക്കണം, വേർതിരിക്കാനും, വിഘടിപ്പിക്കാനും, ജാതിയുടെയും മതത്തിന്‍റെയും, രാഷ്ട്രീയത്തിന്റെയും പിന്നാന്പുറ ശിൽപ്പികൾ തയ്യാറാകും. കരുതലോടെ മുന്നോട്ടു പോകണം. എന്‍റെ നാടിന്‍റെ സമരത്തിൽ പ്രവാസഭൂമികയിൽ നിന്നും ഐക്യദാർഢ്യം. നഗരങ്ങളിൽ വേണ്ടാത്ത മദ്യം ഗ്രാമങ്ങളിലും വേണ്ട...