എഴു­പതി­ലേ­ക്കെ­ത്തി­യ സ്വാ­തന്ത്ര്യ രഥചക്രം..


ഇന്ത്യ എന്ന രാജ്യത്തിന്റെ ത്രിവർണ്ണ പതാക ലോകമെന്പാടുമുള്ള ഭാരതീയർ ആവേശപൂർവ്വം വാനിലേയ്ക്കുയർത്തിയ ഒരു സുദിനം കൂടി കടന്ന് പോയിരിക്കുന്നു. വൈദേശികാധിപത്യത്തിൽ നിന്നും ത്യാഗനിർഭരമായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ അനന്തരഫലമായി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയെ ഇന്ത്യക്കാരന്റെ കൈകളിലേയ്ക്ക് തിരിച്ചേൽപ്പിച്ചിട്ട് ഏഴ് പതിറ്റാണ്ട് പൂർത്തിയായിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലനിൽക്കുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. എത്രതന്നെ തർക്ക വിതർക്കങ്ങൾ ഉണ്ടായാലും, അധികാര രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടായാലും വളരെ ചെറിയൊരു കാലയളവൊഴിച്ചാൽ ശക്തമായ ജനാധിപത്യം ഇന്നും നാം കാത്തു സൂക്ഷിക്കുന്നു. നമ്മോടൊപ്പം സ്വാതന്ത്ര്യം ലഭിച്ചവരും അല്ലാത്തവരുമായ നിരവധി രാഷ്ട്രങ്ങൾ മതാധിപത്യത്തിന്റെ കരാളഹസ്തങ്ങളിൽ കിടന്നു പിടയുന്പോഴും നാം അതിൽ നിന്നും വിഭിന്നമായി ഇന്നും ജനാധിപത്യം കാത്ത് സൂക്ഷിക്കുന്നു. എന്നാൽ മതാധിപത്യത്തിലേക്ക് പതിയെ നടന്നടുക്കുന്നോ എന്ന ഭയപ്പെടുത്തുന്ന തിരിച്ചറിവുകൾ നാം ജാഗ്രതയോടെ നേരിടണം. സിരകളിൽ ഇന്ത്യൻ രക്തമോടുന്ന ഓരോ ഭാരതീയനും, ആഘോഷത്തിമിർപ്പിൽ മതിമറന്നുല്ലസിക്കുന്നതോടൊപ്പം ഗാന്ധിജിയും രക്തസാക്ഷികളായ നമ്മുടെ പൂർവ്വികരും സ്വപ്നം കണ്ട ഇന്ത്യ, അതിന്റെ പൂർണ്ണതയിൽ എത്തിയോ എന്ന ആശങ്കയുടെ ചോദ്യവും ഉയർത്തേണ്ടത് ശോഭനമായ ഇന്ത്യയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനവും അധികാരകൈമാറ്റവും ഒരുവശത്ത് നടക്കുന്പോൾ ചേരികളിൽ സമാധാനം ചികയുകയായിരുന്നു രാഷ്ട്രപിതാവ് ഗാന്ധിജി ചെയ്തിരുന്നത്.

സ്വാതന്ത്ര്യത്തിന്റെ ആഘോഷം അരങ്ങ് തകർക്കുന്പോൾ നവ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ‘ഉന’യിൽ മഹാദളിത് സംഗമം ഇന്ത്യയിലെ കഴിഞ്ഞകാലത്തിലെയും നിലവിലെയും ഭരണകർത്താക്കളുടെ നെഞ്ചിന് നേരെ നീളുന്ന ശരങ്ങളാണ്. ഇന്ത്യയുടെ വളർച്ച പൂർണ്ണമാകുന്നത് ഗ്രമാങ്ങളിലൂടെയെന്ന ഗാന്ധിജിയുടെ വാക്കുകൾ ഇന്നിന്റെ രാഷ്ട്രീയസീമയിൽ പ്രസക്തമാണ്. വിദ്യാഭ്യാസത്തിലും ശാസ്ത്ര സാങ്കേതിക ആരോഗ്യ മേഖലകളിലും നാം എത്രമാത്രം ഉന്നതിയിൽ എത്തിയെന്ന് അവകാശപ്പെടുന്പോഴും രാജ്യത്തിലെ നല്ലൊരു ശതമാനത്തോളം വരുന്ന ആദിവാസി പിന്നോക്ക ദളിത് ന്യുനപക്ഷ വിഭാഗങ്ങൾ ഇന്നും ചേരികളിൽ പുറംകാലുകളാൽ ചവിട്ടി മെതിക്കപ്പെട്ടുക്കൊണ്ടിരിക്കുന്നു. 

ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യവും മതേതരത്വവും സോഷ്യലിസവും കൈമോശം വരാതെ നാം സൂക്ഷിക്കണം. മാറുന്ന ലോകക്രമത്തിൽ വൈദേശികമായ സൈനിക ആക്രമണങ്ങൾ ഇന്ത്യയ്ക്ക് നേരെ വരുന്നതിനുള്ള സാധ്യത തുലോം തുശ്ചമാണ്. എന്നാൽ ആഗോളവൽക്കരണത്തിലൂടെയും കയറ്റുമതി ചെയ്യുന്ന തീവ്രവാദപ്രവർത്തികളിലൂടെയും ഇന്ത്യയെന്ന ഒരൊറ്റ വികാരത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നു. അതുപോലെ തന്നെയാണ് രാജ്യത്തിനകത്ത് വർഗ്ഗീയക്കോമരങ്ങൾ വിവിധ വേഷത്തിൽ, ആരുടെയോ താൽപര്യ സംരക്ഷകരായി വിഭാഗീയത വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്നതും. ഇത്തരം ശ്രമങ്ങൾക്കെതിരെ നാം ജാഗ്രതയോടെ ഉണർന്നിരിക്കണം.

മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശർമ്മിളയുടെ ത്യാഗ സമരം നാളിതുവരെയുള്ള അധികാരികളുടെ കണ്ണുതുറപ്പിച്ചില്ല എന്നത് സന്തോഷത്തിനിടയിലും അടക്കിപ്പിടിച്ച ദുഖമായി അവശേഷിക്കുന്നു. അധീശത്വം നഷ്ടപെട്ട വെള്ളക്കാരന്റെ പ്രതികാരമായിരുന്നു ഇന്നും പരിഹരിക്കപ്പെടാത്ത കശ്മീർ പ്രശ്നം. താഴ−്വരയിലെ ജനങ്ങളുടെ ജീവന്റെ ചലനങ്ങളിൽ സ്വാതന്ത്ര്യമുണ്ടോ എന്ന് നാം അന്വഷിക്കണം. എന്നാൽ നമ്മുടെ ഒരു പിടി മണ്ണ് പോലും ഇനി വിദേശ ശക്തികൾക്ക് വാരി നൽകാൻ നാം തയ്യാറുമല്ല.

ഒടുവിൽ പറയാൻ, ഇന്ത്യ എന്റെതാണ്..

എനിക്ക് ബാപ്പുജിയും, ചാച്ചാജിയും, സുഭാഷ് ചന്ദ്രബോസും, ഭഗത് സിംഗും, മൗലാന അബ്ദുൽകലാം ആസാദും, അംബേദ്കറും വാരിയത്ത് കുഞ്ഞഹമ്മദ് ഹാജിയും, കുഞ്ഞാലിമരക്കാരും, ടിപ്പു സുൽത്താനും, അങ്ങനെ തുടങ്ങി ധീരദേശാഭിമാനികളുടെ ജീവസമർപ്പണത്തിലൂടെ നേടി തന്ന സ്വാതന്ത്ര്യം. ഞങ്ങൾ പല മതക്കാരാണ്, ജാതികൾ പലതുണ്ട്, ഞങ്ങളിൽ വെളുത്തവരും കറുത്തവരും ഇരുണ്ട നിറമുള്ളവരും ഉണ്ട്. എന്നാൽ നാൽപ്പത് കോടിയിൽ നിന്നും നൂറ്റിയിരുപത് കോടിക്ക് മുകളിലേയ്ക്ക് ഞങ്ങൾ വളരുന്നു. മുറിവേൽപ്പിച്ച പല സംഭവങ്ങളും ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്, പക്ഷെ ഭാരതത്തെ നശിപ്പിക്കാൻ, തള്ളിപ്പറയാൻ ഞങ്ങൾക്ക് കഴിയില്ല. അത് ഞങ്ങളുടെ രക്തമാണ്. ഞങ്ങൾക്ക് വിവിധ രാഷ്ട്രീയ ഇസങ്ങളുണ്ട്, പക്ഷെ നെഹ്റു മുതൽ നരേന്ദ്ര മോഡി വരെ ഞങ്ങളുടെ പ്രധാനമന്ത്രി മാരാണ്. അവരെ ഇല്ലാതാക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഇനി നിങ്ങളുടെ, ഹിന്ദുത്വ, മുസ്ലിം ശക്തികളുടെ എന്ത് തീവ്രവാദമായാലും, വർഗ്ഗീയ, −അസഹിഷ്ണുത, വിഘടന, പ്രവർത്തനമായാലും, അതും ഞങ്ങൾ ഇന്ത്യക്കാർ പൊരുതിതോൽപ്പിക്കും.

ഇന്ത്യ എന്റെതാണ്, നിങ്ങളുടെയും. മുറുകെപ്പിടിക്കുക നമ്മുടെ രാജ്യത്തെ. അത്രയ്ക്ക് മനോഹരമാണ് നമ്മുടെ രാജ്യം!!!  

You might also like

Most Viewed