2017 മാറ്റങ്ങളുടെ വർഷമാകുമോ ?
നിസാർ കൊല്ലം
2016−അസ്തമിച്ചു കഴിഞ്ഞു. പുതിയ വർഷത്തിൽ നല്ലതിനെ മാത്രം ആഗ്രഹിച്ച്കൊണ്ടും ആശംസിച്ചുകൊണ്ടും ലോകം ചലിച്ചു തുടങ്ങി. വിവിധങ്ങളും സങ്കീർണ്ണങ്ങളുമായ വിഷയങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു പോയ വർഷം. എന്നാൽ വീക്ഷണകോണിൽ അതിലും പ്രാധാന്യത്തോടും ആശയോടും ആശങ്കയോടും മാത്രമേ 2017നെ വരവേൽക്കാൻ സാധിക്കു. രാജ്യവാസി എന്ന നിലയിൽ ഇന്ത്യയുടെ സാന്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ ചലനങ്ങൾ സസൂക്ഷ്മം വിലയിരുത്തേണ്ടതാണ്. ദൂരവ്യാപകമായ ഫലങ്ങൾ (നല്ലതായാലും ചീത്തയായാലും) ഉണ്ടാകാൻ ഇടയുള്ള വിപ്ലവകരമായ സാന്പത്തിക നയ പരിഷ്കാരങ്ങൾക്ക് ആണ് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം അവസാനത്തോടെ തുടക്കം കുറിച്ചത്. അതിന്‍റെ തുടർച്ചയെന്നോണം പുതിയ വർഷത്തിലെ കേന്ദ്ര ബജറ്റ് വിവാദങ്ങളോടെ ആയിരിക്കും അവതരിപ്പിക്കുക. എപ്പോൾ അവതരിപ്പിക്കുന്നു എന്നതിൽ അല്ല വിഷയം മറിച്ച് എന്ത് തരം ബജറ്റ് ആയിരിക്കും എന്നതിനാണ് പ്രാധാന്യം, പ്രത്യേകിച്ച് റയിൽവേ ബജറ്റും പൊതു ബജറ്റും ഒരുമിച്ചു അവതരിപ്പിക്കുന്പോൾ.
വർഷത്തിന്‍റെ തുടക്കത്തിൽ പ്രഖ്യാപിച്ച അഞ്ചു സംസ്ഥാങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയമായി ഏറെ പ്രധാന്യമർഹിക്കുന്നവയാണ്. നോട്ടു നിരോധനത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പുകൾ സംസ്ഥാന തലത്തിലാണെങ്കിലും ഫലത്തിൽ കേന്ദ്ര സർക്കാരിനു മേലുള്ള ഹിതപരിശോധനയായി മാറും. ഏറ്റവും വലിയ സംസ്ഥാനമായ യു.പി−യിൽ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റങ്ങളുണ്ടാകും. പല്ലുകൊഴിഞ്ഞ സിംഹമായ കോൺഗ്രസ്സിന്റെ തിരിച്ചുവരവിന്‍റെ സാധ്യതകൾ നിലവിലെ മുഖ്യമന്ത്രി അഖിലേഷ് യാദവുമായുള്ള സഖ്യത്തിലായിരിക്കും. എന്ത് വിലകൊടുത്തും അധികാരത്തിലെത്തുകയെന്ന ബിജെപിയുടെ ശ്രമങ്ങൾ ഏതുതലം വരെ പോകും എന്ന് കാണേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ മുഖ്യ പ്രതിപക്ഷമായ മായാവതിയുടെ സാധ്യതകൾ തുടങ്ങി വരാൻ പോകുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് വരെ സ്വാധീനിക്കാൻ കഴിയുന്ന ഒന്നായി യുപി തിരഞ്ഞെടുപ്പ് മാറും.
പഞ്ചാബ്, ഗോവ തിരഞ്ഞെടുപ്പുകൾ നിലവിലെ സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്താകുമോ എന്നതിലുപരി ദേശീയ പാർട്ടിയാകാനും ബിജെപിക്ക് എതിരായുള്ള ദേശീയ ബദലിന് നേതൃത്വം കൊടുക്കാനും അരവിന്ദ് കെജരിവാളിനും ആം ആദ്മി പാർട്ടിക്കും സാധിക്കുമോ എന്നതിൽനിന്നാണ് അവിടെ ശക്തമായ സാന്നിദ്ധ്യമായ “ആപ്പി”ന്റെ പ്രവർത്തനത്തിലേയ്ക്ക് ഏവരും ഉറ്റു നോക്കുന്നത്. മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശർമ്മിളയുടെ പുതിയ പാർട്ടിയുടെ പ്രസക്തി ഒഴിച്ച് നിർത്തിയാൽ മണിപ്പൂർ, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകൾ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. അണ്ടർ−17 ലോക ഫുട്ബോളിനു 2017ൽ ഇന്ത്യ വേദിയാകാൻ പോവുകയാണ്. ഇന്ത്യൻ കായിക രംഗത്തിനു പ്രത്യേകിച്ച് ഐഎസ്എല്ലി−ലൂടെ പുതുജീവൻ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ഫുട്ബോളിനു കൂടുതൽ ഉണർവ്വേകാൻ അത് സഹായിക്കും. ഭരണകൂടം പ്രതീക്ഷയോടെ കാണുന്ന ജിഎസ്ടിയുടെ നടപ്പാക്കലും 2017ൽ ആണ്.
