ഇന്റർനെറ്റ് മീം മുകളായ ഡിജിറ്റൽ ട്രോളുകൾ കലമുടയ്ക്കുന്പോൾ...


സോഷ്യോ ബയോളജിയിൽ ജീനിന് സമാനമായ അടിസ്ഥാന ഘടകത്തിനെ “മീം” എന്നും ജൈവ പരിണാമത്തിലേത് പോലെയുള്ള പങ്ക് സാംസ്കാരിക പരിണാമത്തിൽ “മീമു”കൾക്കുണ്ടെന്ന് “സൂസൻ ബ്ലാക്ക് മോർ” രേഖപ്പെടുത്തുന്നു.

സാമൂഹിക  മാധ്യമത്തിലെ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഘടകമായി “ട്രോളുകൾ” മാറികൊണ്ടിരിക്കുന്ന കാഴച്ചയാണ് ഏറ്റവും അടുത്തായി നാം കണ്ടു കൊണ്ടിരിക്കുന്നത്. മതത്തെയും, രാഷ്ട്രീയത്തെയും, സിനിമയെയും, സാഹിത്യത്തെയും എന്തിന് വ്യക്തികളെ വരെ ആക്ഷേപ ഹാസ്യത്തിലൂടെ വിമർശിക്കാൻ ട്രോളുകൾ ഉപയോഗിക്കുന്നു. ട്രോളുകൾ ചിരിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നു, എന്നാൽ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ സാമൂഹിക മാധ്യമങ്ങളുടെ ഇടപെടലുകൾ വിവിധ വിഷയങ്ങളിൽ തെറ്റിധാരണയും യഥാർത്ഥ വസ്തുതകളിൽ നിന്നുമുള്ള വ്യതിചലനവുമായി മാറുന്നു. വെറും കമ്മന്റുകൾ കൊണ്ട് ട്രോളുകൾ ഉണ്ടായിരുന്ന കാലം, അതായത് ടെക്സ്റ്റ് ബേസ്ഡ് മീമുകൾ. പിന്നീട് മനസ്സിൽ പതിഞ്ഞതും സമൂഹത്തിൽ സ്വാധീനമുള്ളതുമായ ചിത്രങ്ങളും ശബ്ധരേഖകളും വീഡിയോ ക്ലിപ്പിങ്ങുകളും ഉപയോഗിച്ചുള്ള ട്രോളുകൾ വന്നതോട് കൂടി  ശാസ്ത്രീയമായി ട്രോളുകൾക്ക് പരിണാമം സംഭവിച്ചു. മുൻ കാലങ്ങളിൽ “മീമു” കളുടെ പ്രചരണത്തിന് ആംഗ്യഭാഷയായിരുന്നു, പിന്നീടു ശബ്ദവും ശേഷം എഴുത്തും വായനയുമുള്ള  ഭാഷയിലൂടെയായി. ഭാഷയെന്ന മാധ്യമത്തെ ലഭിച്ചതോടെ ആശയങ്ങൾ എളുപ്പത്തിൽ പരസ്പരം ബന്ധിപ്പിക്കാനും അവയെ ആസ്വാദകരിലേക്ക് എത്തിക്കാനും കഴിഞ്ഞു. ശാസ്ത്രീയമായി “മീംപെക്സ്” എന്നാണ് ഇതിനെ പറയുന്നത്. ആധുനികയുഗത്തിൽ സൈബർ ലോകവും സാമൂഹിക മാദ്ധ്യമങ്ങളും വന്നതോടെ ഇത്തരം “മീമു”കളുടെ കൈമാറ്റത്തിന് അനുയോജ്യ മാധ്യമമായി ട്രോളുകൾ മാറി. അതിനാൽ തന്നെ ഇത്തരം ട്രോളുകളെ “ഇന്റർനെറ്റ് മീമുകൾ” എന്ന് വിളിക്കാം. 

