എൻ.എസ്.ജി ഊതിവീർപ്പിച്ച ബലൂൺ
ആകാശ നീലിമയിൽ പറന്നു കളിച്ചിരുന്ന എൻ.എസ്.ജി ബലൂണിനെ ആകാംഷയോടെ നോക്കി നിന്ന നൂറ്റിയിരുപത് കോടിയിലധികം വരുന്ന ജനങ്ങളുടെ പ്രതീക്ഷയുടെ മുകളിലേക്ക് ചിറകറ്റു നിലംപതിച്ച കാഴ്ച, ദേശീയത കുത്തി തിരുകിവച്ചിരിക്കുന്ന അധികാര വർഗ്ഗത്തിന് കിട്ടാവുന്നതിലും വലിയ പ്രഹരമായിരുന്നു. ഭരണകർത്താക്കൾ പ്രതീക്ഷിക്കാത്ത ഈ പരാചയം ഇപ്പോഴും ഭരണ തലത്തിൽ മുതലാളിത്ത−ഉദ്യോഗസ്ഥ വൃന്ദങ്ങൾ ഉണ്ട് എന്നതിന്റെ തെളിവായി മാറുന്നു. ഡിപ്ലോമാറ്റിക് പരാജയത്തെ അയൽ രാഷ്ട്രമായ ചൈനയോടൊള്ള അമർഷമായി പുറത്തു വരുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നു.
1974 ലെ ഇന്ത്യയുടെ ആണവ പരീക്ഷണത്തിന്റെ പരിണിത ഫലമാണ് ഇന്ന് ഇന്ത്യ അംഗത്വത്തിനു വേണ്ടി കരയുന്ന എൻ.എസ്.ജി എന്ന ആണവ ദാതാക്കളുടെ ഗ്രൂപ്പ്. ആണവ നിർവ്യാപന കരാറിൽ ഒപ്പ് വെച്ചിട്ടില്ല എന്ന കാരണത്താലാണ് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയുടെ അംഗത്വത്തെ എതിർത്തത് എന്നാണു വിശദീകരണം. അയൽ രാജ്യമായ ചൈനയെ മറികടന്നു ഏഷ്യാ രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിശബ്ദമായി നിന്ന് നാഴികക്ക് നാൽപ്പതു വട്ടം “അമേരിക്ക, അമേരിക്ക” എന്നുരുവിട്ടിരുന്ന മൻമോഹൻ സിംഗ് തുടങ്ങി വെച്ച് ഇപ്പോൾ അത് ഭംഗിയായി നടപ്പിലാക്കുന്ന നരേന്ദ്ര മോഡിക്ക് വന്ന വൻ പിഴവായി ഇതിനെ വിലയിരുത്തേണ്ടിവരും.
എൻ.എസ്.ജി−യിൽ അംഗമായത് കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നും തന്നെയില്ല എന്ന് പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആണവോർജ്ജ കമ്മിഷൻ അംഗവുമായ എം.ആർ ശ്രീനിവാസൻ പറഞ്ഞത് മുഖവിലക്കെടുത്താൽ എവിടെയോ നമുക്ക് പിഴച്ചതായിട്ടു വരും. തികച്ചും ആണവ നിർമ്മാണ ഭീമന്മാർക്ക് വേണ്ടി മാത്രമാണ് ഇത്തരമൊരു അംഗത്വം മൂലമുള്ള ലാഭം. യഥാർത്ഥത്തിൽ ഇന്ത്യയുടെ ആണവോർജ്ജ ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിൽ മൻമോഹൻ സിംഗ് ഒപ്പിട്ട കരാർ തന്നെ ധാരാളം. 45 അംഗ രാജ്യങ്ങളിൽ ചൈന മാത്രമല്ല, മറിച്ചു തുടക്കം മുതൽ ഓസ്ട്രിയ, ന്യുസിലണ്ട്, അയർലണ്ട് തുടങ്ങിയ രാജ്യങ്ങൾ എതിർപ്പുമായി മുന്നിലുണ്ടായിരുന്നു. എന്നാൽ അതൊക്കെ അമേരിക്കയുടെ നീക്കത്തിലൂടെ എണ്ണയിൽ നിന്നും നൂല് വലിച്ചെടുക്കുന്ന ലാഘവത്തിൽ സാധിച്ചെടുക്കാം എന്ന തെറ്റായ ധാരണ മൻമോഹൻ സിംഗിന് നൽകിയത് പോലെ നരേന്ദ്ര മോഡിക്കും വിദേശകാര്യവകുപ്പ് നൽകിയെന്ന് വേണം അനുമാനിക്കാൻ.