2017ലെ ആഗോള രാഷ്ട്രീയത്തിലേയ്ക്ക് വന്നാൽ അമേരിക്കൻ ആധിപത്യം ലോകത്തിനു മുന്നിൽ ഇല്ലാതാകുന്ന കാഴ്ചയാണ് കാണേണ്ടി വരിക. പുതിയ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെടലുകൾ നടത്തിയെന്നാരോപിച്ച് 34−ലോളം റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി. എന്നാൽ വരാൻ പോകുന്ന കൂട്ടുകെട്ടിന്‍റെ തുടക്കമെന്നോണം റഷ്യയുടെ പ്രതികാര നടപടി പുതിയ പ്രസിഡന്‍റ് ട്രംപിന്റെ വരവിനു ശേഷമാക്കി മാറ്റാൻ തീരുമാനിച്ചു. റഷ്യയും അമേരിക്കയുമായുള്ള ചങ്ങാത്തം ചൈനയുടെയും ഇന്ത്യയുടെയും പൊതുവിൽ ഏഷ്യൻ-പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലും സാന്പത്തിക സ്ഥിരതയിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. പഴയ സോവിയറ്റ് യുണിയൻ തിരിച്ചു കൊണ്ട് വരലാണ് തന്‍റെ ലക്ഷ്യമെന്ന വ്ളാടിമിർ പുടിന്‍റെ പ്രഖ്യാപനം വലിയ അർത്ഥതലങ്ങൾ ഉള്ളതാണ്.
ഐക്യരാഷ്ട്രസഭക്ക് പുതിയ തലവൻ വരുന്നതും, 2017 അന്താരാഷ്ട്ര സുസ്ഥിര വിനോദസഞ്ചാര വർഷമായി ആചരിക്കാനുള്ള യു.എൻ. തീരുമാനവും പുതുവർഷത്തിലെ പ്രതീക്ഷകൾ ആണ്. പരിസ്ഥിതിയ്ക്ക് ദോഷകരമാകാതെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും അതുവഴി വികസനം സാധ്യമാക്കാനുമാണ് യു.എൻ ആഹ്വാനം ചെയ്യുന്നത്.
ബ്രെക്സിറ്റിന് ശേഷമുള്ള യുറോപ്പിലെ അവസ്ഥകളും അഭയാർത്ഥിപ്രശ്നങ്ങളും സിറിയൻ ആഭ്യന്തര സംഘർഷങ്ങളും ഇസ്രയേൽ−ഫലസ്തീൻ വിഷയങ്ങളും മാറ്റമില്ലാതെ തുടരും എന്ന് തന്നെയാണ് നിലവിലെ സ്ഥിതിഗതികൾ വിരൽ ചൂണ്ടുന്നത്.
ദൈവത്തിന്‍റെ സ്വന്തം നാട്ടിലേയ്ക്ക് നോക്കിയാൽ “ശരിയാക്കി തുടങ്ങി”യെന്ന പ്രതീക്ഷകൾ മങ്ങുന്ന കാഴ്ചയാണ് 2017ന്‍റെ തുടക്കത്തിൽ കാണാൻ കഴിയുന്നത്. തുടക്കത്തിലെ മെയ്്വഴക്കമൊന്നും ഇപ്പോൾ ദൃശ്യമാകുന്നില്ല. എങ്കിലും പ്രതീക്ഷകൾ കൈവിടുന്നില്ല. ഋതുഭേതങ്ങൾ മാറിമറിഞ്ഞു മുന്നിലൂടെ ചലിച്ചുപോകുന്ന വർഷങ്ങളെ പുഞ്ചിരിയോടെ കൈവീശി യാത്രയാക്കുന്പോഴും പ്രതീക്ഷയുടെ കിരണങ്ങളെ വാരിപ്പുണരാൻ നമുക്ക് കാത്തിരിക്കാം...