ജനത്തെ ഭിന്നിപ്പിക്കരുത്, വളരുന്നത്‌ പിറകിലേക്കാകും !


രാവന്തിയോളം രാഷ്ട്രീയം സംസാരിക്കുകയും ചർ‍ച്ചചെയ്യുകയും ചെയ്ത നാടായിരുന്നു നമ്മുടേത്‌. വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിൽ‍ ചെറുതും വലുതുമായ കാര്യങ്ങൾ‍ ആവശ്യത്തിനോ അനാവശ്യത്തിനോ വാദങ്ങളും സംവാദങ്ങളും നടത്തുന്ന രീതിയിലേക്ക് നാം വന്നു കൊണ്ടിരിക്കുന്നു. രാഷ്ട്രീയ സംവാദങ്ങളും ആശയ സംവാദങ്ങളും വിപ്ലവ രൂക്ഷതയും വഴി സ്വമേധയാ നടന്നിരുന്ന സ്നേഹ സംഗമങ്ങൾ ഇന്ന് അന്ധമായ കക്ഷി രാഷ്ട്രീയ ചേരിതിരുവകൾ‍ നിരത്തി അസഹിഷ്ണുതയുടെയും അമിതാധികാര മതാത്മീയതയിലേക്കും വഴുതി മാറുന്നു. എന്നാൽ ഇത്തരക്കാർ‍ തന്നെ ഉള്ളിൽ‍ നുരഞ്ഞു പൊങ്ങുന്ന വർ‍ഗീയതയിലും പരസ്പരം ആശ്ലേഷിച്ച് സ്നേഹവും സാഹോദര്യവും മതേതരവുമെന്ന കപട നാടകം കളിക്കുകയും ചെയ്യുന്നു. എവിടെയ്ക്കാണ്‌ നമ്മുടെ യാത്ര? അപകടമാണ്, വരും തലമുറയോട് നാം ചെയ്യുന്ന കൊടും പാതകവും. സ്വാതന്ത്രാനന്തര ഇന്ത്യ വിവിധ കാലഘട്ടത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം നേടിത്തന്ന ധീര ദേശാഭിമാനികളെ വർ‍ഷാവർ‍ഷം സ്മരിക്കുന്പോൾ‍ തന്നെ, നാം എന്ത് തരം കടമയാണ് രാജ്യത്തോട് ചെയ്യുന്നതെന്ന് ആത്മപരിശോധന നടത്തിയിട്ടുണ്ടോ? നികുതികൾ‍ കൃത്യമായി കൊടുത്തുവീട്ടുന്നില്ലേ? എന്ന ചോദ്യത്തിൽ മാത്രം അവസാനിക്കുന്നില്ല നമ്മുടെ കടമ. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും  അഴിമതിയുടെയും ഗർ‍ത്തങ്ങളിൽ മണ്ണ് വാരിയിട്ടു നമുക്ക് ഓട്ടയടക്കാം, എന്നാൽ‍ വർഗ്ഗീയതയുടെയും അസഹിഷ്ണുതയുടെയും ഭീതിയുടെയും വെറുപ്പിന്റെയും അകൽ‍ച്ചയെ കൂട്ടിയോജിപ്പിക്കാൻ‍ ദശാബ്ധങ്ങൾ‍ താണ്ടിയാലും കഴിഞ്ഞെന്നു വരില്ല.

രാജ്യത്തിന്‍റെ പുരോഗതിയും ജനങ്ങളുടെ നന്മയുമല്ല ഇന്ന് നാം ചർ‍ച്ച ചെയ്യുന്നത്. മറിച്ച് വിഭാഗീയത വളർ‍ത്തുന്ന വാർത്തകൾ എത്ര ആവേശത്തോടെ പ്രചരിപ്പിക്കുന്നു എന്നതിലാണ് നാം ശ്രദ്ധിക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പലതരം പ്രശ്നങ്ങൾ ഇന്നും നിലനിൽ‍ക്കുന്നു, അതൊക്കെ ഇന്നോ ഇന്നലെയോ ഉള്ളതല്ല, അതുപോലെ ഇന്നോ നാളെയോ കൊണ്ട് തീരുന്നതുമല്ല. കാലാകാലങ്ങളായി അവിടങ്ങളിൽ ഭരണം നടത്തിയവർക്ക് അത്തരം ഉത്തരവാദിത്വത്തിൽ‍ നിന്നും ഒളിച്ചോടാനും കഴിയില്ല. മാധ്യമ രംഗം സ്വതന്ത്ര ആവിഷ്കാര സഞ്ചാരം നടത്തുന്പോൾ‍, പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങൾ‍ മുഖ്യധാരയിൽ‍ നിൽക്കുന്പോൾ സ്വന്തം ഭാര്യയുടെ മൃതശരീരം കിലോമീറ്ററുകളോളം ചുവന്നതും മനുഷ്യ ശരീരത്തെ ഓടിച്ച് മടക്കി കെട്ടിതൂക്കിയതുമായ സംഭവങ്ങൾ രാഷ്ട്രീയ എതിരാളികളെ എതിർ‍ക്കുവാനോ, പരിഹസിക്കുവാനോ നാം ഉപയോഗികുന്പോൾ അത്ര തന്നെ നമ്മുടെ രാഷ്ട്രീയ ഉത്തരവാദിത്തം നാം മുൻ‍കാലങ്ങളിൽ നടത്തിയോ എന്നുകൂടി  ചിന്തിക്കണം.  

