ഫലൂജയിൽ തുടരുന്ന മനുഷ്യക്കുരുതികൾ...
അമേരിക്കൻ അധിനിവേശത്തിന് ശേഷം ഇറാഖിലെ ജനത ശാന്തമായി ഉറങ്ങിയിട്ടില്ല. സദ്ദാം ഹുസൈൻ എന്ന ഏകാധിപതിയുടെ ഭരണത്തിന് കീഴിൽ ഇറാഖിലെ വിവിധ മുസ്ലിം വിഭാഗങ്ങൾക്കിടയിലെ ഭിന്നതകളിൽ നിന്നുണ്ടായിരുന്ന ചെറുതായ സംഘർഷങ്ങൾ ഒഴിച്ചാൽ ഒരു പരിധിവരെ അവർ ശാന്തരായിരുന്നു. സ്വാതന്ത്ര്യമില്ലായ്മയെ കുറിച്ചുള്ള മറു ചോദ്യം ഉന്നയിക്കാനാണ് എപ്പോഴും പാശ്ചാത്യരും ചില ഇസ്ലാം വിരോധികളായ മത മൗലികവാദികളും ശ്രമിക്കുന്നത്. എന്നാൽ ഇത്തരത്തിൽ കാത്തുനിൽക്കുന്നവർ തങ്ങളുടെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് മൗനികളാകും. എന്തുതരം ജനാധിപത്യമായാലും അതിലെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഏകാധിപത്യം വാഴുന്നു. സദ്ദാമിന്റെ കാലശേഷം ഇറാഖിലെ അവസ്ഥയെന്തെന്ന് ചിന്തിക്കാൻ പോലും നമുക്ക് കഴിയുന്നില്ല. ദിനവും മാർക്കെറ്റുകളിൽ, പള്ളികളിൽ, സ്ക്കൂളുകളിൽ, തുടങ്ങി ചെറുതും വലുതുമായ പത്തിൽ തുടങ്ങി നൂറിന് മുകളിൽ മനുഷ്യ ജീവനുകൾ തകർന്നു പോകുന്ന സ്ഫോടനങ്ങൾ നാം കേൾക്കുന്നു. എന്നവസാനിക്കുമെന്ന് ഒരു തീർച്ചയുമില്ല, സദ്ദാമിന് ശേഷം ഇറാഖ് പുരോഗമിക്കുമെന്നും, ലോക രാജ്യങ്ങളുടെ നിലവാരത്തിലേയ്ക്ക് ഉയരുമെന്നും സ്വപ്നം കണ്ട ഇറാഖിലെ സദ്ദാം വിരോധികൾ പോലും ഇന്ന് നിരാശരായി കണ്ണുകൾ അടയ്ക്കുകയാണ്. ആദ്യമൊക്കെ വലിയ വാർത്തകളും ചർച്ചകളുമായി ഇറാഖിന് പിന്നാലെ പോയ മാധ്യമ ലോകം, നൂറുകണക്കിന് മനുഷ്യ ജീവനുകൾ പൊലിയുന്ന സ്ഫോടനങ്ങൾ അകത്തെ പേജിലെ പെട്ടിക്കോളം വാർത്തയാക്കി ചുരുക്കി. മിക്ക ചാനലുകളിലും ഇത്തരം വാർത്തകൾക്ക് സ്ഥാനമില്ലാതെയായി.
