അർദ്ധരാത്രിയിൽ പുലരുന്നത് ദുഃ-സ്വപ്നങ്ങളോ സത്യങ്ങളോ ?
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഭാരതം സ്വതന്ത്രമായത് ഒരർദ്ധരാത്രിയാണ്. നിശീഥിനിയുടെ നിശബ്ദതയിൽ ലോകം കൂർക്കം വലിച്ചുറങ്ങുന്പോഴാണ് പലചരക്ക് കടയിൽ നിന്നും ലഭിച്ച കടലാസ് തുണ്ടിൽ നിന്നും ആദ്ധ്യാക്ഷരങ്ങൾ വി.ടി ഭട്ടതിരിപ്പാട് വായിലിട്ടു ചവച്ചരക്കുന്നത്. ഇതൊക്കെ അർദ്ധരാത്രിയിൽ പുലർന്നിരുന്ന സത്യങ്ങളായിരുന്നുവെങ്കിൽ സ്വതന്ത്രാനന്തര ഭാരതത്തിൽ അർദ്ധരാത്രിക്ക് പ്രസക്തി വന്നു തുടങ്ങിയത് പെട്രോളിന്‍റെയോ മറ്റു ഉൽപ്പന്നങ്ങളുടെയോ വില വർദ്ധിപ്പിക്കുന്ന തീരുമാനങ്ങൾ പ്രഖ്യാപിച്ചു തുടങ്ങിയതു മുതലാണ്. ജനം ഉറങ്ങട്ടെ, ഉണരുന്പോൾ അറിയുന്നത് ഒരു സ്വപ്നമായി ചിന്തിച്ചു എത്ര വലിയ−പ്രയാസമുള്ള തീരുമാനമാണെങ്കിലും വിശ്വസിച്ചു കൊള്ളുമെന്ന അധികാര മനോഭാവം അധികാര രാഷ്ട്രീയ മുതലാളിത്ത മേലാളന്മാർക്ക് വന്നു കഴിഞ്ഞു.
ഓരോ രാജ്യത്തിന്റേയും നിലനിൽപ്പിനാധാരം ആ രാജ്യത്തിന്‍റെ കറൻസികളാണ്. രാജ്യത്തിന്‍റെ സന്പദ്ഘടന തന്നെയും അവിടുത്തെ ഭൂരിപക്ഷം വരുന്ന സാധാരണ ജനത്തിന്‍റെ ക്രയവിക്രയ പ്രക്രിയകളിലും ബന്ധപ്പെട്ടു കിടക്കുന്നു. സാമൂഹികമായും ചലിച്ചു കൊണ്ടിരിക്കുന്ന മൂല്യത്തെ പണമെന്നു വ്യാഖ്യാനിക്കാം. എന്നാൽ കള്ളപ്പണമെന്ന് പറഞ്ഞു പൂഴ്ത്തി െവച്ചിരിക്കുന്ന പണം ചലിക്കുന്നില്ല എന്ന മിഥ്യാ ധാരണയിൽ നിന്നാണ് നോട്ടുകൾ പൊടുന്നനെ പിൻവലിച്ചു കള്ളപ്പണക്കാരെ മൊത്തമായും പുകച്ചു ശ്വാസം മുട്ടിച്ചു പുറത്തു ചാടിക്കാൻ വേണ്ടിയാണെന്ന ധാരണ സൃഷ്ടിച്ചത്.
പൊതുവേ സാധാരണ മധ്യവർഗ്ഗത്തിലുള്ള കേരളത്തിലെ ജനം ഒരു പൊതുവായ ധാരണയിൽ, ഒരു പക്ഷെ സാമൂഹിക മാധ്യമങ്ങളുടെയും ചില ദൃശ്യ മാധ്യമങ്ങളുടെയും സ്വാധീന വലയത്തിൽപെട്ട് നോട്ടു പിൻവലിക്കൽ ഒരു മഹത്തായ വിപ്ലവമായോ അതല്ല കള്ളപ്പണക്കാർക്കെതിരെ ഇതൊരു തുടക്കമാകട്ടെ എന്നൊക്കെയുള്ള ഒരു സാമാന്യ അംഗീകാരം ഈ തീരുമാനത്തിന് നൽകുന്നു. എന്നാൽ താഴെ വർഗ്ഗം (അവർ സാമൂഹിക മാധ്യമങ്ങളിൽ ഇല്ല) അതായത് അന്നന്നുള്ള അന്നത്തിനു വക കണ്ടെത്തുന്നവർ ഈ തീരുമാനത്തെ യുക്തിരഹിതവും ജനത്തെ ബുദ്ധിമുട്ടിച്ചു എന്ന തലത്തിലും പ്രതികരിക്കുന്നു. ഉപരി വർഗ്ഗത്തിന്‍റെ രോദനം ആര് കേൾക്കാൻ? അവർ എന്തെങ്കിലും പറഞ്ഞുവോ ആവൊ? എപ്പോഴായാലും അവരാണല്ലോ അല്ലെങ്കിലും എല്ലാവർക്കും എതിരാളികൾ!