പൊതു വിഷയങ്ങളിൽ തെരുവ് സമരങ്ങൾക്കുള്ള സ്ഥാനം നഷ്ടമായപ്പോൾ എ.സി മുറികളിൽ ഇരുന്നുള്ള സമരങ്ങളായി ട്രോളുകൾ മാറി. ഇതിലും പ്രത്യേക രാഷ്ട്രീയവും മതവും ഉണ്ട് എന്നതാണ് വസ്തുത. നേതാക്കളുടെ മുൻകാല പ്രഭാഷണത്തിലെ വരികൾ, പ്രസ്താവനകൾ, ചെയ്തികൾ തുടങ്ങി ട്രോളർമാർ ആക്ഷേപഹാസ്യ രൂപേണ വിചാരണക്ക് വിധേയമാക്കും. 1995 ശേഷം ഇന്ത്യയിൽ ജനിച്ചവരെ “ഡിജിറ്റൽ നേറ്റീവ്സ്” എന്ന് വിളിക്കാം, ഇത്തരക്കാർക്ക് പത്രങ്ങളുടെ ആക്ഷേപ ഹാസ്യമായ കാർട്ടൂണുകൾ മനസ്സിലായിവരാൻ   സമയമെടുക്കും, അതിനൊട്ടു അവർ മിനക്കെടാറുമില്ല. ഇവിടെയാണ്  ആശയങ്ങളെയും അതിലെ ആക്ഷേപ ഹാസ്യത്തെയും തന്റെ ചിരപരിചിതമായ കഥാപാത്രങ്ങളെ രംഗപടത്തോടെ ട്രോളുകൾ അവതരിപ്പിക്കുന്പോൾ എളുപ്പത്തിൽ സ്വാംശീകരിക്കുകയും പ്രതികരണമുണ്ടാവുകയും ചെയ്യുന്നത്. ഇത്തരക്കാരെ രാഷ്ട്രീയ വ്യത്യാസം കൂടാതെ സ്വാധീനിക്കാം എന്നതിനാലാണ് ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പാർട്ടികൾക്കും ഇന്ന് പ്രത്യേകം സൈബർ പോരാളികൾ ഉണ്ടായത്. പ്രതിപക്ഷ എതിർപ്പ് രാഷ്ട്രീയത്തിന്റെ ട്രോളാണ് കഴിഞ്ഞയാഴ്ച ജയരാജനിൽ നിന്നുണ്ടായ പെട്ടന്നുള്ള പ്രതികരണത്തിന് ശേഷം നാം കണ്ടത്. എന്നാൽ ഇത്തരം ട്രോളുകൾ മൂലം  സംഭവിക്കുന്നത് അദ്ദേഹത്തിന്റെ കഴിഞ്ഞകാല രാഷ്ട്രീയത്തെയും, അതിന്റെ സംഭാവനകളും   നാൽപ്പതിനായിരത്തിൽപരം വോട്ടിന് ജയിച്ച ഒരു ജനപ്രധിനിധി എന്നൊക്കെയുള്ള യാഥാർത്ഥ്യം ധൂളി പോലെ പറന്നു പോകുന്നതാണ്. അതുപോലെ തന്നെ യു.എസ് കോൺഗ്രസ്സിൽ പ്രധാനമന്ത്രിയുടെ ഇംഗ്ലീഷ് പ്രസംഗത്തെ ചൊല്ലിയുള്ള ട്രോളുകൾ. യു.എസ് യാത്രയുടെ ഉദ്ദേശത്തെയോ രാജ്യങ്ങൾ തമ്മിലുണ്ടാക്കിയ കരാറിനെകുറിച്ചോ ചിന്തിക്കാത്തവർ എക്സ്ടെന്പർ ആയിരുന്നോ, അതല്ല ടെലെപ്രോന്പടർ ആയിരുന്നോ മോഡി പ്രസംഗത്തിന് ഉപയോഗിച്ചത്, കയ്യടി എത്ര നേരം നീണ്ടു നിന്നു എന്നൊക്കെയുള്ള ട്രോളുകൾ ചർച്ച ചെയ്യാൻ മിനക്കെട്ടത്.  

കേരളത്തിലെ പ്രമുഖ ദൃശ്യ അച്ചടി മാധ്യമങ്ങൾ വരെ ട്രോളുകാരുടെ നീരാളി പിടുത്തത്തിൽപ്പെട്ട്, അവരുടെ ഓൺലൈൻ വാർത്തകൾ ട്രോളുകളുടെ നിലവാരത്തിലേയ്ക്കോ അതിലും താഴേക്കോ കൊണ്ട് പോകുന്നു. വാലും തുന്പും ഇല്ലാത്ത ട്രോളായി അമൃതാനന്ദമയി ആശുപത്രിയെ കുറിച്ചുള്ള വാർത്ത വൈറലായി ഓടികൊണ്ടിരിക്കുകയാണ് ഇപ്പോൾ. അതിലെ സത്യാ−അസത്യ വിഷയങ്ങൾ ഇവിടെ പ്രതിപാധിക്കുന്നില്ല, മറിച്ചു ലോകോത്തര നിലവാരത്തിലുള്ള ഒരു ആശുപത്രിയുടെ അന്തസ്സ് ഇല്ലാതാക്കാൻ ശ്രമങ്ങളുണ്ടോ എന്നതും പരിശോധിക്കപ്പെടെണ്ടാതാണ്. അങ്ങനെ ട്രോളുകൾ വൈറലായി ഇനിയും ചലിക്കട്ടെ, ട്രോളുകളുടെ പേരുപോലെ തന്നെ ‘ചെളി”യാകാതെയിരുന്നാൽ നന്ന്. 

 

You might also like

Most Viewed