മനസിനെ നിയന്ത്രിക്കാൻ കഴിയുന്നതിലും മേലയാണ് ഇന്നത്തെ ഇറാഖിന്റെ അവസ്ഥ. പല നഗരങ്ങളും പുതിയ തീവ്രവാദി സംഘടനയായ ഐ.എസ് ഭീകരുടെ പിടിയിലാണ്. അതിൽ പ്രധാനമാണ് ‘ഫലൂജ’ എന്ന ബാഗ്ദാദിന്റെ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ നഗരം. കണക്ക് പ്രകാരം 2014 മുതൽ ഈ നഗരം ഐ.എസിന്റെ പിടിയിലാണെന്നാണ് വാദം. നഗരം തിരിച്ചു പിടിക്കാൻ ഇറാഖി സൈന്യം വിവിധ സൈനിക മുന്നേറ്റങ്ങൾ നടത്തി കൊണ്ടിരിക്കുന്നു. ആകാശ ആക്രമണങ്ങൾക്ക് അമേരിക്ക എല്ലാവിധ സാഹയവും ചെയ്യുകയും ചെയ്യുന്നു. എന്നാൽ അന്പതിനായിരത്തോളം വരുന്ന മനുഷ്യരെ കവചമാക്കിയാണ് ഐ.എസ് എന്ന ഭീകര സംഘടന അതിനെ പ്രധിരോധിക്കുന്നത്. എതിർക്കുന്നവരെ കൊന്നു തള്ളുന്നു, നാനൂറോളം പേരെ ഒരുമിച്ചു കുഴിച്ചുമൂടിയതിന്റെ കൂട്ടക്കുഴിമാടം കണ്ടെത്തിയിരിക്കുന്നു. ഫലൂജയിൽ നിന്നും പാലായനം ചെയ്യുന്നവരെ ഐ.എസ് കൊന്നു തള്ളുകയാണ്. സ്ത്രീകളെ ലൈംഗിക അടിമകളാക്കി െവച്ചിരിക്കുന്നു. ഇവർക്ക് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ല, പട്ടിണി മൂലം പലരും മരിച്ചു വീഴുന്നു. ആയിരക്കണക്കിന് കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ പുറത്തു വിട്ട വാർത്ത ബുള്ളറ്റിനിൽ ഫലൂജ നഗരം ലോകം ഇതുവരെ കണ്ടതിൽ വച്ചേറ്റവും ഭീകരമായ മനുഷ്യതടവറയായി മാറാൻ പോകുന്നു, സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള മനുഷ്യക്കുരുതിയാകും വരും നാളുകളിൽ സംഭവിക്കാൻ പോകുന്നതെന്നും പറയുന്നു.
സ്റ്റാലിന്റെയും മുസ്സോളിനിയുടെയും ക്രൂരതകളും മനുഷ്യക്കുരുതികളും നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പാശ്ചാത്യ ലോകത്തിന് ഫലൂജയിലും, സിറിയയിലും, യെമനിലും നടക്കുന്ന മനുഷ്യക്കുരുതികൾക്ക് യുദ്ധത്തിന്റെ പരിണിതഫലമെന്ന് വിശേഷണം ചാർത്തി നൽകുന്നു.
തങ്ങളുടെ ഇങ്ങിതത്തിന് വഴങ്ങുന്ന നയങ്ങളും ആശയങ്ങളുമുള്ള രാജ്യങ്ങളിൽ യാതൊരുവിധ അക്രമമോ യുദ്ധമോ തീവ്രവാദമോ ഉണ്ടാകുന്നില്ല. ഏറ്റവും ആദ്യം ജനാധിപത്യ പക്രിയ നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റ് രാജ്യമായിരുന്ന ഇറാനിൽ രാജഭരണം കൊണ്ടുവരാൻ ഉത്സാഹം കാണിച്ച ബ്രിട്ടനും അമേരിക്കയും ഇന്ന് ഏകാധിപത്യ ഭരണത്തെ എതിർക്കുന്നു. സദ്ദാമിനെ ആക്രമിക്കാൻ കാരണമായ അതേകാര്യങ്ങൾ തന്നെ ഇറാനിൽ നിലനിന്നിരുന്നു, എന്നാൽ ചർച്ചയിലൂടെ അതിന് പരിഹാരം കണ്ടെത്തിയെന്ന് വരുത്തി തീർത്തു, ആ രാജ്യവുമായി ചങ്ങാത്തം തുടങ്ങി. ആധിപത്യം ഉറപ്പിക്കാൻ എന്ത് തരത്തിലുമുള്ള പ്രചരണങ്ങൾ നടത്താനും ഇക്കൂട്ടർ സമർത്ഥരാണ്. ഒരു ലക്ഷത്തി നാൽപ്പതിനായിരം പേരെ ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയ ഹിരോഷിമ, നാഗസാക്കി ദുരന്തത്തിന്റെ അന്പതാം ആണ്ട് തികയുന്ന സമയത്ത്, മാപ്പ് പറയാനല്ലെങ്കിൽ തന്നെയും ഒബാമയുടെ സന്ദർശനം പുതിയ പ്രതീക്ഷകൾക്ക് നാന്പ് മുളയ്ക്കുന്നു. റഷ്യയും, ഇറാഖും പിന്നിട്ട് ഉസാമ ബിൻലാദനിൽ അവസാനിക്കുമെന്ന് കരുതിയ കൂട്ടക്കുരുതികൾ ഐ.എസ് എന്നതിലേയ്ക്ക് നീളുന്പോൾ ആശങ്കയും ഭയവും വർദ്ധിക്കുന്നു, അതിലും മേലെയാണ് ലോകരാജ്യങ്ങളുടെ മൗനവും, ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പും.