എന്നാൽ എന്തുകൊണ്ട് ഇത്തരം സംഭവങ്ങൾക്കെല്ലാം തങ്ങളെ മാത്രം ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നു എന്ന ഭരണപാർ‍ട്ടിയും അതിന്‍റെ കൂടെനിൽക്കുന്ന ചെറു സംഘങ്ങളും മനസ്സിലാക്കണം. മൃഗങ്ങളുടെയും ഇല്ലാത്ത ആചാരങ്ങളുടെയും പേര് പറഞ്ഞ് മനുഷ്യനെ മാനുഷിക പരിഗണന പോലും നൽകാതെ തെരുവിലിട്ട് അടിച്ചു കൊല്ലുകയും അക്രമിക്കുകയും ചെയ്യുന്ന ഹീനവും നീചവുമായ പ്രവർ‍ത്തി നാടുനീളെ ഭരണഘടനയെയും ജുഡീഷ്യറിയെയും വെല്ലുവിളിച്ചു ഒരു ഭാഗത്ത്‌ നടത്തുന്പോൾ‍, മറുഭാഗത്ത്‌ പുതുതായി പൊട്ടിമുളച്ച തീവ്ര ദേശീയതയുടെ പേരിൽ രാജ്യത്തെ ന്യുനപക്ഷങ്ങളെയും രാഷ്ട്രീയ എതിരാളികളെയും ശത്രുപക്ഷത്ത് നിർ‍ത്തി അഭിനവ രാജ്യസ്നേഹികൾ അരങ്ങ് തകർ‍ക്കുന്നു. ഗാന്ധിജിയുടെ ഘാതകരെ വരെ പുകഴ്ത്തുകയും ആരാധിക്കുകയും ചെയ്യുന്ന തലത്തിലേയ്ക്ക് ഫാസിസം വളർന്നു എന്നതിൽ നിന്നാണ് ഇത്തരം സംഭവങ്ങൾ‍ ജനത്തെ ആശങ്കാകുലരാക്കുന്നത്.

അതുപോലെതന്നെ കേരളത്തിന്‍റെ ഭരണവർഗ്ഗം പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് സർ‍ക്കാർ കുറച്ചു കൂടി പക്വതയോടെ കാര്യങ്ങൾ പറയാനും ചെയ്യാനും ശ്രമിക്കണം. ഇന്ന് ഇന്ത്യൻ‍ ഫാസിസത്തിന്‍റെ ശക്തി വാസ്തവത്തിൽ‍ സംസ്കാരത്തെ, പ്രത്യയശാസ്ത്രത്തെ, മത പ്രത്യയശാസ്ത്രത്തെ കൈയടക്കിയതിലാണ്. അപ്പോൾ സാംസ്കാരിക വിഷയങ്ങളും അതിൽ മത വിശ്വാസങ്ങളും കൂട്ടിക്കലർത്തിയാണ് ഫാസിസം അവരുടെ ജന പിന്തുണ വർ‍ദ്ധിപ്പിക്കുന്നത്. ഓണാഘോഷം സർ‍ക്കാർ ആപ്പീസുകളുടെ ജോലിയെ ബാധിക്കരുതെന്നും, ഓണമല്ല ഏതാഘോഷവും അങ്ങനെയായിരിക്കണമെന്നും പറഞ്ഞതിൽ നിന്നും ഒരു പ്രത്യേക മതത്തെ മാത്രം പറഞ്ഞു എന്നതിലേക്ക് ഫാസിസ്റ്റ് രാഷ്ട്രീയം ചർ‍ച്ച ചെയ്തു. നിലവിളക്കും ഈശ്വര പ്രാർ‍ഥനയും, ശാഖകളുമൊക്കെ അതിന്‍റെ മതപ്രത്യയശാസ്ത്രത്തിൽ‍ നിന്നും സാംസ്കാരിക ചർ‍ച്ചയിലേയ്ക്ക് വലിച്ചു കൊണ്ട് പോകാൻ‍ ഇത്തരക്കാർ സംഘടിത ശക്തി ഉപയോഗിക്കുന്നു. ഇത് ഫലത്തിൽ ജനങ്ങളുടെ മനസ്സിൽ വർ‍ഗീയതയുടെ ചേരിതിരുവുകൾ സൃഷ്ടിക്കുന്നു. സ്നേഹത്തിന്റെ രാഷ്ട്രീയവും മതവും നാം ചർ‍ച്ച ചെയ്യണം, അതാണ്‌ രാജ്യ പുരോഗതിക്കും, ജന നന്മക്കും ഉതകുന്നത്.

You might also like

Most Viewed