പാ­ർ­ട്ടി­ക്കൊ­ടി­കൾ പു­തപ്പി­ക്കു­ന്പോൾ, അലമു­റയി­ടു­ന്ന കാ­ഴ്ച മറയു­ന്നി­ല്ല !


പൈശാചിക കൃത്യം ചെയ്യുന്നവർ പിശാച്ചുക്കളാണ്, അത് കൊലപാതകമായാലും സ്ഫോടനങ്ങളായാലും. കഴിഞ്ഞ ഒരാഴ്ച്ചയായി കേൾക്കുന്ന വാർത്തകൾ ക്രൂരതയുടെ അതിർവരന്പുകൾ ഭേതിച്ച പൈശാചിക അട്ടഹാസങ്ങളായിരുന്നു. അന്തർദേശീയവും ദേശീയവും നമ്മുടെ വൃത്തത്തിനുള്ളിലല്ല എന്നതിൽ നിന്ന് മാറി, തൊട്ടടുത്ത സുഹൃത്തിന്റെ മനസ്സുകളെ കീഴടക്കുന്ന തത്വസംഹിതകളുടെയും ഇസങ്ങളുടെയും ക്രൂരത ആശങ്കയുളവാക്കുന്നു. ദേശീയത്തിനും അന്തർദേശീയത്തിനും നിരത്താൻ സാധാരണക്കാർക്ക് പരിചിതമല്ലാത്ത അന്തർധാരയും സാമ്രാജ്യത്വവും ജൂയിസവും തീവ്രവാദ പ്രവർത്തനങ്ങളും ഒക്കെയുണ്ടാകും, എന്നാൽ നമ്മുടെ അമ്മയെപോലെ പത്തുമാസം നൊന്തുപെറ്റ്, വളർത്തി വലുതാക്കിയ പൊന്നുമോന്റെ ചേതനയറ്റ ശരീരം ചുക്കിച്ചുളുങ്ങിയ കരങ്ങൾ കൊണ്ട് മാറോട് ചേർത്ത് െവച്ച് നിലവിളിക്കുന്ന കാഴ്ച ഏത് ഇസത്തെ കൊണ്ട് മൂടാനാണ് കഴിയുക? എന്തിന്റെ തീവ്രതയാണ് അതിൽ ദർശിക്കാൻ നിങ്ങൾ ശ്രമിക്കുക? നേതാക്കൾ അനുശോചന കരിങ്കൊടികൾ കെട്ടുന്പോഴും പറക്കമുറ്റാത്ത പിഞ്ചുപൈതലുകൾ അച്ഛന്റെ സ്നേഹ മുഖത്തേക്ക് നോക്കി ഏങ്ങിക്കരയുന്ന രംഗം നിങ്ങൾ പുതപ്പിക്കുന്ന പാർട്ടിക്കൊടികൾക്ക് മറയ്ക്കാൻ കഴിയുമോ? പ്രതീക്ഷയോടെ സുഖദുഃഖ ജീവിതത്തിന്റെ തണലിലേക്ക് വന്നപ്പോൾ ഒരിക്കൽ പോലും തന്റെ പ്രിയതമൻ കൺമുന്നിൽ കിടന്നു കാപാലികരുടെ വെട്ടേറ്റു പിടഞ്ഞു മരിക്കുമെന്ന് ദുസ്വപ്നമായി പോലും ഭാര്യക്ക് തോന്നിയിട്ടുണ്ടാകില്ല. എന്ത് ആശ്വാസം കൊടുത്താൽ അവരുടെ നിശ്വാസം തിരിച്ചു നൽകാൻ നമുക്ക് കഴിയും?