നോട്ടു പിൻവലിക്കൽ പൊടുന്നനെ പ്രഖ്യാപിച്ചതുകൊണ്ട് അത്ര വലിയ പ്രയോജനമൊന്നും ലഭിക്കില്ല എന്ന സർക്കാരിലോ ബാങ്കുകളിലോ ചുമതലയിലില്ലാത്ത സാന്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ രാജ്യത്തിന്‍റെ സാന്പത്തിക രംഗം തകർക്കാൻ വേണ്ടി ശത്രു രാജ്യക്കാർ ഇന്ത്യയിൽ വിതരണത്തിന് എത്തിച്ച ഇന്നലെ വരെ ഇറങ്ങിയ എല്ലാ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കള്ളനോട്ടുകൾക്ക് താൽക്കാലിക തുടച്ചു മാറ്റലായി ഈ തീരുമാനമെന്ന് പറയാതെ വയ്യ. പുതിയ നോട്ടുകൾ മനുഷ്യ നിർമ്മിതമാകയാൽ ഭാവിയിൽ പുതിയതിന്‍റെ കള്ളനോട്ടു ഇറങ്ങില്ല എന്ന ഉറപ്പൊന്നും ഇല്ലതാനും. പക്ഷെ രണ്ടാമത്തെ സംഗതിയാണ് അൽപ്പം ബുദ്ധി ശൂന്യമായിപ്പോയത്. ചാക്കിൽ കെട്ടി പൂഴ്ത്തി വെച്ച കള്ളപ്പണം പിടിക്കൽ. പ്രമുഖ സാന്പത്തിക വിദഗ്ദ്ധൻ പ്രഭാത് പട്നായിക്ക് പറഞ്ഞത് “കള്ളപ്പണം എന്നത് പൂഴ്ത്തി വെയ്ക്കുന്ന പണമല്ല, മറിച്ചു പണത്തിന്റെ ഒഴുക്കാണ്”. അതായത് കുറച്ചു പണം കന്പോളത്തിൽ ഇറക്കി കൂടുതൽ കച്ചവടം ചെയ്യുകയും സർക്കാരിൽ കുറഞ്ഞ കച്ചവടം ആയി കാണിക്കുകയും ചെയ്യുന്നു, ഇതൊരു തുടർ പ്രക്രിയയായി നടത്തി അത്തരക്കാരുടെ സന്പാദ്യം വർദ്ധിപ്പിക്കുന്നു. വീടുവെയ്ക്കാനവശ്യമായ വസ്തു വാങ്ങുന്പോൾ ആധാരം വില കുറച്ചു കാണിക്കുന്നത് പോലെ (സാധാരണക്കാർ ചെയ്യുന്ന പൂഴ്ത്തിവെപ്പ്) വൻകിട കച്ചവട ലോബികൾ കോടിക്കണക്കിനു രൂപ കന്പോളത്തിൽ വിതരണത്തിന് ഇറക്കി ലാഭം കൊയ്യുന്പോൾ സർക്കാരിൽ കുറച്ചു കാണിച്ചു അതിന്‍റെ മാത്രം നികുതി അടക്കുന്നു. അപ്പോൾ ഫലത്തിൽ നോട്ടു പിൻവലിക്കൽ നടപടിയിലൂടെ ഇത്തരക്കാരെ ഒരിക്കലും നിയമത്തിന്‍റെ മുന്നിൽ കൊണ്ട് വരാൻ സാധിക്കുന്നില്ല. എന്നാൽ സാധാരണ ജനത്തിന്‍റെ ദൈനംദിന ആവശ്യങ്ങൾക്കുള്ള അത്യാവശ്യം കരുതൽ ധനം രാജ്യത്തിലെ ബാങ്കുകളിൽ കുറഞ്ഞ കാലത്തേക്കെങ്കിലും നിക്ഷേപമായി വരുകയും ചെയ്യും.
ആത്മാർത്ഥമായി കള്ളപ്പണം തടയണമെന്ന ഉദ്ദേശശുദ്ധി സർക്കാരിനുണ്ടെങ്കിൽ രാജ്യത്തു നൂറു രൂപയ്ക്കു മുകളിലുള്ള നോട്ടുകൾ പൂർണ്ണമായും പിൻവലിച്ചു, രണ്ടു ലക്ഷത്തിനു മുകളിൽ വരുന്ന വ്യാപാരങ്ങൾ ബാങ്ക് വഴിയാക്കുക. ആശുപത്രികൾ, വസ്തു കൈമാറ്റം, കോളേജുകൾ, സർക്കാർ-−അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പെട്രോൾ പന്പുകൾ തുടങ്ങിയിടങ്ങളിലെല്ലാം ബാങ്കിംഗ്-കാർഡ് സന്പ്രദായം പ്രോത്സാഹിപ്പിക്കുക. ഏതായാലും സാധാരണ ജനം മുട്ടിയാലും, ബുദ്ധിയാണ് തീരുമാനമെങ്കിൽ സഹിക്കുക തന്നെ അല്ല പിന്നെ !!!