ദളിതന്റെ ദാരിദ്ര്യവും രാഷ്ട്രീയ നിലനിൽപ്പും!
അധികാരതിന്റെ ‘ഏതുതരം’ സ്വാദും നാം ആസ്വദിക്കുന്പോഴും മലർന്ന് കിടന്ന് അനന്തവിഹായുസ്സിലേക്ക് കണ്ണ് തുറന്നു ചിന്തിക്കുക, ‘നാം എന്ത് തരം മനുഷ്യനാണെന്ന്’? നമ്മുടെ ഇഷ്ട കഥാപാത്രങ്ങൾ അണിനിരക്കുന്ന ഭരണം കൂപമണ്ടൂകങ്ങളെ പോലെ കണ്ട് ആവേശത്തോടെ ആർത്തുല്ലസിക്കുന്പോൾ ഒരു നേരത്തെ ആഹാരത്തിനായി ജീവിതവ്യത്യാസമില്ലാതെ ശവങ്ങളെ ചുമന്നും മനുഷ്യവിസർജ്യം വാരിയും ദിനങ്ങൾ കഴിച്ചു കൂട്ടുന്ന ദശലക്ഷം മനുഷ്യർ നമ്മുക്കിടയിൽ ജീവിക്കുന്നുണ്ടെന്ന സത്യം നാം മനസ്സിലാക്കണം. അവരെ എന്ത് പേരിട്ടു വിളിച്ചാലും, എന്ത് ജാതിയുടെ വള്ളികളിൽ തൂക്കിയാലും സിരകളിൽ ചുവന്ന രക്തം ഓടുന്ന, ബീജത്തിൽ നിന്നും പിടഞ്ഞെണീറ്റ പച്ചയായ മനുഷ്യനാണെന്ന യാഥാർത്ഥ്യം തിരിച്ചറിയണം. മറിച്ചു ജാതിയിൽ ജനിച്ചു, ജാതിയിൽ ജീവിച്ചു, ജാതിയിൽ മരിക്കുന്ന ഇന്ത്യാക്കാരനെ നോക്കി ജാതി നിലനിൽക്കുന്നില്ല എന്ന് പറയാൻ ഹിന്ദു രാഷ്ട്രമെന്നോ, ഹിന്ദുത്വമെന്നോ വിളിക്കുന്നവർക്ക് ഇനിയും കഴിയുന്നുണ്ടെങ്കിൽ കീഴാള ജാതിക്കാർ എന്നും തങ്ങളുടെ അടിമകളാകണമെന്ന ചിന്തയുടെ പുറംതള്ളലാണത്. 17−ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അതിന് മുന്പും ലക്ഷക്കണക്കിന് ദളിതർ ഇസ്ലാം മതത്തിലേയ്ക്കും ക്രിസ്തു മതത്തിലേയ്ക്കും പരിവർത്തനം ചെയ്തിട്ടുണ്ട്, അന്നൊന്നും ഒരു തരത്തിലുമുള്ള കുഴപ്പങ്ങളുമുണ്ടായിരുന്നില്ല, ആരും അത് ശ്രദ്ധിച്ചതുമില്ല. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാഷ്ട്ര സങ്കൽപങ്ങളെ സാമ്രാജ്യമെന്ന ആശയം അട്ടിമറിക്കാൻ തുടങ്ങിയതിൽ പിന്നെ, ജാതികളും ഉപജാതികളും കയ്യടക്കാൻ മേലാള, അധികാര രാഷ്ട്രീയക്കാരും, പാർട്ടികളും മുന്നോട്ടു വന്നു. ഇതിലൊന്നും ഇത്തരം വർഗ്ഗത്തിന്റെ പുരോഗതിയല്ല മറിച്ചു അവരുടെ വോട്ടു വാങ്ങി അധികാരത്തിൽ എത്താനോ, അത് നിലനിർത്താനോ ആണ് ശ്രമിക്കുന്നത്. പുരാതന എഴുത്തുകളിൽ ഹിന്ദുവെന്ന പരാമർശമില്ല, മറിച്ചു വിവിധ തരം ജാതികളെ, അവരുടേതായ കുലകർമ്മത്തിന്റെ ഭംഗിയനുസരിച്ചു വർണ്ണിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് അറുപതാണ്ട് പിന്നിട്ടിട്ടും പകുതിയിലധികം വരുന്ന ദളിതുകളുടെ ജീവിത നിലവാരം ഇന്ത്യയിൽ ഉയർന്നില്ല എന്നതിൽ നിന്ന് കഴിഞ്ഞ കാലങ്ങളിൽ ഭരണം നടത്തിയ കോൺഗ്രസ്സിനും ഇപ്പോൾ ഭരണം നടത്തുന്ന ബി.ജെ.പിക്കും മാറി നിൽക്കാൻ കഴിയില്ല.