ഇന്ത്യാ− അമേരിക്ക ആണവ കാരാർ ഒപ്പിടുന്പോൾ എൻ.എസ്.ജി−യിലൂടെ ഇളവുകൾ നേടിയെടുക്കാം എന്ന വിശ്വാസമായിരുന്നു ഇന്ത്യക്കുണ്ടായിരുന്നത്. എന്നാൽ നമ്മുടെ ഊർജ്ജ ആവശ്യങ്ങൾക്ക് 2008ൽ തന്നെ റഷ്യ, അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാർ പ്രകാരം ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്നതിന് നമുക്ക് സാധിക്കും, അതുപോലെ യുറേനിയം ഇറക്കുമതിക്കും തടസ്സമുണ്ടാകില്ല. അതിനുമപ്പുറം നമ്മുടെ ശാസ്ത്ര മികവിനാൽ സ്വന്തമായി റിയാക്ടർ നിർമ്മിക്കാനും അതുവഴി ആണവോർജ്ജമുണ്ടാക്കാനും ഇന്ത്യക്കിന്നു സാധിക്കും എന്നും നാം മനസ്സിലാക്കണം.
ഇവിടെ ഒളിഞ്ഞിരിക്കുന്ന അമേരിക്കൻ ഉദ്ധേശശുദ്ധി സംശയിക്കേണ്ടിയിരിക്കുന്നു. മേഖലയിൽ എന്ന് മാത്രമല്ല ലോക ക്രമത്തിൽ ചൈനയും റഷ്യയും മുന്നോട്ട് വെയ്ക്കുന്ന പുതിയ രാജ്യാന്തര സാഹചര്യവും, ലോക പോലീസെന്ന ചാന്പ്യൻ പട്ടം നഷ്ടമാകുന്നതും ഒഴിവാക്കാൻ ഇന്ത്യയെ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന് വെളിവാകും. കഴിഞ്ഞ അന്പതു വർഷക്കാലം നിരായുധീകരണത്തിന് വാദിച്ച നാം 1998ൽ ആണവ സ്ഫോടനം നടത്തി ന്യുക്ലിയാർ ശക്തിയായതോടെ ഇന്ത്യയുടെ ആണവ കാര്യങ്ങളിലുള്ള വിശ്വാസം നഷ്ടമായി, ഇത് തന്നെയായിരിക്കാം ചൈന ഒഴികെ മറ്റു പ്രമുഖ രാജ്യങ്ങൾ എൻ.എസ്.ജി−യിൽ അംഗത്വമെടുക്കാൻ നാം കാണിക്കുന്ന തിടുക്കത്തെ അവിശ്വസിക്കാൻ കാരണം.
ഇതിൽ ഓസ്ട്രിയ, ന്യുസിലണ്ട് തുടങ്ങിയ രാജ്യങ്ങൾ ആണവ നിർവ്യാപനത്തെയും നിരായുധീകരണത്തെയും ആത്മാർത്ഥമായി സമീപിക്കുന്ന രാജ്യങ്ങളാണ്, ഇവരുടെ ശക്തി നാം കുറച്ചു കണ്ടു, എന്നിട്ടും വെറും ചൈന വിരുദ്ധത മാത്രം ഇപ്പോഴും പടച്ചു വിടുന്നു. നിരവധി തവണ അമേരിക്കൻ സന്ദർശനം നടത്തിയ മോഡിയിൽ നിന്നും 4 ലക്ഷം കോടിയുടെ 6 ആണവ റിയാക്ടർ ഇറക്കുമതിക്കുള്ള കച്ചവടം അമേരിക്ക ഉറപ്പിച്ചു. എന്നാൽ അയൽ രാജ്യങ്ങളുമായി ബഹിഷ്കരണം ഉൾപ്പെടെയുള്ളവ നടപ്പിലാക്കാൻ തുനിയുന്നത് ഭാവി ഇന്ത്യക്ക് ഭൂഷണമാകില്ല. നമ്മുടെ അസ്ഥിത്വത്തിലുറച്ചു മുന്നോട്ടു പോകുകയാണെങ്കിൽ അംഗീകാരങ്ങളും അംഗത്വങ്ങളും നമ്മെ തേടിയെത്തും.