ഏക സിവിൽ കോഡ് - നീറുന്ന കനലോ?
ഭൂ-തം വരുന്നതും പേടിച്ചും പേടിപ്പിച്ചും ജനത്തെ വട്ടാക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഇതുവരെ ഭൂതവും വന്നില്ല, ഭൂതത്തിന്റെ കാറ്റും വന്നില്ല. ഇനിയിപ്പോ ഭൂതം തന്നെയാണോ വരാൻ പോകുന്നത് അതോ ഭൂതത്തിന്റെ കാറ്റോ? രാജ്യത്തു സിവിൽ എന്നും ക്രിമിനൽ എന്നും രണ്ടു തരം നിയമങ്ങൾ ഉണ്ട്. ഇന്ത്യയിൽ വ്യത്യസ്തതയും വൈജ്യാത്യവുമുള്ളതിനാൽ ഓരോ പൗരനും അവനർഹിക്കുന്ന രീതിയിൽ സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടി തന്നെയാണ് ഭരണഘടനാശിൽപ്പികൾ രാജ്യത്തെങ്ങും ഏക സിവിൽ നിയമങ്ങൾ നടപ്പിലാക്കാതിരുന്നത്. ഏക സിവിൽ നിയമം നടപ്പിലാക്കണമെന്ന് വാദിച്ചു കഴിഞ്ഞ വർഷം സുപ്രീംകോടതിയിൽ വന്ന സ്വകാര്യ ഹർജിയിലും കോടതി പറഞ്ഞത് “ഇത്തരം ഒരു നിയമം പുറപ്പെടുവിക്കാൻ കോടതിക്ക് അധികാരമില്ലന്നും, അതിനു നിയമ നിർമ്മാണ സഭയുണ്ടെന്നുമാണ്”.
അപ്പോൾ കാര്യങ്ങൾ വ്യക്തമായി. എപ്പോഴെല്ലാം രാജ്യത്ത് തിരഞ്ഞെടുപ്പുകൾ വരുമോ, അപ്പോഴൊക്കെ ഇത്തരം ചർച്ചകൾ സജീവമാകും. കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന ചർച്ചകളും ആ ഗണത്തിൽ തന്നെ. എന്താണ് ഏക സിവിൽ കോഡ് വന്നാലുള്ള പ്രശ്നം, എന്തിനാണ് അതിനെ ഇത്രമാത്രം എതിർക്കുന്നത്, അത് തിടുക്കത്തിൽ നടപ്പിലാക്കാൻ തക്ക എന്ത് പ്രശ്നമാണ് ഇന്ന് ഇന്ത്യയിലുള്ളത്? ജനത്തിന് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ! എന്നാൽ അവസാനത്തെ രണ്ട് കാര്യങ്ങൾ സുവ്യക്തം. നടപ്പിലാക്കണം എന്ന് വാദിക്കുന്നവർക്ക്, തീവ്ര ഹിന്ദുത്വ വോട്ടു ലക്ഷ്യം, എതിർക്കുന്നവർക്ക് ന്യുനപക്ഷ വോട്ടു ലക്ഷ്യം. പച്ചയായി പറഞ്ഞാൽ സാധാരണ ജനത്തെ വിഘടിപ്പിക്കുക, പരസ്പരം വിദ്വേഷം വളർത്തുക, രാജ്യത്തിന്റെ ഒരുമ നശിപ്പിക്കുക. വ്യവസ്ഥാപിതമായ മതങ്ങളാണ് ഇസ്ലാമും ക്രിസ്തു മതവും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവരുടേതായ കർമ്മ−വിശ്വാസ സംഹിതകളുണ്ട്. എന്നാൽ താൻ അധിവസിക്കുന്ന രാജ്യത്തിന്റെ നിയമം അനുശാസിക്കുന്ന തലത്തിൽ വിശ്വാസത്തിനു കോട്ടം തട്ടാതെ നിയമങ്ങൾ അനുസരിക്കാനും അവ നടപ്പിലാക്കാനും വിശ്വാസികൾ തയ്യാറാകണം എന്നും മതങ്ങൾ പറയുന്നു. ഇവിടെയാണ് കാതലായ വിഷയം. ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങൾ നോക്കിയാൽ ഇസ്ലാംമത വിശ്വാസത്തിന് അനുസ്രിതമല്ല. കക്കുന്നവന്റെ കൈ വെട്ടുക, വ്യഭിചാരിക്ക് ചാട്ടയടി, തുടങ്ങിയവ. എന്നാൽ ക്രിമിനൽ വിഷയത്തിലും വിവാഹ രജിസ്ട്രേഷൻ, തലാക്, സ്വത്തവകാശം തുടങ്ങിയവ ഇപ്പോൾ തന്നെ കോടതികളാണ് പലതും കൈകാര്യം ചെയ്യുന്നത്. ഇതുപോലെ തന്നെയാണ് ക്രിസ്തുമത വിശ്വാസികളുടെ കാര്യത്തിലും.