എന്നാൽ ദളിതരുടെ ഇന്നിന്റെ പ്രശ്നം അതീവഗൗരവമുള്ളതാണ്. കഴിഞ്ഞ കുറെ നാളുകളായി നിരന്തരം അവർ പീഡനത്തിന് വിധേയമാകുന്നു. രാജ്യത്തെ ഭരണഘടനയോ, ക്രമസമാധാന നിയമങ്ങളോ ഒന്നും ഇത്തരക്കാരുടെ രക്ഷയ്ക്കെത്തുന്നില്ല. ഇവിടെയാണ് ഒരു പരിധിവരെയെങ്കിലും സാമൂഹിക പരിഷ്കർത്താക്കൾ ഉഴുതുമറിച്ച നിലം പാകപ്പെടുത്തി വിത്ത്മെതയ്ക്കാൻ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾ നടത്തിയ ശ്രമങ്ങളും അവയുടെ വിജയങ്ങളും കേരള ഭൂപടത്തിൽ തിളങ്ങുന്ന ഏടായി നിലനിൽക്കുന്നത്. പരിഷ്കർത്താക്കളുടെ കാലം കഴിഞ്ഞു, കമ്മ്യൂണിസ്റ്റ് തകർച്ച സ്വപ്നം കാണുന്ന വരേണ്യ വർഗ്ഗവും ഹിന്ദു രാഷ്ട്ര വാദികളും അക്രമവും അടിച്ചമർത്തലുകളും നടത്തി അരാചകത്വം നടപ്പാക്കാൻ ശ്രമിക്കുന്നു, അരുന്ധതി റോയി പറഞ്ഞത് പോലെ നൂറ്റാണ്ടുകൾ പിറകിലേയ്ക്ക് നമ്മെ വലിച്ചു കൊണ്ടുപോകാൻ പാകത്തിൽ അത്തരം രഥങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. രോഹിത് വെമുലയും, ജെ.എൻ.യു സംഭവങ്ങളും അതാണ് തെളിയിക്കുന്നത്. ഉനയിൽ ചത്ത പശുക്കളുടെ തോല് ഉരിഞ്ഞ് വിൽപ്പന നടത്തിയവരെ അധികാരികളുടെ കൺമുന്നിലിട്ട് ക്രൂരമായി മർദ്ദിച്ചവശാരാക്കിയ സംഭവം, അടിച്ചമർത്തലിൽ നിന്നും പ്രധിഷേധത്തിന്റെ കൊടുങ്കാറ്റ് തന്നെ സൃഷ്ടിക്കപ്പെടുന്നു എന്നതിലേയ്ക്ക് കാര്യങ്ങൾ എത്തി നിൽക്കുന്നു.
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ പുതിയ കാലഘട്ടത്തിൽ അനുകൂലിക്കുന്പോൾ തന്നെ കഴിഞ്ഞ കാല ദളിത് സ്നേഹവും ചർച്ച ചെയ്യണം. ദളിതുകൾ ഇന്നും അരപട്ടിണിയും മുഴു പട്ടിണിയുമായി കഴിയുന്ന ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, തുടങ്ങിയ സംസ്ഥാനങ്ങൾ മിക്കതും കഴിഞ്ഞ കുറെ വർഷങ്ങളായി വിവിധ ദളിത് രാഷ്ട്രീയം കയ്യാളുന്നവരോ, ദളിതരോട് കാപട്യ സ്നേഹം നടത്തുന്നവരോ ഭരിച്ചിട്ടും ദളിതന് വിദ്യാഭ്യാസവും മെച്ചപ്പെട്ട ജോലിയും, മാന്യമായ ജീവിത സാഹചര്യവും കുന്പിളിൽ തന്നെയെന്ന സ്ഥിതിയാണ്. സാമ്രാജ്യത്വ ദേശീയ സമരവും ദളിതരുടെ രാഷ്ട്രീയ അധികാര പങ്കാളിത്ത പോരാട്ടവും ഒരുപോലെ മുന്നോട്ട് വന്നാലേ ദളിത് സമര സംഘങ്ങൾ പുരാവർത്തനം ചെയ്യപ്പെടുകയുള്ളൂ. ഇന്ത്യയിൽ രാഷ്ട്രീയവും അധികാരവുമൊക്കെ പുനർ ചിന്തയും പുനരേകീകരണപ്രക്രിയയും നടക്കുന്ന കാലമായതിനാൽ ഇനിയുള്ള വിപ്ലവം ദളിത് രാഷ്ട്രീയവും അതിലെ പച്ചയായ മനുഷ്യന്റെ രോദനങ്ങളും കടന്നു വരും, വരട്ടെ എന്നാശംസിക്കാം.