തീവ്രവാദവും ഭീകരവാദവും വളരുന്നത്, ഏതൊരു വിശ്വാസത്തിലും ഉണ്ടാകുന്ന അമിതമായ അഭിവാഞ്ചയോ ധാരാളിത്തമായ പ്രേരണയുടെ ഫലമോ മൂലമാണ്. അത് മതവിശ്വാസത്തിലും, ദേശസ്നേഹത്തിലും, രാഷ്ട്രീയ പാർട്ടികളിലുള്ള ഭ്രമത്തിലും നേതാക്കളോടുള്ള അമിതമായ ഭക്തി ആരാധനയിലും ഒക്കെ പ്രതിഫലിക്കാം. ഭരണകൂട അടിച്ചമർത്തലുകൾ ഉണ്ടായിരുന്ന കാലത്ത് രാജ്യ നന്മയ്ക്കും, രാജ്യത്തെ ജനങ്ങളുടെ പൊതു വിഷയങ്ങളിലും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ വിവിധ സമരങ്ങൾ നടത്തുകയും നിരവധിപേർ രക്ത സാക്ഷികളായിട്ടുമുണ്ട്. അത്തരം വേർപ്പെടലിൽ അഭിമാനംകൊണ്ടിരുന്ന ജനതയും കുടുംബവും ഇന്നത്തെ കൊലപാതകങ്ങളിൽ വെറുപ്പും അറപ്പും പ്രകടിപ്പിക്കുകയാണ്. ഇവിടെയാണ് കേരളത്തിലെ രാഷ്ട്രീയത്തിന് പിഴച്ചത്. ജനകീയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പരസ്പരം കൊല്ലുന്ന രാഷ്ട്രീയം എന്ത് തരം ജനോപകാര സേവന പ്രവർത്തനമാണ് നടപ്പിലാക്കാൻ സാധിക്കുന്നത്? വിദ്വേഷവും അസഹിഷ്ണുതയും പടർത്തുന്നവർ നിരപരാധികളായ കുടുംബങ്ങളെ ഓർക്കുന്നില്ല. കേരളത്തിൽ രാഷ്ട്രീയ കൊലപാതങ്ങൾ ഏറി വരുന്നു, ചെറിയ കാര്യങ്ങൾക്ക് പോലും ക്രൂരമായ കൊലകളാണ് തിരഞ്ഞെടുക്കുന്നത്. രാഷ്ട്രീയ കൊലകളുടെ ചോര പുരളാത്ത കൈകൾ ഇല്ലാത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനവും കേരളത്തിലില്ല. എന്നാൽ പരസ്പരം പഴിചാരാനും ഒരു തരം കൊടുക്കൽ വാങ്ങൽ ഇടപാട് നടത്തി സത്യസന്ധമായ അന്വഷണം ഇല്ലാതാക്കാനും അവർ സഹകരിക്കുന്നു. സി.പി.എമ്മും ബി.ജെ.പിയും പരസ്പരം കൊലകൾ നടത്തുന്പോൾ ചീമേനിയിൽ സഖാക്കളെ കോൺഗ്രസ്സുകാർ ചുട്ടുകൊന്ന സംഭവവും, തൃശ്ശൂരിൽ സ്വന്തം പാർട്ടിക്കാർ തന്നെ ഗ്രൂപ്പ് വൈര്യത്തിന്റെ പേരിൽ സുഹൃത്തിനെ വെട്ടിവീഴ്ത്തിയതും ഇക്കാര്യത്തിൽ ഗാന്ധിജിയുടെ അനുയായികളെന്ന് അവകാശപ്പെടുന്നവർ ഒട്ടും പിറകിലല്ല എന്ന് തെളിയിക്കുന്നു. അക്രമം ഇസ്ലാം വിശ്വാസത്തിന് എതിരാണെന്ന് പ്രചരിപ്പിക്കുന്ന മുസ്ലീംലീഗും എസ്.ഡി.പി.ഐയുടെയും കിരാത മുഖങ്ങൾ ഏറ്റവും അടുത്ത് നാം കണ്ടു. ഇവിടെയൊക്കെ പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കും മുഖ്യമായ പങ്കു വഹിക്കാൻ സാധിക്കും. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിട്ട് അവരെ ക്രൂരമായി കൊല ചെയ്യുന്നു. ഇത്തരം ചെയ്തികൾ ജനാധിപത്യത്തിന് ഭൂഷണമല്ല, ഇത് ആര് ചെയ്താലും അത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തണം. ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം സമൂഹത്തിന് നൽകാൻ മാധ്യമങ്ങൾ ഉത്തരവാദിത്വ ബോധം കാണിക്കണം. 

ചില കൊലകൾ ഊതിവീർപ്പിച്ചു ഭയപ്പെടുത്തുന്പോഴും മറ്റു ചിലത് ഒഴുക്കൻ മട്ടിൽ പറഞ്ഞു പോവുകയും, ഇനിയും ചിലതിലേക്ക് തിരിഞ്ഞു നോക്കുക കൂടിചെയ്യുന്നില്ല. ഈ പ്രവണത കൂടുതൽ അസ്വാരസ്യങ്ങളിലേക്ക് സമൂഹത്തെ എത്തിക്കും. ഇന്ന് കാണുന്ന വാർത്തകളും ചർച്ചകളും ക്രൂരമായ കൊലയേക്കാൾ ഹീനമായ രാഷ്ട്രീയ വിൽപ്പനയാണ് കാണിക്കുന്നത്. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴിയൊരുക്കാൻ തയ്യാറാക്കിയ “രാഷ്ട്രീയ ഗുണ്ടകളെ” മെരുക്കാൻ ഏറെപ്പണിപ്പെടേണ്ടി വരും, എന്നാൽ ഇസത്തിനും മതത്തിനും നേതാവിനും വേണ്ടി നശിപ്പിക്കാനുള്ളതാണോ സ്വന്തം ജീവനും ജീവിതവുമെന്നു തിരിച്ചറിയുന്ന സമൂഹമാണ് ഉണ്ടാകേണ്ടത്.  

You might also like

Most Viewed