പിണറായി സർക്കാരിന്റെ ആദ്യ മാസം


ഒരു മാസം പോലും പ്രായമില്ലാത്ത ഒരു സർക്കാരിനെ വിലയിരുത്തുന്നത് വിമർശനവിധേയമായേക്കാം, എന്നാലും ഒരു ന്യുജൻ ക്രമത്തിൽ കാത്തു നിൽക്കാൻ സമയമില്ല, ഉണ്ണിയെ കണ്ടാലറിയാമല്ലോ ഊരിലെ പഞ്ഞം? മുൻകാല ചെയ്തികളെ മറയ്ക്കാനുള്ള ഉപകരണമാണ് ‘പ്രതീക്ഷകൾ’. നിരാശയിൽ കഴിയുന്ന ജനത്തെ വേഗത്തിൽ ഉണർത്താനും ആവേശഭരിതരാക്കാനും പ്രതീക്ഷകൾക്ക് കഴിയും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ട പ്രതിഭാസമാണിത്. അഴിമതിയുടെയും സ്വജനപക്ഷ പാതത്തിന്റെയും നീരാളിപിടുത്തത്തിൽ അകപ്പെട്ട കോൺഗ്രസ് നേതൃത്വം കൊടുത്ത യു.പി.എ മുന്നണിയെ അധികാരതിന്റെ പിന്നാന്പുറങ്ങളിലേക്ക് തള്ളിവിട്ടു ബി.ജെ.പിയുടെ നേതൃത്വത്തിൽ എൻഡിഎ അധികാരത്തിൽ വന്നു. ഇവിടെ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുക മാത്രമല്ല ‘നല്ല ദിനങ്ങൾ വരുന്നു’ എന്ന മുദ്രാവാക്യം ജനമനസ്സുകളിലേയ്ക്ക് ആഴത്തിൽ പതിപ്പിക്കാനും ശ്രമിച്ചു, തൽഫലമായി എത്രത്തോളം നിരാശയിലായിരുന്നോ ജനം, അത്രത്തോളം പ്രതീക്ഷയിൽ ആ മുദ്രാവാക്യത്തെ ഏറ്റെടുത്തു. പ്രതിപക്ഷം ആരോപിച്ച ഗുജറാത്ത് വംശഹത്യയോ, മോഡിയുടെ പങ്കോ ഒന്നും ജനത്തെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. നല്ല നാളെകളെ സ്വപനം കണ്ട അവർ ബിജെപിയെയും സഖ്യകക്ഷികളെയും അധികാരത്തിൽ കയറ്റി. എന്നാൽ പിന്നീട് വന്ന ഭരണം എത്രത്തോളം ‘നല്ലതാണ്’ എന്ന് വരും കാലം വിലയിരുത്തും. 

കേരളത്തിലെ സ്ഥിതിയും മറിച്ചല്ലായിരുന്നു. അഴിമതിയും, സരിതയും, സോളാറും, വിലകയറ്റവും, ന്യുനപക്ഷ പ്രീണനം എന്ന ആക്ഷേപവും, മൃദുഹിന്ദുത്വവും ഒക്കെയായി യുഡിഎഫ് സർക്കാർ ഭരിച്ചു മുടിച്ച ഒരു സംസ്ഥാനത്തെ ‘എൽഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന മുദ്രാവാക്യം ജനത്തിന് ആശ്വാസവും പ്രതീക്ഷയുമായി. അക്രമരാഷ്ട്രീയവും, പിണറായിയുടെ കാർക്കശ്യവും എന്നൊക്കെയുള്ള എതിരാളികളുടെ പ്രചരണം വിലപോയില്ല. ഒരു മാസത്തോടടുക്കുന്ന പിണറായി സർക്കാരിനെ സത്യസന്ധമായി വിലയിരുത്തിയാൽ ശരാശരി മാത്രമാണ്, അത് ഒരു പക്ഷെ നിലവിലെ വ്യവസ്ഥിതിയുടെ ചാരത്തിൽ നിന്നും ഉയർത്തെഴുനേൽക്കാൻ ശ്രമിക്കുന്നത് കൊണ്ടായിരിക്കാം. 