അപ്പോൾ ഏക സിവിൽ കോഡ് കൊണ്ട് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്തിനെയാണ്? അവിടെയാണ് പ്രധാനമായും സംശയങ്ങളും ആശങ്കകളും ഉണ്ടാകുന്നത്. വ്യത്യസ്ത മത−ജാതി വിശ്വാസികൾക്ക് അവരുടെ വിശ്വാസങ്ങൾക്ക് കോട്ടം തട്ടാതെ രാജ്യത്ത് ക്രിമിനൽ നിയമം പോലെ സിവിൽ നിയമവും ഉണ്ടാകുന്നത് തടസ്സമല്ല. എന്നാൽ ഇതൊന്നും വേണ്ടപോലെ ചർച്ച ചെയ്യുന്നില്ല മറിച്ചു, ഇ.എം.എസ് കോടതി വിധിയിലെ പരാമർശങ്ങൾ ചൂണ്ടികാട്ടി അതിനെ അനുകൂലിച്ചപ്പോൾ, ശരീഅത്തിന് ഇഎംഎസും കമ്മ്യൂണിസ്റ്റുകളും എതിരെന്ന പ്രചാരണമാണ് ഒരു പരിധി വരെ മുസ്ലീങ്ങളെ ഇടതുപക്ഷത്തു നിന്നകറ്റിയത്.
ഇവിടെയും സ്ഥിതി മറിച്ചല്ല. രാജ്യ പുരോഗതിക്കും ജനങ്ങൾക്ക് നീതി നടപ്പിലാക്കാനും ഉദ്ദേശിച്ചല്ല ബി.ജെ.പി ഇപ്പോൾ ഏക സിവിൽ കോഡുമായി വന്നിരിക്കുന്നത്, അത് തീർത്തും ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. ജി.എസ്.റ്റി ബില്ല് പോലും രണ്ടു വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കാൻ കഴിയാത്തവർക്ക് ഏകസിവിൽ കോഡ് ബാലികേറാമലയാണ്. എന്നാൽ ഇത്തരം വാദങ്ങൾ ഒരുപക്ഷെ തീവ്രശക്തികൾക്ക് വളമാകും, അതുവഴി രാജ്യത്തെ അസ്ഥിരപ്പെടുത്താൻ കാത്തു നിൽക്കുന്ന അയൽ രാജ്യങ്ങൾക്കും, മുതലാളിത്ത ശക്തികൾക്കും അവസരമാകും. ഏറ്റവും ചുരുങ്ങിയത് മരണപെട്ടാൽ, മണ്ണിൽ മൃതശരീരം കിടത്തുന്ന മുസ്ലീങ്ങൾക്കും, കല്ലറയിൽ അടക്കുന്ന ക്രിസ്ത്യാനികൾക്കും, ദഹിപ്പിക്കുന്നതും, ചിലരെ സാമാധിയിരുതുന്നതും ആയ ഹിന്ദുക്കൾക്കും എല്ലാം ഒരു നിയമംമൂലം ഏകീകരിക്കണമെന്ന് പറയുന്നവർ മനുഷ്യൻ എന്ത് ഭക്ഷിക്കണം, എന്ത് കുടിക്കണം, എന്ത് ധരിക്കണം, എവിടെ വസിക്കണം എന്നൊക്കെയുള്ള അതിർവരന്പുകൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.
എന്നാൽ ഒരു ചർച്ചയും സംവാദവും നടപ്പില്ല എന്ന പിടിവാശി എതിരാളികൾക്ക് കൂടുതൽ കരുത്തും വിവിധ മതവിശ്വാസങ്ങളിൽ നിൽക്കുന്നവരെ ഭിന്നിപ്പിച്ചു അധികാരം കയ്യാളാനുള്ള അവസരം സൃഷ്ടിക്കലുമാകും, അത് അറിയേണ്ടവർ അറിഞ്ഞാൽ നന്ന്.