ഒരു മുതലാളിത്ത വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യത്ത് ഒരിക്കലും കമ്മ്യൂണിസ്റ്റ് തൊഴിലാളി വർഗ്ഗ സോഷ്യലിസ്റ്റ് ഭരണം നടത്താൻ സാധ്യമല്ല. ഭരണമില്ലാതിരുന്നപ്പോൾ എന്തിനെയെല്ലാം എതിർത്തുവോ അതൊക്കെ വീറോടെ നടപ്പാക്കേണ്ട നാശമായ അവസ്ഥയിലേയ്ക്ക് പിണറായി സർക്കാരിന് പോകേണ്ടി വരുന്നു. അതിന്റെ ഫലമാണ് മുല്ലപ്പെരിയാറും, അതിരപള്ളിയും, ദേശീയ പാത വികസനവും ഒക്കെ. സർക്കാരിന്റെ ഇരുപത് ദിവസത്തെ ഒരുക്കങ്ങളൊക്കെയും വികലമായ വികസന സങ്കൽപ്പങ്ങളുടെ കല്ലിടീൽ കർമ്മമായിരുന്നു. വിശാലകൊച്ചി മേഖലയിൽ സംയോജിത ജലഗതാഗത പദ്ധതിക്കായുള്ള കരാറിൽ ഒപ്പുവച്ചു കഴിഞ്ഞു. 747 കോടി രൂപയ്ക്ക് സർക്കാരും കൊച്ചി മെട്രോയും ജർമ്മൻ ഫണ്ടിംഗ് ഏജന്റും തമ്മിലാണ് ധാരണ. കരാറിലെ വ്യവസ്ഥകളോ മറ്റ് രൂപരേഖയോ വിശദമായ ചർച്ചയ്ക്ക് വന്നു കണ്ടില്ല, പദ്ധതിയെ മുളയിലെ എതിർക്കുകയല്ല, മറിച്ച് വ്യക്തമായ പഠനങ്ങൾ നടന്നിരുന്നോ എന്ന സംശയം മാത്രം. അതുപോലെ തന്നെ സാന്പത്തിക ശാസ്ത്ര വിദഗ്ദ്ധനും ധനകാര്യ മന്ത്രിയുമായ തോമസ് ഐസക് എങ്ങനെ നികുതി പിരിവു ഊർജ്ജിതമാക്കും എന്നതിൽ ഗവേഷണം നടത്തുന്നു, ഒടുവിൽ എത്തിനിൽക്കുന്നത് അരവിന്ദ് കേജരിവാളിലും. ബൂർഷ്വാ ഭരണ വ്യവസ്ഥിതിയെന്നത് ജനവിരുദ്ധ നിലപാടാണ്, അത്തരം വ്യവസ്ഥിതിയിലെ നികുതിപ്പിരിവും ജനവിരുദ്ധമാണ്. അപ്പോൾ ജനവിരുദ്ധ നികുതി നല്ലതുപോലെ പിരിക്കുന്ന തോമസ് ഐസക്കും സർക്കാരും സ്വയമേ ജനവിരുദ്ധരായി മാറുന്ന കാഴ്ച വരും കാലങ്ങളിൽ നാം കാണും. തന്റെ കഴിഞ്ഞ ടേമിലെ പതിനാലു ശതമാനമെന്നത് ഇരുപതും ഇരുപതിയഞ്ചുമൊക്കെ ആക്കാനുള്ള തത്രപാടിലാണ് ധനമന്ത്രി, അവിടെ സോഷ്യലിസത്തിനോ കമ്മ്യുണിസ്റ്റ് ചിന്തയ്ക്കോ സ്ഥാനമില്ല. പഴയകാല സർക്കാർ നടപ്പിലാക്കിയതും, ജനദ്രോഹപരവുമായ നികുതികൾ ഒഴിവാക്കി, വിവിധ വകുപ്പുകളിൽ ക്രിയാത്മകമായി ഇടപെട്ട് കാർഷിക, വ്യാവസായിക വളർച്ചയുണ്ടാക്കി േസ്റ്ററ്റിന്റെ വരുമാനം വർദ്ധിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്, അതാണ് ജനമാഗ്രഹിക്കുന്നതും.  

ആഭ്യന്തരവും, വിജിലൻസും, എക്സൈസും പ്രതീക്ഷകൾ നൽകുന്ന മാറ്റങ്ങളോടെ തുടങ്ങിയെങ്കിലും, തുടക്കത്തിലേ അല്ലറ ചില്ലറ കല്ലുകടികൾ കാണാതെയിരിക്കാനും കഴിയില്ല. കേന്ദ്ര ഭരണ പാർട്ടിയുടെ പ്രകോപനങ്ങൾക്ക് വഴങ്ങാതെ വിട്ടു വീഴ്ചയോടെ കേന്ദ്രവുമായി സഹകരിക്കുന്ന രീതി ജി.എസ്.ടി തുടങ്ങിയവയിൽ കാണുന്നത് ശുഭ സൂചകമാണ്. വരും നാളുകൾ ശരിയാക്കലുകളുടെ കാലമാകട്ടെ എന്നാശംസിക്കാം...

You might also like

Most Viewed